നരേന്ദ്ര മോദിയോട് എനിക്ക് വിദ്വേഷില്ല; അദ്ദേഹം ശത്രുവല്ല; അദ്ദേഹത്തിന്റെ ആശയത്തോടാണ് എതിര്‍പ്പ്; 'കൂട്ടിയോജിപ്പ് ലയിപ്പിക്കുക' എന്നതാണ് ഇന്ത്യയുടെ അടിസ്ഥാന ആശയമെന്ന് രാഹുല്‍ ഗാന്ധി

'മോദിയോട് എനിക്ക് വിദ്വേഷമൊന്നുമില്ല. എന്റേതില്‍നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടാണ് അദ്ദേഹത്തിന്റേത്'

Update: 2024-09-10 06:30 GMT

വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെറുക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനോടാണ് തനിക്ക് വിയോജിപ്പെന്നും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി വാഷിങ്ടണ്‍ ഡി.സിയിലെ ജോര്‍ജ് ടൗണ്‍ യൂനിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കവെയാണ് രാഹുല്‍ മോദിയെ കുറിച്ച് തുറന്നു പറഞ്ഞത്.

'മോദിയോട് എനിക്ക് വിദ്വേഷമൊന്നുമില്ല. എന്റേതില്‍നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടാണ് അദ്ദേഹത്തിന്റേത്. അതിനോട് ഞാന്‍ വിയോജിക്കുന്നു, എന്നാല്‍ അദ്ദേഹത്തെ വെറുക്കുന്നില്ല. അദ്ദേഹം എന്റെ ശത്രുവല്ല. അദ്ദേഹത്തിനൊരു കാഴ്ചപ്പാട്, എനിക്ക് മറ്റൊരു ആശയം. അദ്ദേഹം ചെയ്യുന്നതിനോട് എനിക്ക് സഹാനുഭൂതിയും അനുകമ്പയുമാണുള്ളത്', രാഹുല്‍ പറഞ്ഞു.

'കൂട്ടിയോജിപ്പ് ലയിപ്പിക്കുക' എന്നതാണ് ഇന്ത്യയുടെ അടിസ്ഥാന ആശയമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യയെ വേര്‍തിരിച്ച് കാണുക എന്ന തെറ്റിദ്ധാരണയാണ് ബി.ജെ.പിക്കും ആര്‍.എസ്.എസിനുമുള്ളതെന്നും അദ്ദേഹം പറഞ്ഞു. 'ഭാഷകള്‍, പാരമ്പര്യങ്ങള്‍, ചരിത്രങ്ങള്‍, മതം അടക്കമുള്ളവ കൂടിച്ചേര്‍ന്നതാണ് ഇന്ത്യയുടെ ഹൃദയം. നിങ്ങള്‍ ഇവിടെ ഉച്ചഭക്ഷണം കഴിക്കുമ്പോള്‍ ആദ്യ കോഴ്സ്, രണ്ടാമത്തെ കോഴ്സ് എന്നിങ്ങനെയാണ്, ഞങ്ങള്‍ക്ക് അതില്ല. ഞങ്ങള്‍ക്ക് ഒരു താലി ലഭിക്കും, അതില്‍ എല്ലാം ഉണ്ടായിരിക്കും, അതൊരു കൂട്ടമാണ്. എല്ലാ ഭക്ഷണത്തിനും ഒരേ മൂല്യമുണ്ട്. കൂട്ടിയോജിപ്പിന്റെയും ലയിപ്പിക്കലിന്റെയും ആശയമാണ് ഇന്ത്യയിലുള്ളത്' -രാഹുല്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യക്കാര്‍ ആരാധനാലയങ്ങളില്‍ പോകുമ്പോള്‍, അവര്‍ അവരുടെ ദൈവവുമായി ലയിച്ചു ചേരുന്നു. ഇതാണ് ഇന്ത്യയുടെ സ്വഭാവം. ഇന്ത്യ മൊത്തത്തില്‍ വേറിട്ട കാര്യങ്ങളുടെ കൂട്ടമാണെന്ന് ബി.ജെ.പി.ക്കും ആര്‍.എസ്.എസിനുമുള്ള തെറ്റിദ്ധാരണ. അത് നമുക്ക് ആവശ്യമില്ല. ഒന്നും പുനര്‍നിര്‍വചിക്കേണ്ടതില്ലെന്നും എല്ലാം ഇന്ത്യയിലുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

