കേരള സര്‍വ്വകലാശാലയില്‍ നിന്നും എല്‍എല്‍എമ്മില്‍ ഒന്നാം റാങ്ക്; എംജിയൂണിവേഴ്‌സിറ്റിയില്‍ നിന്നും കുസാറ്റില്‍ എത്തി; ഹൈക്കോടതി പോലും അംഗീകരിച്ച അധ്യാപന പരിചയ മികവ്; ഇനി ദൗത്യം ഹൈഫ സര്‍വകലാശാലയിലെ യുനെസ്‌കോ ചെയറില്‍; മന്ത്രി പി രാജീവിന്റെ ഭാര്യയെ തേടി അപൂര്‍വ്വ അംഗീകാരം; ഡോ വാണി കേസരി ഇനി ഇസ്രയേലില്‍ പഠിപ്പിക്കും
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ (കുസാറ്റ്) പ്രഫ. എന്‍.ആര്‍ മാധവ മേനോന്‍ ഇന്റര്‍ഡിസിപ്ലിനറി സെന്റര്‍ ഫോര്‍ റിസര്‍ച് എത്തിക്സ് ആന്‍ഡ് പ്രോട്ടോക്കോള്‍സിന്റെ (ഐസിആര്‍ഇപി) ഡയറക്ടര്‍ ഡോ. എ. വാണി കേസരിയെ തേടി അപൂര്‍വ്വ അംഗീകാരം. ഇസ്രായേല്‍ സര്‍വകലാശാല ഫാക്കല്‍റ്റി അംഗമായി വാണി കേസരിയെ തിരഞ്ഞെടുത്തു. ഇസ്രായേലിലെ ഹൈഫ സര്‍വകലാശാലയിലെ യുനെസ്‌കോ ചെയര്‍ ഇന്‍ ബയോ എത്തിക്സ് യൂണിറ്റിന്റെ ഫാക്കല്‍റ്റി അംഗമായാണ് ഡോ. എ. വാണിയുടെ നിയമനം. മന്ത്രി പി. രാജീവിന്റെ ഭാര്യയാണ്. മീഡിയാ വണ്ണാണ് ഈ സുപ്രധാന അംഗീകാരം റിപ്പോര്‍ട്ട് ചെയ്യുന്നത്.
മന്ത്രി പി രാജീവിന്റെ ഭാര്യ ഡോ. വാണി എ കേസരിയുടെ കുസാറ്റ് സര്‍വകലാശാലയിലെ നിയമനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും ശരിവച്ചത് മൂന്ന് കൊല്ലം മുമ്പാണ്. 2009 ല്‍ സര്‍വ്വകലാശാല അധ്യാപികയായി നിയമനം ലഭിച്ചത് നിയമാനുസൃതമാണന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഉദ്യോഗാര്‍ത്ഥിയായിരുന്ന ഡോ. സോണിയ കെ.ദാസ് സമര്‍പ്പിച്ച അപ്പീലാണ് ഡിവിഷന്‍ ബെഞ്ച് തള്ളിയത്. അന്ന് കുസാറ്റ് ലീഗല്‍ സ്റ്റഡീസ് ഡയറക്ടറായ വാണിയുടെ നിയമനത്തെച്ചൊല്ലിയായിരുന്നു പരാതി. എ.എല്‍.എം റാങ്ക് ജേതാവായ വാണി എം.ജി യൂണിവേഴ്‌സിറ്റി ലീഗല്‍ തോട്ടില്‍ അധ്യാപികയായിരിക്കെയാണ് കുസാറ്റില്‍ അധ്യാപികയായി നിയമിക്കപ്പെടുന്നത്. അധ്യാപനപരിജയവും യോഗ്യതയും കണക്കിലെടുത്താണ് സെലക്ഷന്‍ കമ്മറ്റി മാര്‍ക്ക് നല്‍കിയത് എന്നും നിയമനലിസ്റ്റില്‍ വാണി ഒന്നാം റാങ്ക് കാരിയാണെന്നും വിലയിരുത്തിയാണ് ഡിവിഷന്‍ ബെഞ്ച് നിയമനത്തിനെതിരായ അപ്പീല്‍ തള്ളിയത്.
