ജില്ലാ സെക്രട്ടറിയുടെ വിപ്പിന് പുല്ലുവില കൊടുത്ത് സിപിഎം പഞ്ചായത്ത് അംഗങ്ങള്‍; പാര്‍ട്ടിയിലെ ചില കീടങ്ങളാണ് തങ്ങളെ ഈ അവസ്ഥയില്‍ എത്തിച്ചതെന്ന് സിപിഎം അംഗം; തോട്ടപ്പുഴശേരി പഞ്ചായത്തില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും അവിശ്വാസത്തിലൂടെ പുറത്ത്: പുറത്താക്കിയത് കോണ്‍ഗ്രസ്-സിപിഎം ധാരണയില്‍

തോട്ടപ്പുഴശേരി പഞ്ചായത്തില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും അവിശ്വാസത്തിലൂടെ പുറത്ത്

Update: 2024-12-19 16:42 GMT

പത്തനംതിട്ട: തോട്ടപ്പുഴശേരി പഞ്ചായത്തില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും അവിശ്വാസത്തിലൂടെ പുറത്ത്. ജില്ലാ സെക്രട്ടറിയുടെ വിപ്പ് ലംഘിച്ച സിപിഎം അംഗങ്ങള്‍ യുഡിഎഫുമായി ചേര്‍ന്നാണ് അവിശ്വാസം പാസാക്കിയെടുത്തത്. പാര്‍്ട്ടിയിലെ ചില കീടങ്ങളാണ് തങ്ങളെ ഈ അവസ്ഥയില്‍ എത്തിച്ചതെന്ന് സിപിഎം അംഗം തുറന്നടിച്ചു.

പ്രസിഡന്റ് സി.എസ്.ബിനോയ്, വൈസ് പ്രസിഡന്റ് ഷെറിന്‍ റോയി എന്നിവരാണ് അവിശ്വാസത്തിലൂടെ പുറത്താക്കപ്പെട്ടത്. 13 അംഗ തോട്ടപ്പുഴശേരി പഞ്ചായത്ത് ഭരണസമിതിയില്‍ എല്‍.ഡി.എഫ് -അഞ്ച്, യു.ഡി.എഫ്-മൂന്ന്, ബി.ജെ.പി-മൂന്ന്്, സ്വതന്ത്രര്‍-രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. യുഡിഎഫ്-സിപിഎം അംഗങ്ങള്‍ ഒന്നിച്ചതോടെ ഏഴു പേര്‍ പ്രമേയത്തെ അനുകൂലിച്ചു. പ്രസിഡന്റും വൈസ് പ്രസിഡന്റും ബിജെപി അംഗങ്ങ്ളും സിപിഎമ്മിലെ ഒരു അംഗവും അടക്കം ആറു പേര്‍ വിട്ടു നിന്നു.

നേരത്തെ അവിശ്വാസത്തിന് നോട്ടീസ് നല്‍കിയ സി.പി.എം പഞ്ചായത്തംഗങ്ങളോട് എതിര്‍ത്ത് വോട്ട് ചെയ്യാന്‍ സി.പി.എം ജില്ലാ സെക്രട്ടറി വിപ്പ് നല്‍കിയിരുന്നു. സി.പി.എം, കോണ്‍ഗ്രസ് അംഗങ്ങള്‍ ചേര്‍ന്നാണ് ഒരു പാര്‍ട്ടിയുടെയും ലേബലില്‍ അല്ലാതെ പ്രസിഡന്റും വൈസ് പ്രസിഡന്റുമായ ബിനോയിക്കും ഷെറിനുമെതിരേ അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിരുന്നത്. പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കുന്ന ദിവസത്തിന് തലേന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.പി.എം അംഗങ്ങള്‍ക്ക് വിപ്പിലൂടെ നല്‍കിയ നിര്‍ദേശം എതിര്‍ത്ത് വോട്ടു ചെയ്യണമെന്നായിരുന്നു.

എന്നാല്‍ എല്ലാ അംഗങ്ങളും വിപ്പ് ലംഘിച്ചു. ഇതില്‍ പ്രമേയത്തെ പിന്തുണക്കാതിരുന്ന സി.പി.എം അംഗവും യോഗത്തില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ വിപ്പ് ലംഘിച്ചു എന്നാണ് പ്രതിപക്ഷം പറയുന്നത്. പ്രമേയ നോട്ടീസ് നല്‍കിയത് മുതല്‍ സി.പി.എം വിവിധ തലങ്ങളില്‍ ആശയ വിനിമയം നടത്തിയിരുന്നു. ഏരിയ കമ്മറ്റി ഓഫീസില്‍ ചേര്‍ന്ന ഉന്നത തല യോഗത്തെ തുടര്‍ന്നാണ് പ്രമേയം പരാജയപ്പെടുത്താന്‍ ആവശ്യപ്പെട്ട് വിപ്പ് നല്‍കിയത്.

ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, ജില്ലാ സെക്രട്ടറിയേറ്റംഗം എ. പദ്മകുമാര്‍, മൂന്‍ എം.എല്‍.എ കെ.സി. രാജഗോപാല്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിന്റേതായിരുന്നു തീരുമാനം. സി.പി.എം പഞ്ചായത്ത് അംഗങ്ങളെ വിളിച്ചു വരുത്തി നിര്‍ദേശം നല്‍കിയിരുന്നു. ഇടത് വിമതനായി വിജയിച്ച സി.എസ്. ബിനോയി കോണ്‍ഗ്രസ്, ബി.ജെ.പി പിന്തുണയിലാണ് പഞ്ചായത്ത് പ്രസിഡന്റായത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഷെറിനെ സി.പി.എമ്മും കോണ്‍ഗ്രസും പിന്തുണച്ചു. ഇരുവരും സ്ഥാനമേറ്റതിന് ശേഷം ബി.ജെ.പിക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്നായിരുന്നു.

കോണ്‍ഗ്രസിന്റെയും സി.പി.എമ്മിന്റെയും വിമര്‍ശനം. മേല്‍ കമ്മറ്റികളില്‍ പല തവണ ഇക്കാര്യം അറിയിച്ചെങ്കിലും ഫലം കാണാതെ വന്നതോടെയാണ് അഞ്ച് സി.പി.എം അംഗങ്ങളില്‍ നാല് പേര്‍ മൂന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ഒപ്പം ചേര്‍ന്ന് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്.

ഇന്നലെ പ്രമേയം ചര്‍ച്ചയ്ക്ക് എടുത്തപ്പോള്‍ നോട്ടീസ് നല്‍കിയിരുന്ന ഏഴു പേര്‍ മാത്രമാണ് പങ്കെടുത്തത്. പ്രസിഡന്റും വൈസ് പ്രസിഡന്റും ബി.ജെ.പിയിലെ മൂന്നും ഒരു സി.പി.എം അംഗവും അടക്കം ആറു പേര്‍ വിട്ടു നിന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്ന ാഹചര്യത്തിലാണ് ഇടത് സ്വതന്ത്രനായി ജയിച്ച സി.എസ്.ബിനോയിയെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാക്കിയത്. ബി.ജെ.പി പിന്തുണയോടെ ബിനോയി പ്രസിഡന്റായി.

കോണ്‍ഗ്രസ് സ്വതന്ത്രയായി വിജയിച്ച ഷെറിന്‍ റോയിക്ക് വൈസ് പ്രസിഡന്റായി എല്‍.ഡി.എഫും പിന്തുണ നല്‍കി. ഇവര്‍ ബി.ജെ.പി അനുകൂല നിലപാടാണ് സ്വീകരിക്കുന്നത് എന്നാരോപിച്ചാണ് നാലു സി.പി.എം അംഗങ്ങള്‍ യു.ഡി.എഫിന് ഒപ്പം ചേര്‍ന്ന് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മുന്‍പ് രണ്ട് തവണ എല്‍.ഡി.എഫ് നിലവിലെ ഭരണ സമിതിക്കെതിരെ അവിശ്വാസം കൊണ്ടുവന്നെങ്കിലും പരാജയപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ യു.ഡി.എഫുമായി ചേര്‍ന്നുള്ള അവിശ്വാസം പാര്‍ട്ടിയുടെ അനുവാദമില്ലാതെ നല്‍കിയതായതിനാലാണ് നേതൃത്വം എതിരായി വോട്ട് ചെയ്യാന്‍ വിപ്പ് നല്‍കിയത്.

അഞ്ചില്‍ നാല് അംഗങ്ങളും വിപ്പ് ലംഘിച്ചതോടെ സി.പി.എം നേതൃത്വം പ്രതിസന്ധിയിലായി. ബി.ജെ.പി-സി.പി.എം സഖ്യത്തിന്റെ തെളിവാണ് അവിശ്വാസം എതിര്‍ത്ത് വോട്ട് ചെയ്യാന്‍ സി.പി.എം നല്‍കിയ വിപ്പെന്ന് യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ രാമചന്ദ്രന്‍ നായര്‍ ആരോപിച്ചു. പന്തളം നഗരസഭയിലേത് പോലെ ബി.ജെ.പി ക്കെതിരെ സി.പി.എം കൊണ്ടു വരുന്ന അവിശ്വാസം പിന്തുണയ്ക്കുമെന്ന യു.ഡി.എഫിന്റെ നിലപാട് ഇവിടെയും പിന്തുടരുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

തങ്ങള്‍ സി.പി.എം പ്രവര്‍ത്തകര്‍ തന്നെയാണെന്നും തങ്ങളുടെ ആവശ്യം പലവട്ടം പാര്‍ട്ടിയെ അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടാകാതെ വന്നതോടെയാണ് ഇത്തരമൊരു നീക്കം വേണ്ടിവന്നതെന്നും ഏഴാം വാര്‍ഡില്‍ നിന്നുള്ള സി.പി.എം മെമ്പര്‍ റെന്‍സന്‍ കെ രാജന്‍ പറഞ്ഞു. താന്‍ പാര്‍ട്ടി കുടുംബത്തിലെ അംഗമാണെന്നും എന്നാല്‍ പാര്‍ട്ടിയിലെ ചില കീടങ്ങളാണ് തങ്ങളെ ഈ അവസ്ഥയിലെത്തിച്ചതെന്നും റെന്‍സന്‍ ആരോപിച്ചു. അതേ സമയം പാര്‍ട്ടി വിപ്പ് ലംഘിച്ച നാല് അംഗങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് സി.പി.എം നേതൃത്വം.

Tags:    

Similar News