'രാഹുല്‍ കോഴിയാണെന്ന് പണ്ടേ അറിയാം, സാരി ഫോട്ടോയ്ക്ക് വന്നത് മോശം മെസേജ്'; ചാറ്റ് പുറത്തുവിടാന്‍ ഷഹനാസിന്റെ വെല്ലുവിളി! ഡിജിപിക്ക് പരാതിയും വക്കീല്‍ നോട്ടീസുമായി രാഹുല്‍ മാങ്കൂട്ടത്തില്‍; 'കൊടുക്കെടാ കേസെന്ന്' ഷഹനാസും; പാലക്കാട് എംഎല്‍എയും എഴുത്തുകാരിയും തമ്മില്‍ തുറന്ന യുദ്ധം
ഡിജിപിക്ക് പരാതിയും വക്കീല്‍ നോട്ടീസുമായി രാഹുല്‍ മാങ്കൂട്ടത്തില്‍;
കോഴിക്കോട്: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതരമായ വ്യക്തിപരമായ ആരോപണങ്ങളുമായി കോണ്‍ഗ്രസ് സഹയാത്രികയും എഴുത്തുകാരിയുമായ എം.എ. ഷഹനാസ് രംഗത്തെത്തിയതോടെ വീണ്ടും നിയമപോരാട്ടത്തിലേക്ക്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു 'ലൈംഗിക വൈകൃതമുള്ള വ്യക്തി'യാണെന്നും സ്ത്രീകളെ മാനിപുലേറ്റ് ചെയ്യുന്നതില്‍ വിദഗ്ധനാണെന്നും ഷഹനാസ് ആരോപിച്ചപ്പോള്‍, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഷഹനാസിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയതായും രാഹുലിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. ഇന്ന് തന്നെ വക്കീല്‍ നോട്ടീസ് അയക്കും.
മാനനഷ്ടത്തിന് കോടതി മുഖേന നിയമനടപടികള്‍ ഉണ്ടാകുമെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി. കര്‍ഷക സമരത്തിന്റെ ഭാഗമായി ക്ഷണിച്ചെന്നത് വസ്തുതാ വിരുദ്ധമാണ് സാരി ഉടുത്തതുമായി ബന്ധപ്പെട്ട് പറഞ്ഞതും അടിസ്ഥാനരഹിതം. ഷഹനാസിനെതിരെ കേസെടുക്കണം. ഗൂഢാലോചന നടന്നോയെന്ന് അന്വേഷിക്കണമെന്നും രാഹുല്‍ പരാതിയില്‍ ആവശ്യപ്പെട്ടു.
രാഹുല്‍ ഡിജിപി ക്ക് നല്‍കിയ പരാതിയിലെ ആവശ്യങ്ങള്‍ ഇവയാണ്: ഷഹനാസിനെതിരെ കേസെടുക്കണം, ഷഹനാസിന്റെ ആരോപണങ്ങളിലെ ഗൂഢാലോചന അന്വേഷിക്കണം, ഗൂഢാലോചന നടത്തിയ മറ്റുള്ളവര്‍ക്കെതിരെ കേസെടുക്കണം, ഷഹനാസുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ കണ്ടുകെട്ടണം, കൂടുതല്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ വരുന്നത് തടയണം എന്നിവയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പരാതിയിലെ ആവശ്യങ്ങള്‍.
ഷഹനാസിന്റെ വെടിപൊട്ടിക്കല്‍
കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുലിനെതിരെ അതിരൂക്ഷമായ ഭാഷയിലാണ് ഷഹനാസ് പ്രതികരിച്ചത്. രാഹുലും താനുമായും ഒരു സൗഹൃദവും ഇല്ലെന്നും തമ്മില്‍ ഒരു സെല്‍ഫി പോലും എടുത്തിട്ടില്ലെന്നും എം.എ. ഷഹനാസ് കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തനിക്കെതിരെ ആരോപണമുന്നയിച്ച ഷഹനാസ് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാനടക്കം തന്നെ ക്ഷണിച്ചിരുന്നുവെന്ന രാഹുലിന്റെ പരാമര്‍ശം കള്ളമാണെന്നും അവര്‍ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന കോഴിയെ തിരിച്ചറിയാന്‍ ഒരു സ്ത്രീയ്ക്കും ഒരു