അടുത്ത ദിവസത്തെ പരീക്ഷയ്ക്ക് വരാന്‍ സാധ്യതയുള്ള ചോദ്യങ്ങളായി കുട്ടികളുടെ ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെടുന്നത് ഓണ്‍ലൈന്‍ ചാനല്‍ ചര്‍ച്ചകളുടെ ഭാഗം; ചോദ്യ നമ്പർ അടക്കം കാട്ടിയുള്ള പ്രവചനം ചോദ്യ ചോര്‍ച്ചയില്‍ തെളിവായി; ശിവന്‍കുട്ടിയുടെ 'ചോദ്യങ്ങള്‍ ചോരുന്നത്' ഉദ്യോഗസ്ഥ മാഫിയയുടെ അറിവോടെ? വിദ്യാഭ്യാസത്തിലെ കേരളാ മോഡല്‍ തകരുമ്പോള്‍
വൈശാഖ് സത്യന്‍
കോഴിക്കോട്: സംസ്ഥാനത്തെ സ്കൂൾ പരീക്ഷകളുടെ ചോദ്യക്കടലാസുകൾ ചോർന്ന സംഭവത്തിൽ ഗുരുതര ക്രമക്കേടുകളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ രണ്ട് വർഷമായി ചോദ്യക്കടലാസുകൾ ചോർന്നതായി ആരോപണം ശക്തമായിരുന്നു. പ്ലസ് വണ്ണിലെ കണക്ക് പരീക്ഷയുടേയും എസ്എസ്എൽസി പരീക്ഷയിൽ ഇംഗ്ലീഷിന്‍റെയും ക്രിസമസ് പരീക്ഷ ചോദ്യ പേപ്പറുകള്‍ ചോർന്നത് വിദ്യാഭ്യാസ മന്ത്രി സ്ഥിരീകിരിച്ചു. ചോദ്യ പേപ്പറുകൾ ചോർത്തുന്നതിനായി വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരടങ്ങുന്ന റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നതായാണ് സംശയം ഉയരുന്നത്. മലപ്പുറം ജില്ലയിൽ പത്താം ക്ലാസ്സിലെ കഴിഞ്ഞ പാദവാർഷിക പരീക്ഷയുടെ ചോദ്യപേപ്പറുകൾ സോഷ്യൽ മീഡിയയിലൂടെ തലേന്ന് തന്നെ കുട്ടികൾക്ക് ലഭിച്ചിരുന്നു. ഓൺലൈൻ വിദ്യാഭ്യാസ ചാനലിലൂടെ ഒട്ടുമിക്ക ചോദ്യങ്ങളും ക്രമം തെറ്റാതെ പുറത്തായെന്നാണു ആരോപണം.
ഇത് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ അറിയാതെ സംഭിവിക്കില്ലെന്ന് അധ്യാപകർ തന്നെ വ്യക്തമാക്കുന്നു. അടുത്ത ദിവസത്തെ പരീക്ഷയ്ക്കു വരാൻ സാധ്യതയുള്ള ചോദ്യങ്ങൾ എന്ന പേരിലാണ് വിഡിയോ പോസ്റ്റ് ചെയ്യുന്നത്. ഈ ചോദ്യങ്ങൾ അതേപോലെ തന്നെ ചോദ്യക്കടലാസുകളിൽ വരുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിലും ഗുരുതര വീഴ്ച സംഭവിച്ചതായി പറയുന്നുണ്ട്. ചോദ്യ പേപ്പറുകൾ ചോർത്തുന്ന റാക്കറ്റ് ഉണ്ടെന്ന സംശയവും റിപ്പോർട്ടിൽ പറയുന്നുണ്ട്. അതേസമയം, സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ട് വരുമെന്നും പരീക്ഷ പേപ്പർ ചോർച്ചയിൽ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
സ്കൂൾ പരീക്ഷകളുടെ ചോദ്യക്കടലാസുകൾ ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം ചോർത്തുന്നതായി വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. തുടർന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസിൽനിന്നു സർക്കാരിനു കത്തു നൽകി. ചോദ്യകടലാസുകൾ നേരത്തെ ലഭിക്കുന്നതിനാൽ കുട്ടികളുടെ പഠന നിലവാരത്തെ തന്നെ ബാധിക്കുന്നതായി അധ്യാപക സംഘടനകൾ അടക്കം ആരോപിച്ചിരുന്നു. വിവരാവകാശ നിയമപ്രകാരമാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടത്.
