സ്വര്‍ണക്കടത്ത് പിടിക്കുന്നതില്‍ വിഷമം ആര്‍ക്കെന്ന മുഖ്യമന്ത്രിയുടെ ചോദ്യം പോലും അന്‍വറിന് നേരെ; കോണ്‍ഗ്രസ് പശ്ചാത്തലവും പറഞ്ഞും പരിപൂര്‍ണ്ണ തള്ളിപ്പറയല്‍; പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജി വെക്കാന്‍ ഒരുങ്ങുന്നു!

പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജി വെക്കാന്‍ ഒരുങ്ങുന്നു!

Update: 2024-09-21 10:22 GMT

മലപ്പുറം: പി വി അന്‍വര്‍ ഉയര്‍ത്തി ആരോപണങ്ങളെല്ലാം പൂര്‍ണമായും തള്ളിക്കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വാര്‍ത്താസമ്മേളനം നടത്തിയത്. അന്‍വറിന്റെ നീക്കം സ്വര്‍ണ്ണക്കടത്തുകാര്‍ക്ക് വേണ്ടിയാണെന്ന് പോലും പറയാതെ പറയുന്നതായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. സ്വര്‍ണക്കടത്ത് പിടിക്കുന്നതില്‍ വിഷമം ആര്‍ക്കെന്ന മുഖ്യമന്ത്രിയുടെ ചോദ്യം പോലും അന്‍വറിന് നേരെയാണ്. കൂടാതെ കോണ്‍ഗ്രസ് പശ്ചാത്തലവും പറഞ്ഞു വിമര്‍ശിച്ചു. ഇതോടെ തീര്‍ത്തും പരിഹാസ്യനായ അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെക്കുമെന്ന് പോലും സൂചനകളുണ്ട്. വൈകുന്നം അഞ്ച് മണിക്ക് അന്‍വര്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഇത് രാജിപ്രഖ്യാപിക്കാനാണെന്ന വിധത്തില്‍ പോലും അഭ്യൂഹങ്ങളുണ്ട്.

മുഖ്യമന്ത്രിയുടെ വിമര്‍ശനത്തോടെ സിപിഎമ്മിനും അന്‍വറിന് സംരക്ഷകര്‍ ഇല്ലാത്ത അവസ്ഥയാണ്. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് പ്രതികരണം മാധ്യമങ്ങള്‍ തേടിയെങ്കിലും അദ്ദേഹം അതിന് മറുപടി പറഞ്ഞിരുന്നില്ല. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം കേള്‍ക്കാത്ത കാര്യം തനിക്ക് പറയാന്‍ പറ്റില്ലെന്നും പി.വി. അന്‍വര്‍ എം.എല്‍.എ. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ മാധ്യമങ്ങള്‍ പ്രതികരണം തേടിയപ്പോളാണ് പി.വി. അന്‍വര്‍ ഇങ്ങനെ പറഞ്ഞത്. വൈകീട്ട് അഞ്ച് മണിക്ക് മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ കടന്നാക്രമണത്തോടെ അന്‍വറിന് ഇനി സിപിഎമ്മുമായി എങ്ങനെ ഒത്തുപോകാന് സാധിക്കുമെന്ന സംശയം അടക്കം നിലനില്‍ക്കുന്നു. അന്‍വര്‍ വിഷയങ്ങള്‍ ഉന്നയിച്ചു തുടങ്ങിയ ഘട്ടത്തില്‍ തന്നെ താന്‍ കാര്യങ്ങള്‍ തിരിക്കിയിരുന്നു എന്നാണ് പിണറായി വിജയന്‍ വ്യക്തമാക്കിയത്. എന്നിട്ടും അന്‍വര്‍ ധിക്കരിച്ചുകൊണ്ട് തുടര്‍വാര്‍ത്താസമ്മേളനങ്ങളുമായി രംഗത്തുവന്നു. ഇത് അന്‍വറിന്റെ നീക്കങ്ങളില്‍ സംശയം ഉണ്ടാക്കാന്‍ ഇടയാക്കുന്നതാണ്. അന്‍വറിന്റെ ചെയ്ത്തികള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ തന്നെ പ്രതിരോധത്തില്‍ ആക്കിയതോടെ കടുത്ത അമര്‍ഷത്തിലാണ് പിണറായി. ഇക്കാര്യമാണ് ഇന്ന് അദ്ദേഹം മുന്നറിയിപ്പു രൂപത്തില്‍ വ്യ്ക്തമാക്കിയതും.

