'ഗര്‍ഭം അലസിപ്പിക്കല്‍ മാത്രമല്ല, ഗര്‍ഭം ധരിച്ച യുവതിയെ കൊല്ലാനും നിര്‍ദേശം'; ക്രിമിനല്‍ രീതിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കാന്‍ നീക്കം; നിലവില്‍ ലഭിച്ച പരാതികള്‍ പരിശോധിച്ചു ഡിജിപി; പെണ്‍കുട്ടികളെ ശല്യപ്പെടുത്തിയതില്‍ കേസെടുത്തേക്കും; ലൈംഗിക വിവാദം കത്തിച്ചു നിര്‍ത്തി കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാന്‍ സിപിഎം നീക്കം
'ഗര്‍ഭം അലസിപ്പിക്കല്‍ മാത്രമല്ല, ഗര്‍ഭം ധരിച്ച യുവതിയെ കൊല്ലാനും നിര്‍ദേശം'
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടതത്തില്‍ ഗര്‍ഭം ധരിച്ച യുവതിയെ കൊല്ലാന്‍ നിര്‍ദേശിച്ചു എന്നത് ഗൗരവമുള്ള വിഷയമാണെന്ന് മുഖ്യമന്ത്രി പിറണായി വിജയന്‍ വ്യക്തമാക്കിയതോടെ ലൈംഗിക വിവാദം കത്തിച്ചു നിര്‍ത്താന്‍ നീക്കം സജീവം. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ രാഹുലിനെതിരെ കേസെടുക്കാനുള്ള നീക്കങ്ങള്‍ സജീവമായി. രാഹുലിനെതിരെ ലഭിച്ച പരാതികള്‍ പരിശോധിക്കാന്‍ ഡിജിപി പോലീസിന് നിര്‍ദേശം നല്‍കി.
പെണ്‍കുട്ടികളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയതിനാണ് കേസെടുക്കാനുള്ള ആലോചനയെന്നാണ് വിവരം. പൊലീസിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന സജീവമാക്കിയത്. രാഹുലിനെതിരെ പരാതിയോ കേസോ ഇല്ലെന്ന കോണ്‍ഗ്രസിന്റെ പ്രതിരോധം പൊളിക്കാനാണ് സിപിഎമ്മിന്റെ നീക്കം. മുഖ്യമന്ത്രിയുടെ വാക്കുകളില്‍ തന്നെ തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന സൂചനയുണ്ടായിരുന്നു. ഇപ്പോഴത്തെ വിവാദത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നിപ്പുണ്ടാകുമെന്ന നീക്കം പരാജയപ്പെട്ടതോടെയാണ് കേസെടുത്ത് എംഎല്‍എ സ്ഥാനത്തും നിന്നും താഴെയിറകക്കാനും നീക്കം നടത്തുന്നത്.
നേരത്തെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തുവന്നിരുന്നു. ഗര്‍ഭം ധരിച്ച യുവതിയെ കൊല്ലാന്‍ അധികം സമയംവേണ്ട എന്ന് വരെ പറയുന്ന അവസ്ഥ എത്രമാത്രം ക്രിമിനില്‍ രീതിയാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. നിയമപരമായി സ്വീകരിക്കേണ്ട നടപടികളെല്ലാം സ്വീകരിക്കുമെന്നും പരാതി നല്‍കാന്‍ ആശങ്കയുണ്ടാകേണ്ടതില്ലെന്നും എല്ലാ സംരക്ഷണവും സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അത് ഗൗരവമേറിയ വിഷയമായി തന്നെ കേരളീയ സമൂഹം ഏറ്റെടുത്തിരിക്കുന്നു. മാധ്യമങ്ങളും അത് ഏറ്റെടുത്തു. ഇത്തരമൊരു ആള്‍ ആ സ്ഥാനത്ത് ഇരിക്കരുത് എന്ന പൊതുഅഭിപ്രായം ഉയര്‍ന്നുവന്നു കഴിഞ്ഞു. പക്ഷേ, ആ നിലയല്ല കാണുന്നത്. എത്രത്തോളം പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്ന് അറിയില്ല. ഏതായാലും സമൂഹത്തില്‍ വലിയ പ്രതികരണം ഉണ്ടാക്കുന്ന തരത്തിലുള്ള സംഭവമായി അത് മാറി. കാരണം, ഒന്നിലധികം സംഭവങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നു.
