ആചാര്യന്റെ നേതൃത്വത്തില്‍ നായര്‍ സംഘടിത ശക്തിയായിരുന്നു.... ആ നായര്‍ ശക്തിയാണ് വിമോചന സമരം വിജയിപ്പിച്ചത്; ഇന്ന് പല കാരണത്താല്‍ സമ്പത്തും സ്വാധീനവും നഷ്ടപ്പെട്ട സമുദായമാണ് നായര്‍! ശബരിമലയില്‍ സുകുമാരന്‍ നായര്‍ക്കുണ്ടായ പിഴവ് മുതലെടുക്കാന്‍ നായര്‍ ഐക്യവേദി; ശബരിമലയിലെ വീഴ്ചകളില്‍ പെരുന്നയും അതൃപ്തിയില്‍; വള്ളിക്കുന്നത്ത് ബദല്‍ വരുമോ?

Update: 2025-10-13 09:19 GMT

കോട്ടയം: ശബരിമലയിലെ വിവാദങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വലിയ വീഴ്ച ഇടുത സര്‍ക്കാരിനുണ്ടായെന്ന വിലയിരുത്തലിലേക്ക് എന്‍ എസ് എസ് വീണ്ടുമെത്തും. വികസനത്തിന്റെ പേരില്‍ ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ എന്‍ എസ് എസ് വാഗ്ദാനം ചെയ്തിരുന്നു. ആഗോള അയ്യപ്പ സംഗമത്തിന് എത്തുകയും ചെയ്തു. അതിന് ശേഷം ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ എല്ലാ തലത്തിലും തിരിച്ചടിയായി. 2019ലെ ദേവസ്വം ഭരണസമിതിയും പ്രതിസ്ഥാനത്തായി. വലിയ വീഴ്ചകള്‍ ഈ സംഭവത്തിലുണ്ടായി എന്നാണ് എന്‍ എസ് എസ് വിലയിരുത്തല്‍. നേരത്തെ സര്‍ക്കാരിനെ പിന്തുണച്ച എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ആകെ പ്രതിരോധത്തിലാണ്.

അതിനിടെ വാട്‌സാപ്പിലും മറ്റും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിക്കെതിരെ വ്യാപക പ്രചരണവും നടക്കുന്നുണ്ട്. ആത്മാഭിമാനത്തോടെ തലയുയര്‍ത്തി ജനിച്ച നാട്ടില്‍ ജീവിക്കാനുള്ള അവസരമൊരുക്കാനുള്ള ചവിട്ടു പടി ആകട്ടെ നായര്‍ നേതൃസംഗമം. മറക്കരുത് നവംബര്‍ 9... മറക്കരുത് ആലപ്പുഴ വള്ളികുന്നം വിദ്യാധിരാജപുരം... എന്ന തരത്തില്‍ സമ്മേളനവുമായി നായര്‍ ഐക്യ വേദിയും രംഗത്തു വരുന്നു. എന്‍ എസ് എസിനെതിരെ ആഞ്ഞടിക്കുന്നതാകും ഈ സമ്മേളനം. എന്‍ എസ് എസിന് ബദലൊരുക്കാന്‍ പലപ്പോഴും പലരും ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ അത് വിജയിച്ചിരുന്നില്ല. ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് വിശ്വാസികള്‍ക്കായി സുകുമാരന്‍ നാര്‍ നിലയുറപ്പിച്ചു. ഇതോടെ പൊതു സമൂഹത്തില്‍ കൂടുതല്‍ പ്രസക്തി എന്‍ എസ് എസിനുണ്ടായി. എന്നാല്‍ ഇപ്പോള്‍ ശബരിമലയിലെ ആഗോള അയ്യപ്പ സമംഗവുമായി എടുത്ത തീരുമാനം പല തരത്തില്‍ ചോദ്യം ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് നായര്‍ ഐക്യവേദിയും ബദല്‍ സാധ്യതകള്‍ തേടുന്നത്.

