കല്ലെറിഞ്ഞ് തലപൊട്ടിച്ചത് മറന്ന് ഉമ്മന്‍ചാണ്ടി നേരിട്ടെത്തി ആ പാര്‍ക്ക് നവീകരണം ഉദ്ഘാടനം ചെയ്തത് 2015 മേയ് 15ന്; ആ ക്രെഡിറ്റും മുഖ്യമന്ത്രിയുടെ മരുമകന് നല്‍കി കണ്ണൂരിലെ ഡിടിപിസി; സോളാര്‍ ആരോപണങ്ങളെ കോടതി കരുത്തില്‍ അതിജീവിച്ച ജനകീയ നേതാവിനോടുള്ള പക സിപിഎമ്മിന് തീരുന്നില്ലേ? പയ്യാമ്പലത്തെ ഉമ്മന്‍ചാണ്ടി ഫലകത്തില്‍ ചാരിവച്ചത് ചൂല്‍; പിണറായിയുടെ മരുമകന് ക്രെഡിറ്റും; ഇതൊരു ഫലക വിവാദം
കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമ വാര്‍ഷികം. കണ്ണൂരില്‍ വച്ച് കല്ലേറില്‍ തലയ്ക്ക് പരിക്കേറ്റ മുഖ്യമന്ത്രി കൂടിയാണ് ഉമ്മന്‍ചാണ്ടി. സോളാര്‍ സമര കോലാഹലങ്ങളില്‍ സംഭവിച്ച ആക്രമണം. ഇതേ കണ്ണൂരില്‍ ഉമ്മന്‍ചാണ്ടിയുടെ പേരിലുള്ള ശിലാഫലകം മാറ്റി മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ പേരിലുള്ള ശിലാഫലകം വച്ചതു വിവാദമാകുന്നു.
2015 മേയ് 15ന് ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്ത, പയ്യാമ്പലത്തെ കുട്ടികളുടെ പാര്‍ക്കിന്റെയും കടലോര നടപ്പാതയുടെയും ശിലാഫലകം മാറ്റിയാണ് പുതിയതു സ്ഥാപിച്ചത്. 2013 ഒക്ടോബര്‍ 27-ന് കേരള പോലീസ് അത്ലറ്റിക് മീറ്റ് സമാപന ചടങ്ങിന് കണ്ണൂരില്‍ എത്തിയപ്പോഴാണ് ഉമ്മന്‍ചാണ്ടിക്കുനേരേ കല്ലേറുണ്ടായത്. കണ്ണൂരിലെ സിപിഎം പകയായിരുന്നു ഇതിന് കാരണം. അതിന് ശേഷം വീണ്ടും കണ്ണൂരിലെത്തിയ ജനകീയനായിരുന്നു ഉമ്മന്‍ചാണ്ടി. അന്ന് പല വികസനവും ഉറപ്പാക്കി. അതിലൊന്നായിരുന്നു പയ്യാമ്പലത്തെ പദ്ധതികള്‍. സോളാര്‍ കാലത്ത് ഉമ്മന്‍ചാണ്ടി നേരിട്ട ആരോപണങ്ങളെല്ലാം തെറ്റാണെന്ന് കോടതികള്‍ തന്നെ കണ്ടെത്തിയിരുന്നു. ഇടതു സര്‍ക്കാര്‍ നിയോഗിച്ച സിബിഐ അന്വേഷണവും അതാണ് പറഞ്ഞു വച്ചത്. ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികമാണ് ഇന്ന്. ഇതിനോട് അനുബന്ധിച്ച് കേരളമാകെ വേദനയിലാണ്. അതിനിടെയാണ് ഫലകമാറ്റ വാര്‍ത്തയും എത്തുന്നത്.
2022 മാര്‍ച്ച് 6ന് പാര്‍ക്കും നടപ്പാതയും നവീകരിച്ചതു മന്ത്രി റിയാസ് ഉദ്ഘാടനം ചെയ്തു എന്നതാണു പുതിയ ഫലകത്തിലുള്ളത്. ഉമ്മന്‍ ചാണ്ടിയുടെ പേരുള്ള ശിലാഫലകം കുപ്പത്തൊട്ടിയില്‍ തള്ളി അതിന്മേല്‍ ചൂലെടുത്തു വച്ചതായാണു കണ്ടതെന്ന് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചു. അദ്ദേഹത്തോടുള്ള അനാദരത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ടൂറിസം സെക്രട്ടറി കെ.ബിജുവിനു ഡിസിസി പ്രസിഡന്റ് പരാതി നല്‍കി. ഉമ്മന്‍ ചാണ്ടിയുടെ പേരിലുള്ള ഫലകം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ക്കിന്റെ കവാടത്തിനു താഴെവച്ചു. അങ്ങനെ വിവാദം കൊഴുക്കുകയാണ്. ഉമ്മന്‍ചാണ്ടിയുടെ ശിലാ ഫലകം എടുത്തു മാറ്റിയാല്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. ശിലാഫലകം മാറ്റിയതു സംബന്ധിച്ച് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഭാരവാഹികളെ ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല.
ഉമ്മന്‍ചാണ്ടി നവീകരണോല്‍ഘാടനം നിര്‍വഹിച്ച പാര്‍ക്ക്, വീണ്ടും നവീകരിച്ചശേഷം ടൂറിസം മന്ത്രിയുടെ ക്രെഡിറ്റിലാക്കിയതായാണ് ആക്ഷേപം. ഉമ്മന്‍ചാണ്ടിയുടെ പേരുണ്ടായിരുന്ന കണ്ണൂര്‍ പയ്യാമ്പലത്തെ നടപ്പാതയുടെ ഉദ്ഘാടന ശിലാഫലകം, ഡിടിപിസി എടുത്തുമാറ്റിയതിലാണ് പ്രതിഷേധം. ഫലകം വെക്കാന്‍ സ്ഥലമില്ലാത്തത് കൊണ്ടാണ് പഴയത് മാറ്റിയതെന്നാണ് വിശദീകരണം. 2022 മാര്‍ച്ച് ആറിനാണ് പയ്യാമ്പലം ഗസ്റ്റ് ഹൗസിനോട് ചേര്‍ന്നുള്ള നടപ്പാതയുടെയും സീവ്യു പാര്‍ക്കിന്റെയും നവീകരണ ഉദ്ഘാടനം നടക്കുന്നത്. ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഇതോടെ ആ പാര്‍ക്ക് റിയാസിന്റെ ക്രെഡിറ്റിലേക്ക് മാറ്റുകയാണ് സിപിഎം നിയന്ത്രണത്തിലുള്ള ഡിടിപിസി.
കണ്ണൂര്‍ വിമാനത്താവളം അടക്കമുള്ള സ്വപ്‌ന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഓടി നടന്ന മുന്‍ മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടി. വിമാനത്താവളത്തില്‍ പരീക്ഷണ പറക്കല്‍ അടക്കം സാധ്യമാക്കിയ നേതാവ്. ഇതെല്ലാം സിപിഎം ഇന്ന് ഏറ്റെടുക്കുകയാണ്. ഇതിന് സമാനമായി പയ്യാമ്പലത്തെ പാര്‍ക്കും റിയാസിന് നല്‍കാനുള്ള ശ്രമമാണ് ഫലകം മാറ്റിവയ്ക്കല്‍.