പിണറായിക്ക് പറക്കാന്‍ കോടികള്‍; ഖജനാവ് കാലിയാകുമ്പോഴും മുഖ്യമന്ത്രിയുടെ ആകാശയാത്രയ്ക്ക് മുന്‍കൂര്‍ പണം; ഹെലികോപ്റ്റര്‍ വാടകയിനത്തില്‍ അനുവദിച്ചത് നാല് കോടി രൂപ; തുക കൈമാറിയത് ധനമന്ത്രി നേരിട്ട് ഇടപെട്ട് ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി
തിരുവനന്തപുരം: സംസ്ഥാനം അതിരൂക്ഷമായ സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്റെ ആകാശയാത്രയ്ക്കായി കോടികള്‍ അനുവദിച്ച് ഉത്തരവ്. ഹെലികോപ്റ്റര്‍ വാടകയിനത്തില്‍ 4 കോടി രൂപയാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അനുവദിച്ചത്. ട്രഷറിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നതിനിടയിലാണ് ഇളവ് വരുത്തി തുക കൈമാറിയത്.
സാധാരണ ഗതിയില്‍ സേവനം ഉപയോഗിച്ച ശേഷം മാത്രം പണം നല്‍കുന്ന രീതിയാണ് ഉള്ളത്. ഇതിന് വിപരീതമായി വരാനിരിക്കുന്ന മൂന്ന് മാസത്തെ വാടക കൂടി മുന്‍കൂറായി നല്‍കി എന്നതാണ് ഈ നടപടിയെ വിവാദത്തിലാക്കുന്നത്. വിമാന കമ്പനിയായ ചിപ്‌സണ്‍ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡിനാണ് ഈ തുക ലഭിക്കുക. 2025 ഒക്ടോബര്‍ മുതല്‍ 2026 മാര്‍ച്ച് വരെയുള്ള അഞ്ച് മാസത്തെ വാടകയാണ് നിലവില്‍ അനുവദിച്ചിട്ടുള്ളത്. ഇതില്‍ ഡിസംബര്‍ 20 മുതല്‍ മാര്‍ച്ച് 19 വരെയുള്ള കാലയളവിലെ വാടകയാണ് അഡ്വാന്‍സായി നല്‍കുന്നത്.
സംസ്ഥാനത്ത് ഓഗസ്റ്റ് മാസം മുതല്‍ 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ മാറുന്നതിന് ട്രഷറി നിയന്ത്രണമുണ്ട്. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ ബില്ലിന്റെ കാര്യത്തില്‍ ധനമന്ത്രി നേരിട്ട് ഇടപെട്ട് ഈ നിയന്ത്രണത്തില്‍ ഇളവ് അനുവദിക്കുകയായിരുന്നു. പ്രതിമാസം 80 ലക്ഷം രൂപയാണ് ഹെലികോപ്റ്ററിന്റെ വാടക. ഇത് പ്രകാരം മാസം 25 മണിക്കൂര്‍ പറക്കാം. നിശ്ചിത സമയം കഴിഞ്ഞാല്‍ ഓരോ മണിക്കൂറിനും 90,000 രൂപ വീതം അധികം നല്‍കണം.
ക്ഷേമ പെന്‍ഷനുകള്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ മുടങ്ങിക്കിടക്കുകയും പല സര്‍ക്കാര്‍ പദ്ധതികളും ഫണ്ടില്ലാതെ സ്തംഭിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിന് മുന്‍കൂര്‍ പണം നല്‍കുന്നതിനെതിരെ പ്രതിപക്ഷം ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. സാധാരണക്കാരുടെ ആവശ്യങ്ങള്‍ക്ക് പണമില്ലെന്ന് പറയുന്ന സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ ആഡംബരത്തിന് മാത്രം കോടികള്‍ ഒഴുക്കുന്നു എന്നാണ് ആക്ഷേപം. മുന്‍പ് പവന്‍ഹാന്‍സ് ലിമിറ്റഡിന് മാത്രം 22 കോടിയോളം രൂപ വാടക നല്‍കിയതും വലിയ വിവാദമായിരുന്നു.
2020-ല്‍ പവന്‍ഹാന്‍സ് കമ്പനിയില്‍ നിന്ന് ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്തപ്പോള്‍ ഉണ്ടായ വലിയ സാമ്പത്തിക നഷ്ടത്തെ തുടര്‍ന്ന് കരാര്‍ അവസാനിപ്പിച്ചിരുന്നു. അന്ന് 22 കോടിയോളം രൂപയാണ് ചിലവായത്. എന്നാല്‍, രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതോടെ വീണ്ടും ഹെലികോപ്റ്റര്‍ വേണമെന്ന നിലപാടിലേക്ക് എത്തുകയായിരുന്നു. പോലീസിന്റെ ആധുനികവല്‍ക്കരണത്തിനും ആകാശ നിരീക്ഷണത്തിനുമെന്ന പേരില്‍ എടുത്ത ഹെലികോപ്റ്റര്‍ മുഖ്യമന്ത്രിയുടെ യാത്രകള്‍ക്കാണ് ഉപയോഗിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
സംസ്ഥാനത്തെ ഒട്ടുമിക്ക മേഖലകളിലും സര്‍ക്കാര്‍ കുടിശിക വരുത്തിയിരിക്കുകയാണ്. ക്ഷേമപദ്ധതികള്‍ അടക്കം സാമ്പത്തിക പ്രതിസന്ധിയില്‍ തട്ടി നില്‍ക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ ആകാശയാത്രയ്ക്ക് യാതൊരു തടസ്സവുമില്ലാതെ പണം അനുവദിക്കുന്നത്. 'കുടിശിക സര്‍ക്കാര്‍' എന്ന് ആക്ഷേപം കേള്‍ക്കുമ്പോഴും മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിന് മാത്രം കുടിശികയില്ലെന്ന് മാത്രമല്ല, കോടികള്‍ മുന്‍കൂറായി നല്‍കുകയും ചെയ്യുന്നു എന്നതാണ് വിരോധാഭാസം.
2020-ല്‍ ഡിജിപി ലോകനാഥ് ബെഹ്‌റയുടെ ശുപാര്‍ശ പ്രകാരമാണ് ആദ്യമായി ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്തത്. അ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് കരാര്‍ പുതുക്കിയിരുന്നില്ല. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 2023-ല്‍ വീണ്ടും ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ചിപ്സണ്‍ ഏവിയേഷന് മുന്‍പ് പവന്‍ഹാന്‍സ് ലിമിറ്റഡിന് മാത്രം 22 കോടിയിലധികം രൂപ സര്‍ക്കാര്‍ വാടകയിനത്തില്‍ നല്‍കിയിട്ടുണ്ട്.
