വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമായത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിശ്ചയ ദാര്‍ഢ്യത്തില്‍; പദ്ധതിയിലെ ക്രെഡിറ്റ് നാടിനെന്ന് പറയുമ്പോഴും വിഴിഞ്ഞത്ത് ബോട്ട് തള്ളിയല്ല ഉദ്ഘാടനം എന്ന് പരിഹസിച്ചു മുഖ്യമന്ത്രി; 6000 കോടിയുടെ അഴിമതി ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തില്‍ ഉരുണ്ടുകളിച്ചു; കുടുംബത്തിനൊപ്പമുള്ള വിഴിഞ്ഞം സന്ദര്‍ശനത്തെയും ന്യായീകരിച്ചു പിണറായി
വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമായത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിശ്ചയ ദാര്‍ഢ്യത്തില്‍
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് എല്‍ഡിഎഫ് സര്‍ക്കാറിനെതിരെ വാദവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം തുറമുഖം പുതിയ യുഗത്തിന്റെ തുടക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇടത് സര്‍ക്കാര്‍ പത്താം വര്‍ഷത്തിലേക്ക് കടക്കുന്ന വേളയില്‍ എല്ലാ മലയാളിക്കുമുള്ള സമ്മാനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിലാണ് വിഴിഞ്ഞം തുറമുഖമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ ഓരോന്നായി പാലിച്ച് ഇതരസംസ്ഥാനങ്ങള്‍ക്കും രാജ്യത്തിനാകെയും മാതൃകയായി സംസ്ഥാന സര്‍ക്കാര്‍ മുമ്പോട്ട് പോകുന്നത്. അസാധ്യമാണെന്ന് കരുതിയ പലതും സാധ്യമാക്കിയ ഒന്‍പത് വര്‍ഷമാണ് കടന്നുപോയത്. സര്‍ക്കാര്‍ പത്താംവര്‍ഷത്തിലേക്ക് കടക്കുന്ന വേളയില്‍ ഓരോ മലയാളിക്കുമുള്ള സമ്മാനമായതാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമ്മിഷന്‍ തീരുമാനിക്കപ്പെട്ടിരിക്കുന്നത്. കമ്മിഷന്‍ ചെയ്യുന്നതോടെ കേരളം ലോക മാരിടൈം ഭൂപടത്തിലെ പ്രധാന കേന്ദ്രമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ വ്യാപാരത്തിനും ലോജിസ്റ്റിക്‌സിനും ആഗോളതലത്തില്‍ നിര്‍ണായക സ്ഥാനം നല്‍കുന്ന പുതിയ യുഗത്തിന്റെ പ്രാരംഭ മുഹൂര്‍ത്തമാണിതെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിലാണ് വിഴിഞ്ഞം തുറമുഖമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായത്, മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം പദ്ധതിയുടെ തര്‍ക്കമായി കൊണ്ടുവരേണ്ടതില്ല. ഇത് നമ്മുടെ നാടിനുള്ളതാണ്. ഞങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തു എന്ന ചാരിതാര്‍ത്ഥ്യം ഞങ്ങള്‍ക്കുണ്ട്. കല്ലിട്ടതുകൊണ്ട് മാത്രം കാര്യങ്ങള്‍ പൂര്‍ത്തിയാകില്ല. ഇപ്പോള്‍ കപ്പല്‍ ഓടുന്ന അവസ്ഥയില്‍ എത്തിയല്ലോയെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം പദ്ധതി ഈ സര്‍ക്കാരിന്റേയോ അതിന് മുമ്പുള്ള (2011 മുതല്‍ 2016 വരേയുള്ള) സര്‍ക്കാരിന്റേയോ കണ്ടെത്തല്‍ അല്ല എന്ന് പ്രത്യേകം ഓര്‍മ്മിക്കണം. പതിറ്റാണ്ടുകളായി തുടരുന്ന പ്രക്രിയയുടെ സാക്ഷാത്കാരമാണ്. അതില്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷം ഏറ്റവും നിര്‍ണായകമായിരുന്നു. 2016-ല്‍ അധികാരത്തില്‍ വന്ന സര്‍ക്കാരും നിലവിലുള്ള സര്‍ക്കാരും ഉചിതമായ കാര്യങ്ങള്‍ ചെയ്തു. അത് ക്രെഡിറ്റ് നേടുന്നതിന് വേണ്ടിയല്ല. നമ്മുടെ നാട് മുമ്പോട്ട് പോകുന്നതിന് വേണ്ടിയാണ്. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ തര്‍ക്കവിഷയങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, അതിനല്ല പ്രാധാന്യം കല്‍പ്പിച്ചത്. പദ്ധതിയുമായി മുമ്പോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്, മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞത്ത്, ബോട്ട് തള്ളിക്കൊണ്ട് വന്ന് ഉദ്ഘാടനം നടത്തുന്ന രീതിയല്ല വരാന്‍ പോകുന്നത്. ലോകത്തെ തന്നെ ഏറ്റവും വലിയ ചരക്കുകപ്പലാണ് വന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ ക്രെഡിറ്റ് അര്‍ഹിക്കുന്നവര്‍ക്ക് ജനം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഡിഎഫിനെ പരിഹസിച്ചു കൊണ്ടിയിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. ബിജെപി സംസ്ഥാന അധ്യക്ഷനെ ചടങ്ങിലേക്ക് വിളിച്ചത് കേന്ദ്ര നിര്‍ദേശ പ്രകാരമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
അതേസമയം 6000 കോടിയുടെ അഴിമതി ആരോപണം സംബന്ധിച്ച ചോദ്യത്തില്‍നിന്നും മുഖ്യമന്ത്രി ഒഴിഞ്ഞു മാറി. ഈ ചോദ്യത്തില്‍ കൂടുതല്‍ പ്രതികരണള്‍ക്ക് അദ്ദേഹം തയ്യാറായില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ ഒപ്പുവച്ചതിന്റെ പ്രധാന്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ു. കമ്മിഷനിങ് വൈകിയതിനാല്‍ തുറമുഖത്തുനിന്നുള്ള വരുമാനം സര്‍ക്കാരിനു 2039ല്‍ മാത്രമേ ലഭിക്കൂ എന്നതായിരുന്നു നേരത്തേ ഉണ്ടായിരുന്ന സാഹചര്യം. 15-ാം വര്‍ഷം മുതല്‍ മാത്രം വരുമാനത്തിന്റെ വിഹിതം ലഭിച്ചു തുടങ്ങുന്ന നിലയായിരുന്നു മുമ്പ്. ഇപ്പോള്‍ ഒപ്പുവച്ച കരാര്‍ പ്രകാരം 2034 മുതല്‍ സര്‍ക്കാരിനു വരുമാനം ലഭിക്കും.
ആദ്യകരാര്‍ പ്രകാരം അന്തിമഘട്ടം പൂര്‍ത്തിയാക്കേണ്ടത് 2045ല്‍ ആയിരുന്നു. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒപ്പുവച്ച കരാര്‍ പ്രകാരം 2028ല്‍ തന്നെ എല്ലാവിധ നിര്‍മാണവും പൂര്‍ത്തിയാക്കും. തുറമുഖം പൂര്‍ണശേഷി കൈവരിക്കുന്നതോടെ കേരളത്തില്‍ വലിയ വാണിജ്യ, വ്യാവസായിക വളര്‍ച്ചയുണ്ടാകും.'' മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം നല്‍കുന്ന വിജിഎഫ് തുകയ്ക്കു പകരം ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം പങ്കാണ് ചോദിച്ചിരിക്കുന്നത്. 5370.86 കോടി രൂപ സംസ്ഥാനവും 818 കോടി രൂപ കേന്ദ്രസര്‍ക്കാരും 2497 കോടി രൂപ അദാനി ഗ്രൂപ്പുമാണ് ചെലവഴിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുടുംബാംഗങ്ങള്‍ക്കൊപ്പം വിഴിഞ്ഞം തുറമുഖം സന്ദര്‍ശിച്ചതിലെ വിവാദങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി പറഞ്ഞു. സന്ദര്‍ശനത്തെ ന്യായീകരിച്ചുകൊണ്ടായിരുന്നു പിണറായി വിജയന്റെ മറുപടി. കുടുംബത്തിനൊപ്പം വിഴിഞ്ഞം സന്ദര്‍ശിച്ചത് സ്വാഭാവികമാണ്. കൊച്ചുമകന്‍ ചെറുതാകുമ്പോള്‍ തന്നെ തനിക്കൊപ്പം പല പരിപാടികളില്‍ വന്നിരുന്നു. താന്‍ എടുത്തുകൊണ്ട് നടന്നിരുന്നു. വിഴിഞ്ഞത്തെ ഔദ്യോഗിക യോഗത്തില്‍ കുടുംബം പങ്കെടുത്തിട്ടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.