്അന്‍വറിനോടുള്ള വിഷയങ്ങളില്‍ കൃത്യമായ മറുപടി നല്‍കിയാണ് മുഖ്യമന്ത്രി ഇന്ന് രംഗത്തുവന്നത്. പി.വി. അന്‍വറിനെ തള്ളിയും പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയെ സംരക്ഷിച്ചുമാണ് മുഖ്യമന്ത്രി ശനിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചത്. പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി.ശശി മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും ഒരു തെറ്റും അദ്ദേഹത്തിന്റെ പക്കലില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. അദ്ദേഹത്തിനെതിരേ ആരുപറഞ്ഞാലും അതെല്ലാം തള്ളിക്കളയുമെന്നും ഒരു പരിശോധനയും അദ്ദേഹത്തിന്റെ കാര്യത്തില്‍ ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അന്‍വറോ മറ്റുള്ളവരോ കൊടുക്കുന്ന പരാതി അതേപടി സ്വീകരിച്ച് നടപടിയെടുക്കാനല്ല ശശി അവിടെ ഇരിക്കുന്നത്. നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാനാണ് അദ്ദേഹം ഇരിക്കുന്നത്. അല്ലാത്ത നടപടി സ്വീകരിച്ചാല്‍ ശശിയല്ല മറ്റാര്‍ക്കും ആ ഓഫീസില്‍ ഇരിക്കാനാകില്ല. നിയമപ്രകാരമല്ലാത്ത എന്തെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ചെയ്തിട്ടുണ്ടാകില്ല. അത് ചെയ്യാത്തതിലുള്ള വിരോധംവെച്ച് എന്തെങ്കിലും വിളിച്ച് പറഞ്ഞാല്‍ അത്തരം ആളുകളെ മാറ്റാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

അന്‍വര്‍ തുടര്‍ച്ചയായി പത്രസമ്മേളനം വിളിച്ചതിനെയും ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്ത് പരസ്യമാക്കിയതിനെയും രൂക്ഷമായഭാഷയിലാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്. അന്‍വറിന്റെ പശ്ചാത്തലം ഇടത് പശ്ചാത്തലമല്ലെന്നും അന്‍വര്‍ വന്നവഴി കോണ്‍ഗ്രസിന്റേതാണെന്നും അദ്ദേഹം പറഞ്ഞു. മറുനാടന്‍ മലയാളിക്കെതിരായ ആരോപണവും മുഖ്യമന്ത്രി തള്ളിക്കളഞ്ഞു.

മറുനാടന്‍ മലായളിയില്‍ നിന്നും രണ്ടു കോടി കൈക്കൂലി എഡിജിപി അജിത് കുമാര്‍ വാങ്ങിയെന്ന പച്ചക്കളത്തെ അര്‍ത്ഥ ശങ്കയ്ക്ക് ഇടയില്ലാവണ്ണം പിണറായി വിജയന്‍ തള്ളി പറഞ്ഞു. ഇതിനൊപ്പം അപഖ്യാതി പരത്തി തന്നെ ചിലരുമായി തെറ്റിക്കാനുള്ള ശ്രമത്തിലേക്കും പിണറായി വിരല്‍ ചൂണ്ടി. ഈ വാക്കുകളില്‍ പിണറായി ഒളിപ്പിച്ചത് ആര്‍ക്കും അറിയാത്ത മറ്റൊരു ഗൂഡാലോചനാവാദമാണെന്നും വിലയിരുത്തലുണ്ട്.

കോണ്‍ഗ്രസ് പശ്ചാത്തലം ഇല്ലെന്ന് പറയുന്നതിലൂടെ അന്‍വറിനെ പിന്തുണക്കുന്നവരെ കൂടി തള്ളിപ്പറയുകയാണ് പിണറായി വിജയന്‍ ചെയ്തത്. പാര്‍ട്ടിക്കുള്ളിലെയും മുന്നണിലെയു എതിര്‍ശബ്ദങ്ങളെയും അദ്ദേഹം തള്ളിക്കളഞ്ഞു. മുഖ്യമന്ത്രിയുടെ ഇന്നത്തെ പത്രസമ്മേളനത്തിലൂടെ പി. വി അന്‍വര്‍ തെറിക്കുമെന്നും എഡിജിപി അജിത് കുമാറിന് അനുകൂലമായിരിക്കുമെന്നും വ്യക്തമായതായി കോണ്‍ഗ്രസ് നേതാക്കളും പറയുന്നു. ന്നാല്‍, ഇവര്‍ ആരും തന്നെ അന്‍വറിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തിട്ടില്ല. രാഹുല്‍ ഗാന്ധിയെ അടക്കം നികൃഷ്ടമായി അധിക്ഷേപിച്ച അന്‍വറിനെ പിന്തുണക്കാന്‍ കോണ്‍ഗ്രസിനും സാധിക്കില്ല.

Tags:    

Similar News