'കാക്കിയിട്ടവനുനേരെ കയ്യോങ്ങിയാല്‍ തനിക്ക് നോവില്ല; കൂട്ടത്തിലൊരുത്തല്‍ ചങ്കുപൊട്ടി ചോരയൊലുപ്പിച്ച് നിന്നാലും തനിക്ക് നോവില്ല...'; ഐയാം ഭരത്ചന്ദ്രന്‍ ഐപിഎസ്, ജസ്റ്റ് റിമമ്പര്‍ ദാറ്റ്'; കമ്മീഷണറെ ഉന്നമിട്ട് സുരേഷ് ഗോപിയുടെ മാസ് ഡയലോഗ് സ്റ്റാറ്റസാക്കി പൊലീസുകാര്‍; എസ് എഫ് ഐക്കാര്‍ മര്‍ദ്ദിച്ച പൊലീസുകാരനെതിരെ കേസെടുത്തതില്‍ അമര്‍ഷം കടുക്കുന്നു

Update: 2026-02-15 08:20 GMT

തിരുവനന്തപുരം: ഔദ്യോഗിക ഡ്യൂട്ടി നിര്‍വ്വഹിച്ചതിന്റെ പേരില്‍ തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥനെ പിന്തുടര്‍ന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂട്ടംചേര്‍ന്ന് ആക്രമിച്ചിട്ടും മര്‍ദ്ദനമേറ്റ പൊലീസുകാരനെതിരെ കേസെടുത്തതില്‍ സേനയില്‍ പ്രതിഷേധം കടുക്കുന്നു. പൊലീസുകാരനെ വളഞ്ഞിട്ടാക്രമിച്ചത് അപമാനകരമാണെന്ന് പൊലീസ് അസേസിയേഷന്‍ കുറ്റപ്പെടുത്തി രംഗത്ത് വന്നതിന് പിന്നാലെ പൊലീസ് ഗ്രൂപ്പുകളില്‍ പ്രതിഷേധം കത്തുകയാണ്. പൊലീസുകാരനെതിരെ കേസെടുത്തതിലും എസ്എഫ്‌ഐക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് മാത്രം ചുമത്തി കേസെടുത്തതിലും അമര്‍ഷം തുറന്നുപ്രകടിപ്പിക്കുകയാണ് പൊലീസുകാര്‍. 'ദ കമ്മീഷണര്‍' സിനിമയിലെ സുരേഷ് ഗോപിയുടെ മാസ് ഡയലോഗ് സാമൂഹിക മാധ്യമങ്ങളിലൂടെ സ്റ്റാറ്റസ് ആക്കിയാണ് പൊലീസുകാര്‍ അവരുടെ അമര്‍ഷം പ്രകടിപ്പിക്കുന്നത്. മിക്ക പൊലീസുകാരുടെയും സാമൂഹിക മാധ്യമങ്ങളിലെ സ്റ്റാറ്റ്‌സ് ഇപ്പോള്‍ സുരേഷ് ഗോപിയുടെ ഈ മാസ് ഡയലോഗാണ്.

സുരേഷ് ഗോപി അവതരിപ്പിച്ച ഭരത് ചന്ദ്രന്‍ ഐപിഎസ് മേലുദ്യോഗസ്ഥനായ രാജന്‍ പി ദേവും എന്‍ എഫ് വര്‍ഗീസും ചെയ്ത കഥാപാത്രങ്ങളോട് പറയുന്ന മോഹന്‍തോമസിന്റെ ഉച്ഛിഷ്ടവും എന്ന് തുടങ്ങുന്ന സംഭാഷണമാണ് റീലായി കട്ട് ചെയ്ത് വ്യാപകമായി പൊലീസുകാര്‍ സാമൂഹിക മാധ്യമങ്ങളിലും വാട്‌സ്ആപ്പുകളിലും സ്റ്റാറ്റസ് ആക്കിയിരിക്കുന്നത്. കാക്കിയിട്ടവനുനേരെ കയ്യോങ്ങിയാല്‍ തനിക്ക് നോവില്ല, കൂട്ടത്തിലൊരുത്തല്‍ ചങ്കുപൊട്ടി ചോരയൊലുപ്പിച്ച് നിന്നാലും തനിക്ക് നോവില്ല എന്ന് മേലുദ്യോഗസ്ഥനെ ചൂണ്ടി സുരേഷ് ഗോപി പറയുന്ന ഭാഗം മുതല്‍ ജസ്റ്റ് റിമമ്പര്‍ ദാറ്റ് എന്ന് പറഞ്ഞ് അവസാനിപ്പിക്കുന്ന ഭാഗവരെയാണ് കട്ട് ചെയ്ത് ബാക്ക് ഗ്രൗണ്ട് മ്യൂസിക്കോടെ പ്രചരിപ്പിക്കുന്നത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ കാര്‍ത്തിക്കിനെ ഉന്നമിട്ടാണ് ഈ റീല്‍ പ്രചരിപ്പിക്കുന്നത്. കമീഷണര്‍ സിപിഎമ്മിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി, പൊതുയിടത്തില്‍ കൂട്ട മര്‍ദനത്തിന് ഇരയായ പൊലീസുകാരന് മിഥുന്‍ റോയിക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയെന്നാണ് ആരോപണം. മിഥുനെ മാത്രമല്ല, ഒപ്പമുണ്ടായിരുന്ന സഹോദരിയേയും കേസില്‍ പ്രതിയാക്കി.

