ബ്രിട്ടനിലെ ഓള്‍ഡാം ആശുപത്രിയില്‍ കുത്തേറ്റു വീണ മലയാളി നഴ്സിന്റെ ചിത്രം തെറ്റായി വന്നത് ലോകമെങ്ങുമെത്തി; മാഞ്ചസ്റ്റര്‍ ഈവനിംഗ് അടക്കം ചിത്രം പ്രസിദ്ധീകരിക്കുന്നത് എക്‌സ്‌ക്ലൂസിവ് എന്നും റിപ്പോര്‍ട്ട് ചെയ്തു; നഴ്സിന്റെ പേരും വിവരങ്ങളും പുറത്തു വന്നത് പ്രതിയെ കോടതിയില്‍ എത്തിച്ചതോടെ; കുറ്റം നിഷേധിക്കാത്ത മുഹമ്മദ് റോമന്‍ ഹെകിനു വേണ്ടി ജാമ്യാപേക്ഷയും എത്തിയില്ല
ബ്രിട്ടനിലെ ഓള്‍ഡാം ആശുപത്രിയില്‍ കുത്തേറ്റു വീണ മലയാളി നഴ്സിന്റെ ചിത്രം തെറ്റായി വന്നത് ലോകമെങ്ങുമെത്തി
ലണ്ടന്‍: ശനിയാഴ്ച അര്‍ധരാത്രിയോടെ ആശുപത്രിയില്‍ മലയാളി നഴ്സിനെ കുത്തിയ പ്രതിയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കി. ഇയാളോട് സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താന്‍ കോടതി ആവശ്യപ്പെട്ടപ്പോള്‍ ഒരു കൂസലും കൂടാതെയാണ് അതുവരെ പുറത്തു കേട്ട പേരിനൊപ്പം അയാള്‍ മുഹമ്മദ് എന്ന് കൂടി കൂട്ടിച്ചേര്‍ത്തത്. ഇതോടെ പ്രതിയുടെ മുഴുവന്‍ പേര് മുഹമ്മദ് റോമന്‍ ഹഖ് എന്ന് സംശയിക്കപെടുകയാണ്. പല കേസുകളിലും പ്രതികളുടെ പേരുകള്‍ മനപ്പൂര്‍വ്വമോ അല്ലാതെയോ മൂടിവയ്ക്കുന്ന പ്രവണത യുകെയില്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ പ്രതി തന്നെ പേര് വെളിപ്പെടുത്തിയതില്‍ ആക്രമണ ഉദ്ദേശവും സംശയിക്കപ്പെടുകയാണ്.
ഒരു വര്‍ഷം മുന്‍പ് രണ്ടു പേരെ കാറിടിച്ചു വീഴ്ത്തി കൊലപ്പെടുത്തിയ കേസില്‍ ഇപ്പോഴും പോലീസ് എന്തുകൊണ്ടോ പ്രതിയുടെ പേര് പുറത്തു വിട്ടിട്ടില്ല. അന്ന് ആശുപത്രിയില്‍ നിന്നും ജോലി കഴിഞ്ഞു മടങ്ങിയ അനേകം മലയാളികളെ സാക്ഷിയാക്കിയാണ് ഫിലിപ്പിനോ വംശജനായ ആരോഗ്യ പ്രവര്‍ത്തകനെ കാറിടിച്ചു വീഴ്ത്തിയത്. യുകെയില്‍ ജോലി സ്ഥലത്തും അല്ലാതെയും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരെയുള്ള അക്രമം വ്യാപിക്കുന്നു എന്ന പരാതി ശക്തമാകുന്ന വേളയിലാണ് ഓള്‍ഡാം ആശുപത്രിയില്‍ ഇപ്പോള്‍ മലയാളി നഴ്സിന് തന്നെ ആക്രമണ വിധേയയാകേണ്ടി വന്നിരിക്കുന്നത്.
അതിനിടെ നാലുതരം വിന്റര്‍ ഫ്‌ലൂ പടര്‍ന്നതോടെ ആശുപത്രികളില്‍ നില്‍ക്കാനും ഇരിക്കാനും ഇടയില്ലാത്ത വിധം രോഗികളെ ശുശ്രൂഷിക്കേണ്ട ഗതികേടില്‍ എത്തപ്പെട്ട ആശുപത്രി ജീവനക്കാര്‍ ഏതു സമയവും പ്രതിഷേധം അടക്കമുള്ള നിലവിട്ട പെരുമാറ്റം പ്രതീക്ഷിച്ചു ജോലി ചെയ്യവെയാണ് അത്യന്തം ഭയാനകമായ ആക്രമണത്തിന് മലയാളി ജീവനക്കാരി തന്നെ വിധേയയാകേണ്ടി വന്നത്. ഈ ആക്രമണത്തില്‍ യുകെയിലെ മുഴുവന്‍ മലയാളി ജീവനക്കാരും ഭയചകിതരാണ് എന്ന് വെളിപ്പെടുത്തലുകളും ഇപ്പോള്‍ പുറത്തു വരുകയാണ്.
മാനസിക രോഗികളെ ചികില്‍സിക്കുന്ന കേന്ദ്രങ്ങളില്‍ സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യം ഉണ്ടെങ്കിലും പൊതുവെ അക്രമം പ്രതീക്ഷിക്കേണ്ടതില്ലാത്ത ആശുപത്രികളില്‍ ഭാവിയില്‍ സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യത്തില്‍ ജോലി ചെയ്യേണ്ടി വരുമോ എന്ന ചോദ്യവും ഇപ്പോള്‍ ഉയരുകയാണ്. കോവിഡ് കാലത്തു പോലും ഇല്ലാത്ത വിധത്തില്‍ ആശുപത്രികളില്‍ ഭയത്തോടെ ജോലി ചെയ്യണ്ട സാഹചര്യം ആണെന്ന് എമര്‍ജന്‍സി വകുപ്പുകളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ആശങ്കപ്പെടുന്നു.
