റെഡ് ആര്‍മിയുമായി യാതൊരു ബന്ധവുമില്ലെന്ന് പി.ജയരാജന്‍; 'അഡ്മിന്‍ ആരെന്ന് വെളിപ്പെടുത്തണം'; അല്ലേല്‍ പരിപാടി നിര്‍ത്തണമെന്ന് ജെയിന്‍ രാജ്

റെഡ് ആര്‍മിയുമായി യാതൊരു ബന്ധവുമില്ലെന്ന് പി.ജയരാജന്‍

Update: 2024-09-06 11:41 GMT
റെഡ് ആര്‍മിയുമായി യാതൊരു ബന്ധവുമില്ലെന്ന് പി.ജയരാജന്‍; അഡ്മിന്‍ ആരെന്ന് വെളിപ്പെടുത്തണം; അല്ലേല്‍ പരിപാടി നിര്‍ത്തണമെന്ന് ജെയിന്‍ രാജ്
  • whatsapp icon

പാലക്കാട്: ആഭ്യന്തര വകുപ്പിനും കേരള പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കുമെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയും പി.വി. അന്‍വര്‍ എംഎല്‍എയെ പുകഴ്ത്തിയും കുറിപ്പിട്ട റെഡ് ആര്‍മി എന്ന ഫെയ്‌സ്ബുക് പേജുമായി തനിക്കു യാതൊരു ബന്ധവുമില്ലെന്ന് സിപിഎം നേതാവ് പി.ജയരാജന്‍. പാര്‍ട്ടിയുടെ നവമാധ്യമങ്ങളുമായി മാത്രമാണ് ബന്ധം. റെഡ് ആര്‍മിയെന്നു പേരുമാറ്റിയ പി.ജെ ആര്‍മിയുമായി യാതൊരു ഇടപെടലുമില്ലെന്ന് നേരത്തെ തന്നെ തെളിഞ്ഞതാണല്ലോയെന്നും പി.ജയരാജന്‍ പറഞ്ഞു. റെഡ് ആര്‍മി തന്റെ പേരുമായി ബന്ധപ്പെടുത്താന്‍ ഗൂഢശ്രമം നടക്കുന്നു. വലതുപക്ഷ മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയാണ്. അവരുടെ ലക്ഷ്യം പാര്‍ട്ടി സമ്മേളനം ആണെന്നും പി ജയരാജന്‍ പ്രതികരിച്ചു.

സര്‍ക്കാരില്‍ സമാന്തര അധികാര സംവിധാനമുണ്ടെന്ന് കരുതുന്നില്ല. പി.വി.അന്‍വര്‍ എംഎല്‍എ ഉന്നയിച്ച വിഷയങ്ങളില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും കൃത്യമായ നിലപാട് പറഞ്ഞിട്ടുണ്ട്. സമകാലീന രാഷ്ട്രീയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള തന്റെ പുസ്തകം വൈകാതെ പുറത്തിറങ്ങുമെന്നും ജയരാജന്‍ പാലക്കാട്ട് പറഞ്ഞു.

അതേ സമയം റെഡ് ആര്‍മി അഡ്മിന്‍ മറനീക്കി പുറത്തുവരണമെന്ന് പി ജയരാജന്റെ മകന്‍ ജെയിന്‍ രാജ് ആവശ്യപ്പെട്ടു. ഒരു ഘട്ടത്തില്‍ പോലും താന്‍ അതിന്റെ അഡ്മിന്‍ ആയിട്ടില്ലെന്നും അഡ്മിന്‍ ആരാണെന്ന് വെളിപ്പെടുത്തണമെന്നും ജെയിന്‍രാജ് പറഞ്ഞു. പി ജയരാജന്‍ റെഡ് ആര്‍മിയെ തള്ളി രംഗത്തെത്തിയതിന് പിന്നാലെയാണ് മകന്റെ അഭ്യര്‍ത്ഥന. നേരത്തെ പിജെ ആര്‍മി എന്ന പേരില്‍ തുടങ്ങിയ ഫേസ്ബുക്ക് പേജാണ് പേര് മാറ്റി റെഡ് ആര്‍മിയാക്കിയത്.

'ചിലരുടെയൊക്കെ ധാരണ ഞാന്‍ ആണ് റെഡ് ആര്‍മ്മി അഡ്മിന്‍ എന്നാണ്.. ഒരു ഘട്ടത്തില്‍ പോലും ഞാന്‍ അതിന്റെ അഡ്മിന്‍ ആയിട്ടില്ല.. അതില്‍ വരുന്ന ഒരു പോസ്റ്റ് പോലും ഞാന്‍ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടില്ല.. പറയാനുള്ളത് എനിക്ക് മുഖം നോക്കി പറഞ്ഞിട്ടാണ് ശീലം..അതിന്റെ അഡ്മിനോട് ഒരു അഭ്യര്‍ത്ഥനയുണ്ട്..അഡ്മിന്‍ ആരാണെന്ന് നിങ്ങള്‍ വെളിപ്പെടുത്തണം..അല്ലേല്‍ ഈ പരിപാടി നിര്‍ത്തണം..', ജെയിന്‍ പേസ്ബുക്കില്‍ കുറിച്ചു.

പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കുമെതിരെ കഴിഞ്ഞദിവസം റെഡ് ആര്‍മി രംഗത്തെത്തിയിരുന്നു. ഇക്കാലമത്രയും പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ കുപ്പായത്തിന്റെ ബലത്തില്‍ മുഖ്യമന്ത്രിയുടെ അരികു പറ്റി നടന്ന് പാര്‍ട്ടിയുടെ അടിവേര് പിഴുതെറിയാന്‍ ശ്രമിച്ചയാളാണ് പി ശശിയെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ റെഡ് ആര്‍മി വിമര്‍ശിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് ഓശാന പാടിയ വര്‍ഗ്ഗവഞ്ചകരെ ഇനിയും ഒരു കാരണവശാലും ആ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുകയോ പാര്‍ട്ടിയില്‍ സ്ഥാനം നല്‍കുകയോ ചെയ്യരുതെന്നും റെഡ് ആര്‍ വിമര്‍ശിച്ചിരുന്നു.

Tags:    

Similar News