'അമ്മയുടെ വീട്ടില്‍ പോയാല്‍ അവര്‍ കൊല്ലും അച്ഛാ, എനിക്ക് അങ്ങോട്ട് പോകണ്ട': മൂത്തകുട്ടി ഹിമയുടെ വാക്കുകള്‍ ഓര്‍ത്തെടുത്ത് കരഞ്ഞ് കലാധരന്റെ ബന്ധുക്കള്‍; കുഞ്ഞുങ്ങള്‍ക്ക് അച്ഛനൊപ്പം നില്‍ക്കാന്‍ താല്‍പര്യമെങ്കിലും കോടതിവിധി എതിരായതോടെ അതീവസമ്മര്‍ദ്ദത്തിലായി; രാമന്തളിയെ നടുക്കിയ കൂട്ട ആത്മഹത്യക്ക് പിന്നില്‍
; രാന്തളിയെ നടുക്കിയ കൂട്ട ആത്മഹത്യക്ക് പിന്നില്‍
കണ്ണൂര്‍: രാമന്തളിയില്‍ കൊച്ചുമക്കള്‍ക്ക് വിഷം നല്‍കിയ ശേഷം അമ്മയും മകനും ജീവനൊടുക്കിയ സംഭവത്തിലേക്ക് നയിച്ചത് കുടുംബപ്രശ്‌നങ്ങള്‍. കുട്ടികളെ ഭാര്യക്ക് വിട്ടുകൊടുക്കാന്‍, കോടതി വിധി വന്നതോടെ, അതീവ സമ്മര്‍ദ്ദത്തിലായിരുന്നു കെ.ടി.കലാധരന്‍. കലാധരന്റെ അമ്മ ഉഷ (60), കലാധരന്റെ മക്കളായ ഹിമ (അഞ്ച്), കണ്ണന്‍ (രണ്ട്) എന്നിവരാണ് മരിച്ചത്. മുതിര്‍ന്നവര്‍ രണ്ടുപേരും തൂങ്ങിമരിച്ച നിലയിലും കുട്ടികള്‍ തറയില്‍ കിടക്കുന്ന നിലയിലുമായിരുന്നു.തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം പുറംലോകമറിയുന്നത്.
നിയമപോരാട്ടത്തിനൊടുവില്‍ ദുരന്തം
ദാമ്പത്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കലാധരനും ഭാര്യയും തമ്മില്‍ അകന്നുകഴിയുകയായിരുന്നു. കേസും കൂട്ടവുമായതോടെ കലാധരന്‍ ആകെ വിഷമത്തിലായിരുന്നു. അതിനുപുറമേ കുട്ടികളെ ഭാര്യയ്‌ക്കൊപ്പം വിട്ടയയ്ക്കാന്‍ കോടതി വിധിച്ചതോടെ, ആകെ പ്രതിസന്ധിയായി. കുട്ടികള്‍ക്ക് അമ്മയുടെ വീട്ടില്‍ പോകാന്‍ താല്പര്യമില്ലായിരുന്നുവെന്ന് കലാധരന്റെ ബന്ധുവായ ബാലു മാധ്യമങ്ങളോട് പറഞ്ഞു. 'അമ്മയുടെ വീട്ടില്‍ പോയാല്‍ അവര്‍ കൊല്ലും അച്ഛാ, എനിക്ക് അങ്ങോട്ട് പോകണ്ട' എന്ന് മകള്‍ ഹിമ പറഞ്ഞിരുന്നതായി ബന്ധു വെളിപ്പെടുത്തി. അമ്മയുടെ വീട്ടില്‍ കുട്ടികള്‍ക്ക് കൃത്യമായി ഭക്ഷണവും വസ്ത്രവും ലഭിച്ചിരുന്നില്ലെന്നും, അച്ഛനൊപ്പം നില്‍ക്കാനായിരുന്നു അവര്‍ക്ക് താല്പര്യമെന്നും ബന്ധുക്കള്‍ പറയുന്നു. കലാധരനെയും മക്കളെയും ഭാര്യ നിരന്തരം ബുദ്ധിമുട്ടിച്ചിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. മക്കളെ അമ്മയ്ക്കൊപ്പം വിട്ടുനല്‍കണമെന്ന കോടതി ഉത്തരവ് കലാധരനെ മാനസികമായി തകര്‍ത്തിരുന്നതായി സംശയിക്കുന്നു.