'മുഹബത് കി ദുകാന്‍' എന്ന മുദ്രാവാക്യം ചൂണ്ടിക്കാട്ടി 'സ്‌നേഹം' എന്ന ആശയത്തെ കുറിച്ചുള്ള ചോദ്യത്തോടും രാഹുല്‍ പ്രതികരിച്ചു. 'രാഷ്ട്രീയത്തിലെ കാര്യങ്ങളാണ് ഏറ്റവും രസകരം. നിങ്ങള്‍ ഒരു വ്യക്തിയോട് ആക്രോശിക്കുന്നു, ആ വ്യക്തി നിങ്ങളോട് തിരിച്ചും ആക്രോശിക്കുന്നു, എന്നിട്ട് നിങ്ങള്‍ അയാളെ അധിക്ഷേപിക്കുന്നു, നിങ്ങളെ അയാളും തിരിച്ച് അധിക്ഷേപിക്കുന്നു. ഇത് വിരസമായ കാര്യമാണ്' -രാഹുല്‍ ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് പാര്‍ട്ടിയും പ്രതിപക്ഷവും രണ്ട് പ്രധാന വെല്ലുവിളികളാണ് നേരിടുന്നത്. ആദ്യം തെരഞ്ഞെടുപ്പില്‍ മത്സരിക്കുക, രണ്ടാമത്തേത് ബി.ജെ.പിയും ആര്‍.എസ്.എസും സൃഷ്ടിച്ച 'തകര്‍ച്ച' പരിഹരിക്കുക എന്നതാണ് അവ. ബി.ജെ.പിക്കെതിരായ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ വിജയിക്കുമെന്ന വിശ്വാസമുണ്ട്. അടുത്ത മാസങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളിലും നമ്മള്‍ വിജയിക്കും.

ബി.ജെ.പിയും ആര്‍.എസ്.എസും നമ്മുടെ സ്ഥാപനങ്ങള്‍ക്ക് വരുത്തുവെച്ച നാശനഷ്ടങ്ങള്‍ ഇല്ലാതാക്കുക എന്നത് വളരെ പ്രാധാന്യമുള്ള വിഷയമാണ്. അത് അത്ര എളുപ്പത്തിലും ലളിതമായും പരിഹരിക്കപ്പെടാന്‍ പോകുന്നില്ല. ഇരുപതിലധികം കേസുകള്‍ തനിക്കെതിരെ ഉണ്ട്. അന്വേഷണ ഏജന്‍സികള്‍, നിയമസംവിധാനം അടക്കം നിരവധി മാര്‍ഗങ്ങള്‍ ഉപയോഗിച്ച് പ്രതിപക്ഷത്തെ ആക്രമിക്കുന്നത് അവര്‍ തുടരുകയാണ്. സ്ഥാപനങ്ങളെ നിഷ്പക്ഷമാക്കുക എന്നതാണ് യഥാര്‍ഥ വെല്ലുവിളിയെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സ്വതന്ത്രമായിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'കടുത്ത നിയന്ത്രണങ്ങളോടെയുള്ള തിരഞ്ഞെടുപ്പായാണ് ഞാന്‍ കാണുന്നത്. നീതിയുക്തമായ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. 240 സീറ്റിനടുത്ത് എത്തുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോദി മാനസികസംഘര്‍ഷം അനുഭവിക്കുന്നുണ്ട്. ഗുജറാത്തില്‍ നീണ്ടകാലം അധികാരത്തിലിരുന്ന അദ്ദേഹം വീഴ്ച അറിഞ്ഞിട്ടില്ല. പ്രധാനമന്ത്രി സ്ഥാനത്തും അദ്ദേഹത്തിന് പരാജയം അറിയേണ്ടി വന്നിട്ടില്ല. എന്നാല്‍, പെട്ടന്നാണ് ആ ആശയം തകരാന്‍ തുടങ്ങിയത്. ദൈവത്തോട് നേരിട്ട് താന്‍ സംവദിക്കുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ട ആ നിമിഷം മുതല്‍ അദ്ദേഹം തകര്‍ന്നുവെന്ന് തങ്ങള്‍ക്ക് മനസിലായെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News