നാടുവിട്ട് പഞ്ചാബിലെത്തിയ സജീവന് താങ്ങും തണലുമായത് ലിജി; 28 വര്‍ഷം മുമ്പ് ആ അടുപ്പം വിവാഹമായി; ഭാര്യയുടെ കാശില്‍ അമേരിക്കയില്‍ എത്തി ബിസിനസും തുടങ്ങി; മൂന്ന് വര്‍ഷം മുമ്പ് മറ്റൊരു പെണ്‍സൗഹൃദത്തില്‍ ഭാര്യയുമായി തെറ്റി; കോട്ടൂര്‍ പഞ്ചായത്തിലെ ആ വീട് വാങ്ങിയത് ലിജിയുടെ കൂടി അധ്വാനമെടുത്ത്; ഒടുവില്‍ പൂട്ടു പൊളിച്ച് വീട്ടില്‍ കയറിയ നിവര്‍ത്തികേട്; ഇത് പാറക്കണ്ടി സജീവന്റെ കുടുംബ ചതിയോ?
കോഴിക്കോട്: കോടതി ഉത്തരവുമായി എത്തിയിട്ടും ഭര്‍ത്തൃവീട്ടിനുള്ളില്‍ കയറാനായില്ല. അവര്‍ക്ക് കഴിഞ്ഞ ദിവസം രാത്രി വരാന്തയില്‍ കിടന്നുറങ്ങേണ്ടിവന്നു. കോട്ടൂര്‍ പഞ്ചായത്തിലെ ഒന്നാംവാര്‍ഡില്‍പ്പെട്ട മൂലാട് അങ്കണവാടിക്ക് സമീപമുള്ള എടയാടിക്കണ്ടി വീട്ടിലാണ് പാറക്കണ്ടി സജീവന്റെ ഭാര്യയും കോട്ടയം പൊന്‍കുന്നം സ്വദേശിയുമായ ലിജി സജി രണ്ടുദിവസം തള്ളിനീക്കിയത്.
പോലീസ് സഹായത്തോടെ പിന്‍വാതില്‍ തുറന്നാണ് വെള്ളിയാഴ്ച വൈകീട്ട് ലിജി അകത്തുകയറിയത്. അപ്പോഴും വീടിനുള്ളിലെ മറ്റു മുറികളെല്ലാം പൂട്ടിയനിലയിലാണ്. ഗാര്‍ഹികപീഡന പരാതിയുമായി പേരാമ്പ്ര കോടതിയെ സമീപിച്ച ലിജിക്ക് ഭര്‍ത്താവിന്റെ പേരിലുണ്ടായിരുന്ന വീട്ടില്‍ താമസിക്കാമെന്ന് 2023 ഒക്ടോബര്‍ 19-ന് ഉത്തരവിട്ടു. പോലീസ് ഉത്തരവ് നടപ്പാക്കാനായി ഇടപെടണമെന്നും വിധിയിലുണ്ട്. ഈ ഉത്തരവ് വന്നതിനുശേഷം ഭര്‍ത്താവ് സജീവന്‍ വീട് സഹോദരന്‍ ബിജുവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തു. ലിജിയുടെ പണംകൂടി ഉപയോഗിച്ച് വാങ്ങിയ വീടാണിത്. ഇതോടെയാണ് നിയമ പോരാട്ടം പുതിയ തലത്തിലെത്തിയത്. ഇവിടേയും ആശ്വാസം ലിജിയ്ക്കായിരുന്നു. പക്ഷേ ഈ കോടതിവിധിയേയും ഭര്‍ത്താവ് അംഗീകരിക്കുന്നില്ല.
