നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധിക്കല്ലറ ഇന്ന് പൊളിക്കില്ല; നാളെ പൊളിക്കാനുള്ള തീയതി നിശ്ചയിക്കും; വിഷയം മതപരമായ രീതിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമം; നിയമ വശങ്ങള്‍ കുടുംബത്തോട് പറഞ്ഞ് മനസ്സിലാക്കിയെന്ന് സബ്കലക്ടര്‍; ഗോപന്‍ സ്വാമിയുടെ മരണത്തിലെ ദുരൂഹത ഉടന്‍ നീങ്ങില്ല
നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധിക്കല്ലറ ഇന്ന് പൊളിക്കില്ല
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ മരണത്തിലെ ദുരൂഹത ഉടന്‍ നീങ്ങില്ല. നെയാറ്റിന്‍കര സമാധി കേസിലെ കല്ലറ പൊളിക്കാനുള്ള തീയതി നാളെ തീരുമാനിക്കും. പൊലീസ് റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ പൊളിക്കാനുള്ള തീയതി തീരുമാനിക്കുകയുള്ളുവെന്ന് സബ് കളക്ടര്‍ അറിയിച്ചു. നാളെ തന്നെ പൊളിക്കാനുള്ള തീയതി നിശ്ചയിക്കുമെന്നും കലക്ടര്‍ അറിയിച്ചു. സ്ഥലത്തെ ക്രമ സമാധാന പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പൊലീസിനോടും ക്രൈ ബ്രാഞ്ചിനോടും കൂടി സംസാരിച്ച ശേഷമാവും ഇനി തീയതി നിശ്ചയിക്കുക. നിലവിലെ ക്രമ സമാധാന പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയ ശേഷം പുതിയ തീയതി പൊലീസിനെ അറിയിക്കും.
പലരും വിഷയം മതപരമായ രീതിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ നിയമ വശങ്ങള്‍ കുടുംബത്തോട് പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പൊലീസ് റിപ്പോര്‍ട്ട് കൂടി വന്നതിന് ശേഷമാവും തീരുമാനം എടുക്കുക. ഏതൊരു സ്ഥലത്തും അസ്വാഭിക മരണം റിപ്പോര്‍ട്ട് ചെയ്യതാല്‍ എടുക്കുന്ന തീരുമാനങ്ങള്‍ തന്നെയാണ് ഇവിടെയും എടുത്തിട്ടുള്ളതെന്നും സബ് കളക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കൂടുതല്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് ഇന്ന് കല്ലറ പൊളിക്കാതിരുന്നത്. ഇനിയൊരു ചര്‍ച്ചയുടെ ആവശ്യമില്ലെന്നും കല്ലറ എന്ന് പൊളിക്കണമെന്ന് നാളെ തീരുമാനിക്കുമെന്നും സബ് കളക്ടര്‍ അറിയിച്ചു. സംഭവം മതപരമായ വിഷയമുണ്ടാക്കാന്‍ ജില്ലാ ഭരണകൂടം ശ്രമിക്കുന്നില്ല. ഇതില്‍ ഉണ്ടായിട്ടുള്ള അസ്വാഭാവികത പുറത്തുകൊണ്ടുവരിക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുടുംബാംഗങ്ങള്‍ക്ക് പിന്നാലെ നാട്ടുകാരില്‍ ചിലരും പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് തത്കാലം ഇന്ന് കല്ലറ തുറക്കേണ്ടെന്ന് സബ് കളക്ടര്‍ ആല്‍ഫ്രഡ് തീരുമാനിച്ചത്. ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നായിരുന്നു നടപടി. സമാധി തുറക്കാന്‍ അനുവദിക്കില്ലെന്ന് അറിയിച്ച് പ്രതിഷേധിച്ച കുടുംബത്തെ സ്ഥലത്ത് നിന്ന് നീക്കിയെങ്കിലും പിന്നീട് ചിലര്‍ സമാധി തുറക്കുന്നതിനെതിരെ രംഗത്തെത്തുകയായിരുന്നു. ഇതോടെ കല്ലറ തുറന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന നാട്ടുകാരും തുറക്കരുതെന്ന് പറയുന്നവരും തമ്മില്‍ തര്‍ക്കമുണ്ടായി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിന്നതോടെയാണ് നടപടി നിര്‍ത്തിവെക്കാന്‍ സബ് കളക്ടര്‍ തീരുമാനിച്ചത്.
നെയാറ്റിന്‍കര സമാധി കേസിലെ അസ്വാഭികത കണക്കിലെടുത്ത് കല്ലറ പൊളിക്കാനുള്ള ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ ഇന്ന് കല്ലറ പൊളിക്കാനുള്ള നീക്കങ്ങള്‍ നടക്കവെ കുടുംബം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതോടെ സ്ഥലത്ത് നാടകീയ രംഗങ്ങള്‍ അരങ്ങേറി. ഇതേ തുടര്‍ന്ന് സംഘര്‍ഷ സാധ്യത ഉടലെടുത്തതോടെയാണ് കല്ലറ ഉടന്‍ പൊളിക്കേണ്ടെന്ന തീരുമാനം ഉണ്ടായത്. വിഷയത്തില്‍ അന്തിമ തീരുമാനം വരുന്നത് വരെ നടപടി ക്രമങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഇതോടെ സബ്കളക്ടറും സംഘവും പ്രദേശത്ത് നിന്നും മടങ്ങുകയായിരുന്നു.