കുത്തേറ്റ നഴ്സിന്റെ തെറ്റായ ചിത്രങ്ങള്‍ ആദ്യമെത്തിയത് ബ്രിട്ടീഷ് മാധ്യമങ്ങളില്‍
അതിനിടെ ചൊവ്വാഴ്ച രാത്രിയോടെ യുകെയിലെ പ്രധാന മാധ്യമങ്ങള്‍ എല്ലാം കുത്തേറ്റ നഴ്സിന്റേത് എന്ന മട്ടില്‍ പ്രസിദ്ധീകരിച്ച ചിത്രം മറ്റൊരു രാജ്യത്തു ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകയുടേത് ആണെന്ന് സ്ഥിരീകരിക്കപ്പെട്ടു. മാഞ്ചസ്റ്റര്‍ ഈവനിംഗ് അടക്കമുള്ള പത്രങ്ങള്‍ ആദ്യം ചിത്രം എക്‌സ്‌ക്ലൂസിവ് ആയി ലഭിച്ചെന്ന മട്ടില്‍ വാര്‍ത്ത നല്‍കിയെങ്കിലും ഓണ്‍ലൈന്‍ പേജില്‍ നിന്നും പിന്നീട് ഈ വാര്‍ത്ത പിന്‍വലിക്കുക ആയിരുന്നു. കുടുംബത്തിന് മലയാളി നഴ്സിന്റെ പേരും ചിത്രവും പുറത്തു വരുന്നതില്‍ താല്‍പര്യം ഇല്ലെന്നു വ്യക്തമാക്കപ്പെട്ടതോടെയാണ് പ്രധാന മാധ്യമങ്ങള്‍ ചിത്രങ്ങള്‍ പിന്‍വലിച്ചതും. എന്നാല്‍ തെറ്റായ ചിത്രം എങ്ങനെ ബ്രിട്ടീഷ് മാധ്യമങ്ങളിലേക്ക് എത്തി എന്നതിന് കൃത്യമായ വിശദീകരണമില്ല.
ചൊവ്വാഴ്ച സംഭവത്തില്‍ കുറ്റക്കാരനായ പ്രതിയെ കോടതിയില്‍ എത്തിച്ചതോടെയാണ് മലയാളി നഴ്സിന്റെ പേരും വിവരവും ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്ക് ലഭ്യമാകുന്നത്. ഒരു പക്ഷെ സോഷ്യല്‍ മീഡിയയെ ആശ്രയിച്ചതാകാം ഡെയ്ലി മെയില്‍ അടക്കമുള്ള മാധ്യമങ്ങള്‍ക്ക് തെറ്റായ ചിത്രം ലഭിക്കാന്‍ കാരണമെന്നും കരുതപ്പെടുന്നു. ഈ ചിത്രം സഹിതമുള്ള ബ്രിട്ടീഷ് ദേശീയ മാധ്യമങ്ങളുടെ വാര്‍ത്താ ലിങ്കുകള്‍ യുകെ മലയാളികളുടെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തിരുന്നു.
പ്രതി കൂസലില്ലാതെ കോടതിയില്‍, ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി, അഞ്ചു മിനിറ്റില്‍ നടപടികള്‍ പൂര്‍ത്തിയാക്കി
അതിനിടെ കോടതിയില്‍ എത്തിയ പ്രതി മുഹമ്മദ് ഹഖ് കാര്യമായ കൂസല്‍ ഇല്ലാതെയാണ് കോടതിയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. കുറ്റബോധം തെല്ലും ഇല്ലാതെയാണ് പ്രതി കാണപ്പെട്ടത്. കൊലപാതക ശ്രമത്തിനാണ് പ്രതിക്ക് എതിരെ കേസെടുത്തിരിക്കുന്നത്. എന്നാല്‍ ഇയാള്‍ കുറ്റം നിഷേധിക്കുകയോ മാപ്പ് അപേക്ഷിക്കുകയോ ചെയ്തിട്ടിട്ടില്ല. ഇയാള്‍ക്ക് വേണ്ടി ജാമ്യ അപേക്ഷയും കോടതിയില്‍ എത്തിയില്ല.
ഇതേതുടര്‍ന്ന് അഞ്ചു മിനിറ്റില്‍ നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ റിമാന്‍ഡ് ചെയ്യുക ആയിരുന്നു. 37 കാരനായ പ്രതി മുഹമ്മദ് ഹഖ് ഓള്‍ഡാം നിവാസി തന്നെയാണ് എന്ന് കോടതിയില്‍ എത്തിച്ച അഡ്രസില്‍ നിന്നും വ്യക്തമാണ്. കൊലപാതക ശ്രമത്തിനുള്ള കേസായതിനാല്‍ ഇനിയുള്ള വിചാരണ നടപടികള്‍ ക്രൗണ്‍ കോടതിയില്‍ ആയിരിക്കും എന്ന് ജില്ലാ കോടതി വ്യക്തമാക്കി. അടുത്ത മാസം 18ന് ഇയാളെ മിന്‍സ് ഹല്‍ സ്ട്രീറ്റ് ക്രോണ്‍ കോടതിയില്‍ ഹാജരാക്കും. അതുവരെ ഇയാള്‍ റിമാന്‍ഡില്‍ തുടരും എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.