'മുഖ്യമന്ത്രിക്ക് പരാതി നല്‍കിയാല്‍ പി ശശിക്ക് കൈമാറും; പിന്നെ ഒരു ചുക്കും നടക്കില്ല'; പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒരുപാട് അനുഭവമുണ്ടെന്ന് പിവി അന്‍വര്‍
'മുഖ്യമന്ത്രിക്ക് പരാതി നല്‍കിയാല്‍ പി ശശിക്ക് കൈമാറും; പിന്നെ ഒരു ചുക്കും നടക്കില്ല'
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി സി.പി.എം എം.എല്‍.എ പി.വി അന്‍വര്‍. മുഖ്യമന്ത്രി പരാതി നല്‍കിയാല്‍ അദ്ദേഹമത് പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് കൈമാറുമെന്നും പിന്നീട് ആ പരാതിയില്‍ ഒരു ചുക്കും നടക്കില്ലെന്നും പിവി അന്‍വര്‍ ആരോപിച്ചു. നിലമ്പൂരില്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് ഈ പ്രതികരണം.
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇത്തരത്തില്‍ ഒരുപാട് അനുഭവമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കും നല്‍കിയ പരാതിയില്‍ പി ശശിയുടെ പേര് പറഞ്ഞിട്ടില്ലെന്നും എന്നാല്‍ ഇനി പി ശശിക്കെതിരെ വീണ്ടും ഇരുവര്‍ക്കും പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പൊലീസുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങള്‍ക്കും ഉത്തരവാദിത്തം പൊളിറ്റിക്കല്‍ സെക്രട്ടറിക്കാണ്. ഏരിയാ സെക്രട്ടറിമാരടക്കം ഒരു വിഷയത്തിലും ഇടപെടാന്‍ കഴിയാത്ത അവസ്ഥ പൊളിറ്റിക്കല്‍ സെക്രട്ടറി ഉണ്ടാക്കിയെന്നും അന്‍വര്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
താന്‍ നല്‍കിയ പരാതിയില്‍ പി ശശിയുടെ പേരില്ലെന്ന് എംവി ഗോവിന്ദന്‍ മാഷ് പറഞ്ഞത് ശരിയാണ്. സി.പി.എം പാര്‍ലമെന്റിറി യോഗം ഇനി അടുത്ത നിയമസഭ യോഗത്തിനു മുന്‍പ് മാത്രമേ നടക്കൂ. അതുവരെ കാത്തിരിക്കാനാവില്ല എന്നത് കൊണ്ടാണ് താന്‍ പരസ്യമായി ഇക്കാര്യങ്ങള്‍ പറഞ്ഞതും ഇരുവര്‍ക്കും പരാതി നല്‍കിയതും. ഈ പോക്ക് പോയാല്‍ ഇനി താന്‍ ഉന്നയിച്ച പരാതികളില്‍ വനിതാ പൊലീസ് അന്വേഷണ സംഘം തന്നെ വേണമെന്നും പിവി അന്‍വര്‍ ആവശ്യപ്പെട്ടു.
പൊലീസിനെതിരെ പരാതി അറിയിക്കാനുള്ളവര്‍ക്ക് അക്കാര്യം തന്നെ 8304855901 എന്ന വാട്‌സ്ആപ്പ് നമ്പറില്‍ അറിയിക്കാം. താന്‍ നല്‍കിയ പരാതികള്‍ അന്വേഷിക്കാന്‍ പൊലീസിലെ നല്ല ആണ്‍കുട്ടികള്‍ തന്നെ വരണം. തന്റെ പക്കലുള്ള എല്ലാ തെളിവും അന്വേഷണ സംഘത്തിന് നല്‍കും. നാളെ ഡിഐജി തന്നോട് തെളിവുകളുമായി മൊഴിയെടുക്കാന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു സ്വാധീനവും ഈ അന്വേഷണത്തില്‍ നടക്കില്ലെന്നും പിവി അന്‍വര്‍ പറഞ്ഞു.
ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘം ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്തത് നടപടിയുടെ ആദ്യ സൂചനയാണ്. അതുകൊണ്ടുതന്നെ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിക്കുന്നുവെന്നും അന്‍വര്‍ പറഞ്ഞു.
തന്റെ പരാതിയില്‍ പറയുന്ന പ്രധാന കാര്യം സ്വര്‍ണക്കള്ളക്കടത്തും പൊലീസിലെ ക്രിമിനലുകളെയും കുറിച്ചാണ്. ഇക്കാര്യം വാര്‍ത്താസമ്മേളനത്തിലും സൂചിപ്പിച്ചതാണ്. നാളെ തൃശൂര്‍ ഡിഐജി മൊഴിയെടുക്കും. അന്വേഷണത്തില്‍ നീതി ലഭിക്കും എന്നാണ് പ്രതീക്ഷ. പൊലീസില്‍ പുഴുക്കുത്തുകളുണ്ട്. തൃശൂര്‍ ഡിഐജി നല്ല ഉദ്യോഗസ്ഥന്‍ എന്നാണ് മനസിലാക്കുന്നത്. സത്യസന്ധമായ അന്വേഷണം നടക്കും എന്നാണ് പ്രതീക്ഷ. ഐജി നേരിട്ട് കേസ് അന്വേഷിക്കുന്നത് നല്ല കാര്യമാണ്. കേസ് വഴിതിരിച്ചുവിടാനുള്ള സാധ്യത മുന്‍കൂട്ടി കാണുന്നുവെന്നും അന്‍വര്‍ പറഞ്ഞു.