മോഷ്ടിച്ച ലാന്‍ഡ് റോവര്‍ കാര്‍ ഉപയോഗിച്ച് ഇടിച്ചുവീഴ്ത്തി ഇന്ത്യന്‍ റസ്റ്റാറന്റ് മാനേജരെ കൊലപ്പെടുത്തി; യുകെയില്‍ പാക് വംശജന് ജീവപര്യന്തം ശിക്ഷ; കുറ്റവാളിയെ സഹായിച്ച ആള്‍ക്ക് നാല് വര്‍ഷം തടവ്

യുകെയില്‍ പാക് വംശജന് ജീവപര്യന്തം ശിക്ഷ

Update: 2024-10-12 06:45 GMT

ലണ്ടന്‍: ഇന്ത്യന്‍ വംശജനെ കൊലപ്പെടുത്തിയ കേസില്‍ പാക്കിസ്ഥാന്‍ വംശജന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു കോടതി. തെക്ക്-കിഴക്കന്‍ ഇംഗ്ലണ്ടില്‍ വീട്ടിലേക്ക് സൈക്കിളില്‍ പോകുന്നതിനിടെ മോഷ്ടിച്ച ലാന്‍ഡ് റോവര്‍ കാര്‍ ഉപയോഗിച്ച് ഇന്ത്യന്‍ റസ്റ്റാറന്റ് മാനേജരെ കൊലപ്പെടുത്തിയ കേസിലാണ് പാക്കിസ്ഥാന്‍ വംശജന് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

റീഡിങ് ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയിലാണ് വിഗ്‌നേഷ് പട്ടാഭിരാമനെ (36) കൊലപ്പെടുത്തിയ കേസില്‍ പാക് വംശജനായ ഷസേബ് ഖാലിദ് (25) കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഈ വര്‍ഷം ഫെബ്രുവരി 14ന് മനപ്പൂര്‍വം കാറിടിച്ച് വിഗ്‌നേഷിനെ കൊലപ്പെടുത്തുകയായിരുന്നു. റോയല്‍ ബെര്‍ക്ഷെയര്‍ ഹോസ്പിറ്റലില്‍ വെച്ച് വിഗ്‌നേഷ് മരിക്കുകയും കൊലപാതക അന്വേഷണം ആരംഭിക്കുകയും ചെയ്തു.

അനധികൃത കുടിയേറ്റക്കാരെ നിയമിക്കുന്ന റസ്റ്റാറന്റിനെക്കുറിച്ച് അന്വേഷണം നടത്താന്‍ പ്രേരിപ്പിച്ചതിന് ഉത്തരവാദി വിഗ്‌നേഷാണെന്ന തെറ്റായ വിശ്വാസത്തിലാണ് അദ്ദേഹത്തെ ഷാസേബ് കൊലപ്പെടുത്തിയതെന്ന് തേംസ് വാലി പൊലീസിലെ മേജര്‍ ക്രൈം യൂനിറ്റ് സീനിയര്‍ ഇന്‍വെസ്റ്റിഗേറ്റിങ് ഓഫിസര്‍ സ്റ്റുവര്‍ട്ട് ബ്രാംഗ്വിന്‍ പറഞ്ഞു. ഖാലിദിന് ലഭിച്ച ശിക്ഷയില്‍ താന്‍ സന്തുഷ്ടനാണ്. ഇന്ന് വിധിച്ച ശിക്ഷ വിഗ്‌നേഷിന്റെ കുടുംബത്തിന് അല്‍പ്പം ആശ്വാസം നല്‍കുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.

വാഹനമിടിച്ച് തലയ്‌ക്കേറ്റ ക്ഷതത്തെ തുടര്‍ന്നാണ് പട്ടാഭിരാമന്‍ മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ വ്യക്തമായതായി ജൂറി പറഞ്ഞു. ഫെബ്രുവരി 19ന് ഖാലിദിനെ അറസ്റ്റ് ചെയ്യുകയും അടുത്ത ദിവസം കൊലപാതകക്കുറ്റം ചുമത്തുകയും ചെയ്തു. കേസില്‍ അറസ്റ്റിലായ സോയിഹീം ഹുസൈന്‍, മിയ റെയ്ലി എന്നിവരും വിചാരണയില്‍ ഹാജരായിരുന്നു.

ഇന്ത്യന്‍ റെസ്‌റ്റോറന്റ് മാനേജര്‍, യുകെ, കൊലപാതകം, അന്വേഷണം

കുറ്റവാളിയെ സഹായിച്ചതിന് സോയിഹീം ഹുസൈനെ നാല് വര്‍ഷം തടവിന് ശിക്ഷിച്ചു. റെയ്ലി കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതോടെ ഇയാളെ വെറുതേലിട്ടു.

Tags:    

Similar News