വാണിക്ക് ഏഴ് വര്‍ഷത്തെ അധ്യാപന പരിജയമുള്ളപ്പോള്‍ അപ്പീല്‍ നല്‍കിയ വ്യക്തിക്ക് മൂന്ന് വര്‍ഷത്തിന്റെ മാത്രം അധ്യാപന പരിജയമാണെന്ന സര്‍വകലാശാലയുടെ വാദം കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു. യു.ജി.സി മാര്‍ഗനിര്‍ദേശപ്രകാരമല്ല സെലക്ഷന്‍ കമ്മറ്റി രൂപീകരിച്ചതെന്ന വാദം നിലനില്‍ക്കില്ല. സെലക്ഷന്‍ കമ്മറ്റിയുടെ രൂപീകരണത്തില്‍ ആര്‍ക്കും പരാതിയില്ലെന്ന് പറഞ്ഞാണ് കോടതി അപ്പീല്‍ തള്ളിയത്. അങ്ങനെ ഹൈക്കോടതിയില്‍ പോലും യോഗ്യതയിലൂടെ നിയമ പോരാട്ടം ജയിച്ച അധ്യാപികയാണ് വാണി കേസരി. കേരള സര്‍വകലാശാലയില്‍നിന്ന് എല്‍.എല്‍.എം റാങ്കോടെ പാസായ വാണി കേസരിക്ക് മികച്ച അധ്യാപന പരിചയമാണുള്ളത്. ഡോ. വാണി കേസരി 17 വര്‍ഷമായി കുസാറ്റില്‍ സേവനം അനുഷ്ഠിക്കുകയായിരുന്നു.
22 വര്‍ഷത്തെ അധ്യാപന പരിചയമുള്ള നിയമ അധ്യാപികയാണ് വാണി. കുസാറ്റിലെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ ബിരുദാനന്തര തലത്തില്‍ പഠിപ്പിക്കുന്നു. ഭരണഘടനാ നിയമം, മനുഷ്യാവകാശ നിയമം, മാനുഷിക നിയമം, ബയോ എത്തിക്‌സ് തുടങ്ങിയവയാണ് എന്റെ സ്‌പെഷ്യലൈസേഷന്‍ മേഖലകള്‍. സമുദ്ര നിയമം, ആരോഗ്യ നിയമം, അനന്തരാവകാശ നിയമം, തൊഴില്‍ നിയമം, പരിസ്ഥിതി നിയമം തുടങ്ങിയ വിവിധ നിയമ മേഖലകളിലാണ് കൂടുതല്‍ ശ്രദ്ധ. പ്രൊഫ. എന്‍.ആര്‍. മാധവ മേനോന്‍ ഇന്റര്‍ ഡിസിപ്ലിനറി സെന്റര്‍ ഫോര്‍ റിസര്‍ച്ച് എത്തിക്‌സ് ആന്‍ഡ് പ്രോട്ടോക്കോളുകളുടെ കോര്‍ഡിനേറ്ററായും പ്രവര്‍ത്തിക്കുകയാണ്.
മാസ്റ്റേഴ്‌സ് ഇന്‍ ബയോ എത്തിക്‌സ് (രണ്ട് വര്‍ഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം), അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ മെഡിക്കല്‍ ലോ, ക്ലിനിക്കല്‍ റിസര്‍ച്ച് ആന്‍ഡ് ബയോ എത്തിക്‌സ്, സ്റ്റാര്‍ട്ടപ്പുകളും ബിസിനസ് എത്തിക്‌സും സംബന്ധിച്ച നിയമത്തിലെ ഹ്രസ്വകാല പ്രോഗ്രാം, വ്യവഹാരത്തിന്റെയും ആര്‍ട്ട് ഓഫ് അഡ്വക്കസിയുടെയും അടിസ്ഥാനങ്ങളെക്കുറിച്ചുള്ള ഹ്രസ്വകാല പ്രോഗ്രാം എന്നിങ്ങനെ പല കോഴ്‌സുകളും കുസാറ്റില്‍ നടപ്പിലാക്കിയത് വാണിയുടെ നേതൃത്വത്തിലാണ്.