പഞ്ചാബിലെ ലുധിയാനയില്‍ നഴ്‌സായിരുന്നു ലിജി. ജോര്‍ജിയയില്‍ എംബിബിഎസിന് പഠിക്കുന്ന ഒരു മകളുണ്ട്. 12 വര്‍ഷം മുന്‍പാണ് സജീവന്‍ അമേരിക്കയിലേക്ക് പോയത്. ഇവിടെ ബിസിനസാണ്. അമേരിക്കയിലെ മറ്റൊരു യുവതിയുമായി സജീവന് അടുപ്പമുണ്ടെന്ന് ലിജിക്ക് വിവരം ലഭിച്ചതോടെയാണ് മൂന്നുവര്‍ഷം മുന്‍പ് ഇവരുടെ ബന്ധത്തില്‍ വിള്ളല്‍വീണത്. ഇതിനുശേഷം വീട് നല്‍കണമെന്നും ചെലവിന് ലഭിക്കണമെന്നും കാണിച്ചാണ് കോടതിയെ സമീപിച്ചത്. സജീവനും അമേരിക്കയില്‍നിന്ന് യുവതിയും നാട്ടിലെത്തിയെന്ന് വിവരംലഭിച്ചപ്പോഴാണ് ലുധിയാനയില്‍നിന്ന് ലിജി മൂലാട് എത്തിയത്. പോലീസ് ബന്ധുക്കളെ ബന്ധപ്പെട്ടെങ്കിലും താക്കോല്‍ ലഭിച്ചില്ല. തുടര്‍ന്നാണ് പോലീസ് സഹായത്തോടെ പൂട്ടുപൊളിച്ച് വീട്ടില്‍ കയറിയത്. പഞ്ചാബിലെ ലുധിയാനയിലായിരുന്ന ലിജി തിങ്കളാഴ്ചയാണ് പേരാമ്പ്രയിലെത്തിയത്. വീട് പൂട്ടിക്കിടക്കുകയായിരുന്നു. ഇതോടെ പോലീസിനെ അറയിച്ചു. ഇതോടെ പിന്‍വാതില്‍ പൊളിക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തി.
28 വര്‍ഷം മുന്‍പായിരുന്നു സജീവന്റെയും ലിജിയുടെയും വിവാഹം. നാടുവിട്ട് പഞ്ചാബില്‍ എത്തിയ സജീവനെ അവിടെ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന ലിജി വിവാഹം ചെയ്തു. ലിജിയുടെ സഹായത്തോടെ അന്ന് സജീവന് അവിടെ ജോലി കിട്ടി. പിന്നീട് സജീവന്‍ ലിജിയുടെ സഹായത്തോടെ യുഎസില്‍ എത്തുകയായിരുന്നു. സജീവന്‍ യുഎസില്‍ സ്വന്തമായി ബിസിനസ് ആരംഭിച്ചു. യുഎസില്‍ നിന്നും സജീവന്‍ പഞ്ചാബില്‍ എത്തി ലിജിയെയും കൂട്ടി നാട്ടില്‍ എത്തുകയായിരുന്നു പതിവ്. എന്നാല്‍ മറ്റൊരു യുവതിയുമായി സജീവനുണ്ടായ അടുപ്പം എല്ലാം മാറ്റി മറിച്ചു. ഇതോടെയാണ് തനിക്കും മകള്‍ക്കും വീടും സ്ഥലവും നല്‍കണമെന്നും ചെലവിന് നല്‍കണമെന്നും ആവശ്യപ്പെട്ട് സജീവനെതിരെ പേരാമ്പ്ര കോടതിയില്‍ ലിജി പരാതി നല്‍കിയത്. ലിജിയുടെ സമ്പാദ്യം കൂടി ചേര്‍ത്താണ് വീടും സ്ഥലവും വാങ്ങിയത് എന്നതാണ് വസ്തുത.
ഇത് അംഗീകരിച്ച് കോടതി ഉത്തരവ് നല്‍കിയെങ്കിലും ലിജിയെ സജീവന്റെ സഹോദരങ്ങള്‍ വീട്ടില്‍ കയറാന്‍ അനുവദിച്ചില്ല. സജീവന്‍ നാട്ടില്‍ ഇല്ലാത്തതിനാല്‍ തിരിച്ചു പോയ ലിജി കഴിഞ്ഞ വിഷുവിന് സജീവനും യുഎസ് സ്വദേശിയായ യുവതിയും എത്തിയിട്ടുണ്ടെന്ന് അറിഞ്ഞാണ് പഞ്ചാബില്‍ നിന്നും എത്തിയത്. എന്നാല്‍ ലിജിയെ വീട്ടില്‍ കയറാന്‍ അനുവദിച്ചില്ല. പൊലീസ്, സജീവന്റെ വീട്ടില്‍ എത്തി വീട് തുറന്നു കൊടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ബന്ധുക്കള്‍ തയാറായില്ല. ഇതോടെയാണ് പൂട്ടു പൊളിക്കല്‍ വേണ്ടി വന്നത്.