തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒന്നും അറിഞ്ഞില്ല; മുഖ്യമന്ത്രിയുടെ ഓഫീസോ പോലീസ് ആസ്ഥാനമോ പച്ചക്കൊടി കാട്ടിയില്ല; തൃശൂരില്‍ സുരേഷ് ഗോപിയെ ജയിപ്പിച്ചവര്‍ വീണ്ടും പാലക്കാട്ടെ കാറ്റ് യുഡിഎഫിന് അനുകൂലമാക്കി! പോലീസ് മേധാവി മറുപടി പറയേണ്ടി വരും; കെപിഎം റീജന്‍സിയിലേത് 'പൂര അട്ടിമറിയുടെ' മറ്റൊരു രാഷ്ട്രീയ വെര്‍ഷനോ?

Update: 2024-11-07 02:00 GMT

പാലക്കാട്: പാലക്കാട്ടെ കെ.പി.എം. റീജന്‍സി ഹോട്ടലില്‍ പോലീസ് വീണ്ടുവിചാരമില്ലാതെ നടത്തിയ റെയ്ഡ് ജില്ലയ്ക്ക് പുറത്ത് ആരേയും അറിയിക്കാതെ. തിരഞ്ഞെടുപ്പ് കമ്മീഷനേയോ പോലീസ് ആസ്ഥാനത്തേയോ അറിയിക്കാതെയായിരുന്നു റെയ്ഡ് എന്നാണ് സൂചന. ഒരു മന്ത്രിയും ഉറ്റബന്ധുവും ചേര്‍ന്ന് നടത്തിയ 'ഓപ്പറേഷനി'ല്‍ സി.പി.ഐക്കും കടുത്ത നീരസമുണ്ട്. തൃശൂര്‍ പൂര സമയത്ത് പോലീസ് നടത്തി അട്ടിമറിയ്ക്ക് സമാനമാണ് പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പിനിടെയുള്ള ഈ ഇടപെടലെന്നാണ് സിപിഐ വിലയിരുത്തല്‍. പോലീസ് പിടിച്ചെടുത്ത ദൃശ്യങ്ങള്‍ സിപിഎം പുറത്തു വിട്ടതും തിരിച്ചടിയായെന്ന് ഇടതു മുന്നണിയില്‍ തന്നെ അഭിപ്രായമുണ്ട്.

പാലക്കാട്ടെ കെപിഎം റീജന്‍സിയിലെ റെയ്ഡ് ആര്‍ക്ക് വേണ്ടിയെന്ന ചോദ്യം സജീവമാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് തൃശൂര്‍ പൂര വെടിക്കെട്ട് അടക്കം കുളമാക്കിയ പോലീസ് നടപടി ബിജെപിക്ക് രാഷ്ട്രീയ മുതല്‍ക്കൂട്ടായി. അങ്ങനെ ലോക്‌സഭയില്‍ സുരേഷ് ഗോപി എംപിയായി. ഇതിന് സമാനമായി പാലക്കാട്ടെ പാതിരാ റെയ്ഡ് കോണ്‍ഗ്രസിന് രാഷ്ട്രീയ നേട്ടമാകും എന്ന വിലയിരുത്തല്‍ ഇടതിനുള്ളില്‍ സജീവമാണ്. ആരുടെ നിര്‍ദേശപ്രകാരമായിരുന്നു റെയ്ഡെന്ന ചോദ്യമാണു കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. പാലക്കാട്ടെ പ്രചാരണത്തിലും യു.ഡി.എഫ്. ഇത് സജീവചര്‍ച്ചയാക്കും. ഇതിനെ പ്രതിരോധിക്കുക അസാധ്യമായി സിപിഎമ്മിന് മാറും. ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസ് പോലും അറിയാതെയായിരുന്നു പോലീസ് നാടകമെന്നാണു സൂചന. പാലക്കാട്ടെ ഹോട്ടല്‍ റെയ്ഡ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ അറിയിച്ചിരുന്നില്ല. ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദിനോട് ഇതുസംബന്ധിച്ച് വിശദീകരണം തേടിയേക്കും.

ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ തൃശൂര്‍ പൂരം അലങ്കോലമാക്കിയാണു പോലീസ് സര്‍ക്കാരിനു നാണക്കേടുണ്ടാക്കിയതെങ്കില്‍ അതേത്തുടര്‍ന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് വേളയിലും സ്ഥിതിഗതികള്‍ വ്യത്യസ്തമല്ലെന്നാണു പാലക്കാട് സംഭവം വ്യക്തമാക്കുന്നത്. രണ്ട് വനിതാനേതാക്കളുടെ മുറിയിലെ രാത്രി പരിശോധനയും തുടര്‍ന്നുള്ള സംഘര്‍ഷവും പോലീസ് വീഴ്ചയെന്ന വിലയിരുത്തല്‍ സജീവമാണ്. തെരഞ്ഞെടുപ്പുകാലത്തെ സാധാരണ പരിശോധനയെന്ന് എ.എസ്.പി: അശ്വതി ജിജി പറഞ്ഞതും കോണ്‍ഗ്രസിന് ആയുധമായി. ഇത്തരമൊരു പരിശോധന മുമ്പ് സംസ്ഥാനത്തുണ്ടായിട്ടില്ല എന്നതുതന്നെ കാരണം. പാലക്കാടും ചേലക്കരയും ജയിക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയന്റെ അനിവാര്യതയാണ്. പാലക്കാട്ട് പി സരിനെ സ്ഥാനാര്‍ത്ഥിയാക്കിയത് പോലും സിപിഎം മുന്നേറ്റത്തിന് വ്യക്തമായ തന്ത്രങ്ങളൊരുക്കിയാണ്. ഇത് പൊളിക്കുന്ന തരത്തിലായിരുന്നു പോലീസ് ഇടപെടല്‍. ചേലക്കരയില്‍ പോലും സിപിഎമ്മിന് ഈ വിഷയത്തെ പ്രതിരോധിക്കാന്‍ കഴിയാത്ത അവസ്ഥ എല്ലാ അര്‍ത്ഥത്തിലും കോണ്‍ഗ്രസ് രാഷ്ട്രീയ നേട്ടം നല്‍കുന്ന പാതിരാ റെയ്ഡായി പാലക്കാട്ടേത് എന്ന രാഷ്ട്രീയ വിലയിരുത്തല്‍ സജീവമാണ്.