തിരുവനന്തപുരത്ത് കുടുംബത്തോടൊപ്പം മാളിലെത്തിയ പൊലീസുകാരനെയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. എ.ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ മിഥുന്‍ റോയിക്കാണ് മര്‍ദനമേറ്റത്. എസ്.എഫ്.ഐക്കാര്‍ നല്‍കിയ കേസില്‍ മര്‍ദനമേറ്റ പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും ചെയ്തു. സഹോദരിക്കും എതിരെ കേസെടുത്തിട്ടുണ്ട്. ശനിയാഴ്ച ഉച്ചയോടെ തലസ്ഥാനത്തെ മാളിലായിരുന്നു സംഭവം. പുതുവത്സര രാത്രിയില്‍ ശംഖുംമുഖത്ത് സമയപരിധി കഴിഞ്ഞിട്ടും ഡി.ജെ പാര്‍ട്ടി നടത്തിയതിനെ ചൊല്ലി എസ്.എഫ്.ഐക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. അന്ന് എസ്.എഫ്.ഐക്കാരെ തല്ലിയ പൊലീസ് സംഘത്തില്‍പെട്ടയാളാണ് മിഥുന്‍ റോയ്. ശംഖുംമുഖം അസി. കമീഷണറുടെ നിര്‍ദേശപ്രകാരമായിരുന്നു അന്നത്തെ പൊലീസ് നടപടി. ഇതിന്റെ പ്രതികാര നടപടിയായാണ് മിഥുനെയും സഹോദരിയേയും പിന്തുടര്‍ന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അസഭ്യം പറയുന്നതും പ്രകോപിക്കുന്നതും മര്‍ദ്ദിക്കുന്നതും. എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റതിന് പിന്നാലെയാണ് പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. ഇതോടെ പൊലീസ് സേനയില്‍ കടുത്ത അമര്‍ഷത്തിന് ഇടയാക്കി.

പുറത്ത് വന്ന വീഡിയോകളില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലീസുകാരനെ പിറകെ നടന്ന പ്രകോപിപ്പിക്കുന്നതും വളഞ്ഞിട്ട് മര്‍ദ്ദിക്കുന്നതും വ്യക്തമാണ്. ഈ ദൃശ്യം പുറത്തു വന്നിട്ടും കേസില്‍ മെല്ലെ പൊക്ക് ആണെന്നും പൊലീസികാരനെ ആക്രമിച്ച എസ്എഫ്ഐ പ്രവര്‍ത്തകരെ പിടികൂടാത്തിലും സേനയില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ജില്ലാ പൊലീസ് അസോസിയേഷന്‍ വാട്ട്സ് അപ്പ് ഗ്രൂപ്പില്‍ സിറ്റി പൊലീസ് കമീക്ഷണര്‍ക്ക് എതിരെ ട്രോളുകള്‍ വരെ പ്രത്യക്ഷപ്പെട്ടു. ഷോപ്പിംഗ് മാളില്‍ എസ്എഫ്ഐക്കാര്‍ പൊലീസുകാരനെ മര്‍ദ്ദിച്ച കേസില്‍ ഇതുവരെ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. ദൃശ്യങ്ങള്‍ പരിശോധിച്ച് സാക്ഷി മൊഴി എടുത്തതിനുശേഷമാകും തുടര്‍നടപടി ഉണ്ടാകുകയെന്നാണ് വഞ്ചിയൂര്‍ പൊലീസ് പറയുന്നത്.

