'ജമ്മു കശ്മീരില്‍ തീവ്രവാദം അന്ത്യശ്വാസം വലിക്കുന്നു; കുടുംബ പാര്‍ട്ടികള്‍ സ്വന്തം മക്കളെ മാത്രമാണു വളര്‍ത്തിയത്'; തെരഞ്ഞെടുപ്പ് മൂന്നു കുടുംബങ്ങളും കശ്മീര്‍ ജനതയും തമ്മിലുള്ള പോരാട്ടമെന്ന് നരേന്ദ്ര മോദി

കുടുംബരാഷ്ട്രീയം യുവാക്കളെ ദുരിതത്തിലാക്കുന്നു

Update: 2024-09-14 12:05 GMT

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തീവ്രവാദം അതിന്റെ അവസാന ശ്വാസം വലിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്ക് തുടക്കമിട്ടുകൊണ്ട് ദോഡ മേഖലയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

മൂന്നു കുടുംബങ്ങള്‍ ജമ്മു കശ്മീരിനെ തകര്‍ത്തെന്നു നരേന്ദ്ര മോദി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ്, പിഡിപി, നാഷനല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടികളെ ഉന്നമിട്ടായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഈ തിരഞ്ഞെടുപ്പു മൂന്നു കുടുംബങ്ങളും കശ്മീര്‍ ജനതയും തമ്മിലുള്ള പോരാട്ടമാണ്. കുടുംബരാഷ്ട്രീയം യുവാക്കളെ ദുരിതത്തിലാക്കുന്നു. കശ്മീരിനെക്കുറിച്ച് മറ്റു പാര്‍ട്ടികള്‍ ചിന്തിക്കുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

'ഞങ്ങളും നിങ്ങളും ഒരുമിച്ച് ജമ്മു കശ്മീരിനെ രാജ്യത്തിന്റെ സുരക്ഷിതവും സമ്പന്നവുമായ ഭാഗമാക്കും', ബിജെപി റാലിയെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു. സ്വാതന്ത്ര്യാനന്തരം, ജമ്മു കശ്മീര്‍ വിദേശ ശക്തികളുടെ ലക്ഷ്യമായി മാറുകയും കുടുംബരാഷ്ട്രീയം ഈ മനോഹരമായ പ്രദേശത്തെ ഉള്ളില്‍നിന്ന് പൊള്ളയാക്കുകയും ചെയ്തു. രാഷ്ട്രീയ കുടുംബങ്ങള്‍ അവരുടെ മക്കളെ ഉയര്‍ത്തിക്കാട്ടി, പുതിയ നേതൃത്വത്തെ വളരാന്‍ അനുവദിച്ചില്ലെന്നും മോദി പറഞ്ഞു.

2014-ല്‍ ഞങ്ങള്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിന് തൊട്ടുപിന്നാലെ ഒരു യുവ നേതൃത്വത്തെ രൂപപ്പെടുത്തുന്നതില്‍ തന്റെ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചതായും മോദി അവകാശപ്പെട്ടു. വിദ്വേഷത്തിന്റെ കട നടത്തുന്ന ചില ആളുകള്‍ സ്നേഹത്തിന്റെ കട എന്ന ബോര്‍ഡിന് പിന്നില്‍ ഒളിച്ചിരിക്കുന്നുണ്ടെന്നും രാഹുലിനെ ലക്ഷ്യമിട്ടുകൊണ്ട് മോദി പറഞ്ഞു. പോലീസിനെയും സൈന്യത്തെയും ആക്രമിക്കാന്‍ നേരത്തെ ഉയര്‍ത്തിയ കല്ലുകള്‍ ഇപ്പോള്‍ പുതിയ ജമ്മു-കശ്മീര്‍ സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്നുവെന്നും മോദി തിരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.

ഈ മാസം 18നു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് മുന്നോടിയായുള്ള പ്രധാനമന്ത്രിയുടെ ആദ്യ പ്രചാരണ റാലിയാണിത്. 42 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ദോഡ മേഖലയില്‍ എത്തുന്നത്. വന്‍ സുരക്ഷാ വലയത്തിലായിരുന്നു തിരഞ്ഞെടുപ്പ് റാലി.

''സ്വാതന്ത്ര്യത്തിന് ശേഷം ജമ്മു കശ്മീര്‍ വിദേശ ശക്തികളുടെ ലക്ഷ്യമായി മാറുകയും കുടുംബാധിപത്യ രാഷ്ട്രീയം ഈ മനോഹരമായ പ്രദേശത്തെ ഉള്ളില്‍ നിന്ന് പൊള്ളയാക്കുകയും ചെയ്തു. കുടുംബ പാര്‍ട്ടികള്‍ സ്വന്തം മക്കളെ മാത്രമാണു വളര്‍ത്തിയത്. പുതിയ നേതൃത്വം വളരാന്‍ അവര്‍ അനുവദിച്ചില്ല. 2014ല്‍ ഞങ്ങള്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിന് തൊട്ടു പിന്നാലെ ഒരു യുവ നേതൃത്വത്തെ രൂപപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ജമ്മു കശ്മീരില്‍ തീവ്രവാദം അതിന്റെ അന്ത്യശ്വാസം വലിക്കുകയാണ്.'' പ്രധാനമന്ത്രി പറഞ്ഞു.

ബിജെപി ഭരണകാലത്ത് പാര്‍ട്ടിയുടെ ഊര്‍ജം ഈ പ്രദേശത്തെ യുവാക്കളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നതിനും വളര്‍ച്ചയുടെ ഒരു പുതിയ കാലഘട്ടത്തിന് തുടക്കമിടുന്നതിനും കുടുംബ പാര്‍ട്ടികളുടെ അപ്രമാദിത്വം അവസാനിപ്പിക്കുന്നതിനും ചെലവിട്ടുവെന്നും മോദി കൂട്ടിച്ചേര്‍ത്തു. തന്റെ സര്‍ക്കാര്‍ ജമ്മു കശ്മീരിലെ വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തി.കോളജുകളില്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചു. ഈ മേഖലയിലെ യുവാക്കള്‍ക്ക് അവരുടെ ഉന്നത വിദ്യാഭ്യാസത്തിനായി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നതിന് പകരം ഇവിടെയുള്ള കോളജുകളില്‍ പോകാമെന്നും മോദി പറഞ്ഞു.

Tags:    

Similar News