ഒരു സംഭാഷണത്തിന്റെ ഭാഗത്ത് ഗര്‍ഭം അലസിപ്പിക്കുക എന്നത് മാത്രമല്ല, ഗര്‍ഭം ധരിച്ച യുവതിയെ കൊല്ലാന്‍ അധികം സമയം വേണ്ട എന്ന് വരെ പറയുന്നിടത്തേക്ക് എത്തുന്ന അവസ്ഥ. എത്രമാത്രം ക്രിമിനില്‍ രീതിയാണ് വരുന്നത്. സമൂഹത്തില്‍ പൊതുപ്രവര്‍ത്തകര്‍ക്കുണ്ടായിരുന്ന അംഗീകാരമുണ്ട്, അതിന് അപവാദം വരുത്തിവെക്കുന്ന ചില കാര്യങ്ങള്‍ ചില ഘട്ടത്തിലൊക്കെ സംഭവിച്ചിട്ടുണ്ട്. എന്നാല്‍, ഇത്രത്തോളം പോയ ഒരു കാര്യം ഇതേവരെ നമ്മുടെ അനുഭവത്തില്‍ കേട്ടിട്ടില്ല.
കോണ്‍ഗ്രസിനകത്ത് ഇതുമായി ബന്ധപ്പെട്ട് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടായിട്ടുണ്ട്. സാധാരണ അങ്ങോട്ടുമിങ്ങോട്ടും എതിര്‍ക്കുകയൊക്കെ ചെയ്യുമെങ്കിലും ആ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഒരു മാന്യതയും ധാര്‍മികതയും ഉണ്ട്. അതെല്ലാം നഷ്ടപ്പെട്ടുപോകുന്നല്ലോ എന്ന മനോവ്യഥ കോണ്‍ഗ്രസില്‍ തന്നെ പലരും പ്രകടിപ്പിച്ചുണ്ട്. ഇത്രെയെല്ലാം കാര്യങ്ങള്‍ വന്നിട്ടും സംരക്ഷിക്കാന്‍ തയാറാകുന്നത് പ്രതിപക്ഷ നേതാവിനെപ്പോലെ ഒരാളുടെ ഭാഗത്തുനിന്ന് ഉണ്ടായിക്കൂടാത്തതാണ്. അദ്ദേഹം പ്രകോപിതനാകുന്നു, പിന്നെ എന്തെല്ലാമോ വിളിച്ചുപറയുന്നു. അങ്ങനെയൊരു നിലയിലേക്ക് അദ്ദേഹത്തെ പോലെ ഒരാള്‍ പോകാന്‍ പാടുണ്ടോ? ശരിയല്ലാത്ത നിലയാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചത്.
രാഷ്ട്രീയത്തിന് അപമാനം വരുത്തിവെച്ചതാണ്, പൊതുപ്രവര്‍ത്തകര്‍ക്ക് അപമാനം വരുത്തിവെക്കുന്നതാണ്. അത്തരമൊരു ആളെ വഴിവിട്ട് ന്യായീകരിക്കാന്‍ പുറപ്പെടുന്നത് ഇത്തരം ആളുകളെ പ്രോത്സാഹിപ്പിക്കുന്ന നിലയാണ് ഉണ്ടാകുക. നിയമപരമായി സ്വീകരിക്കേണ്ട നടപടികളെല്ലാം സ്വാഭാവികമായും പൊലീസ് സ്വീകരിക്കും. പരാതി നല്‍കാന്‍ ഏതെങ്കിലും തരത്തില്‍ ആശങ്കയുണ്ടാകേണ്ടതില്ല. എല്ലാ സംരക്ഷണവും സര്‍ക്കാര്‍ ഉറപ്പുവരുത്തും -മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്ത് തല്‍ക്കാലം മുഖം രക്ഷിച്ച കോണ്‍ഗ്രസിന് മുന്നില്‍ ഇപ്പോഴും വെല്ലുവിളികള്‍ ഏറെയാണ്. രാഹുലിന്റെ വീഴ്ച്ചയില്‍ സിപിഎം വളരെ സന്തോഷത്തിലാണ്. എംഎല്‍എ സ്ഥാനം രാജിവെക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിനേക്കാള്‍ സിപിഎമ്മിന് താല്‍പ്പര്യം രാജിവെക്കാത്ത രാഹുലിനെയാണ്. കാരണം ഈവിഷയം നിയമസഭാ തിരഞ്ഞെടുപ്പു വരെ ഇടയ്ക്കിടെ കത്തിച്ചു നിര്‍ത്താന്‍ സിപിഎം ശ്രമിക്കും. ഇതിനുള്ള മരുന്നുകള്‍ രാഹുല്‍ തന്നെ ഉണ്ടാക്കി കൊടുത്തിട്ടുണ്ടാകുമെന്നാണ് നിഗമനം. ഇപ്പോഴത്തെ സംഭവങ്ങളുടെ ബാക്കിപത്രമായി ശബ്ദരേഖകള്‍ അടക്കം ഇനിയും പുറത്തുവന്നാല്‍ അത്ഭുതപ്പെടാനില്ല. അതുകൊണ്ട് തന്നെ രാഹുല്‍ രാജിവെക്കാത്തതില്‍ സിപിഎമ്മും ഉള്ളില്‍ ചിരിക്കുകയാണ്. രാഹുല്‍ വിഷയം ഉയര്‍ത്തി കോണ്‍ഗ്രസിനെ മൊത്തത്തില്‍ നിശബ്ദമാക്കാനുള്ള ശ്രമങ്ങളാണ് സിപിഎം നടത്തുന്നത്.
