ജനരോഷം ശക്തമായതോടെ ഓടിയൊളിച്ചു പി പി ദിവ്യ; പുറത്തിറങ്ങിയാല്‍ പ്രതിഷേധങ്ങള്‍ ഭയന്ന് രഹസ്യ കേന്ദ്രത്തിലേക്ക് മുങ്ങല്‍; പുറത്തേക്കിറങ്ങല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമാനമായ ശേഷം; പ്രതി ചേര്‍ത്തിട്ടും പിടികൂടാതെ ഒളിച്ചുകളിച്ച് പൊലീസും; സംരക്ഷണം വലയവുമായി പാര്‍ട്ടി..!

ഇന്നലെ വീട്ടിലുണ്ടായിരുന്ന ദിവ്യ രഹസ്യ കേന്ദ്രത്തിലേക്ക് മാറി

Update: 2024-10-19 13:34 GMT

കണ്ണൂര്‍: എ.ഡി.എം. കെ. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി കേസെടുത്തിട്ടും സിപിഎം നേതാവ് പി പി ദിവ്യയെ പിടികൂടി ചോദ്യം ചെയ്യാന്‍ മടി കാണിച്ച് പൊലീസ്. ഇന്നലെ വീട്ടിലുണ്ടായിരുന്ന ദിവ്യ ഇപ്പോള്‍ രഹസ്യ കേന്ദ്രത്തിലേക്ക് മാറിയെന്നാണ് റിപ്പോര്‍ട്ട്. വീട്ടിലും ബന്ധുവീടുകളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്നാണ് പൊലീസ് പറയുന്നത്. തലശ്ശേരി കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ സാഹചര്യത്തില്‍ അതില്‍ തീരുമാനമാകുംവരെ മാറിനില്‍ക്കാനാണ് നീക്കം.

മൊഴി രേഖപ്പെടുത്താനായി പോലീസ് കളക്ടറെ ബന്ധപ്പെട്ടെങ്കിലും രണ്ടുദിവസമായി ഓഫീസില്‍ ഇല്ലെന്ന വിവരമാണ് ലഭിച്ചത്. എ.ഡി.എമ്മിനെതിരേ പരാതി ഉന്നയിച്ച പെട്രോള്‍ പമ്പ് അപേക്ഷകന്‍ ടി.വി. പ്രശാന്തന്റെ മൊഴിയും വെള്ളിയാഴ്ച ഉച്ചയോടെ രേഖപ്പെടുത്തിയിരുന്നു. കളക്ടറേറ്റിലെ എട്ട് ജീവനക്കാരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി. സ്റ്റാഫ് സെക്രട്ടറി കെ. ജിനേഷുള്‍പ്പെടെ യാത്രയയപ്പ് യോഗത്തില്‍ പങ്കെടുത്തവരുടെ മൊഴിയാണ് എടുത്തത്. യാത്രയയപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളില്‍ രഹസ്യാന്വേഷണവിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇന്റലിജന്‍സ് എ.ഡി.ജി.പി. മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയിരുന്നു.

എന്നാല്‍ ആരോപണവിധേയയായ സിപിഎം നേതാവ് പി പി ദിവ്യയെ ചോദ്യം ചെയ്യുന്നതില്‍ പൊലീസ് വിമുഖത കാണിക്കുന്നതായാണ് ആക്ഷേപം. അതേ സമയം

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യയ്ക്കെതിരേ പാര്‍ട്ടി നടപടി വേണ്ടെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം. ഭരണതലത്തില്‍ അന്വേഷണം നടക്കുന്നതിനാല്‍ തല്‍ക്കാലം സംഘടനാ നടപടി വേണ്ടെന്നാണ് പാര്‍ട്ടി നേതൃത്വം നിലപാട് സ്വീകരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തുനിന്നും പുറത്താക്കിയത് കൃത്യമായ നടപടിയാണെന്നും പാര്‍ട്ടി വിലയിരുത്തി

