സ്വന്തം ലോക്‌സഭാ മണ്ഡലത്തിലെ കോര്‍പ്പറേഷനിലെ ബിജെപി വിജയത്തില്‍ ജനാധിപത്യത്തിന്റെ സൗന്ദര്യം കണ്ട് ശശി തരൂര്‍! ബിജെപിക്ക് അഭിനന്ദനം അറിയിച്ചു സോഷ്യല്‍ മീഡിയാ പോസ്റ്റ്; 'നിങ്ങള്‍ക്കിതെങ്ങനെ സാധിക്കുന്നു, പുറത്താക്കൂല, വേണേല്‍ രാജിവെച്ച് അങ്ങോട്ട് ചാടിക്കോ' എന്ന കമന്ററുകളുമായി യുഡിഎഫ് പ്രവര്‍ത്തകര്‍
സ്വന്തം ലോക്‌സഭാ മണ്ഡലത്തിലെ കോര്‍പ്പറേഷനിലെ ബിജെപി വിജയത്തില്‍ ജനാധിപത്യത്തിന്റെ സൗന്ദര്യം കണ്ട് ശശി തരൂര്‍!
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ യുഡിഎഫിനെയും ബിജെപിയെയും അഭിനന്ദിച്ചു തിരുവനന്തപുരം എംപി ശശി തരൂര്‍. തരൂര്‍ ബിജെപിയില്‍ ചേക്കേറുമെന്ന അഭ്യൂഹം ശക്തമായിരിക്കവേയാണ് അദ്ദേഹം അഭിനന്ദന പോസ്റ്റുമായി രംഗത്തുവന്നത്. തരൂരിന്റെ അഭിനന്ദന പോസ്റ്റ് കണ്ട് വിമര്‍ശനങ്ങളുമായി യുഡിഎഫ് അണികള്‍ രംഗത്തുവന്നു.
സംസ്ഥാനത്താകെയുള്ള യു ഡി എഫിന്റെ മികച്ച വിജയത്തെ അഭിനന്ദിച്ച തരൂര്‍, തിരുവനന്തപുരം കോര്‍പറേഷനിലെ ബി ജെ പിയുടെ ചരിത്ര വിജയത്തെയും അഭിനന്ദിക്കാന്‍ മടികാട്ടിയിയല്ല. ആടി നില്‍ക്കുന്ന തരൂരിന്റെ അഭിനന്ദനമാണ് വീണ്ടും ചര്‍ച്ചകളില്‍ നിറഞ്ഞത്. 'ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു എന്നതാണ് ഫലം കാണിക്കുന്നതെന്നും ജനാധിപത്യത്തിന്റെ സൗന്ദര്യമാണ് തലസ്ഥാനത്തടക്കം ദൃശ്യമായതെന്നും തരൂര്‍ അഭിപ്രായപ്പെട്ടു. എല്‍ ഡി എഫിന്റെ ദീര്‍ഘകാല ഭരണത്തിനെതിരായ ജനവികാരമാണ് യു ഡി എഫിന്റെയും ബി ജെ പിയുടെയും വിജയത്തിന് പിന്നിലെന്നും അദ്ദേഹം എക്‌സിലെ കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
ശശി തരൂറിന്റെ കുറിപ്പിന്റെ പ്രസക്തഭാഗം ഇങ്ങനെ:
കേരള തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ അത്ഭുതകരമായ ഫലങ്ങള്‍ നല്‍കിയ ഒരു ദിനമാണ് ഇന്ന്! ജനവിധി വ്യക്തമാണ്. വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ മികച്ച വിജയത്തില്‍ യു ഡി എഫിന് വലിയ അഭിനന്ദനങ്ങള്‍! ഇത് വന്‍ അംഗീകാരമാണ്, നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങള്‍ നല്‍കുന്ന ശക്തമായ സൂചനയും. കഠിനാധ്വാനം, ശക്തമായ സന്ദേശം, ഭരണവിരുദ്ധ വികാരം എന്നിവയെല്ലാം ഒത്തുചേര്‍ന്ന് 2020 ലേതിനേക്കാള്‍ മികച്ച ഫലം നേടിയെടുക്കാനായി.