പൊലീസ് സേനയുടെ വിവിധ വാട്സാപ്പ് ഗ്രൂപ്പുകളില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ഇതെന്ത് ന്യായം ഇതെന്ത് നീതി Duty യും ചെയ്യണം *അടിയും വാങ്ങണം പ്രതിയും ആവണം. കുടുംബത്തോടൊപ്പം മാളില്‍ വന്ന തിരുവനതപുരം AR camp ലെ മിഥുനെന്ന പോലീസുകാരനെ SFI ഗുണ്ടകള്‍ തല്ലി.കാരണം മേലധികാരികളുടെ നിര്‍ദ്ദേശപ്രകാരം കുറച്ച് കാലം മുന്നെ ചെയ്ത Duty യോടുള്ള വൈരാഗ്യം, അതിനു ശേഷം ഈ പോലീസുകാരന്‍ എവിടെ പോയാലും പുറകെ നടന്ന് കേട്ടാല്‍ അറക്കുന്ന അമ്മയെ കൂട്ടി ചേര്‍ത്ത് ചീത്തയും അടിക്കാനായി വട്ടം കൂടലും ആയിരുന്നു. ഇന്ന്സഹോദരിയോടൊപ്പം MOT യില്‍ പോയപ്പോള്‍ മാറി നടക്കാന്‍ ശ്രമിച്ചിട്ടും വിടാതെ പുറകെ നടന്ന് ചീത്തവിളിക്കുകയും അടിക്കുകയും ചെയ്തു. എല്ലാ ദൃശ്യങ്ങളും വ്യക്തമായി ഉണ്ടായിട്ടും പാര്‍ട്ടിക്കാര്‍ പറഞ്ഞതനുസരിച്ച് പോലീസുകാരനെ പ്രതിയാക്കി കേസെടുക്കുന്നു. ഇതെന്ത് ന്യായം ഇതെന്ത് നീതി . പോലീസുകാര്‍ Duty ചെയ്യണ്ടെ ഇങ്ങനെ ആണേല്‍ എങ്ങനെ.... പോലീസ് സംഘടന അറിഞ്ഞോ? കേരളത്തില്‍ പോലീസിന്റെ രക്ഷക്ക് പട്ടാളത്തെ ഇറക്കേണ്ടി വരുമോ?ഇങ്ങനെ പോകുന്നു ചോദ്യങ്ങള്‍.....

മിഥുനെയും സഹോദരിയേയും പിന്തുടര്‍ന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അസഭ്യം പറയുന്നതും പ്രകോപിക്കുന്നതും പുറത്ത് വന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രകോപനത്തിന് പിന്നാലെയാണ് വളഞ്ഞിട്ട് മര്‍ദ്ദിക്കുന്നത്. ഇത്രയും ദൃശ്യങ്ങള്‍ ഉണ്ടായിട്ടും മുന്‍കൂട്ടി ആസൂത്രണം ചെയ്ത് മിഥുനും സഹോദരിയും ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. ഇടി വള കൊണ്ട് നെഞ്ചിലും മുതുകിലും ഇടിച്ചെന്നും എസ് എഫ് ഐ പ്രവര്‍ത്തകരെ അടിച്ച് കൊല്ലാന്‍ സഹോദരി വിളിച്ചു പറഞ്ഞെന്നും എഫ് ഐ ആറില്‍ പറയുന്നു. അതേസമയം, മിഥുന്‍ നല്കിയ പരാതിയില്‍ എസ് എഫ് ഐക്കാര്‍ക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രമാണ് ചുമത്തിയത്.

