കോണ്‍ഗ്രസ് വേട്ടക്കാരനൊപ്പമോ? വോട്ടെടുപ്പ് ദിനത്തില്‍ അടൂര്‍ പ്രകാശിന്റെ അഭിപ്രായത്തില്‍ യുഡിഎഫില്‍ പൊട്ടിത്തെറി; കോണ്‍ഗ്രസ് അതിജീവിതക്കൊപ്പമെന്ന് സണ്ണി ജോസഫ്; പിന്നാലെ നിലപാടില്‍ മലക്കംമറിഞ്ഞ് അടൂര്‍ പ്രകാശ്; തന്റെ വാക്കുകള്‍ അടര്‍ത്തിയെടുത്ത് പ്രചരിപ്പിച്ചെന്ന് ന്യായീകരണം; വിവാദ പരാമര്‍ശം ആയുധമാക്കി സിപിഎം

Update: 2025-12-09 06:50 GMT

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ നടന്‍ ദിലീപിനെ കുറ്റവിമുക്തമാക്കിയതിനെ പിന്തുണച്ചു കൊണ്ടുള്ള യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പ്രതികരണത്തില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. അടൂര്‍ പ്രകാശിനെ തള്ളി കെപിസിസി നേതൃത്വം രംഗത്ത് വന്നു. കോണ്‍ഗ്രസ് അതിജീവിതക്കൊപ്പമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പ്രതികരിച്ചു. സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്നാണ് നിലപാടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നും ഗൂഢാലോചനക്ക് തെളിവ് നല്‍കാന്‍ സാധിച്ചില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. അടൂര്‍ പ്രകാശിന്റെ പ്രസ്താവന വ്യക്തിപരമായ പ്രസ്താവനയാണ്. കെപിസിസി ആ പ്രസ്താവന അംഗീകരിക്കുന്നില്ലെന്നും കോണ്‍ഗ്രസ് അതിജീവിതക്കൊപ്പമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല അതിജീവിതയെ പിന്തുണച്ച് രംഗത്തെത്തിയപ്പോള്‍ യുഡിഎഫ് കണ്‍വീനറായ അടൂര്‍ പ്രകാശ് ദിലീപിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. കേസില്‍ ദിലീപിന് നീതി ലഭ്യമായെന്നാണ് അടൂര്‍ പ്രകാശ് പറഞ്ഞത്. ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും വ്യക്തിപരമായി സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിജീവിതയ്ക്കൊപ്പം നിലകൊള്ളുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാരിനെയും അടൂര്‍ പ്രകാശ് പരിഹസിച്ചു. സര്‍ക്കാരിന് വേറെ ജോലിയില്ലാത്തത് കൊണ്ടാണ് അപ്പീലുമായി പോകുന്നതെന്നാണ് അടൂര്‍ പ്രകാശ് പറഞ്ഞത്. ആരെ ഉപദ്രവിക്കാമെന്ന് നോക്കിനില്‍ക്കുന്ന സര്‍ക്കാരാണ് ഇവിടെയുള്ളതെന്നും എന്ത് കേസും കെട്ടിച്ചമച്ച് ഉണ്ടാക്കുന്ന സര്‍ക്കാരാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.എന്നാല്‍ കോണ്‍ഗ്രസ് വേട്ടക്കാരനൊപ്പമല്ല, അതിജീവിതയ്ക്കൊപ്പമാണെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്. വിധി പൂര്‍ണമായി വായിച്ച ശേഷം പ്രതികരിക്കാമെന്നും ചെന്നിത്തല വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിലെ കോടതി വിധി ആശ്വാസകരമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അഭിപ്രായപ്പെട്ടു.

അടൂര്‍ പ്രകാശിന്റെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹവുമായി സംസാരിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.കേസില്‍ ഗൂഢാലോചന തെളിയിക്കാന്‍ സാധിക്കാത്തത് പ്രോസിക്യൂഷന്റെ പരാജയമാണെന്ന ആക്ഷേപം ശക്തമാണ്. ദിലീപിനെതിരെ ചുമത്തിയ ക്രിമിനല്‍ ഗൂഢലോചനയും മാനഭംഗത്തിന് ക്വട്ടേഷന്‍ നല്‍കലും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നാണ് കോടതിയും കണ്ടെത്തിയത്. നിയമസഭ തിരഞ്ഞെടുപ്പ് അടക്കം അടുത്തിരിക്കുന്ന ഈ സമയത്ത് ഇത് സര്‍ക്കാരിനെതിരെ ആയുധമാക്കാനുള്ള അവസരം ലഭിച്ചിട്ടും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വിഷയത്തില്‍ സ്വീകരിച്ച നിലപാട് ആശ്ചര്യപ്പെടുത്തുന്നതാണ്.തൃക്കാക്കര എംഎല്‍എയായ പിടി തോമസിന്റെ ഇടപെടലാണ് കേസില്‍ ഏറ്റവും നിര്‍ണായകമായത്. പ്രതികള്‍ ഒരുതരത്തിലും രക്ഷപ്പെടരുതെന്ന് വാശി പിടി തോമസിനുണ്ടായിരുന്നു. ഇത് വെളിവാകുന്ന പ്രതികരണമാണ് അദ്ദേഹത്തിന്റെ പത്‌നി ഉമ തോമസ് എംഎല്‍എ നടത്തിയത്. പി.ടിയുടെ ആത്മാവ്, ഇന്നീ വിധിയില്‍ തൃപ്തമാകുമോ ഒരിക്കലുമില്ല. കോടതി നടപടികള്‍ തുടരുമ്പോള്‍ എത്രയോ തവണ ആ കുട്ടി പങ്കുവച്ച ആശങ്കകള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. ഉപാധികളില്ലാതെ അവള്‍ക്കൊപ്പം മാത്രം എന്നാണ് ഉമ തോമസ് കുറിച്ചത്.