മരണം പുറത്തറിഞ്ഞത് ഇങ്ങനെ
ഓട്ടോ ഡ്രൈവറായ ഉഷയുടെ ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണന്‍ ജോലി കഴിഞ്ഞ് ഒമ്പത് മണിയോടെ വീട്ടിലെത്തിയപ്പോഴാണ് വീട് അകത്തുനിന്ന് പൂട്ടിയ നിലയില്‍ കണ്ടത്. സിറ്റൗട്ടില്‍ നിന്ന് ഒരു ആത്മഹത്യാക്കുറിപ്പ് ലഭിച്ചതോടെ അദ്ദേഹം ഉടന്‍ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസെത്തി വീടിന്റെ വാതില്‍ തകര്‍ത്ത് ഉള്ളില്‍ കടന്നപ്പോഴാണ് നാലുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
കലാധരനും ഉഷയും, കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു. ഹിമയും കണ്ണനും, മുറിയിലെ തറയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം മുതിര്‍ന്നവര്‍ തൂങ്ങിമരിച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം. മുറിയിലെ മേശയില്‍ മദ്യക്കുപ്പിയും കീടനാശിനിയുടെ കുപ്പിയും മുറിയില്‍ കുപ്പിയില്‍ പാലും പൊലീസ് കണ്ടെത്തിയിരുന്നു. പാലില്‍ കീടനാശിനി കലര്‍ത്തി കുട്ടികള്‍ക്ക് നല്‍കിയെന്നാണ് പൊലീസിന്റെ സംശയം.
കൂട്ട ആത്മഹത്യയുടെ നടുക്കത്തിലാണ് രാമന്തളി ഗ്രാമം. സ്വന്തം നാടായ രാമന്തളിയില്‍ ഉള്‍പ്പെടെ പയ്യന്നൂരിലെമ്പാടും വലിയ സൗഹൃദ ബന്ധങ്ങളുള്ളയാളാണ് കലാധരന്‍. വളരെ സൗമ്യനും ശാന്ത സ്വഭാവക്കാരനുമായിരുന്നു. നാട്ടുകാര്‍ക്കും ഏറെ പ്രിയങ്കരനായിരുന്നു. ഇദ്ദേഹത്തിന് സാമ്പത്തിക പ്രയാസങ്ങളൊന്നും അലട്ടിയിരുന്നില്ല. എന്നാല്‍ സ്വന്തം ദാമ്പത്യത്തിലെ പൊരുത്തക്കേടും കുടുംബ കലഹവും മന:സമാധാനം തകര്‍ത്തിരുന്നു.
വിവാഹമോചന കേസ് കുടുംബ കോടതിയില്‍ നടന്നുവരികയാണ്. രണ്ടുകുട്ടികള്‍ അവധി ദിനങ്ങളില്‍ പിതാവിന്റെ കൂടെയായിരുന്നു കുട്ടികള്‍ കഴിഞ്ഞിരുന്നത്. ഭാര്യ നിരന്തരം മക്കളെ വിട്ടു കിട്ടുന്നതിനായി കലാധരനെ വിളിച്ചിരുന്നതായി ബന്ധുക്കള്‍ പോലിസിന് മൊഴി നല്‍കിയിട്ടുണ്ട് രാമന്തളി സെന്‍ട്രല്‍ വടക്കുമ്പാട് റോഡിന് സമീപത്തെ വീട്ടിലാണ് തിങ്കളാഴ്ച്ച രാത്രി ഒന്‍പതര മണിയോടെ കുട്ടികള്‍ ഉള്‍പ്പെടെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദ്ദേഹം പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മാറ്റി. കലാധരന്റെയും കുടുംബത്തിന്റെയും മരണവിവരമറിഞ്ഞ് രാമന്തളി സെന്‍ട്രല്‍ വടക്കുമ്പാട് റോഡിന് സമീപമുള്ള വീട്ടില്‍ നൂറു കണക്കിനാളുകളാണ് ഇന്നലെ രാത്രിയിലെത്തിയത്. തൊട്ടടുത്ത് വീടുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് കൂട്ടമരണം നടന്നത്.
പാചകത്തൊഴിലാളിയായ കലാധരന് കുട്ടികളെ വിട്ടുനല്‍കാന്‍ താല്പര്യമില്ലായിരുന്നുവെങ്കിലും, കോടതി ഉത്തരവ് നടപ്പിലാക്കാന്‍ ഭാര്യവീട്ടുകാര്‍ പോലീസിന്റെ സഹായം തേടിയിരുന്നു. കുട്ടികളെ ഇന്ന് ഹാജരാക്കണമെന്ന് പോലീസ് ഉണ്ണിക്കൃഷ്ണനെ ഫോണിലൂടെ നിര്‍ദ്ദേശിച്ചതിന് തൊട്ടുപിന്നാലെയാണ് ഇതെല്ലാം സംഭവിച്ചത്.
