നാട്ടുകാര്‍ക്ക് പരിചയം ഓട്ടോ ഡ്രൈവറായ മണിയെ; തിയേറ്ററില്‍ കാന്റീന്‍ നടത്തി പോപ്‌കോണ്‍ വിറ്റിരുന്നയാള്‍; ആറ് വര്‍ഷം കൊണ്ട് 'ഡയമണ്ട് മണിയും ദാവൂദ് മണി'യുമായി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ 'ഡി.മണിയെ' ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം; ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയില്ലെന്ന് മൊഴി; സുഹൃത്തായ ശ്രീകൃഷ്ണന്റെ വീട്ടിലും കടയിലും പൊലീസ് പരിശോധന

Update: 2025-12-26 08:54 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി പ്രത്യേക അന്വേഷണ സംഘം. പ്രമുഖ വ്യവസായിയുടെ മൊഴിയിലുണ്ടായിരുന്ന ഡി.മണിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. സ്ഥാപനങ്ങളിലും വീട്ടിലും എസ്‌ഐടി പരിശോധന നടത്തി. ബാലമുരുകന്‍ എന്നാണ് ഡി. മണിയുടെ യഥാര്‍ഥ പേര്. തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശിയായ ഡി.മണിയുടെ വീട്ടില്‍ വെള്ളിയാഴ്ച രാവിലെ 10.30ഓടെയാണ് പരിശോധന ആരംഭിച്ചത്. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അദ്ദേഹത്തിന്റെ സുഹൃത്തായ ഒരു വിദേശ വ്യവസായിയും നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചത്.

ഡി.മണി ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങള്‍ വാങ്ങിയെന്നായിരുന്നു വിദേശ വ്യവസായിയുടെ മൊഴിയിലുണ്ടായിരുന്നത്. ഇതേതുടര്‍ന്നാണ് പരിശോധനയ്ക്ക് പ്രത്യേക അന്വേഷണ സംഘം സേര്‍ച്ച് വാറണ്ടുമായി പുറപ്പെട്ടത്. കഴിഞ്ഞ ദിവസവും ഡി. മണിയെ എസ്‌ഐടി ചോദ്യം ചെയ്തിരുന്നു. അതേസമയം, ബാലമുരുകന്റെ സുഹൃത്തായ ശ്രീകൃഷ്ണന്റെ വീട്ടിലും പൊലീസ് പരിശോധന നടത്തി. ഇയാളെയും ചോദ്യം ചെയ്തിരുന്നു. വിരുദനഗറിലാണ് ശ്രീകൃഷ്ണന്‍ താമസിക്കുന്നത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേരളത്തില്‍നിന്നുള്ള പൊലീസ് സംഘം പരിശോധനയ്ക്ക് എത്തിയത്.

തമിഴ്നാട്ടിലെ വിഗ്രഹ കച്ചവടക്കാരനായ ഡി മണി എന്നയാളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. ഡയമണ്ട് മണി, ദാവൂദ് മണി എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന ഇയാളെ അന്വേഷണ സംഘം നേരത്തെ തന്നെ ലൊക്കേറ്റ് ചെയ്തിരുന്നു. മധുരയ്ക്ക് സമീപമുള്ള ഡിണ്ടിഗല്‍, വിരുതുനഗര്‍ എന്നീ മേഖലകളിലാണ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന നടത്തുന്നത്. ഡി. മണിയുടെ സംഘാംഗമെന്ന് സംശയിക്കുന്ന ശ്രീകൃഷ്ണന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വിഗ്രഹങ്ങളും പഴയ പാത്രങ്ങളും വില്‍ക്കുന്ന കട അന്വേഷണ സംഘം റെയ്ഡ് ചെയ്തു.

ഡി. മണിയും സംഘവും നേരത്തെ ഇറിഡിയം തട്ടിപ്പ് ഉള്‍പ്പെടെയുള്ള വലിയ സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ പ്രതികളായിട്ടുള്ളവരാണ്. പഴയകാല കരകൗശല വസ്തുക്കളും ലോഹ ഉല്‍പ്പന്നങ്ങളും വില്‍ക്കുന്നതിന്റെ മറവില്‍ ജനങ്ങളെ പറ്റിച്ച് വലിയ തുക സമ്പാദിക്കുന്ന രീതിയാണ് ഇവരുടേത്. ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്ന ഈ സംഘത്തിന് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമുണ്ടെന്നാണ് എസ്‌ഐടിക്ക് ലഭിച്ചിരിക്കുന്ന സൂചന. തിരുവനന്തപുരത്ത് വെച്ച് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഇവര്‍ ഇടപാടുകള്‍ നടത്തിയിട്ടുണ്ടോ എന്നും ആ വഴിക്ക് സ്വര്‍ണപ്പാളികള്‍ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടോ എന്നുമാണ് പോലീസ് ഇപ്പോള്‍ പരിശോധിക്കുന്നത്.

അന്വേഷണ സംഘം ഡിണ്ടിഗലിലെ ഓഫീസിലെത്തി ഡി മണിയുടെ മൊഴി രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. തമിഴ്നാട് പോലീസിന്റെ സഹായത്തോടെയാണ് കേരളത്തില്‍ നിന്നുള്ള ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യല്‍ നടത്തിയത്. എന്നാല്‍, തനിക്ക് ശബരിമല സ്വര്‍ണക്കൊള്ളയുമായി യാതൊരു ബന്ധവുമില്ലെന്ന് ഇയാള്‍ മൊഴി നല്‍കി. ഉണ്ണികൃഷ്ണന്‍ പോറ്റിയെ തനിക്ക് അറിയില്ലെന്നും ഇയാള്‍ അവകാശപ്പെടുന്നുണ്ട്. നിലവില്‍ ശബരിമല സ്വര്‍ണതട്ടിപ്പുമായി ഇയാളെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും എസ്‌ഐടിക്ക് ലഭിച്ചിട്ടില്ലെങ്കിലും അന്വേഷണം തുടരുകയാണ്.

