സംസ്ഥാനത്ത് വീണ്ടും നിപ്പ മരണം? മലപ്പുറം വണ്ടൂര്‍ സ്വദേശിയായ യുവാവ് മരിച്ചത് നിപ്പ ബാധിച്ചെന്ന് സംശയം; പ്രാഥമിക പരിശോധനാഫലം പോസിറ്റീവ്; പുനെ വൈറോളജി ലാബില്‍ സ്രവ പരിശോധന

മഞ്ഞപ്പിത്ത ലക്ഷണങ്ങളോടെ ചികിത്സയ്‌ക്കെത്തി

Update: 2024-09-14 14:22 GMT

മലപ്പുറം: മലപ്പുറം വണ്ടൂരില്‍ കഴിഞ്ഞ ദിവസം മരിച്ച യുവാവിന് നിപ്പ ബാധിച്ചിരുന്നതായി സംശയം. നടുവത്ത് സ്വദേശി യുവാവ് മരിച്ചത് നിപ്പ ബാധിച്ചെന്ന സംശയമാണ് ഉയര്‍ന്നിരിക്കുന്നത്. ബെംഗുളുരുവില്‍ പഠിക്കുന്ന വിദ്യാര്‍ഥി കഴിഞ്ഞ തിങ്കളാഴ്ചയാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയില്‍ വച്ച് മരിച്ചത്. കോഴിക്കോട്ടെ പ്രാഥമിക പരിശോധനഫലം പോസിറ്റീവാണ്. പുനെ വൈറോളജി ലാബില്‍ നിന്നുള്ള ഫലം കൂടി വന്നാലെ നിപ്പ സ്ഥിരീകരിക്കാന്‍ സാധിക്കൂ. പാണ്ടിക്കാട് ചെമ്പ്രശേരിയില്‍ 14 വയസുകാരന്‍ നിപ്പ ബാധിച്ച് മരിച്ചത് രണ്ടു മാസം മുന്‍പാണ്. നടുവത്ത് നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് ചെമ്പ്രശേരി സ്ഥിതി ചെയ്യുന്നത്.

ബെംഗളൂരുവില്‍ വിദ്യാര്‍ഥിയായ യുവാവ് മഞ്ഞപ്പിത്ത ലക്ഷണങ്ങളെ തുടര്‍ന്നാണ് നാട്ടിലെത്തിയത്. തുടര്‍ന്ന് ഒരാഴ്ചയോളം ചികിത്സയിലായിരുന്നതായാണ് വിവരം. കഴിഞ്ഞ തിങ്കളാഴ്ച പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലാണ് യുവാവ് മരിച്ചത്.

23 വയസ്സുകാരനായ യുവാവിന്റെ സ്രവ സാംപിള്‍ കോഴിക്കോട് മെഡിക്കല്‍ നടത്തിയ പരിശോധനയില്‍ നിപ്പ പോസിറ്റീവ് ആയി സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ 9നാണു പെരിന്തല്‍മണ്ണയിലെ എംഇഎസ് മെഡിക്കല്‍ കോളജില്‍ വച്ചു യുവാവ് മരിച്ചത്. ഇന്നലെ സാംപിള്‍ മെഡിക്കല്‍ കോളജില്‍ എത്തിക്കുകയും മെഡിക്കല്‍ കോളജ് മൈക്രോബയോളജി വിഭാഗത്തില്‍ നടത്തിയ പിസിആര്‍ പരിശോധനയില്‍ ഫലം പോസിറ്റീവാകുകയും ആയിരുന്നു. തുടര്‍ന്ന് സ്ഥിരീകരണത്തിനായി പുണെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സാംപിള്‍ അയക്കുകയായിരുന്നു.

മലപ്പുറം വണ്ടൂര്‍ നടുവത്ത് സ്വദേശിയായ യുവാവ് ബെംഗളുരുവില്‍ പഠിക്കുകയായിരുന്നു. കാലിന് അസുഖമായതോടെ നാട്ടില്‍ എത്തി. പിന്നാലെ യുവാവിന് പനി ബാധിക്കുകയായിരുന്നു. പനി മാറാതെ വന്നതോടെയാണു പെരിന്തല്‍മണ്ണയിലെ എംഇഎസ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചെന്നായിരുന്നു ആദ്യം കരുതിയത്. പ്രാഥമിക പരിശോധനയില്‍ നിപ്പ സ്ഥിരീകരിച്ചതോടെ പുണെ വൈറോളജി ലാബില്‍ നിന്നുള്ള സ്രവ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് ആരോഗ്യവകുപ്പ്. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ഉന്നത തല സംഘം യോഗം കൂടുന്നുണ്ട്. യുവാവിന്റെ റൂട്ട് മാപ്പും കബറടക്കം അടക്കമുള്ള കാര്യങ്ങളും ആരോഗ്യ വകുപ്പ് പരിശോധിക്കുന്നുണ്ട്.

പനി ബാധിച്ച യുവാവിന് ഛര്‍ദിയുണ്ടായിന്നു. ആദ്യം നടുവത്തുള്ള സ്വകാര്യ ക്ലിനിക്കിലും പിന്നീട് വണ്ടൂരുള്ള സ്വകാര്യ ക്ലിനിക്കിലും യുവാവിനെ ചികിത്സയ്ക്കായി കൊണ്ടു പോയിരുന്നു. എന്നാല്‍ അസുഖം മാറാതെ വന്നതോടെ യുവാവിനെ പെരിന്തല്‍മണ്ണയിലെ എംഇഎസ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. യുവാവുമായി സമ്പര്‍ക്കമുള്ള സഹോദരി, സുഹൃത്ത് എന്നിവരെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിലാക്കി. വണ്ടൂര്‍ തിരുവാലി പഞ്ചായത്തിലാണ് യുവാവിന്റെ വീട്. ഇവിടെ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

തിരുവോണം പ്രമാണിച്ച് നാളെ ( 15.09.2024)ഓഫീസിന് അവധി ആയതിനാല്‍ അപ്‌ഡേഷന്‍ ഉണ്ടായിരിക്കുന്നതല്ല- എഡിറ്റര്‍.

Tags:    

Similar News