പോലീസിനെ കുറിച്ച് പരാതിയുണ്ടെങ്കില്‍ അറിയിക്കേണ്ടത് മുഖ്യമന്ത്രിയെ; അതിന് വിരുദ്ധമായുള്ള വാട്‌സാപ്പ് നമ്പര്‍ നല്‍കല്‍ ഭരണത്തെ കളിയാക്കല്‍; അന്‍വറിനെതിരെ സിപിഎം കടുത്ത അതൃപ്തിയില്‍

അന്‍വറിന്റെ വാട്‌സാപ്പ് പ്രസ്താവനയില്‍ മുഖ്യമന്ത്രിക്കും അതൃപ്തി

By :  Remesh
Update: 2024-09-07 02:24 GMT


മലപ്പുറം: സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും പ്രസ്ഥാനത്തെയും പിന്തുണച്ചും മുഖ്യമന്ത്രിയുടെ ഓഫീസിനെയും ആഭ്യന്തരവകുപ്പിനെയും ഭംഗ്യന്തരേണ തള്ളിപ്പറഞ്ഞുമുള്ള പി.വി. അന്‍വര്‍ എം.എല്‍.എ.യുടെ വെള്ളിയാഴ്ചത്തെ പ്രതികരണത്തില്‍ സിപിഎമ്മിന് അതൃപ്തി. പോലീസിനെതിരെ വാട്‌സാപ്പ് നമ്പര്‍ പുറത്തു വിട്ടതും പാര്‍ട്ടിയെ അലോസരപ്പെടുത്തുന്നുണ്ട്. കെടി ജലീലിന്റെ നീക്കം ശരിയല്ലെന്ന് സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞിരുന്നു. പിന്നാലെയുള്ള അന്‍വറിന്റെ വാട്‌സാപ്പ് നമ്പര്‍ വിടല്‍ പ്രകോപനമാണെന്നാണ് സിപിഎം നിരീക്ഷണം.

പോലീസിനെതിരെ പരാതി അറിയിക്കാനുള്ളവര്‍ക്ക് അക്കാര്യം തന്നെ 830 485 5901 എന്ന വാട്‌സ്ആപ്പ് നമ്പറില്‍ അറിയിക്കാമെന്നും അന്‍വര്‍ വ്യക്തമാക്കിയിരുന്നു. ഇതിനെ സമാന്തര സംവിധാനമായിട്ടാണ് സിപിഎം കാണുന്നത്. മുഖ്യമന്ത്രിയാണ് ആഭ്യന്തര മന്ത്രി. പോലീസിനെ നല്ല രീതിയില്‍ പിണറായി നയിക്കുന്നുണ്ട്. സിപിഎമ്മിന് തുടര്‍ഭരണം കിട്ടിയതില്‍ ഈ മികവും നിര്‍ണ്ണായകമാണ്. ഈ സാഹചര്യത്തില്‍ പോലീസിനെ വിശ്വസിക്കരുതെന്ന സന്ദേശം പൊതു ജനങ്ങള്‍ക്ക് നല്‍കാന്‍ വാട്‌സാപ്പ് നമ്പര്‍ സാഹചര്യമൊരുക്കും. പോലീസിനെ കുറിച്ച് പരാതിയുണ്ടെങ്കില്‍ അറിയിക്കേണ്ടത് മുഖ്യമന്ത്രിയെയാണെന്നാണ് സിപിഎം നിലപാട്. അന്‍വറിന്റെ ഈ പ്രഖ്യാപനത്തില്‍ മുഖ്യമന്ത്രിയും അസംതൃപ്തിയിലാണ്.

