ട്രംപിനെ വാനോളം പുകഴ്ത്തി; നോബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്തു; എന്നിട്ടും 'സെയില്‍സ്മാന്‍ ഇന്‍ ചീഫ്' തന്ത്രം പാളി; ട്രംപിന്റെ ആത്മാവ് പാക്കിസ്ഥാനൊപ്പമെങ്കിലും ശരീരം ഇന്ത്യയ്‌ക്കൊപ്പം! അസിം മുനീറിന് 'കാമുകി' പരിഹാസം! ഇന്ത്യ - യു എസ് വ്യാപാര കരാറിന് പിന്നാലെ ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും പരിഹാസം; പാക്ക് ഭരണകൂടത്തിനെതിരെ ജനരോഷം

Update: 2026-02-05 05:03 GMT

ഇസ്ലാമാബാദ്: യുഎസും ഇന്ത്യയും തമ്മിലുള്ള പുതിയ വ്യാപാരക്കരാര്‍ രാജ്യാന്തര തലത്തില്‍ ചര്‍ച്ചയാകുന്നതിനിടെ യു എസുമായുള്ള ബന്ധത്തിനായി വിട്ടുവീഴ്ചകള്‍ ചെയ്തതില്‍ അയല്‍രാജ്യമായ പാക്കിസ്ഥാനില്‍ ഭരണകൂടത്തിനെതിരെ ജനരോഷം ഇരമ്പുന്നു. യുഎസുമായി ഇന്ത്യ ഒപ്പിട്ട പുതിയ വ്യാപാരക്കരാറും, അതിന് പിന്നാലെ പാക്കിസ്ഥാന് നേരിടേണ്ടി വന്ന തിരിച്ചടികളുമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ഡൊണാള്‍ഡ് ട്രംപിനോട് പാക്ക് പ്രധാനമന്ത്രിയും സൈനിക മേധാവിയും അമിതമായ വിധേയത്വം കാട്ടിയിട്ടും പാക്കിസ്ഥാന് ലഭിച്ചതിനേക്കാള്‍ മികച്ച പരിഗണന ഇന്ത്യയ്ക്ക് ലഭിച്ചതാണ് പാക് പൗരന്മാരെയും രാഷ്ട്രീയ നിരീക്ഷകരെയും പ്രകോപിപ്പിച്ചിരിക്കുന്നത്.

ഫെബ്രുവരി 2-ന് പ്രഖ്യാപിച്ച പുതിയ വ്യാപാര നയമനുസരിച്ച് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് യുഎസ് ഏര്‍പ്പെടുത്തിയിരിക്കുന്ന തീരുവ 18 ശതമാനമാണ്. എന്നാല്‍ പാക്കിസ്ഥാന്‍ ഉത്പന്നങ്ങള്‍ക്ക് ഇത് 19 ശതമാനമായി തുടരുന്നു. വെറും ഒരു ശതമാനത്തിന്റെ വ്യത്യാസമല്ലേ എന്ന് തോന്നാമെങ്കിലും, ആഗോള വിപണിയില്‍ ഇത് വലിയ ചലനങ്ങള്‍ സൃഷ്ടിക്കും. ട്രംപിനെ നോബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്തും സമാധാന ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയും സ്വാധീനിക്കാന്‍ ശ്രമിച്ച പാക്കിസ്ഥാന്, ഈ ഒരു ശതമാനത്തിന്റെ 'അധിക ഭാരം' കടുത്ത നയതന്ത്ര പരാജയമായാണ് വിലയിരുത്തപ്പെടുന്നത്. പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെയും സൈനിക നേതൃത്വത്തിന്റെയും പരാജയത്തെ പരിഹസിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

ഉമര്‍ അലി എന്ന എക്‌സ് ഉപയോക്താവ് പാക് സൈനിക മേധാവി ജനറല്‍ അസിം മുനീറിനെതിരെ രൂക്ഷമായ പരിഹാസമാണ് ഉയര്‍ത്തിയത്. ട്രംപും മോദിയും ഒന്നിച്ചുള്ള മാസികയുടെ കവര്‍ ചിത്രത്തിന് മുന്നില്‍ അപൂര്‍വ ധാതുക്കളുടെ പെട്ടിയുമായി നില്‍ക്കുന്ന ഫീല്‍ഡ് മാര്‍ഷലിന്റെ AI ചിത്രം പങ്കുവെച്ചുകൊണ്ട്, പാക്കിസ്ഥാന്റെ അവസ്ഥയെ വഞ്ചിക്കപ്പെട്ട ഒരു കാമുകിയോട് അദ്ദേഹം ഉപമിച്ചു. 'സെയില്‍സ്മാന്‍-ഇന്‍-ചീഫ് തന്ത്രം പരാജയപ്പെട്ടു. ബലൂചിസ്ഥാനിലെ ധാതുക്കള്‍ തടികൊണ്ടുള്ള പെട്ടിയിലാക്കി നല്‍കാം, പക്ഷേ അത് നല്‍കി ബഹുമാനം വാങ്ങാന്‍ കഴിയില്ല' എന്ന് അദ്ദേഹം കുറിച്ചു.

