ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വിയോഗം വലിയ ഇടയന്റെ സന്ദര്‍ശനത്തിനായി ഇന്ത്യയും രാജ്യത്തെ ക്രൈസ്തവ സമൂഹവും കാത്തിരിക്കെ; ആഗോള കത്തോലിക്ക സഭയുടെ തലവനെ മോദി ക്ഷണിച്ചത് നേരിട്ടുകണ്ട്; ആശ്ലേഷിച്ചും കൈപിടിച്ചും സ്‌നേഹാദരങ്ങള്‍ പ്രകടിപ്പിച്ച പ്രധാനമന്ത്രി പോപ്പിനെ കണ്ടത് രണ്ടുവട്ടം; ഇന്ത്യയോട് ആഭിമുഖ്യം പുലര്‍ത്തിയ ആത്മീയ നേതാവ് വിടവാങ്ങുമ്പോള്‍
ഇന്ത്യയോട് ആഭിമുഖ്യം പുലര്‍ത്തിയ ആത്മീയ നേതാവ് വിടവാങ്ങുമ്പോള്‍
ന്യൂഡല്‍ഹി: ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഏറെ ആഭിമുഖ്യം പുലര്‍ത്തിയ വലിയ ഇടയനായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പ. പോപ് ഫ്രാന്‍സിസിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. ആഗോള കത്തോലിക്കാ സഭയുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി അദ്ദേഹം വ്യക്തമാക്കി. വിടവാങ്ങിയത് ആര്‍ദ്രതയുടെ പ്രതീകമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ സന്ദര്‍ശിക്കാമെന്ന വാഗ്ദാനം പൂര്‍ത്തിയാക്കാനാകാതെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങിയത്.
ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ മോദി കണ്ടത് രണ്ടുതവണ
രണ്ടുഅവസരങ്ങളിലാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയും വത്തിക്കാനും തമ്മിലുള്ള ആഴമേറിയ ബന്ധം സൂചിപ്പിക്കുന്നതായിരുന്നു ആ കൂടിക്കാഴ്ചകള്‍. ആഗോള കത്തോലിക്ക സഭയുടെ തലവന്‍ എന്ന നിലയില്‍ വിനയസമ്പന്നനും പുരോഗമന നിലപാടുകളും കാത്തുസൂക്ഷിച്ച ആത്മീയ നേതാവായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പ. രണ്ടവസരങ്ങളിലും അദ്ദേഹം മോദിക്ക് ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. ലോകസമാധാനത്തിനും ആഗോള സാഹോദര്യത്തിനും കാലാവസ്ഥാ സംരക്ഷണ നടപടികള്‍ക്കും ഊന്നല്‍ നല്‍കിയുള്ള പരസ്പര പ്രതിജ്ഞാബദ്ധതയാണ് ഇരുവരും കൂടിക്കാഴ്ചകളില്‍ പ്രകടിപ്പിച്ചത്.
ആദ്യ കൂടിക്കാഴ്ച വത്തിക്കാനില്‍ വച്ച്
2021 ഒക്ടോബര്‍ 30 ന് വത്തിക്കാനില്‍ വച്ചായിരുന്നു ആദ്യ കൂടിക്കാഴ്ച. ജി 20 ഉച്ചകോടിക്കായി ഇറ്റലിയില്‍ എത്തിയപ്പോളാണ് മോദി പോപ്പിനെ കണ്ടത്. വത്തിക്കാനിലെ കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ച 55 മിനിറ്റ് നീണ്ടു നിന്നു. കോവിഡ് 19 മഹാമാരി, ആഗോള ആരോഗ്യ സ്ഥിതി, കാലാവസ്ഥാ മാറ്റം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങിയ വിഷയങ്ങളാണ് ഇരുനേതാക്കളും ചര്‍ച്ച ചെയ്തത്. ഇന്ത്യ സന്ദര്‍ശിക്കണമെന്ന മോദിയുടെ ഔദ്യോഗിക ക്ഷണം പോപ് സ്വീകരിക്കുകയും ചെയ്തു. രണ്ടുപതിറ്റാണ്ടിനിടെ, ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയും പോപ്പും തമ്മിലുള്ള ആദ്യത്തെ ആശയവിനിമയമായിരുന്നു അത്.
ജി 7 ഉച്ചകോടിക്കിടെ വീണ്ടും
2024 ജൂണ്‍ 14 നായിരുന്നു രണ്ടാമത്തെ കൂടിക്കാഴ്ച. ഇറ്റലിയിലെ അപുലിയയില്‍ വച്ചാണ് ജി -7 ഉച്ചകോടി നടന്നത്. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിക്കൊപ്പം വീല്‍ചെയറിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ജി 7 ഉച്ചകോടിക്കെത്തിയത്. മെലോണിയുടെ ക്ഷണിതാവായാണ് പോപ്പ് ഉച്ചകോടിക്കെത്തിയത്. ക്ഷണിതാക്കളുടെ സമ്മേളനത്തിനിടെയാണ് നരേന്ദ്രമോദി മാര്‍പാപ്പയെ കണ്ടത്. അദ്ദേഹത്തെ ആശ്ലേഷിച്ച മോദി കൈപിടിച്ച് കുശലാന്വേഷണം നടത്തുകയും, ഇന്ത്യയിലേക്ക് ക്ഷണിക്കുകയുമായിരുന്നു.
#WATCH | Prime Minister Narendra Modi meets Pope Francis at Outreach Session of G7 Summit in Italy. The Prime Minister also strikes up a conversation with British PM Rishi Sunak. pic.twitter.com/BNIpfK6lIN
— ANI (@ANI) June 14, 2024
പോപ്പിന്റെ സന്ദര്‍ശനത്തിനായി ഇന്ത്യയും രാജ്യത്തെ ക്രൈസ്തവസമൂഹവും കാത്തിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയില്‍ ഇതുവരെ മൂന്ന് പാപ്പല്‍ സന്ദര്‍ശനം മാത്രമാണ് ഉണ്ടായിട്ടുള്ളത്. 1964 ല്‍ പോള്‍ ആറാമനാണ് ആദ്യം ഇന്ത്യയിലെത്തിയ പോപ്പ്. മുംബൈയില്‍ നടന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കാനായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനം.
1999-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത്. ജോണ്‍ പോള്‍ രണ്ടാമന്‍ 1986 ഫെബ്രുവരിയിലും 1999 നവംബറിലും ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.
ഫ്രാന്‍സിസ് മാര്‍പാപ്പ, ചാവറ കുര്യാക്കോസ് ഏലിയാസ്, ഏവുപ്രാസ്യാമ്മ, ദൈവസഹായം പിള്ള എന്നിവരെ വിശുദ്ധരായി പ്രഖ്യാപിച്ചു. റാണി മരിയ വട്ടാലിലിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചതും ഫ്രാന്‍സിസ് മാര്‍പാപ്പയാണ്. 2025 കത്തോലിക്കാ സഭ യേശുക്രിസ്തുവിന്റെ ജനനത്തെ അനുസ്മരിക്കാന്‍ 'ജൂബിലി വര്‍ഷമായി' പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂബിലി ആഘോഷങ്ങള്‍ക്ക് ശേഷം മാര്‍പാപ്പ ഇന്ത്യയിലെത്തുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ അനാരോഗ്യം കാരണം അത് അനിശ്ചിതത്വത്തില്‍ ആകുകയായിരുന്നു.