മുഖ്യമന്ത്രിക്കുള്ള ആ വാഴ്ത്തുപാട്ട് ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാര സ്മരണയോ? പാട്ടെഴുതിയ പൂവത്തൂര്‍ ചിത്രസേനന് വിരമിച്ച ശേഷം പിന്നീട് ധനവകുപ്പില്‍ സ്‌പെഷ്യല്‍ മെസഞ്ചറായി നിയമനം ലഭിച്ചു; ചെങ്കൊടി പ്രഭയിലായി.. സമര ധീര സാരഥി പിണറായി വിജയന്‍.. എന്ന വാഴ്ത്തുപാട്ട് തുടങ്ങവേ മുഖ്യമന്ത്രി വേദിയിലെത്തി
മുഖ്യമന്ത്രിക്കുള്ള ആ വാഴ്ത്തുപാട്ട് ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാര സ്മരണയോ?
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ പരിപാടിയില്‍ മുഖ്യമന്ത്രിയെക്കുറിച്ചുള്ള വാഴ്ത്തുപാട്ട് ആലപിച്ചു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തന്നെയാണ് പാട്ട് ആലപിച്ചത്. മുഖ്യമന്ത്രി വേദിയിലേക്ക് കടന്നുവരവേയാണ് ഗാനം തുടങ്ങിയത്. അദ്ദേഹം വേദിയില്‍ ഇരിക്കുമ്പോള്‍ ഗാനം പാടി പൂര്‍ത്തിയാക്കുകയും ചെയ്തു.
ധനവകുപ്പിലെ പൂവത്തൂര്‍ ചിത്രസേനന്‍ എന്നയാളാണ് പാട്ടെഴുതിയിരിക്കുന്നത്. വിരമിച്ച ശേഷവും നിയമനം കിട്ടിയ വ്യക്തിയാണ് സ്തുതി ഗീതമെഴുതിയ കവി ചിത്രസേനന്‍. ക്ലറിക്കല്‍ അസിസ്റ്റന്റായി വിരമിച്ച ശേഷം പിന്നീട് ധനവകുപ്പില്‍ സ്‌പെഷ്യല്‍ മെസഞ്ചറായി നിയമിക്കുകയായിരുന്നു. പാട്ടില്‍ ഫിനിക്‌സ് പക്ഷിയായാണ് പിണറായി വിജയനെ വിശേഷിപ്പിക്കുന്നത്. നേരത്തെ മുഖ്യമന്ത്രിയെ പുകഴ്ത്തി മെഗാ തിരുവാതിര നടത്തിയത് വിവാദമായിരുന്നു.
സിപിഎം അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിനായാണ് ഗാനം തയ്യാറാക്കിയത്. നിയമ വകുപ്പ് അസിസ്റ്റന്റ് വിമലാണ് ഈണം നല്‍കിയത്. മൂന്ന് വര്‍ഷം മുമ്പ് തിരുവനന്തപുരത്ത് സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പിണറായി സ്തുതിയുമായി മെഗാ തിരുവാതിര അവതരിപ്പിച്ചത് വിവാദമായിരുന്നു. ഇതിനിടെയാണ വീണ്ടും വിവാദം, ഉണ്ടായതും.
സെക്രട്ടേറിയറ്റിലെ ഭരണപക്ഷാനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിനായാണ് ഗാനം ഒരുക്കിയത്. മുഖ്യമന്ത്രിയെ 'ചെമ്പടയുടെ കാവലാളാ'യും പടയുടെ നടുവില്‍ പടനായകനാ'യും 'ഫിനിക്സ് പക്ഷി'യായുമായാണ് വിശേഷിപ്പിക്കുന്നത്. 'കാവലാള്‍' എന്ന തലക്കെട്ടില്‍ ചത്രസേനന്‍ ഒരുക്കിയ വരികള്‍ക്ക് സംഗീതം നല്‍കിയത് നിയമ വകുപ്പ് ജീവനക്കാരനാണ്. ഇന്ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രിയെ വേദിയിലിരുത്തി നൂറ് വനിത ജീവനക്കാര്‍ പാടാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍, വാഴ്ത്തുപാട്ട് വിവാദമായതോടെ ഇതിന് മാറ്റം വരുത്തി, മുഖ്യമന്ത്രി ഇല്ലാത്ത സമയത്ത് പാടാനാണ് പുതിയ നീക്കം നടത്തിയത്. ഇതിനിടെ പാട്ടിന്റെ അവസാനഘട്ടത്തിലാണ് സ്തൂതിഗീതം പാടിയത്.