കല്ലറ പൊളിക്കാന്‍ തീരുമാനമായതോടെ നാട്ടുകാരും ഹൈന്ദവ സംഘടന പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. ഇരു വിഭാഗത്തെയും പൊലീസ് സ്ഥലത്ത് നിന്ന് മാറ്റാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇരുവിഭാഗങ്ങളും തമ്മില്‍ വീണ്ടും സംഘര്‍ഷം ഉണ്ടാകുകയായിരുന്നു. കല്ലറ പൊളിക്കാനായി നോട്ടീസ് നല്‍കിയിട്ടില്ലെന്നും, കുടുംബത്തിന്റെ കൈവശമുള്ള, പൂജകള്‍ ചെയ്യുന്ന സ്ഥലമായതിനാല്‍ കല്ലറ പൊളിക്കാനായി സാധിക്കില്ലെന്നുമാണ് ഒരു വിഭാഗത്തിന്റെ വാദം.
അറ തുറക്കാനുള്ള പൊലീസ് നീക്കത്തിന് എതിരെ സ്വാമികളുടെ കുടുംബം ശക്തമായ പ്രതിഷേധമാണ് നടത്തിയത്. കല്ലറ തുറന്ന് പരിശോധിക്കാന്‍ പൊലീസും ഫൊറന്‍സിക് സംഘവും സ്ഥലത്ത് എത്തിയതിന് പിന്നാലെ നാടകീയ രംഗങ്ങളാണ് ഉച്ചയോടെ നടന്നത്. സമാധി തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഗോപന്‍ സ്വാമിയുടെ ഭാര്യയും മകനും കല്ലറയ്ക്ക് മുന്നിലിരുന്ന് പ്രതിഷേധിച്ചു. ഇവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. പിന്നാലെ ഒരു വിഭാഗം നാട്ടുകാരും പ്രതിഷേധിച്ച് രംഗത്തെത്തി.
ഇവരുടെ പരിശോധന നടക്കുമ്പോള്‍ ഹിന്ദു ഐക്യവേദി, വിഎസ്ഡിപി, എന്നീ സംഘടനാ നേതാക്കള്‍ സ്ഥലത്തെത്തി. സമാധി പൊളിക്കരുതെന്നും മതവികാരത്തെ അത് വ്രണപ്പെടുത്തുമെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ നേതാക്കള്‍ പ്രദേശവാസികളല്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതോടെ ഇരുവിഭാഗവും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതോടെയാണ് കുടുംബത്തിന്റെ ഭാഗംകൂടി കേള്‍ക്കാന്‍ തീരുമാനമായത്.സമാധി തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് കുടുംബം അറിയിച്ചത്.
ഭര്‍ത്താവ് സമാധിയായതാണെന്നും തുറക്കാന്‍ അനുവദിക്കില്ലെന്നും ഗോപന്‍ സ്വാമിയുടെ ഭാര്യ സുലോചന പറഞ്ഞു. ക്ഷേത്ര ഭരണം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നവരാണ് പരാതിക്ക് പിന്നില്‍. ബന്ധുക്കളാരും പരാതി നല്‍കിയിട്ടില്ല. ഭര്‍ത്താവ് കിടപ്പ് രോഗിയായിരുന്നില്ല. നടക്കുമായിരുന്നുവെന്നും സുലോചന പറഞ്ഞു. പിതാവിന്റെ സമാധി തുറക്കാന്‍ ശ്രമിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് മകന്‍ രാജസേനനും ഭീഷണിമുഴക്കി.
ഗോപന്‍ സ്വാമി വ്യാഴാഴ്ച രാവിലെ 11 മണിയോടെ നടന്ന് പോയി കല്ലറയിലിരുന്ന് സമാധിയായെന്നാണ് മകന്‍ രാജസേനന്‍ പറയുന്നത്. എന്നാല്‍ ഗോപന്‍ സ്വാമി അതീവ ഗുരുതാവസ്ഥയില്‍ കിടപ്പിലായിരുന്നെന്നും വ്യാഴാഴ്ച രാവിലെ പോയി കണ്ടിരുന്നെന്നുമാണ് അടുത്ത ബന്ധുവിന്റെ മൊഴി. വീട്ടുകാരുടെയും അടുത്ത ബന്ധുക്കളുടെയും പരസ്പര വിരുദ്ധമായ മൊഴിയാണ് പൊലീസിന് മുന്നിലുള്ളത്. ഗോപന്‍സ്വാമിയെ അപായപ്പെടുത്തിയതാകാമെന്ന നാട്ടുകാരുടെ പരാതിയും നിലവിലുണ്ട്.