മഡുറോയെയും ഭാര്യയെയും ഉറക്കത്തിനിടെ ബെഡ്ഡില്‍ നിന്ന് പിടികൂടി ട്രംപിന്റെ പട! 'ടിവി ഷോ കാണുന്നതുപോലെ ഞാന്‍ നോക്കി നിന്നെ'ന്ന് ട്രംപ്; ഡെല്‍റ്റ ഫോഴ്‌സിന്റെ വേഗതയും ആക്രമണവും അതിശയിപ്പിക്കുന്നതായിരുന്നു എന്ന് യുഎസ് പ്രസിഡന്റ്; യുഎസ് പടക്കപ്പലിലേക്ക് മാറ്റിയ ഇരുവരെയും ന്യൂയോര്‍ക്കില്‍ എത്തിക്കും; ലോകം ഞെട്ടിയ അര്‍ദ്ധരാത്രിയിലെ ഓപ്പറേഷന്‍ ഇങ്ങനെ

ലോകം ഞെട്ടിയ അര്‍ദ്ധരാത്രിയിലെ ഓപ്പറേഷന്‍ ഇങ്ങനെ

Update: 2026-01-03 16:13 GMT

കാരക്കാസ്/വാഷിംഗ്ടണ്‍: ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് അമേരിക്കന്‍ സൈന്യം വെനസ്വേലയില്‍ നടത്തിയ സാഹസിക നീക്കത്തില്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയും ഭാര്യ സീലിയ ഫ്‌ലോര്‍സും പിടി കൂടിയതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടു. ശനിയാഴ്ച പുലര്‍ച്ചെ മഡുറോയുടെ ഔദ്യോഗിക വസതിയുള്‍പ്പെടെ അഞ്ച് സ്ഥലങ്ങളില്‍ അമേരിക്കന്‍ പ്രത്യേക സേനയായ ഡെല്‍റ്റ ഫോഴ്‌സ് ഒരേസമയം കടന്നാക്രമിക്കുകയായിരുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന മഡുറോയെയും ഭാര്യയെയും സൈന്യം പിടികൂടി നേരെ യുഎസ്എസ് ഐവോ ജിമ (USS Iwo Jima) എന്ന പടക്കപ്പലിലേക്ക് മാറ്റി. അവിടെനിന്ന് വിചാരണയ്ക്കായി ഇവരെ ന്യൂയോര്‍ക്കിലേക്ക് കൊണ്ടുപോകും.

ട്രംപിന്റെ 'ലൈവ് ഷോ'; ഓപ്പറേഷന്‍ അതിവേഗം

'ഞാന്‍ ഇതൊരു ടെലിവിഷന്‍ ഷോ കാണുന്നത് പോലെയാണ് കണ്ടത്. ആ വേഗതയും ആക്രമണവും അതിശയിപ്പിക്കുന്നതായിരുന്നു,' ഈ ഓപ്പറേഷനെക്കുറിച്ച് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രതികരിച്ചത് ഇങ്ങനെയാണ്. ട്രൂത്ത് സോഷ്യല്‍ (Truth Social) വഴിയാണ് അദ്ദേഹം ഈ വന്‍വാര്‍ത്ത ലോകത്തെ അറിയിച്ചത്. സിഐഎയുടെ (CIA) നേതൃത്വത്തില്‍ ദിവസങ്ങളായി മഡുറോയെ ട്രാക്ക് ചെയ്തിരുന്നതായും രണ്ട് ദിവസം മുന്‍പാണ് ട്രംപ് ആക്രമണത്തിന് ഉത്തരവിട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വിചാരണ ന്യൂയോര്‍ക്കില്‍; കാത്തിരിക്കുന്നത് കടുത്ത ശിക്ഷ

മഡുറോയെ ന്യൂയോര്‍ക്കിലെ മാന്‍ഹട്ടനിലാകും വിചാരണ ചെയ്യുക. നാര്‍ക്കോ-ടെററിസം (Narco-terrorism), മയക്കുമരുന്ന് കടത്ത്, ആയുധക്കടത്ത് തുടങ്ങിയ ഗൗരവതരമായ കുറ്റങ്ങളാണ് മഡുറോയ്ക്കും സംഘത്തിനുമെതിരെ ചുമത്തിയിരിക്കുന്നത്. അമേരിക്കയിലേക്ക് മയക്കുമരുന്ന് ഒഴുക്കാന്‍ മഡുറോ ഗൂഢാലോചന നടത്തിയെന്ന് യുഎസ് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി വ്യക്തമാക്കി. 2020 മുതല്‍ മഡുറോയെ പിടികൂടാന്‍ അമേരിക്ക പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 2025 ഓഗസ്റ്റില്‍ ട്രംപ് ഇത് 50 ദശലക്ഷം ഡോളറായി (ഏകദേശം 400 കോടിയിലധികം രൂപ) വര്‍ദ്ധിപ്പിച്ചിരുന്നു.

കണ്ണീരും ചോരയും വീണ കാരക്കാസ്

അമേരിക്കന്‍ സൈന്യത്തിന് കാര്യമായ പ്രതിരോധം നേരിടേണ്ടി വന്നില്ലെങ്കിലും കാരക്കാസില്‍ വലിയ സ്‌ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. തലസ്ഥാനമായ കാറക്കാസിലെ മൂന്നെണ്ണമടക്കം വെനസ്വേലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ സൈന്യം റെയ്ഡ് നടത്തിയിരുന്നു. സിഎന്‍എന്‍ (CNN) റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, ഈ ഓപ്പറേഷനില്‍ ആളപായമൊന്നും ഉണ്ടായിട്ടില്ല.

നിരപരാധികള്‍ കൊല്ലപ്പെട്ടുവെന്ന് വെനസ്വേലന്‍ അധികൃതര്‍ ആരോപിക്കുമ്പോള്‍, സൈനിക നടപടിയില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് അമേരിക്കന്‍ വാദം. മഡുറോയുടെയും ഭാര്യയുടെയും ജീവന്‍ അപകടത്തിലാണെന്ന് വെനസ്വേലന്‍ വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് ആശങ്ക പ്രകടിപ്പിച്ചു.

പിടിയിലാകുന്നതിന് രണ്ട് ദിവസം മുന്‍പ്, മദുറോ അമേരിക്കയോട് സമാധാനത്തിനായി അഭ്യര്‍ത്ഥിച്ചിരുന്നു. അറസ്റ്റ് ഒഴിവാക്കാന്‍ ഓരോ രാത്രിയും വ്യത്യസ്ത സ്ഥലങ്ങളില്‍ ഉറങ്ങിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 'യുദ്ധമല്ല, സമാധാനം മാത്രം' എന്നതായിരുന്നു തന്റെ സന്ദേശമെന്ന് സ്പാനിഷ് മാധ്യമപ്രവര്‍ത്തകനോട് അദ്ദേഹം പറഞ്ഞിരുന്നു.

റഷ്യയുടെ കടുത്ത അമര്‍ഷം

വെനസ്വേലയുടെ അടുത്ത സഖ്യകക്ഷിയായ റഷ്യ ഈ നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. അമേരിക്ക അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചിരിക്കുകയാണെന്നും മഡുറോയെയും ഭാര്യയെയും ബലപ്രയോഗത്തിലൂടെ കടത്തിക്കൊണ്ടുപോയതില്‍ കടുത്ത ആശങ്കയുണ്ടെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Tags:    

Similar News