ഷാനിമോളുടേയും ബിന്ദുകൃഷ്ണയുടേയും വാതില്‍ മുട്ടിയതും പരിശോധന നടത്തിയതും നിയമ ലംഘനം; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പ്രതിപക്ഷ നേതാവിന്റെ പരാതി; ജില്ലാ കളക്ടറില്‍ നിന്നും വിശദീകരണം തേടി ചീഫ് ഇലക്ട്രല്‍ ഓഫീസര്‍; എഡിഎമ്മും ആര്‍ഡിഒയും കളക്ടറും പറയുന്നത് നിര്‍ണ്ണായകം; പാലക്കാട്ട് 'ശുക്രന്‍' ആര്‍ക്കടിക്കും
പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും നോക്കുകുത്തികളാക്കി സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന സി.പി.എം പൊലീസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നതിനെതിരെ പ്രതിപക്ഷ നേതാവ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. അര്‍ദ്ധരാത്രിയില്‍ റെയ്ഡിന് എത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ നിലവിലെ എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിയാണ് മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവുമായ ഷാനിമോള്‍ ഉസ്മാന്റെയും മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണയുടെയും മുറികളുടെ വാതില്‍ മുട്ടിയതും പരിശോധന നടത്തയതും. സെര്‍ച്ച് നടത്തുന്നത് സംബന്ധിച്ച് ബി.എന്‍.എസ്.എസില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ഒരു നടപടിക്രമവും പൊലീസ് പാലിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് വിശദീകരിച്ചു.
അതിനിടെ പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന കള്ളപ്പണ ആരോപണങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. പാലക്കാട് ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതലയുളള കലക്ടറോടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടല്‍ മുറികളിലടക്കം നടന്ന പരിശോധനയെ കുറിച്ചും, എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ചുമാണ് കളക്ടറോട് പ്രാഥമിക റിപ്പോര്‍ട്ട് തേടിയത്. റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും തുടര്‍ നടപടി. ഇതോടെ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്ക് ഒന്നും അറിയില്ലെന്നും വ്യക്തമായി. എന്നാല്‍ പരിശോധനയ്ക്ക് അനുമതി വേണ്ടെന്ന തരത്തിലും പ്രചരണമുണ്ട്. വിഷയത്തില്‍ അതിവേഗ റിപ്പോര്‍്ടട് നല്‍കാനാണ് നിര്‍ദ്ദേശം. ഇതിനിടെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പ്രതിപക്ഷം പരാതി നല്‍കുന്നത്.
പരിശോധനയ്ക്കെത്തിയ പൊലീസ് സംഘത്തിനൊപ്പം എ.ഡി.എം, ആര്‍.ഡി.ഒ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഇല്ലായിരുന്നു എന്നതും നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് പറയുന്നു. രാത്രി 12 മണിക്ക് ശേഷം തുടങ്ങിയ പരിശോധന പുലര്‍ച്ചെ 2:30 ആയപ്പോള്‍ മാത്രമാണ് എ.ഡി.എമ്മും ആര്‍.ഡി.ഒയും സ്ഥലത്തെത്തിയത്. റെയ്ഡ് വിവരം തങ്ങള്‍ അറിഞ്ഞില്ലെന്ന് ആര്‍.ഡി.എം ഷാഫി പറമ്പില്‍ എം.പിയോട് വ്യക്തമാക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും നിയന്ത്രണങ്ങളും നിലനില്‍ക്കെ പൊലീസിനെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സി.പി.എം ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പരാതിയില്‍ ചൂണ്ടിക്കാട്ടി. അതിനിടെ ഉപതിരഞ്ഞെടുപ്പില്‍ കള്ളപ്പണമൊഴുകിയെന്നത് യാഥാര്‍ഥ്യമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. താമസിക്കാത്ത സ്ഥലത്ത് എന്തിനാണ് വസ്ത്രവും കൊണ്ടുവന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കവെ ചോദിച്ചു.