തിരുവനന്തപുരത്തെ ബി ജെ പിയുടെ ചരിത്രപരമായ വിജയവും അംഗീകരിക്കുന്നു. തിരുവനന്തപുരം കോര്‍പറേഷനിലെ അവരുടെ പ്രധാന വിജയത്തിനും അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. തലസ്ഥാനത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ ശ്രദ്ധേയമായ മാറ്റം അടയാളപ്പെടുത്തുന്ന ശക്തമായ പ്രകടനമാണ് ബി ജെ പി നടത്തിയത്. നഗരസഭയിലെ 45 വര്‍ഷത്തെ എല്‍ ഡി എഫ് ദുരന്തഭരണത്തില്‍ നിന്നുള്ള മാറ്റത്തിനായി ഞാനും പ്രചാരണം നടത്തിയിരുന്നു. പക്ഷേ ഭരണമാറ്റം ആഗ്രഹിച്ച ജനത, മറ്റൊരു കക്ഷിക്കാണ് പ്രതിഫലം നല്‍കിയത്. അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. മൊത്തത്തില്‍ യു ഡി എഫിനും എന്റെ മണ്ഡലത്തില്‍ ബി ജെ പിയും നേടിയ ജനവിധി ആദരിക്കപ്പെടണം. കേരളത്തിന്റെ ക്ഷേമത്തിനായി തുടര്‍ന്നും പ്രവര്‍ത്തിക്കും, ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി വാദിക്കുകയും നല്ല ഭരണതത്വങ്ങളുടെ തത്ത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യും.
അതേസമയം തരൂരിന്റെ പോസ്റ്റില്‍ പ്രതികരണങ്ങളുമായി എത്തിയ യുഡിഎഫ് അണികള്‍ കടുത്ത വിമര്‍ശനവും ഉന്നയിക്കുന്നുണ്ട്. 'നിങ്ങള്‍ക്കിതെങ്ങനെ സാധിക്കുന്നു, പുറത്താക്കൂല, വേണേല്‍ രാജിവെച്ച് അങ്ങോട്ട് ചാടിക്കോ' എന്നിങ്ങനെയാണ് പ്രവര്‍ത്തകരുടെ കമന്റുകള്‍. തരൂരിന്റെ സമീപകാല നിലപാടുകളുടെ ഓഡിറ്റിംഗാണ് ഈ പോസ്റ്റിലും നടക്കുന്നത്.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ചെങ്കോട്ട തകര്‍ത്താണ് ബി ജെ പി പടയോട്ടം നടത്തിയത്. മാറാത്തത് മാറുമെന്ന മുദ്രാവാക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട ബി ജെ പി, എല്‍ ഡി എഫിനെ പിന്നിലാക്കി നിലവില്‍ 50 വാര്‍ഡുകളില്‍ വിജയിച്ചു. എല്‍ ഡി എഫ് 29 സീറ്റിലും യു ഡി എഫ് 19 സീറ്റിലുമാണ് വിജയിച്ചത്. രണ്ട് സീറ്റുകളില്‍ സ്വന്തത്രരും വിജയിച്ചു. 50 സീറ്റിലും മുന്നേറി ഏറ്റവും വലിയ ഒറ്റകക്ഷിയായതോടെ ബി ജെ പി ഭരണം ഉറപ്പിച്ചു. കേവല ഭൂരിപക്ഷത്തിലേക്ക് ഒരു സീറ്റ് കൂടിയാണ് ബിജെപിക്ക് വേണ്ടത്. 51 സീറ്റുകള്‍ ലഭിച്ചാല്‍ ബിജെപിക്ക് ഭരണത്തിലേറാം. വിഴിഞ്ഞം വാര്‍ഡിലെ തെരഞ്ഞെടുപ്പ് ഇനി നടക്കാനുമുണ്ട്. സ്വതന്ത്രരുടെ പിന്തുണ ലഭിച്ചാല്‍ ബി ജെ പിക്ക് ഭരണം ഉറപ്പിക്കാം. നിലവില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായതോടെ മേയര്‍ സ്ഥാനം ഇതിനോടകം ബി ജെ പി ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.