അതേസമയം മറുവശത്ത് രാഹുലിന് മുന്നില്‍ വലിയ വെല്ലുവിളികളാണ് നില്‍ക്കുന്നത്. ഇതുവരെ പുറത്തുവന്ന ഓഡിയോ സന്ദേശങ്ങളില്‍ അവന്തികയുടെ വിഷയത്തില്‍ മാത്രമാണ് മാങ്കൂട്ടം പ്രതികരിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ പൊതുസമൂഹത്തിന്റെ മുന്നില്‍ വിഷയം ഇപ്പോഴും സംശയങ്ങള്‍ നിലനില്‍ക്കുകയാണ്. ഇതിനെ മറികടക്കാനുള്ള മാര്‍ഗ്ഗങ്ങളെ കുറിച്ചാണ് രാഹുലിന്റ ടീം ശ്രമം നടത്തുന്നത്. നിയമസഭയില്‍ അടക്കം വലിയ വെല്ലുവിളികളാണ് രാഹുലിന് മുന്നില്‍.
നിയമസഭയ്ക്ക് ശേഷിക്കുന്ന എട്ടുമാസത്തിനുള്ളില്‍ ചേരാന്‍സാധ്യയുള്ളത് രണ്ടു സമ്മേളനങ്ങളാണ്. പരമാവധി 25-30 ദിവസങ്ങള്‍. കോണ്‍ഗ്രസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതോടെ ഫലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ മിണ്ടാട്ടം മുട്ടിയ അവസ്ഥയിലാകും. ആരോപണങ്ങളുടെ തീവ്രത ഇതേപടി നിലനിന്നാല്‍ സഭാസമ്മേളനം നടക്കുന്ന കാലത്ത് അദേഹം അവധിയെടുത്തേക്കാം. അല്ലെങ്കില്‍ പേരിനുവന്ന് ഒപ്പിട്ട് മടങ്ങാം. നിയമസഭാകക്ഷിയോഗത്തിന് ക്ഷണിക്കില്ല. ആരോപണങ്ങള്‍ വ്യാജമാണെന്നോ, ഗൂഢാലോചനയുടെ ഫലമാണെന്നോ രാഹുലിന് തെളിയിക്കാനായാലേ രാഷ്ട്രീയമായി അദ്ദേഹത്തിന് ഒരു തിരിച്ചുവരവിന് സാധ്യതയുള്ളൂ.
പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഷനോ, പുറത്താക്കലോ നേരിട്ടാലും മറ്റംഗങ്ങള്‍ക്കെന്നപോലെത്തന്നെ എല്ലാ അവകാശങ്ങളും സാങ്കേതികമായി ഒരു എംഎല്‍എക്കുണ്ടാകും. എന്നാല്‍, നിയമസഭയില്‍ ചര്‍ച്ചകളില്‍ പ്രസംഗിക്കാന്‍ ഓരോ പാര്‍ട്ടിക്കും അംഗബലമനുസരിച്ച് ആനുപാതികമായാണ് സമയം അനുവദിക്കുക. പാര്‍ട്ടിയാണ് സമയം വിഭജിച്ച് നല്‍കുക. ഒറ്റയംഗങ്ങള്‍ക്കുള്ള പരിഗണനയില്‍ രാഹുല്‍ ഏതെങ്കിലും ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള താത്പര്യം അറിയിച്ചാലും അത് സ്പീക്കറുടെ വിവേചനാധികാരമാണ്.