ബുദ്ധിമുട്ടുമില്ല, എനിക്ക് കാണണമെന്ന് പറഞ്ഞ് ലിറ്ററേച്ചര്‍ ഫെസ്റ്റ് നടത്താന്‍ അവന്‍ നിരന്തരം എന്നോട് ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നുവെന്ന് ഷഹനാസ് തുറന്നടിച്ചു. രാഹുല്‍ മാങ്കൂട്ടം ഒരു 'കോഴി' ആണെന്ന് എനിക്ക് പണ്ടേ അറിയാം. രാഹുല്‍ ആരോപിച്ച വിഷയങ്ങളില്‍ അഴിഞ്ഞു വീഴാനുള്ള ഒന്നും തനിക്കില്ല. രാഹുലിന്റെ മുഖത്ത് നോക്കി സംസാരിക്കാനുള്ള ആര്‍ജവം തനിക്കുണ്ടെന്നും പരസ്യ സംവാദത്തിന് വെല്ലുവിളിക്കുകയാണ്. രാഹുലിന് എന്റെ മുന്നിലിരിക്കാന്‍ ധൈര്യമുണ്ടോ? രാഹുലിന്റെ വീട്ടില്‍ വന്ന് സംസാരിക്കാന്‍ ഞാന്‍ തയ്യാറാണ്- എം.എ. ഷഹനാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രാഹുലിനെതിരെ ആദ്യ പരാതി വന്നപ്പോള്‍ മാനനഷ്ടത്തിന് കേസ് കൊടുക്കണമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ എന്തിന് നിയമനടപടിയെ ഭയക്കണം എന്നാണ് ചോദിച്ചത്. രാഹുല്‍ മാങ്കൂട്ടം എന്ന കോഴിയെ നിര്‍ത്തേണ്ട സ്ഥലത്ത് നിര്‍ത്തിയിട്ടുള്ള വ്യക്തിയാണ് താനെന്നും എന്റെ ഫോണ്‍ വച്ച് ഏത് പരിശോധനകള്‍ക്കും തയ്യാറാണെന്നും ഷഹനാസ് പറഞ്ഞു. രാഹുലിന് ധൈര്യമുണ്ടോ ഫോണ്‍ കാണിക്കാന്‍? നേരിട്ട് കാണണമെന്ന് പറഞ്ഞു രാഹുല്‍ എനിക്ക് മെസേജ് അയച്ചിട്ടുണ്ട്. കോഴിത്തരം എന്നോട് കാണിച്ചിട്ടുണ്ട്. ധൈര്യം ഉണ്ടെങ്കില്‍ രാഹുല്‍ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തുവിടട്ടെ, എന്റെ സോഷ്യല്‍ മീഡിയ സ്റ്റോറികള്‍ക്ക് രാഹുല്‍ അയച്ച മറുപടികള്‍ ഇന്‍ബോക്‌സില്‍ കാണാം'-ഷഹനാസ് വെല്ലുവിളിച്ചു.
താന്‍ സാരി ഉടുത്തു ഇന്‍സ്റ്റാഗ്രാമില്‍ ഇട്ട ഫോട്ടോയ്ക്ക് കമന്റ് ബോക്‌സില്‍ വന്ന് രാഹുല്‍ മോശം മെസേജ് അയച്ചിട്ടുണ്ടെന്നും ഷഹനാസ് പറഞ്ഞു. അതിന് നല്ല മറുപടി കൊടുത്തിട്ടുമുണ്ട്. എന്റെ ഫോണ്‍ വര്‍ഷങ്ങളായി ഉപയോഗിക്കുന്നത് ആണ്. പരിശോധനയ്ക്ക് വിധേയമാക്കാന്‍ തയ്യാറാണ്. രാഹുല്‍ എന്ന കോഴി സുഹൃത്താണ് എന്ന് പറയുന്നത് എനിക്ക് നാണക്കേടുണ്ട്.
എന്റെ സുഹൃത്തല്ല, രാഹുല്‍ പറയുന്നത് കള്ളം മാത്രമാണ്. ഷഹനാസ് പറഞ്ഞു. ഞാന്‍ ഇപ്പോഴും പാര്‍ട്ടിയുടെ ഭാഗമാണ്. തന്നോട് ഇപ്പോഴും ഒരു മുതിര്‍ന്ന നേതാവും വിശദീകരണം ചോദിച്ചിട്ടില്ല. കുടുംബത്തിലെ ഒരാള്‍ തെറ്റ് ചെയ്താലും താന്‍ ഇരയ്‌ക്കൊപ്പമാകും നിലയുറക്കുക. തുറന്ന് പറയലുകള്‍ ഒരു അജണ്ടയുടേയും ഭാഗമല്ലെന്നും ഷഹനാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രാഹുലിന്റെ സ്വഭാവത്തെക്കുറിച്ച് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവിനും ധാരണയുണ്ടെന്നും ഷാഫി പറമ്പിലിനോട് താന്‍ ഇക്കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നതായും ഷഹനാസ് അവകാശപ്പെടുന്നു. എന്നാല്‍ ആരോപണങ്ങള്‍ രാഹുലിന്റെ രാഷ്ട്രീയ ഭാവിയെ തകര്‍ക്കാന്‍ എതിരാളികള്‍ പടച്ചുവിട്ടതാണെന്നാണ് രാഹുല്‍ പക്ഷത്തിന്റെ നിലപാട്.