നായര്‍ ഐക്യവേദി പ്രചരിപ്പിക്കുന്ന കുറിപ്പ് ചുവടെ

ഓം ശ്രീ വിദ്യാധിരാജായ നമഃ

മന്നത്താചാര്യന്‍ NSS നെ രൂപപ്പെടുത്തിയത് നായര്‍ക്കെതിരെ വരുന്ന ഏത് ആക്രമണത്തെയും പ്രതിരോധിക്കുന്ന വജ്രായുധമായാണ്.

ഒപ്പം ആശ്രയമറ്റ കുടുംബങ്ങളുടെ അത്താണിയായും...

NSS സ്ഥാപനങ്ങളില്‍ ചെറുതും വലുതുമായ ജോലി നല്‍കി ഭരിദ്ര നായര്‍ കുടുംബങ്ങളെ സംരക്ഷിക്കുക എന്നതും ആചാര്യന്റെ ശൈലിയായിരുന്നു.

ചങ്ങനാശ്ശേരിയിലെ ആസ്ഥാന വാതില്‍ അന്ന് ഏവര്‍ക്കും വേണ്ടി തുറന്നു കിടന്നിരുന്നു മന്നത്താചാര്യന്റെ മനസ്സുപോലെ...

ആചാര്യന്‍ ഒരു വേലക്കാരനായി NSS സ്ഥാപനത്തില്‍ നിയമിച്ചയാള്‍ ആചാര്യന്റെ കസേരയില്‍ കയറി ഇരുന്നതോടെ NSS ന്റെയും നായര്‍ സമുദായത്തിന്റെയും ശനിദശ ആരംഭിച്ചു....

ആചാര്യന്റെ പുഷ്‌ക്കലകാലത്ത് നായര്‍ ആജ്ഞാശക്തിയും സമ്പത്തുമുള്ള സമുദായമായിരുന്നു.

ആചാര്യന്റെ നേതൃത്വത്തില്‍ നായര്‍ സംഘടിത ശക്തിയായിരുന്നു.... ആ നായര്‍ ശക്തിയാണ് വിമോചന സമരം വിജയിപ്പിച്ചത്... കേരള രാഷ്ട്രീയത്തെ നിയന്ത്രിച്ചതും നായര്‍ ശക്തിയായിരുന്നു..

ഇന്ന്, പല കാരണത്താല്‍, സമ്പത്തും സ്വാധീനവും നഷ്ടപ്പെട്ട സമുദായമാണ് നായര്‍ . 60% ത്തിലധികം കുടുംബങ്ങള്‍ പരമദരിദ്രാവസ്ഥയില്‍ ജീവിക്കുന്ന സമുദായം...

സഹായിക്കുവാന്‍ ആരുമില്ല...

പഴയ കാല പ്രമാണിത്തത്തിന്റെ പേരില്‍ അധികാരികളും സമൂഹവും സവര്‍ണ്ണനെന്നു പരിഹസിച്ച് നായരെ അവഗണിക്കുന്നു...

പുതിയ വരേണ്യ വര്‍ഗ്ഗങ്ങള്‍ ഉയര്‍ന്നുവന്നു. അവര്‍ സര്‍ക്കാര്‍ ആനുകൂല്യം കൈപ്പറ്റി കൂടുതല്‍ സമ്പന്നരും സ്വാധീനമുള്ള വരുമായി മാറി...

അവര്‍ സംഘടിതരും ജനസംഖ്യയില്‍ ഒന്നും രണ്ടും സ്ഥാനത്തു നില്‍ക്കുന്നവരാകയാല്‍ ചോദിക്കുന്നതെന്തും നല്‍കാന്‍ തയ്യാറായി അധികാരികളും രാഷ്ട്രീയ നേതാക്കളും അവരുടെ വാതില്‍പ്പടിയില്‍ കാവല്‍ കിടക്കുന്നു...

