മുരാരി ബാബുവിന്റേത് മുഖം തിരിച്ചറിഞ്ഞ് തുറക്കാന്‍ കഴിയുന്ന വിധത്തിലെ ഫോണ്‍ ലോക്ക്; കസ്റ്റഡിയില്‍ ആ മൊബൈല്‍ തുറക്കും; പ്രശാന്തിനേയും ബോര്‍ഡ് അംഗങ്ങളേയും ചോദ്യം ചെയ്യുന്നത് നിര്‍ണ്ണായകം; 2024ലും മോഷണം ശ്രമം നടന്നോ? മൊഴി എടുക്കല്‍ നിര്‍ണ്ണായകം; മൂന്നാം എഫ് ഐ ആറിനും സാധ്യത
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മൂന്നാം എഫ് ഐ ആറും വന്നേക്കും. ഇതിന് മുന്നോടിയായുള്ള നിര്‍ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്തിന്റെ മൊഴിയെടുക്കുന്നത് മൂന്നാം എഫ് ഐ ആറിന്റെ സാധ്യത തേടിയാണ്. നിലവില്‍ 2018ലെ ദേവസ്വം ബോര്‍ഡിന്റെ കാലത്തുണ്ടായ രണ്ട് സ്വര്‍ണ്ണ കൊള്ളയിലാണ് അന്വേഷണം നടക്കുന്നത്. 2024ല്‍ ദ്വാരപാലക ശില്‍പ്പം പൂശാന്‍ കൊടുത്തതാണ് സംഭവം പുറത്തറിയാന്‍ കാരണം. 2024ല്‍ ഹൈക്കോടതി ഇടപെടല്‍ കാരണം കൊള്ള നടന്നില്ലെന്നാണ് വിലയിരുത്തല്‍.
ദ്വാരപാലക ശില്‍പങ്ങള്‍ 2024ല്‍ സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും പ്രശാന്തില്‍ നിന്നും എസ്‌ഐടി ചോദിച്ചറിയുക. അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിയും ദേവസ്വം ഉദ്യോഗസ്ഥരും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സ്‌പോണ്‍സറെന്ന നിലയില്‍ ദ്വാരപാലക ശില്‍പങ്ങളില്‍ സ്വര്‍ണം പൂശാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് 2024ല്‍ ബോര്‍ഡ് അനുവാദം നല്‍കിയിരുന്നു. തിളക്കം മങ്ങിയതിനാല്‍ പരിഹരിക്കാന്‍ ഗ്യാരന്റി ഉണ്ടായിരുന്നുവെന്നാണ് കാരണമായി പറഞ്ഞത്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നേരിട്ടു കൊണ്ടുപോയി സ്വര്‍ണം പൂശാന്‍ അനുമതി നല്‍കിയുള്ള തീരുമാനം പിന്നീട് ബോര്‍ഡ് തിരുത്തി.
ഉദ്യോഗസ്ഥരുടെ അകമ്പടിയില്‍ ദ്വാരപാലക ശില്‍പങ്ങള്‍ സ്വര്‍ണം പൂശി തിരിച്ചെത്തിച്ചെന്നും മതിയായ രേഖകളുണ്ടെന്നും പിഴവ് സംഭവിച്ചിട്ടില്ലെന്നുമാണ് പ്രശാന്തിന്റെ നിലപാട്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വാതന്ത്ര്യം നല്‍കിയുള്ള ഉദ്യോഗസ്ഥരുടെ ആദ്യ തീരുമാനവും പിന്നീടുണ്ടായ തിരുത്തല്‍ സാഹചര്യവും എസ്‌ഐടി വിശദമായി ചോദിച്ചറിയും. അസ്വാഭാവികതകളുണ്ടെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്യും. പ്രശാന്തിനെതിരേയും ഹൈക്കോടതി നിര്‍ണ്ണായക നിരീക്ഷണം നടത്തിയിട്ടുണ്ട്.
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ സ്മാര്‍ട്ട് ക്രിയേഷന്‍ സിഇഒ പങ്കജ് ഭണ്ഡാരിയെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) വീണ്ടും ചോദ്യം ചെയ്തിരുന്നു. പങ്കജ് ഭണ്ഡാരിയെയും രണ്ട് ജീവനക്കാരെയും ചോദ്യം ചെയ്തത് ഇന്നലെയാണ്. രാത്രിയോടെ ഇവരെ വിട്ടയച്ചു. ഇതിനൊപ്പമാണ് പി എസ് പ്രശാന്ത് പ്രസിഡന്റായ ബോര്‍ഡിലെ എല്ലാവരുടെയും മൊഴിയെടുക്കും. ദ്വാരപാലകപാളികള്‍ കൊണ്ടുപോകാന്‍ അനുമതി നല്‍കിയത് ബോര്‍ഡിന്റെ നിര്‍ദേശപ്രകാരമാണെന്നാണ് തന്ത്രിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കുന്നത്.
റിമാന്‍ഡില്‍ കഴിയുന്ന ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി, മുരാരി ബാബു എന്നിവരെ കൊല്ലം വിജിലന്‍സ് കോടതി രണ്ട് ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നു. ശബരിമല മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാറിന്റെ ജാമ്യഹര്‍ജി വിജിലന്‍സ് കോടതി ജഡ്ജി ഡോ. സി.എസ്.മോഹിത് തള്ളിയിട്ടുണ്ട്. മുരാരി ബാബുവിനെ ദ്വാരപാലക കേസിലും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ കട്ടിളപ്പാളി കേസിലുമാണ് കസ്റ്റഡിയില്‍ വിട്ടത്.
പുതുതായി ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാന്‍ ഇരുവരെയും കസ്റ്റഡിയില്‍ വേണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി നടപടി. മുരാരി ബാബുവിന്റെ ഫോണ്‍ എസ്‌ഐടി കസ്റ്റഡിയിലെടുത്തിരുന്നു. മുഖം തിരിച്ചറിഞ്ഞ് തുറക്കാന്‍ കഴിയുന്ന വിധത്തിലാണ് ഫോണ്‍ ലോക്ക് ചെയ്തിട്ടുള്ളത്. ഫോണ്‍ തുറന്ന് പരിശോധിക്കാനും മുരാരിബാബു കസ്റ്റഡിയില്‍ വേണം.
