ഓണസദ്യ പാചകം ചെയ്യാന്‍ മാത്രം അറിഞ്ഞാല്‍ പോരാ! എല്ലാത്തിനും ഓരോ ചിട്ടവട്ടങ്ങളുണ്ട്; അറിയാം സദ്യ എങ്ങനെ വിളമ്പണം എങ്ങനെ കഴിക്കണം എന്നൊക്കെ...

ഓണനാളില്‍ തൂശനിലയില്‍ വിളമ്പുന്ന അസ്സല്‍ സദ്യ

Update: 2024-09-14 09:15 GMT

മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ് സദ്യ. പ്രത്യേകിച്ചു ഓണനാളിലെ തൂശനിലയില്‍ വിളമ്പുന്ന അസ്സല്‍ സദ്യ. എന്നാല്‍ സദ്യ എങ്ങനെ വിളമ്പണമെന്നോ അത് എങ്ങനെ കഴിക്കണമെന്നോ ഒട്ടുമിക്കവര്‍ക്കും അറിയില്ലെന്നതാണ് സത്യം. അതിന് കൃത്യമായ ചില ചിട്ടവട്ടങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. കറികളുടെ എണ്ണത്തില്‍ ചില പ്രാദേശിക വ്യത്യാസങ്ങള്‍ ഉണ്ടാവാം. ഇക്കാര്യം മറക്കരുതേ...

തൂശനിലയിലാണ് സദ്യ വിളമ്പേണ്ടത്. ഇലയുടെ തുമ്പ് ഉണ്ണാനിരിക്കുന്ന ആളുടെ ഇടതുവശത്തായിരിക്കണം. ഇലയുടെ ഇടതുവശത്തുനിന്നാണ് കറികള്‍ വിളമ്പിത്തുടങ്ങേണ്ടത്. ചിപ്‌സ്, ശര്‍ക്കര വരട്ടി എന്നിവ ഇലയുടെ ഇടത്തേ മൂലയില്‍ വിളമ്പും. പപ്പടവും ഇവിടെത്തന്നെയാണ് വയ്ക്കേണ്ടത്. പരിപ്പുവട, എള്ളുണ്ട, അരിയുണ്ട എന്നിവയും ചിലയിടങ്ങളില്‍ വിളമ്പാറുണ്ട്. ഇടതുവശത്തുതന്നെയാണ് പഴത്തിന്റെ സ്ഥാനവും. ഞാലിപ്പൂവനാണ് പൊതുവെ വിളമ്പാറ്. ഇടത്തേമൂലയില്‍ മുകളിലായി ഇഞ്ചിക്കറിയും അച്ചാറുകളും വിളമ്പും. തുടര്‍ന്ന് കിച്ചടി, പച്ചടി, മധുരക്കറി, അവിയല്‍, തോരന്‍, കൂട്ടുകറി, എരിശ്ശേരി, ഓലന്‍ എന്നിവയും വിളമ്പുന്നു. കാളന്‍ വലത്തേയറ്റത്താണ് വിളമ്പുക. കറികളുടെ നടുവിലാണ് അവിയലിന്റെ സ്ഥാനം.

കറിയെല്ലാം വിളമ്പി പൂര്‍ത്തിയായാല്‍ ആളിരിക്കാന്‍ അനുവദിക്കാം. ആളിരുന്നശേഷമേ ചോറ് വിളമ്പാവൂ. വിളമ്പുമ്പോള്‍ ചോറ് പുറത്തേക്ക് പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. വിളമ്പിയ ചോറില്‍ കുറച്ചെടുത്ത് അതില്‍ പരിപ്പും നെയ്യും പപ്പടവും ചേര്‍ത്ത് പൊടിച്ച് കഴിച്ചുതുടങ്ങാം. കിച്ചടിയാവും ഇതിനൊപ്പം കഴിക്കേണ്ടത്. പിന്നെ സാമ്പാര്‍ എത്തും. ബാക്കിയിരിക്കുന്ന ചോറ് മതിയാവില്ലെങ്കില്‍ വീണ്ടും ചോറ് വാങ്ങാം. അവിയല്‍, തോരന്‍, കൂട്ടുകറി, പച്ചടി, അച്ചാറുകള്‍ എന്നിവ ചോറിനും സാമ്പാറിനുമൊപ്പം കഴിക്കാം.ഇനിയാണ് പ്രഥമന്‍ എത്തുന്നത്.

അടപ്രഥമനൊപ്പം പഴമുടച്ചാണ് കഴിക്കുക. അട കഴിഞ്ഞാല്‍ കടലപ്പായസമോ, പാല്‍പ്പായസമോ, സേമിയപ്പായസമോ പാലടയോ ഒക്കെ ആകാം. പാല്‍പ്പായസത്തിനൊപ്പം ബോളിയോ, പൂന്തിയോ (കുഞ്ചാലഡു, ലഡ്ഡു പൊടി) എത്തും. പക്ഷേ ഇത് തെക്കന്‍ കേരളത്തില്‍ മാത്രമാണ്. ഓരോ പായസവും കഴിഞ്ഞ് നാവിലെ മധുരരസം മാറാന്‍ നാരങ്ങാ അച്ചാര്‍ കഴിക്കാം. അങ്ങനെ ചെയ്താല്‍ പായസത്തിന്റെ രുചി കൂടുമത്രേ. പായസം കഴിഞ്ഞ് പുളിശേരിയും മോരും രസവും അല്പം ചോറിനൊപ്പം ചേര്‍ത്ത് കഴിച്ചാല്‍ സദ്യ അവസാനിപ്പിക്കാം. പിന്നെ ഇലത്തുമ്പില്‍ ഇരിക്കുന്ന ഇഞ്ചിക്കറി വടിച്ചെടുത്ത് നാക്കില്‍ വച്ച് ഇല മുന്നോട്ടുമടക്കിയിട്ടുകഴിഞ്ഞാല്‍ കൈകഴുകാനായി എഴുന്നേല്‍ക്കാം.

Tags:    

Similar News