ഇതോടെയാണ് സേനയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നത്. ജോലി ചെയ്തതിന്റെ പേരില്‍ പൊലീസുകാരനെ വളഞ്ഞിട്ട് ആക്രമിച്ചത് ജനാധിപത്യ സമൂഹത്തിന് അപമാനമെന്ന് കേരള പൊലീസ് അസോസിയേഷന്റെ വാര്‍ത്താകുറിപ്പില്‍ തുറന്നടിച്ചു. ഉത്തരവാദിപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പേരില്‍ നാട്ടിഷ അരാജകത്വം സൃഷ്ടിക്കാനാണ് ശ്രമമമെന്നും പൊലീസ് അസേസിയേഷന് കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് നടന്നു വരുന്ന പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തില്‍ വിഷയം ചര്‍ച്ച ചെയ്യാനാണ് ഒരു വിഭാഗം അംഗങ്ങളുടെ തീരുമാനം. നാളെ നടക്കുന്ന പ്രതിനിധി സമ്മേളനത്തിലും വിഷയം ഉയര്‍ന്നു വരും. പൊലീസുകാരനെ ആക്രമിച്ച നടപടിയെ എസ് എഫ് ഐ ജില്ലാ സെക്രട്ടറി എം എ നന്ദന്‍ അപലപിച്ചെങ്കിലും മിഥുന്റെ മുന്‍കാല ചെയ്തികള്‍ കൂടി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.

എസ് എഫ് ഐ പ്രവര്‍ത്തകരായ രേവന്ത്, സുജിത് എന്നിവരും കണ്ടാലറിയാവുന്ന മറ്റ് രണ്ട് പേരുമാണ് മിഥുന്‍ നല്കിയ പരാതിയിലെ പ്രതികള്‍. ഇവരെ ഇത് വരെ അറസ്റ്റ് ചെയ്തിട്ടില്ല. ശംഖുമുഖത്ത് പുതുവത്സരാഘോഷത്തിനിടെ മിഥുന്‍ അടക്കമുളള പൊലീസുകാരുടെ ലാത്തിച്ചാര്‍ജില്‍ ഇവര്‍ക്കും പരിക്കേറ്റിരുന്നു. അതിനുള്ള പ്രതികാരമാണ് മാളില്‍ തീര്‍ത്തത്. സംഭവം വലിയ വിവാദമായി മാറുമ്പോഴും അന്വേഷണത്തില്‍ മെല്ലേപോക്കാണ്. അതേ സമയം, മിഥുനെതിരെ ഇടത് സൈബര്‍ ഹാന്‍ഡിലുകളില്‍ വലിയ പ്രചാരണമാണുള്ളത്. പൊലീസുകാരനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഇടത് കേന്ദ്രങ്ങള്‍ ബിജിഎം ഇട്ട് സമൂഹമാധ്യങ്ങളില്‍ പ്രചരിപ്പിക്കുകയാണ്. അതേസമയം, പൊലീസ് ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുന്ന രീതി ശരിയല്ലെന്നും പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളന തിരക്കിലായതിനാലാണ് പ്രതികരിക്കാന്‍ വൈകിയതെന്നും പൊലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എ സുധീര്‍ഖാന്‍ പറഞ്ഞു. എസ്എഫ്‌ഐ ആക്രണം ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും സംഘടന പൊലീസുകാരനൊപ്പമാണെന്നും തെറ്റുകാരനല്ലെന്നും എ സുധീര്‍ഖാന്‍ പറഞ്ഞു.

മാളിലെ മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. പൊലീസുകാരന്‍ വഞ്ചിയൂര്‍ സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ആദ്യം കേസെടുക്കാന്‍ തയാറായില്ല. പിന്നീട് സമ്മര്‍ദം വന്നതോടെയാണ് ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരം എസ്.എഫ്.ഐക്കാര്‍ക്കെതിരെ കേസെടുത്തത്. ഈ കേസിലെ ഒന്നാം പ്രതി വിനായക് പിന്നാലെ നല്‍കിയ പരാതിയില്‍ പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും ചെയ്തു. എസ്.എഫ്.ഐക്കാരെ മിഥുന്‍ റോയ് ആയുധം കൊണ്ട് ആക്രമിച്ചെന്ന് കാണിച്ചാണ് എസ്.എഫ്.ഐക്കാരുടെ പരാതി. തനിക്കെതിരെ കമ്മീഷണര്‍ക്ക് നല്‍കിയ പരാതി പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് മിഥുനാണ് മര്‍ദ്ദിച്ചതെന്ന് പ്രവര്‍ത്തകരും പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പേട്ട പൊലീസ് മിഥുനെതിരെയും കേസെടുത്തത്. പൊലീസുകാരനായ മിഥുനും സഹോദരിക്കുമെതിരെ തടഞ്ഞുനിര്‍ത്തല്‍, അസഭ്യം പറയല്‍, മര്‍ദനം, ആയുധം ഉപയോഗിച്ച് ആക്രമിക്കല്‍ എന്നീ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.

Tags:    

Similar News