ആഭ്യന്തര മന്ത്രിയായ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തില്‍ പല കേസ്സുകളില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്ന സമുദായ നേതാവ് യാത്ര ചെയ്തത് കേരളം കണ്‍കുളിര്‍ക്കെ കണ്ടതാണ്...

നിര്‍ഭാഗ്യവശാല്‍ ഇതൊക്കെ കാണാനും പ്രതികരിക്കാനും നായര്‍ സമുദായത്തിനു കഴിയുന്നില്ല...

50 ലക്ഷം വരുന്ന നായന്മാരില്‍ കേവലം 7 ലക്ഷം അംഗങ്ങള്‍ മാത്രമുള്ള NSS നേതൃത്വം, നായരുടെ കുത്തക അവകാശപ്പെട്ടു സമുദായത്തെ മൊത്തമായും ചില്ലറയായും വിറ്റ് സ്വന്തം കാര്യം നേടുന്നു... ന്യായീകരണത്തിന് സമദൂരം ശരിദൂരം തുടങ്ങിയ ശിഖണ്ഡിന്യായവും പറയും...

യാഥാര്‍ത്ഥ്യത്തിനു നേരെ കണ്ണടയ്ക്കുന്നതുകൊണ്ടാണ് ഇതൊക്കെ തിരിച്ചറിയാനും ചിന്തിക്കാനും പ്രതികരിക്കാനും നായര്‍ സമുദായത്തിനു കഴിയാതെ പോകുന്നത്...

എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും നായരെ അവഗണിക്കുന്നു... ആ പാര്‍ട്ടികളില്‍ കഥയറിയാതെ നായര്‍ ആട്ടം കാണുന്നു

ഇതൊക്കെ പരസ്പരം തിരിച്ചറിഞ്ഞ് ബോദ്ധ്യപ്പെട്ട് പ്രതികരണ ശേഷിയുള്ള നായന്മാരുടെ സംഘശക്തി ഉണര്‍ത്തി നിലനില്‍പ്പിനായി പോരാടുവാന്‍ നായരെ സജ്ജരാക്കുവാനാണ് നവംബര്‍ 9 ലെ നായര്‍ നേതൃസംഗമം ലക്ഷ്യമിടുന്നത്....

ഈ നേതൃ സംഗമം നായരുടെ അവസാന പ്രതീക്ഷയാണ്.അന്തിമ പോരാട്ടത്തിനായുള്ള തയ്യാറെടുപ്പാണ്. നായരുടെ അജയ്യ ശക്തിയെ ഉണര്‍ത്തുവാനുള്ള വേദിയൊരുക്കലാണ്. ഈ അവസരം നഷ്ടപ്പെടുത്തിയില്‍ നായര്‍ സമുദായത്തെ രക്ഷപ്പെടുത്തുവാന്‍ ഇനിയൊരു ശക്തി ഒരിക്കലും ഉണര്‍ന്നു വരില്ല എന്ന തിരിച്ചറിവിന്റെ വേദി കൂടിയാണ് നായര്‍ നേതൃ സംഗമം...

50 വര്‍ഷമായി NSS നേതൃത്വം ഉറക്കിയ നായര്‍ ശക്തിയെ ഉണര്‍ത്തുവാനുള്ള അവസാന ശ്രമമാണ് നായര്‍ നേതൃ സംഗമം....

ആത്മാഭിമാനത്തോടെ തലയുയര്‍ത്തി ജനിച്ച നാട്ടില്‍ ജീവിക്കാനുള്ള അവസരമൊരുക്കാനുള്ള ചവിട്ടു പടി ആകട്ടെ നായര്‍ നേതൃസംഗമം

മറക്കരുത് നവംബര്‍ 9... മറക്കരുത് ആലപ്പുഴ വള്ളികുന്നം വിദ്യാധിരാജപുരം...

ഓം ശ്രീ വിദ്യാധിരാജായ നമഃ

കണ്‍വീനര്‍

നായര്‍ ഐക്യ വേദി

Tags:    

Similar News