സി.പി.എം-ബി.ജെ.പി. ഒത്തുകളിയെന്ന കോണ്‍ഗ്രസ് ആരോപണത്തിനും പാതിരാ റെയ്ഡ് കരുത്തുപകരുന്നു. പോലീസിന്റെ വിവേകമില്ലാത്ത പ്രവൃത്തിക്കു പിന്നിലാരെന്നു കണ്ടെത്തണമെന്ന അഭിപ്രായം ഇടതുനേതാക്കള്‍ക്കിടയിലുമുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിഞ്ഞാല്‍ പോലീസില്‍ മുഖ്യമന്ത്രി കാര്യമായി ഇടപെടല്‍ നടത്തുമെന്നാണ് വിലയിരുത്തല്‍. ആരാണ് ഹോട്ടല്‍ റെയ്ഡിന് അനുമതി നല്‍കിയതെന്ന് കണ്ടെത്താനാണ് സര്‍ക്കാര്‍ തീരുമാനം. ചീഫ് ഇലക്ട്രല്‍ ഓഫീസറെ റെയ്ഡും നടപടികളും മുന്‍കൂട്ടി അറിയച്ചതുമില്ല. പാലക്കാട് എസ് പി ആര്‍ ആനന്ദിനോട് ആഭ്യന്തര വകുപ്പ് വിശദീകരണം തേടും. പാര്‍ട്ടിക്ക് പിഴവു പറ്റിയോ എന്നും മുഖ്യമന്ത്രി പരിശോധിക്കുന്നുണ്ട്. ചേലക്കരയില്‍ പോലും ജയിക്കരുതെന്ന ലക്ഷ്യത്തോടെ പാര്‍ട്ടിയിലെ ആരെങ്കിലും തന്നെയാണ് ഈ നാടകം ആസൂത്രണം ചെയ്തതെന്ന സംശയവും സിപിഎമ്മിലെ ചിലര്‍ക്ക് പോലുമുണ്ട്.

വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിലും പാലക്കാട്ടേയും ചേലക്കരയിലേയും നിയമസഭാ പോരിലും ഇത് പ്രധാന ചര്‍ച്ചാ വിഷയമാക്കി കോണ്‍ഗ്രസ് മാറ്റിക്കഴിഞ്ഞു. തൃശൂര്‍ പൂര വിവാദത്തില്‍ എസ് പി അങ്കിത് അശോകിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് സിപിഎം തലയൂരിയത്. എഡിജിപി അജിത് കുമാര്‍ വിവാദ നായകനുമായി. എന്നാല്‍ പാലക്കാട്ട് സിപിഎം അമിതാവേശം കാട്ടി. റെയ്ഡിനിനെ സിപിഎം പ്രതിഷേധിക്കാന്‍ എത്തിയതോടെ പോലീസിന് അപ്പുറത്തേക്കുള്ള സിപിഎം ഇടപെടലും ചര്‍ച്ചകളിലെത്തി. അതുകൊണ്ട് തന്നെ രാഷ്ട്രീയ ഇടപെടല്‍ റെയ്ഡിലുണ്ടെന്നും വ്യക്തമായി. ഹോട്ടലില്‍ നിന്നും പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. ഇതിന് പിന്നാലെ അത് സിപിഎം മാധ്യമങ്ങള്‍ക്കും നല്‍കി. നീല ട്രോളി ബാഗ് ആരോപണം ചര്‍ച്ചയാക്കാനായിരുന്നു ഇതെല്ലാം.

പോലീസിനെ തെറ്റിധരിപ്പിച്ച ചില നേതാക്കളാണ് ഇതിന് പിന്നിലെന്ന് സൂചനയുണ്ട്. തൃശൂര്‍ പൂര സമയത്ത് വിവേക മില്ലാത്ത നടപടികള്‍ മേലില്‍ ഉണ്ടാകരുതെന്ന കര്‍ശന നിര്‍ദ്ദേശം പോലീസിന് നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. എന്നിട്ടും ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അന്തിമ ഘട്ടത്തില്‍ പോലീസ് തലവേദനയുണ്ടാക്കിയെന്നതാണ് വസ്തുത. ഇതിനെ ഗൗരവത്തില്‍ തന്നെ മുഖ്യമന്ത്രി കാണുന്നുണ്ടെന്നാണ് സൂചനകള്‍.

Tags:    

Similar News