അടൂര്‍ പ്രകാശിന്റെ പ്രതികരണം വ്യക്തിപരമെന്ന് എംഎം ഹസന്‍ പറഞ്ഞു.മുന്നണിയുടെ പേരില്‍ അഭിപ്രായം വേണ്ടെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്ന തോന്നലുണ്ടെങ്കില്‍ അപ്പീല്‍ പോകാമെന്ന് മുരളീധരന്‍ അഭിപ്രായപ്പെട്ടു. നേരിട്ട് തെറ്റ് ചെയ്തവര്‍ക്ക് ശിക്ഷ കിട്ടിയിട്ടുണ്ട്. എല്ലാ വിധിയിലും എല്ലാവര്‍ക്കും പൂര്‍ണ്ണ തൃപ്തി ഉണ്ടാകില്ല. ഇത് വ്യക്തിപരമായ കേസാണെന്നും ഇതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. എന്നും എപ്പോഴും അതിജീവിതക്ക് ഒപ്പമെന്നായിരുന്നു വിഎം സുധീരന്റെ പ്രതികരണം. അടൂര്‍ പ്രകാശിന്റെ നിലപാടിനെതിരെ ഇടത് നേതാക്കളും രംഗത്തെത്തി. അടൂര്‍ പ്രകാശിന്റെ അഭിപ്രായം അവരുടെ പാര്‍ട്ടിയുടെ അഭിപ്രായമാണെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. സര്‍ക്കാര്‍ ഈ കേസില്‍ മേല്‍ക്കോടതിയെ സമീപിക്കും. അതിജീവിതയ്ക്കൊപ്പമാണ് അന്നും ഇന്നും എന്നും. അടൂര്‍ പ്രകാശിന്റെ അഭിപ്രായം ശരിയാണോയെന്ന് ജനം തീരുമാനിക്കുമെന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടൂര്‍ സ്വീകരിച്ച നിലപാട് സ്ത്രീ വിരുദ്ധമാണെന്ന് മുതിര്‍ന്ന നേതാവ് പികെ ശ്രീമതി പ്രതികരിച്ചു.

അതേസമയം ദിലീപിനെ പിന്തുണച്ച ആദ്യ പരാമര്‍ശം വിവാദമായതോടെ മലക്കം മറിഞ്ഞ് അടൂര്‍ പ്രകാശ് രംഗത്ത് വന്നു. നീതി കിട്ടിയത് ദിലീപിനെന്ന നിലപാടില്‍ നിന്ന് യൂ ടേണടിച്ച് അതിജീവിതയ്ക്ക് ഒപ്പമെന്ന് തിരുത്തി പറഞ്ഞിരിക്കുകയാണ് അടൂര്‍ പ്രകാശ്. തന്റെ വാക്കുകള്‍ അടര്‍ത്തിയെടുത്ത് പ്രചരിപ്പിച്ചെന്നും ന്യായീകരണം. പറഞ്ഞത് മുഴുവന്‍ സംപ്രേഷണം ചെയ്യാതെ, ചില ഭാഗങ്ങള്‍ മാത്രം പ്രചരിപ്പിച്ചതിനാലാണ് എല്ലാവര്‍ക്കും തെറ്റിദ്ധാരണയുണ്ടായത്. അതിജീവിതയ്ക്ക് നീതി ലഭിച്ചില്ലെന്ന് തന്നെയാണ് പറഞ്ഞത്. നീതിന്യായ കോടതിയെ തള്ളിപ്പറയാന്‍ സാധിക്കില്ല. അതുകൊണ്ടാണ് അതിജീവിതയ്ക്ക് നീതി ലഭിച്ചില്ലെന്നും നീതി ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം എന്നും പറഞ്ഞത്. കോണ്‍ഗ്രസും യുഡിഎഫും അതിജീവിതയ്ക്കൊപ്പം തന്നെയാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

സര്‍ക്കാര്‍ അപ്പീല്‍ പോകുന്നതിനെക്കുറിച്ചുള്ള പരാമര്‍ശത്തിലും അടൂര്‍ പ്രകാശ് കളം മാറ്റി. ഇത് ഒരു കള്ളക്കളി മാത്രമാണെന്നും അപ്പീല്‍ പോയതിന് ശേഷം നടിക്ക് നീതി ലഭിക്കുമെന്ന് ഉറപ്പാക്കണമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും യുഡിഎഫ് കണ്‍വീനര്‍ പറയുന്നു. അതേസമയം ദിലീപിനെ പിന്തുണച്ചായിരുന്നു അടൂര്‍ പ്രകാശിന്റെ ആദ്യ പരാമര്‍ശം. ദിലീപിന് നീതി ലഭിച്ചെന്നും, അതില്‍ വ്യക്തിപരമായി സന്തോഷമുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ദിലീപുമായി വളരെക്കാലമായി അടുത്ത ബന്ധമുണ്ട്. സര്‍ക്കാര്‍ അപ്പീല്‍ പോകുമെന്നാണ് പറയുന്നത്. വേറെ പണിയൊന്നും ഇല്ലാത്തതിനാലാണ് അപ്പീല്‍ പോകുന്നതെന്നും അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു.

Tags:    

Similar News