'ഡൊണാള്‍ഡ് ട്രംപ് ഫീല്‍ഡ് മാര്‍ഷലിനെ ഒരു കാമുകിയെപ്പോലെയാണ് പരിഗണിച്ചത്, അവള്‍ തന്റെ കാമുകനെ എല്ലാ നിയമവിരുദ്ധവും വൃത്തികെട്ടതുമായ ജോലികള്‍ ചെയ്യിക്കുകയും, എന്തെങ്കിലും കൊടുക്കാനോ വാങ്ങാനോ സമയം വരുമ്പോള്‍, എന്റെ കുടുംബത്തിന്റെ തീരുമാനം അനുസരിക്കാന്‍ ഞാന്‍ നിര്‍ബന്ധിതയിരിക്കുന്നു, എന്നെ മറക്കൂ. എന്റെ ശരീരം ഭര്‍ത്താവിന്റേതായിരിക്കും, പക്ഷേ എന്റെ ആത്മാവ് എപ്പോഴും നിങ്ങളുടേതായിരിക്കും,' എന്ന് പരിഹസിക്കുകയും മോദിയും ട്രംപും ഒന്നിച്ച് പ്രത്യക്ഷപ്പെടുന്ന മാസികയുടെ കവറിന് മുന്നില്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ അപൂര്‍വ ധാതുക്കളുടെ പെട്ടിയുമായി നില്‍ക്കുന്ന ഒരു എഐ ചിത്രവും പങ്കുവെച്ചു.

യുഎസുമായി പാക്കിസ്ഥാന്‍ മാസങ്ങളോളം നടത്തിയ നീണ്ട ഔദ്യോഗിക ചര്‍ച്ചകള്‍ക്കൊന്നും കാര്യമായ ഫലം കണ്ടില്ലെന്ന് വിമര്‍ശകര്‍ പറയുന്നു. യുഎസ് പ്രസിഡന്റ് ഡെണാള്‍ഡ് ട്രംപിന് നോബേല്‍ സമാധാന സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്യുകയും സമാധാന ബോര്‍ഡില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തുന്നതിനെ പിന്തുണക്കുകയും ചെയ്ത നടപടികള്‍ ഉണ്ടായിട്ടും ഇന്ത്യയെ അപേക്ഷിച്ച് ഉയര്‍ന്ന തീരുവ ഭാരം നേരിടുകയാണ് പാക്കിസ്ഥാന്‍. ട്രംപിന്റെ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യ തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നതായി പൊതുവെ വിലയിരുത്തപ്പെടുന്നു. ഇതിനിടെ, ഇന്ത്യ ഗേറ്റിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊന്നിച്ചുള്ള ഫീച്ചര്‍ പ്രസിദ്ധീകൃതമായ മാസികയുടെ മുഖചിത്രത്തിന്റെയും ചിത്രങ്ങള്‍ ട്രംപ് പങ്കുവെച്ചു. നിരവധി സാമൂഹ്യ മാധ്യമ പോസ്റ്റുകളിലൂടെ അതിനുശേഷം, ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 18 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്നും ഇത് പാക്കിസ്ഥാന്റെ നിരക്കിനേക്കാള്‍ ഒരു ശതമാനം കുറവാണെന്നും ട്രംപ് വെളിപ്പെടുത്തുകയും ചെയ്തു.

മുന്‍ പാക് മന്ത്രി ഹമദ് അസ്ഹര്‍ കരാറിനെ സാഹചര്യപരമായ പരാജയമായിട്ടല്ല, തന്ത്രപരമായ പരാജയമായാണ് ചിത്രീകരിച്ചത്. '21-ാം നൂറ്റാണ്ടിലെ വിദേശനയം കാഴ്ചപ്പാടുകളെയോ വ്യക്തിബന്ധങ്ങളെയോ കുറിച്ചുള്ളതല്ല. ഇത് സാമ്പത്തിക ശക്തി, തീരുവകള്‍, വിപണി പ്രവേശം എന്നിവ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചാണ്. യൂറോപ്യന്‍ യൂണിയനും യുഎസുമായുള്ള ഇന്ത്യയുടെ സമീപകാല വ്യാപാര ഇടപാടുകള്‍ ഇത് തെളിയിക്കുന്നു. മുഖസ്തുതിയും ഫോട്ടോ ഓപ്പറേഷനുകളും ഉപയോഗശൂന്യമാണ്,' അസ്ഹര്‍ എക്‌സില്‍ കുറിച്ചു.

