'ജീവനക്കാരുടെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫീസ് സ്പാര്‍ക്കിന് കത്ത് നല്‍കി'; എല്ലാ വകുപ്പുകളില്‍ നിന്നും ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചു; കെ സ്മാര്‍ട്ട് വഴി എക്സല്‍ ഷീറ്റുകള്‍ ആക്കി നല്‍കാന്‍ ആവശ്യപ്പെട്ടത്'; മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി; രേഖ പുറത്തുവിട്ട് ചെന്നിത്തല; മുഖ്യമന്ത്രിക്കെതിരെ കേസെടുക്കേണ്ട സാഹചര്യമെന്ന് വിമര്‍ശനം

'ജീവനക്കാരുടെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫീസ് സ്പാര്‍ക്കിന് കത്തി നല്‍കി';

Update: 2026-02-25 04:46 GMT

തിരുവനന്തപുരം: ജീവനക്കാരുടെ വ്യക്തിവിവരങ്ങളടക്കമുള്ള ഡാറ്റ ചോര്‍ന്നെന്ന പരാതിയില്‍ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരുടെ വ്യക്തിവിവരങ്ങള്‍ തേടി സ്പാര്‍ക്കിന് കത്തയച്ചുവെന്നും ഡാറ്റാ ചോര്‍ച്ചയുടെ നഗ്‌നമായ ഉദാഹരണമാണെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മുഖ്യമന്ത്രി അറിയാതെ ഇത്തരത്തില്‍ ഓഫീസ് ഇത്തരത്തില്‍ കത്ത് അയക്കില്ല. ഇതുസംബന്ധിച്ച കത്തും രമേശ് ചെന്നിത്തല പുറത്തുവിട്ടു. െ

ഞട്ടിക്കുന്ന വിവരമാണ് ഇതുസംബന്ധിച്ച് പുറത്തുവരുന്നത്. എല്ലാം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് നടന്നിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ട സാംബശിവ റാവു ആണ് ഡാറ്റ എടുക്കാന്‍ സ്പാര്‍ക്കിന് കത്തയച്ചതെന്നും ചെന്നിത്തല പറഞ്ഞു. എല്ലാ വകുപ്പുകളില്‍ നിന്നും ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചു. കെ സ്മാര്‍ട്ട് വഴി എക്‌സല്‍ ഷീറ്റുകള്‍ ആക്കി നല്‍കാന്‍ ആവശ്യപ്പെട്ടു. പിആര്‍ഡി സ്‌പെഷ്യല്‍ സെക്രട്ടറിക്ക് വിവരങ്ങള്‍ കൈമാറാനായിരുന്നു നിര്‍ദേശം.

മുഴുവന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വ്യക്തി വിവരങ്ങള്‍ ശേഖരിച്ചു. ഏറ്റവും വലിയ ഡാറ്റ ചോര്‍ത്തലാണ് നടന്നത്. മുഖ്യമന്ത്രി നേരിട്ട് നിര്‍ദേശിച്ച പ്രകാരമാണ് ഇത്തരമൊരു നീക്കം ഉണ്ടായത്. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഡാറ്റ ചോര്‍ത്തല്‍. സുപ്രീം കോടതി വിധിയുടെ നഗ്‌നമായ ലംഘനമാണിത്. 2026 ഫെബ്രുവരി മാസത്തിന് മുമ്പ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ നല്‍കണമെന്ന് അറിയിച്ചാണ് കത്ത് അയച്ചത്. ഉദ്യോഗസ്ഥരുടെ പേര്, ഫോണ്‍ നമ്പര്‍, ജോലി അടക്കമുള്ള എല്ലാ വ്യക്തി വിവരങ്ങള്‍ അടക്കം ചോദിച്ചു.

വ്യക്തിപരമായി വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് കത്തില്‍ പറയുന്നുണ്ട്. വിവരങ്ങള്‍ പിആര്‍ഡി ഡയറക്ടര്‍ക്ക് ഈ മാസം 12 നു മുമ്പ് കൈമാറണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് ഇത്തരത്തില്‍ കത്തയച്ചത്. മുഖ്യമന്ത്രി അറിയാതെ മുഖ്യമന്ത്രിയുടെ ഒ എസ് ഡി ഇങ്ങനെ ഒരു കത്ത് അയക്കുമോയെന്നും രേശ് ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിര്‍ദ്ദേശത്തിനടിസ്ഥാനത്തിലാണ് ഈ കത്ത്. ഈ കത്ത് മറച്ചുവെച്ച് ഇനി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുമോ എന്നാണ് ഇനി അറിയേണ്ടത്. ഇക്കാര്യത്തില്‍ കോടതി കേസെടുക്കാന്‍ നിര്‍ദ്ദേശിക്കണം. ഹൈക്കോടതി ജഡ്ജിമാര്‍ക്ക് ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ സന്ദേശം എത്തിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

ഡാറ്റ ചോര്‍ച്ച വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. വ്യക്തിഗത വിവരങ്ങള്‍ക്ക് എന്ത് സുരക്ഷയാണ് ഉള്ളതെന്ന് ഹൈക്കോടതി ചോദിച്ചു. ഏതൊരാള്‍ക്കും വിവരങ്ങള്‍ ലഭിക്കുമോ? മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതല്‍ സന്ദേശങ്ങള്‍ അയയ്ക്കരുതെന്നും ഹൈക്കോടതി സര്‍ക്കാരിനോട് പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി എന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാരിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

വ്യക്തിഗത വിവരങ്ങള്‍ എങ്ങനെയാണ് പുറത്തുപോയതെന്ന് ഹൈക്കോടതി ചോദിച്ചു. ഇനി ഇത്തരം വിവരങ്ങള്‍ ഒന്നുംതന്നെ പുറത്തു വിടരുത്. ഒരു സന്ദേശങ്ങളും സര്‍ക്കാര്‍ അയക്കരുതെന്നും കോടതി വിമര്‍ശിച്ചു. സംഭവത്തില്‍ ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ട് സര്‍ക്കാരിന് നോട്ടീസ് അയച്ചു. എവിടെ നിന്നാണ് വ്യക്തിഗത വിവരങ്ങള്‍ ലഭിച്ചത് എന്ന് അറിയിക്കണം. സ്വകാര്യതിയലേക്കുള്ള കടന്നുകയറ്റമാണെന്നും വ്യാഴാഴ്ച തന്നെ വിശദീകരണം നല്‍കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിമര്‍ശനം ഉന്നയിച്ചത്. കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാക്കളാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. സ്പാര്‍ക്ക് പ്രോജക്ട് മാനേജ്മെന്റിന് നല്‍കിയ സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ദുരുപയോഗം ചെയ്തുവെന്നാണ് ഹര്‍ജി. ആക്ഷേപം ഗുരുതരമാണെന്നും കോടതി ചൂണ്ടിക്കാണിക്കുന്നു.

Tags:    

Similar News