അസോസിയേഷനില്‍ മുഖ്യമന്ത്രിയുടെ പിന്തുണയുള്ള പ്രസിഡന്റ് ഹണിയുടെ നേതൃത്വത്തിലാണ് സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനം നടത്തുന്നത്. മൂന്നുവര്‍ഷം മുമ്പ് സി.പി.എം ജില്ല സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് പാറശ്ശാലയില്‍ പിണറായി സ്തുതിയുമായി മെഗാ തിരുവാതിര അവതരിപ്പിച്ചത് വിവാദമായിരുന്നു.
'ചെമ്പടക്ക് കാവലാള്‍ ചെങ്കനല്‍
കണക്കൊരാള്‍
ചെങ്കൊടി കരത്തിലേന്തി കേരളം
നയിക്കയായ്
തൊഴിലിനായി പൊരുതിയും
ജയിലറകള്‍ നേടിയും
ശക്തമായ മര്‍ദനങ്ങളേറ്റ ധീര സാരഥി
സമര ധീര സാരഥി പിണറായി വിജയന്‍
പടയുടെ മുന്‍പില്‍ പടനായകന്‍
മതതീവ്രവാദികളേ തച്ചുടച്ചുനീങ്ങവേ
പിന്‍തിരിഞ്ഞു നോക്കിടാതെ
മുന്നിലേക്ക് പോകയും
ഇരുളടഞ്ഞപാതയില്‍ ജ്വലിച്ച
സൂര്യനായീടും
ചെങ്കൊടി പ്രഭയിലൂടെ ലോകരിക്ക്
മാതൃകയായ്...'
-എന്നിങ്ങനെ പോകുന്നു പുതിയ പാട്ടിലെ വരികള്‍
അതേസമയം, തന്നെ പ്രകീര്‍ത്തിച്ചുകൊണ്ട് 100 പേര്‍ ആലപിക്കുന്ന ഗാനത്തെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞിരുന്നില്ല. താന്‍ പാട്ട് കേട്ടില്ലെന്നും വാര്‍ത്ത ശ്രദ്ധയില്‍പെട്ടെന്നും പറഞ്ഞ മുഖ്യമന്ത്രി, വല്ലാതെ അധിക്ഷേപിക്കുമ്പോള്‍ ലേശം പുകഴ്ത്തല്‍ വന്നാല്‍ നിങ്ങള്‍ അസ്വസ്ഥമാകുമെന്ന് തനിക്കറിയാമെന്നും വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി.
സകലമാന കുറ്റങ്ങളും തന്റെ ചുമലില്‍ ചാര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ഇതൊക്കെ കാണുമ്പോള്‍ വലിയ വിഷമമുണ്ടാകും. വലിയ എതിര്‍പ്പുകള്‍ ഉയര്‍ന്നുവരുമ്പോള്‍ അതിന്റെയൊന്നും ഭാഗമല്ലാതെ ഒരു കൂട്ടര്‍ നിലപാടെടുക്കുന്നതും കാണണം. തങ്ങളാരും വ്യക്തിപൂജക്ക് നിന്നുകൊടുക്കുന്നവരല്ല. വ്യക്തിപൂജയിലൂടെ കാര്യങ്ങള്‍ നേടാന്‍ ഈ പാര്‍ട്ടിയില്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.