ഇന്നലെ വൈകുന്നേരം സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാധ്യമങ്ങളോടു സംസാരിച്ച് അല്പസമയത്തിനുശേഷമാണ് അന്‍വര്‍ മലപ്പുറം ഗസ്റ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരേ അന്‍വര്‍ പരാതി എഴുതിത്തന്നിട്ടില്ലെന്നും എഴുതിത്തന്നാല്‍ അന്വേഷിക്കുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞിരുന്നു. അദ്ദേഹം പറഞ്ഞത് ശരിയാണെന്നും പരാതി എഴുതിക്കൊടുത്തിട്ടില്ലെന്നും അന്‍വര്‍ പറഞ്ഞു. താന്‍ പാര്‍ട്ടി വേദികളിലോ പാര്‍ലമെന്ററി പാര്‍ട്ടിയിലോ പറയാതെ പൊതുവേദിയില്‍ ഇക്കാര്യങ്ങള്‍ ഉന്നയിച്ചത് ഒരു സ്വതന്ത്രന്‍ എന്നനിലയ്ക്കുള്ള സ്വാതന്ത്ര്യം ഉപയോഗിച്ചാണെന്ന് അന്‍വര്‍ വ്യക്തമാക്കിയിരുന്നു.

എ.ഡി.ജി.പി. അജിത്കുമാറിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് പരാതിയെഴുതിക്കൊടുത്താല്‍ മുഖ്യമന്ത്രി അത് വായിച്ചുനോക്കി നേരേ പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് കൊടുക്കും. അത് അവിടെയിരിക്കും. ഒരനക്കവുമുണ്ടാകില്ല. അതുകൊണ്ടാണ് പൊതുസമൂഹത്തോട് ഇക്കാര്യങ്ങള്‍ പറഞ്ഞത് -അന്‍വര്‍ വ്യക്തമാക്കി. ഇവിടെയാണ് സിപിഎമ്മിന് കൂടുതല്‍ അതൃപ്തി. മുഖ്യമന്ത്രിയെ പരിഹസിച്ച ഈ നിലപാട് സിപിഎം അംഗീകരിക്കില്ല. മുഖ്യമന്ത്രിയെക്കുറിച്ച് ആദരവോടെയും പ്രശംസിച്ചും സംസാരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമ്പോളും അദ്ദേഹത്തിന്റെ തൊട്ടുതാഴെയുള്ള പൊളിറ്റിക്കല്‍ സെക്രട്ടറി മുതലുള്ളവരെ വിമര്‍ശനമുനയില്‍ നിര്‍ത്തിയാണ് അന്‍വര്‍ സംസാരിച്ചത്. എന്നിട്ടും മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ട് കാര്യമുണ്ടോ എന്ന ചോദ്യം അന്‍വര്‍ ചര്‍ച്ചയാക്കി.

സോളാര്‍ തട്ടിപ്പുകേസില്‍ പ്രവര്‍ത്തകരെ തല്ലി മുട്ടുപൊട്ടിക്കുകയും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുകയും ചെയ്തതില്‍ എ.ഡി.ജി.പി. അജിത്കുമാറിനൊപ്പം ഒന്നുരണ്ടു പേര്‍ക്കുകൂടി പങ്കുണ്ടെന്നും അവരെക്കുറിച്ചുള്ള വിവരം കിട്ടിക്കഴിഞ്ഞാല്‍ രണ്ടുമൂന്നു ദിവസത്തിനകം പി. ശശിക്കെതിരേ പാര്‍ട്ടി സെക്രട്ടറിക്ക് പരാതി എഴുതിത്തന്നെ നല്‍കുമെന്നും അന്‍വര്‍ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയാല്‍ അദ്ദേഹമത് പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് കൈമാറുമെന്നും പിന്നീട് ആ പരാതിയില്‍ ഒരു ചുക്കും നടക്കില്ലെന്നുമുള്ള തന്റെ പ്രതികരണം മുഖ്യമന്ത്രിക്ക് അല്ലെന്നും അന്‍വര്‍ പറയുന്നുണ്ട്.

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇത്തരത്തില്‍ ഒരുപാട് അനുഭവമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കും നല്‍കിയ പരാതിയില്‍ പി. ശശിയുടെ പേര് പറഞ്ഞിട്ടില്ലെന്നും എന്നാല്‍ ഇനി പി. ശശിക്കെതിരെ വീണ്ടും ഇരുവര്‍ക്കും പരാതി നല്‍കുമെന്നാണ് വിശദീകരണം.

Tags:    

Similar News