മാഞ്ചെസ്റ്ററില്‍ ജൂതപ്പള്ളിക്ക് നേര്‍ക്കുണ്ടായ ഭീകരാക്രമണത്തിന്റെ ഇരകളില്‍ ഒരാള്‍ കൊല്ലപ്പെട്ടത് പോലീസിന്റെ വെടിയേറ്റ്; രക്ഷാപ്രവര്‍ത്തനത്തിനിടെ വെടിവെപ്പില്‍ പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയിലെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ്; ഭീകരന്‍ ജിഹാദ് അല്‍ ഷാമി എത്തിയത് തോക്കില്ലാതെ; ഭീകരാക്രമണം ആസൂത്രണം ചെയ്തവരിലേക്കും അന്വേഷണം

ഭീകരാക്രമണം ആസൂത്രണം ചെയ്തവരിലേക്കും അന്വേഷണം

Update: 2025-10-03 12:19 GMT

മാഞ്ചെസ്റ്റര്‍: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലെ ജൂതപ്പള്ളിയില്‍ നടന്ന ഭീകരാക്രമണത്തിന് ഇരയായവരില്‍ ഒരാള്‍ മരിച്ച് പോലീസിന്റെ വെടിയേറ്റാണെന്ന് റിപ്പോര്‍ട്ട്. മറ്റൊരാള്‍ക്ക് വെടിയേറ്റ് പരിക്കേല്‍ക്കുകയും ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം പരിശോധനകള്‍ നടക്കുന്നതിന് മുമ്പ് മരിച്ചവരില്‍ ഒരാളെ ഉദ്യോഗസ്ഥര്‍ വെടിവച്ചതായി ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് സമ്മതിച്ചിട്ടുണ്ട്. വെടിയേറ്റ് പരിക്കേറ്റ് വ്യക്തിയുടെ നില ഗുരുതരമല്ല എന്നാണ് സൂചന. ആ സമയത്ത് ഇരകള്‍ സിനഗോഗിന്റെ വാതിലിന് പിന്നില്‍ നില്‍ക്കുകയായിരുന്നു. കത്തിയുമായി ആക്രമിക്കാന്‍ എത്തിയ ജിഹാദ് അല്‍ ഷാമി സിനഗോഗിന് അകത്തേക്ക് കടക്കുന്നത് തടയാന്‍ ഇവര്‍ രണ്ട് പേരും ശ്രമിച്ചതായി കരുതപ്പെടുന്നു.

ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് വ്യക്തമാക്കിയത് അല്‍ഷാമി എത്തിയത് തോക്കുമായിട്ടായിരുന്നില്ല എന്നാണ്. രണ്ട് പേര്‍ക്കും വെടിയേറ്റത് പോലീസിന്റെ ഭാഗത്ത് നിന്നാണ് എന്ന കാര്യം അവര്‍ തന്നെ സമ്മതിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ മാഞ്ചസ്റ്ററിലെ ഹീറ്റണ്‍ പാര്‍ക്ക് കോണ്‍ഗ്രിഗേഷന്‍ സിനഗോഗിന് പുറത്ത് നടന്ന ആക്രമണത്തില്‍ 66 കാരനായ മെല്‍വിന്‍ ക്രാവിറ്റ്‌സും 53 കാരനായ അഡ്രിയാന്‍ ഡോള്‍ബിയുമാണ് കൊല്ലപ്പെട്ടത്.

ഡോള്‍ബി കമ്മ്യൂണിറ്റി സെക്യൂരിറ്റി ട്രസ്റ്റിലെ ഒരു സന്നദ്ധപ്രവര്‍ത്തകനായിരുന്നു. വെടിയേറ്റവരില്‍ ആര്‍ക്കാണ് പരിക്കേറ്റതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. 2006 ല്‍ യു.കെയില്‍ നിന്ന് ബ്രിട്ടീഷ് പൗരത്വം ലഭിച്ച സിറിയന്‍ വംശജനായ അല്‍-ഷാമിയെയും പോലീസ് വെടിവച്ചു കൊന്നിരുന്നു. ഇപ്പോള്‍ പോലീസ് നല്‍കുന്ന വിശദീകരണം അനുസരിച്ച് അക്രമിയെ തടയുന്നതിന്റെ ഭാഗമായിട്ടാണ് വെടിവെച്ചത് എന്നാണ്. അടിയന്തര സന്ദേശം ലഭിച്ച് 7 മിനിട്ടിനുളളിലാണ് പോലീസ് സംഭവ സ്ഥലത്ത് എത്തിയത്.