രാഹുല്‍പറയുന്നതൊക്കെ കള്ളമാണെന്ന് വ്യക്തമായിട്ടുണ്ട്. ഈ ബാഗ് കൊണ്ടുവന്നതുതന്നെ ഒരു കേസിലെ പ്രതിയാണ്. ഇതിലപ്പുറം എന്താണുള്ളതെന്നും ഗോവിന്ദന്‍ ചോദിച്ചു. ഒരു തരത്തിലും കള്ളപ്പണം പിടിക്കാന്‍ അനുവദിക്കില്ല എന്ന നിലപാടാണ് കോണ്‍ഗ്രസിന്. പോലീസിന്റെ സ്വതന്ത്രമായ ജോലി തടസ്സപ്പെടുത്തിയത് ഇതിന്റെ ഭാഗമായാണ്. വിവാദം ശുക്രദശയാണെന്ന് പറഞ്ഞ കെ.പി.സി.സി അധ്യക്ഷന്റെ വാക്കുകളില്‍നിന്ന് വ്യക്തമാകുന്നത് സംഭവം ലാഭമുണ്ടാക്കിത്തന്നു എന്നാണെന്നും ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. ഇതോടെ രാഷ്ട്രീയമായി ഈ വിഷയം ചര്‍ച്ചയാക്കുമെന്ന് സിപിഎമ്മും വ്യക്തമാക്കുകായണ്. ഈ സാഹചര്യത്തില്‍ ജില്ലാ കളക്ടറും ആര്‍ഡിഒയും എഡിഎമ്മും പറയുന്നത് നിര്‍ണ്ണായകമാണ്. റെയ്ഡിന് ശേഷമാണ് അവരിത് അറിഞ്ഞതെന്ന് വെളിപ്പെടുത്തിയാല്‍ അത് പോലീസിനും സിപിഎമ്മിനും കൂടുതല്‍ തിരിച്ചടിയാകും.
കെപിഎം ഹോട്ടലില്‍ പൊലീസ് സംഘമെത്തി പരിശോധന നടത്തിയത് ചൊവ്വാഴ്ച അര്‍ദ്ധ രാത്രിയാണ്. പാതിരാത്രി 12 മണിയാണ് റെയ്ഡ് തുടങ്ങിയത്. കോണ്‍ഗ്രസ് വനിതാ നേതാക്കളടക്കം താമസിച്ച 12 മുറികളില്‍ പൊലീസ് സംഘം പരിശോധന നടത്തി. പരാതി ലഭിച്ചിട്ടില്ലെന്നും സാധാരണ പരിശോധന മാത്രമാണ് നടത്തിയതെന്നുമായിരുന്നു റെയ്ഡ് നടന്ന വേളയില്‍ പൊലീസിന്റെ ആദ്യ വിശദീകരണം. എന്നാല്‍ പരിശോധന വിവാദമായതോടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് വിശദീകരിച്ച് പൊലീസ് മലക്കംമറിഞ്ഞു. ഒടുവില്‍ മുറി പരിശോധിച്ചിട്ടും ഒന്നും കിട്ടിയില്ലെന്ന് എഴുതി നല്‍കിയാണ് പാലക്കാട്ടെ ഹോട്ടലില്‍ നിന്നും പൊലീസ് മടങ്ങിയത്. സെര്‍ച്ച് നടത്തുന്നത് സംബന്ധിച്ച് ബി.എന്‍.എസ്.എസില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ഒരു നടപടിക്രമവും പൊലീസ് പാലിച്ചില്ലെന്നും പ്രതിപക്ഷം പറയുന്നു.
അതിനിടെ പാലക്കാട്ടെ കള്ളപ്പണ ആരോപണത്തില്‍ പ്രതികരണവുമായി കെഎസ്‌യു നേതാവ് ഫെന്നി നൈനാന്‍ രംഗത്തു വന്നു. വസ്ത്രങ്ങള്‍ സൂക്ഷിച്ച ബാഗിനെ വക്രീകരിച്ചാണ് ആരോപണമുന്നയിക്കുന്നതെന്ന് ഫെന്നി വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവുമധികം താമസിച്ചത് കെപിഎം ഹോട്ടലിലാണ്. തെരഞ്ഞെടുപ്പ് ചുമതലയുളള കെഎസ്‌യു ഭാരവാഹിയാണ് താനെന്നും വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഫെന്നി വ്യക്തമാക്കി. സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കെപിഎം ഹോട്ടലില്‍ കെഎസ്യു നേതാവ് ഫെന്നി നൈനാന്‍ നീല ട്രോളി ബാഗുമായി നടന്ന് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ സിപിഎം പുറത്തുവിട്ടിരുന്നു.
ഹോട്ടലിലെ ചൊവ്വാഴ്ചത്തെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. കള്ളപ്പണം കൊണ്ടുവന്നുവെന്ന ആരോപണം തെളിയിക്കാന്‍ തെളിവുകള്‍ പുറത്തുവിടുമെന്ന് നേരത്തെ സിപിഎം പറഞ്ഞിരുന്നു. എന്നാല്‍ ബാഗില്‍ പണമാണോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.