പല വിഷയങ്ങളുടെയും ചോദ്യ പേപ്പറുകൾ ഓൺലൈൻ വിദ്യാഭ്യാസ പോർട്ടലുകൾക്ക് ലഭിക്കുന്നതായാണ് വിദ്യാഭ്യാസ വകുപ്പിന് പരാതി ലഭിച്ചിരുന്നത്. പരീക്ഷ നടക്കുന്നതിനു തലേദിവസം ഓൺലൈൻ വിദ്യാഭ്യാസ ചാനലിലൂടെ ഒട്ടുമിക്ക ചോദ്യങ്ങളും ക്രമം തെറ്റാതെ പുറത്തായെന്നാണു പരാതിയിൽ പറയുന്നത്. ഇത്തരത്തിൽ നിരവധി ചാനലുകൾ ഓൺലൈനായി പ്രവർത്തിക്കുന്നു എന്നാണ് ആരോപണം. വരാനിരിക്കുന്ന പരീക്ഷകളുടെ ചോദ്യങ്ങൾ പ്രവചിക്കുമ്പോൾ അതിൽ ഒട്ടു മിക്ക ചോദ്യങ്ങളും ക്രമം പോലും തെറ്റാതെ ചോദ്യപേപ്പറുകളിൽ വരുന്നുണ്ടെങ്കിൽ അത് ചോദ്യപേപ്പറുകൾ ചോർന്നത് കൊണ്ട് മാത്രമാണെന്നാണ് അധ്യാപകർ ആരോപിക്കുന്നത്.
അതേസമയം, മലപ്പുറം ജില്ലയിൽ പത്താം ക്ലാസ്സിലെ കഴിഞ്ഞ പാദവാർഷിക പരീക്ഷയുടെയും രണ്ടാം പാദ വാർഷിക പരീക്ഷയുടെയും ചോദ്യങ്ങൾ ഓൺലൈൻ ചാനലുകൾ വഴി ചോർന്നിരുന്നു. പതിനായിരക്കണക്കിനു പേരാണ് ഈ വിഡിയോകൾ കണ്ടത്. ചോദ്യപേപ്പറുകൾ എങ്ങനെ ഓൺലൈൻ ചാനലുകൾക്ക് ലഭിച്ചു എന്നു അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച പരാതിയിലായിരുന്നു വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തി റിപ്പോർട്ട് പുറത്ത് വിട്ടത്.
ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചോദ്യക്കടലാസുകൾ ഓൺലൈൻ സ്ഥാപനങ്ങൾക്കു ചോർത്തിക്കൊടുക്കുന്ന റാക്കറ്റ് പ്രവർത്തിക്കുന്നതായി സംശയിക്കുന്നുവെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സ്കൂളുകളിൽ നിന്നല്ല ചോരുന്നത്. സൈബർ ക്രൈം ആകാനുള്ള സാധ്യത കൂടി പരിശോധിക്കണം. വിദ്യാഭ്യാസ ഓഫിസർമാർ നടത്തുന്ന അന്വേഷണങ്ങൾക്കു പരിമിതിയുണ്ട്. ഇക്കാര്യത്തിൽ ക്രൈംബ്രാഞ്ചിനെക്കൊണ്ട് സമഗ്രമായ അന്വേഷണം നടത്തിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ ശുപാർശ ചെയ്തിരുന്നു.