 



ആക്രമണം നടന്ന സമയത്ത് സിനഗോഗില്‍ ധാരാളം വിശ്വാസികള്‍ ഉണ്ടായിരുന്നു. എന്നാല്‍ സുരക്ഷാ ജീവനക്കാരുടെയും അകത്തുള്ള വിശ്വാസികളുടേയും ധൈര്യവും പോലീസിന്റെ വേഗത്തിലുള്ള പ്രതികരണവും കാരണം, അക്രമിക്ക് അകത്തേക്ക് കയറാന്‍ കഴിഞ്ഞിരുന്നില്ല എന്നാണ് കരുതപ്പെടുന്നത്. കൊല്ലപ്പെട്ട അല്‍ഷാമിക്ക് രണ്ട് വെടിയേറ്റിരുന്നു. ഇയാളെ വെടിവെയ്ക്കുന്നതിനിടയിലാണ് രണ്ട് പേര്‍ക്ക് വെടിയേറ്റത്. അല്‍-ഷാമി സിറിയന്‍ വംശജനായ ഒരു ബ്രിട്ടീഷ് പൗരനാണ്.

ഭീകരാക്രമണം ആസൂത്രണം ചെയ്തതായി സംശയിച്ച് 30 വയസ്സുള്ള രണ്ട് പുരുഷന്മാരെയും 60 വയസ്സുള്ള ഒരു സ്ത്രീയെയും ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ജൂത കലണ്ടറിലെ ഏറ്റവും പുണ്യദിനമായ യോം കിപ്പൂരിലാണ് ആക്രമണം നടന്നത്. കുട്ടിയായിരിക്കെ യു കെയില്‍ എത്തിയ ഇയാള്‍ക്ക് 2006 ല്‍ ആയിരുന്നു ബ്രിട്ടീഷ് പൗരത്വം ലഭിച്ചത് എന്നാണ് കരുതുന്നത്. സിനഗോഗിന് വെളിയില്‍ നിന്ന ആളുകള്‍ക്കിടയിലേക്ക് കാറോടിച്ചു കയറ്റിയ ഷാമി പിന്നീട് ഒരാളെ കുത്തിക്കൊല്ലുകയായിരുന്നു. രണ്ട് യഹൂദ വംശജര്‍ കൊല്ലപ്പെട്ടപ്പോള്‍ മറ്റ് മൂന്ന് പേര്‍ക്ക് ആക്രമണത്തില്‍ ഗുരുതരമായ പരിക്കുകള്‍ പറ്റിയിട്ടുണ്ട്. യഹൂദവിശ്വാസം അനുസരിച്ച് ഏറ്റവും പുണ്യമായ ഒരു ദിവസമായി കരുതുന്ന യോം കിപ്പുര്‍ ദിവസമായിരുന്നു ആക്രമണം നടന്നത്.

കൊലയാളി ഒരു ഇസ്ലാമിക തീവ്രവാദിയാണെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും, കൊലയ്ക്ക് പിന്നിലെ യഥാര്‍ത്ഥ ഉദ്ദേശം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ ഷാമിയെ മറ്റ് ഏതെങ്കിലും കേസുകളുമായി ബന്ധിപ്പിക്കുന്ന രേഖകള്‍ ഒന്നും തന്നെ കണ്ടെത്താനായില്ല. ഇക്കാര്യത്തിലും കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.


 



പുറത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെയും മറ്റുള്ളവരെയും ആക്രമിച്ച അക്രമിയുടെ ലക്ഷ്യം ഉള്ളില്‍ കടന്ന് കൂടുതല്‍ പേരെ കൊലപ്പെടുത്തുക എന്നതായിരുന്നു. ഈ ശ്രമത്തെ തടത്തത് ഒരു പുരോഹിതന്റെ ഇടപെടല്‍ ആയിരുന്നു. റബ്ബി ഡാനിയേല്‍ വാക്കറാണ് ഇടപെടല്‍ നടത്തിയ പുരോഹിതന്‍. സിനഗോഗിന് പുറത്ത് കത്തിയുമായി ആളുകള്‍ക്ക് നേരെ അക്രമി പാഞ്ഞടുത്തതോടെ റബ്ബി വാക്കര്‍ സിനഗോഗിന്റെ വാതില്‍ അടച്ചു ബാരിക്കേഡ് തീര്‍ത്തു. ഇതോടെ സിനഗോഗിന് ഉള്ളിലേക്ക് അക്രമി കടക്കാതിരിക്കാന്‍ ശ്രദ്ധിച്ചു. അകത്തുള്ളവരെ സംരക്ഷിച്ചു നിര്‍ത്താന്‍ ഈ ഇടപെടലിലൂടെ സാധിച്ചു.

Tags:    

Similar News