നവീന്‍ ബാബുവിന്റേത് അടിയുറച്ച സിപിഎം കുടുംബമായതാണ് പാര്‍ട്ടി നേതൃത്വത്തെ പ്രതിരോധത്തിലാക്കിയത്. കൂടാതെ സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വം കുടുംബത്തെ ചേര്‍ത്തുപിടിക്കുകയും ചെയ്തു.കണ്ണൂരെ സഖാക്കള്‍ ആദ്യമൊന്ന് സപ്പോര്‍ട്ടു ചെയ്യാന്‍ ശ്രമിച്ചെങ്കിലും പാര്‍ട്ടിഭേദമെന്യേ ജനരോഷം ദിവ്യയ്ക്കെതിരായതോടെ പിടിവിട്ടു. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പം എന്ന നിലപാടിലേക്ക് അവര്‍ മാറി. ദിവ്യയെ തള്ളി എംവി ഗോവിന്ദന്‍ നിലപാട് വ്യക്തമാക്കിയതോടെ കാര്യങ്ങള്‍ കൂടുതല്‍ കൈവിട്ടു. ഉപതിരഞ്ഞെടുപ്പില്‍ കടുത്ത ദോഷം ചെയ്യുമെന്ന തിരിച്ചറിവില്‍ ദിവ്യയെ മാറ്റാന്‍ തീരുമാനിച്ചു.

വൈകിപ്പിക്കരുതെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം കൂടിയായതോടെ വ്യാഴാഴ്ച രാത്രി തന്നെ നടപടിയുണ്ടായി. ജില്ലാ സെക്രട്ടേറിയറ്റ് അടിയന്തരമായി ചേര്‍ന്നശേഷം നേതാക്കള്‍ ദിവ്യയുടെ വീട്ടില്‍ എത്തിയാണ് തീരുമാനം അറിയിച്ചത്.ഇതിനിടെ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചുകൊണ്ടുള്ള കത്തിലും പിപി ദിവ്യ പ്രകടിപ്പിച്ചത് കടുത്ത ധാര്‍ഷ്ട്യത്തിന്റെയും അഹങ്കാരത്തിന്റെയും സ്വരം. തന്റെ അധിക്ഷേപമാണ് രണ്ടു പെണ്‍മക്കളുള്ള കുടുംബത്തിന്റെ വിളക്കണച്ചതെന്ന മനസ്താപം പോലും ദിവ്യയ്ക്കുണ്ടായില്ലെന്ന് കത്ത് തെളിയിക്കുന്നു.

രാജി വേണമെന്ന പാര്‍ട്ടി നിലപാട് ശരിവയ്ക്കുന്നെന്നും നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്നുമാണ് ദിവ്യ പറയുന്നത്. അഴിമതിക്കെതിരായ സദുദ്ദേശ്യപരമായ വിമര്‍ശനമാണ് നടത്തിയത്. ചില ഭാഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു എന്ന പാര്‍ട്ടി നിലപാട് അംഗീകരിക്കുകയാണത്രെ.രാജിയില്ലെന്നും രണ്ടു ദിവസത്തിനകം പൊതുപരിപാടികളില്‍ സജീവമാകുമെന്നും അടുപ്പക്കാരോട് ദിവ്യ പറഞ്ഞിരുന്നു. പാര്‍ട്ടി കൂടെ നില്‍ക്കുമെന്നായിരുന്നു പ്രതീക്ഷ.

നേരത്തേ തളിപ്പറമ്പിലെ ഒരു അദ്ധ്യാപകന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എംഎല്‍എ ആയിരുന്ന ജെയിംസ് മാത്യുവിനെതിരേ ആരോപണം ഉയര്‍പ്പോള്‍ പാര്‍ട്ടി സംരക്ഷിച്ചില്ലേയെന്നും ദിവ്യ ജില്ലാ നേതാക്കളോട് ചോദിച്ചിരുന്നു. അന്ന് ജെയിംസ് മാത്യുവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.

Tags:    

Similar News