ഫെബ്രുവരി 2-ന് പ്രഖ്യാപിച്ച കരാറില്‍ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതികള്‍ക്കുള്ള തീരുവ 18 ശതമാനമായി കുറച്ചു. അതേസമയം, പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫും സൈനിക മേധാവി ജനറല്‍ അസിം മുനീറും തുടര്‍ച്ചയായ ലോബിയിങ് നടത്തിയിട്ടും പാക്കിസ്ഥാന് 19 ശതമാനം തീരുവ നിരക്ക് നേരിടേണ്ടി വരുന്നുവെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ തന്ത്രപരമായാണ് ചര്‍ച്ച നടത്തിയതെന്നും പാക് നേതൃത്വം വ്യക്തിപരമായ ഇടപെടലുകളെ വളരെയധികം ആശ്രയിച്ചെന്നും ഒടുവില്‍ അനുകൂലമല്ലാത്ത ഫലത്തോടെ മടങ്ങേണ്ടി വന്നെന്നും പ്രതിപക്ഷ നേതാക്കള്‍ പ്രതികരിച്ചു.

കുറയുന്ന കയറ്റുമതിയും വിദേശ നിക്ഷേപവും രാജ്യത്തിന്റെ വിലപേശല്‍ ശേഷിയുടെ ഏകദേശം പൂര്‍ണ്ണമായ നഷ്ടം എന്നിവയെക്കുറിച്ച് നിരീക്ഷകര്‍ സൂചിപ്പിച്ചു. ''സെയില്‍സ്മാന്‍-ഇന്‍-ചീഫ് തന്ത്രം പരാജയപ്പെട്ടു. നിങ്ങള്‍ക്ക് ബലൂചിസ്ഥാന്റെ ധാതുക്കള്‍ തടികൊണ്ടുള്ള പെട്ടികളില്‍ നല്‍കാം, പക്ഷേ നിങ്ങള്‍ക്ക് ബഹുമാനം വാങ്ങാന്‍ കഴിയില്ല.', മാധ്യമപ്രവര്‍ത്തകനായ ഇമ്രാന്‍ റിയാസ് ഖാന്‍ കുറിച്ചു. 'ട്രംപ് ഒരു ബിസിനസ്സുകാരനാണ്. അദ്ദേഹം ഒരു മാനേജരെയും ഒരു കടയുടമയെയും കണ്ടു, അവര്‍ക്ക് ഒരു കടയുടമയുടെ കരാര്‍ നല്‍കി. ഇന്ത്യ ഒരു പങ്കാളിയായി, 18 ശതമാനം സമ്മാനവുമായി മടങ്ങി. ജനകീയപിന്തുണയില്ലാത്ത സര്‍ക്കാരിന്റെ വിലയെത്രയാണെന്നാണ് ഇതു കാണിക്കുന്നത്, ഡിജിറ്റല്‍ ക്രിയേറ്ററായ വജാഹത് ഖാന്‍ കുറിച്ചു.

തിരിച്ചറിവിന്റെ പാതയില്‍ പാക്കിസ്ഥാന്‍?

ജനപിന്തുണയില്ലാത്ത ഒരു സര്‍ക്കാരിന് അന്താരാഷ്ട്ര തലത്തില്‍ എത്രത്തോളം വിലപേശാന്‍ കഴിയുമെന്ന ചോദ്യമാണ് ഇപ്പോള്‍ പാക്കിസ്ഥാനില്‍ ഉയരുന്നത്. ഇന്ത്യ 18 ശതമാനം തീരുവ എന്ന 'സമ്മാനവുമായി' മടങ്ങിയപ്പോള്‍, പാക്കിസ്ഥാന് ലഭിച്ചത് അവഗണന മാത്രമാണെന്ന് ഡിജിറ്റല്‍ ക്രിയേറ്ററായ വജാഹത് ഖാന്‍ അഭിപ്രായപ്പെടുന്നു. വരും ദിവസങ്ങളില്‍ പാക്കിസ്ഥാനിലെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഈ വ്യാപാരക്കരാര്‍ വലിയ ചര്‍ച്ചകള്‍ക്കും ഭരണവിരുദ്ധ വികാരത്തിനും കാരണമാകുമെന്നുറപ്പാണ്.

Tags:    

Similar News