ശബരിമല സ്വര്‍ണക്കടത്ത് സംബന്ധിച്ച് രമേശ് ചെന്നിത്തല പരാമര്‍ശിച്ച വ്യവസായിയുടെ മൊഴിയിലെ പ്രധാനപ്പെട്ട കണ്ണിയാണ് ഡി മണി. ഉണ്ണികൃഷ്ണന്‍ പോറ്റി ഇടനിലക്കാരനായി നാല് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയെന്നായിരുന്നു വ്യവസായിയുടെ മൊഴി. ഉണ്ണികൃഷ്ണന്‍ പോറ്റി ഇടനിലയായി ശബരിമലയിലെ ഉന്നതന്‍ പണം വാങ്ങിയെന്നും വ്യവസായി മൊഴി നല്‍കിയിരുന്നു. പുരാവസ്തു കടത്ത് സംഘത്തിലുള്ള ഡി മണിയാണ് വിഗ്രഹങ്ങള്‍ വാങ്ങിയതെന്നും തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ചായിരുന്നു ഇടപാടുകള്‍ എന്നുമായിരുന്നു ഇയാളുടെ മൊഴി. മണിയെ എസ്‌ഐടി സംഘം രണ്ട് ദിവസമായി ചോദ്യം ചെയ്തുവരികയാണ്. പിന്നാലെ രമേശ് ചെന്നിത്തല ചൂണ്ടിക്കാണിച്ച വ്യവസായിയുടെ മൊഴിയില്‍ കഴമ്പുണ്ടെന്ന നിഗമനത്തിലേക്ക് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം എത്തിയിരുന്നു.

ഡി മണിയെ പരിചയപ്പെടുത്തിയത് ജയലളിതയുമായി ബന്ധമുള്ളവരാണെന്നാണ് പ്രവാസി വ്യവസായി മൊഴി നല്‍കിയിരുന്നു. പഞ്ചലോഹവിഗ്രങ്ങള്‍ വാങ്ങിയതായി പറയപ്പെടുന്ന പുരാവസ്തു കടത്ത് സംഘത്തിലെ ദിണ്ടിഗല്‍ സ്വദേശിയായ ഡി മണിക്ക് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നും വ്യവസായി മൊഴി നല്‍കിയിരുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ കടത്താനും ശ്രമം നടന്നു. കേരളത്തിലേക്ക് നിരവധി തവണ ഡി മണി എത്തിയിരുന്നുവെന്നും സംസ്ഥാനത്തുനിന്ന് ഒന്നിലധികം തവണ പുരാവസ്തു കടത്തിയെന്നും മൊഴിയിലുണ്ട്.

ഡിണ്ടിഗല്‍, വിരുതുനഗര്‍, മധുര എന്നീ മേഖലകളില്‍ കഴിഞ്ഞ ഒരാഴ്ചയായി എസ്‌ഐടി സ്‌ക്വാഡ് പരിശോധന നടത്തിവരികയാണ്. കേരളത്തിന്റെ അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന സ്ഥലമായതിനാല്‍ വിഗ്രഹങ്ങള്‍ കടത്താന്‍ എളുപ്പമാണെന്ന നിഗമനത്തിലാണ് പോലീസ്. ഡി മണിയുടെ മൊഴികളില്‍ എന്തെങ്കിലും തരത്തിലുള്ള വൈരുദ്ധ്യം കണ്ടെത്തുകയാണെങ്കില്‍ ഇയാളെ കസ്റ്റഡിയില്‍ എടുത്ത് തിരുവനന്തപുരത്തേക്ക് കൊണ്ടുവരാനുള്ള സാധ്യതയുണ്ട്.

അതിവേഗ വളര്‍ച്ച, ദുരൂഹം

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പേര് ഉയര്‍ന്നുവന്ന ഡി മണിയുടെ വളര്‍ച്ച ദുരൂഹത ഉയര്‍ത്തുന്നതാണ്. സാധാരണ ഒരു ഓട്ടോറിക്ഷ ഡ്രൈവര്‍ ആയിരുന്ന മണിയുടെ വളര്‍ച്ച അതിവേഗമായിരുന്നു. ഓട്ടോക്കാരനില്‍ നിന്ന് തുടങ്ങിയ മണി ആറ് വര്‍ഷം കൊണ്ട് നിരവധി ജോലികളാണ് ചെയ്തത്. ഓട്ടോ ഡ്രൈവറായിരുന്ന മണിയെയാണ് നാട്ടുകാര്‍ക്ക് പരിചയം. അന്ന് ഓട്ടോ മണിയെന്നാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. പിന്നീട് ഒരു ഫിനാന്‍സ് സ്ഥാപനം ആരംഭിച്ചു. അന്നുതൊട്ട് ഫിനാന്‍സ് മണി എന്നറിയപ്പെട്ടു. ഇതിനിടയില്‍ ഗോള്‍ഡ് ലോണ്‍ ബിസിനസും നടത്തി. പിന്നീടാണ് റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് എത്തിയത്. ഒരുകാലത്ത് തിയേറ്ററില്‍ കാന്റീന്‍ നടത്തി പോപ്‌കോണ്‍ വിറ്റിരുന്ന മണിയെയും നാട്ടുകാര്‍ക്ക് ഓര്‍മയുണ്ട്. വെറും ആറ് വര്‍ഷം കൊണ്ട് വലിയ വളര്‍ച്ചയാണ് ഇയാള്‍ക്ക് ഉണ്ടായത്.

Tags:    

Similar News