ആദ്യ ചിത്രത്തിലെ കഥാപാത്രത്തിന് ലഭിച്ചത് സ്വന്തം പേര്; സിനിമ വിജയമായതോടെ ചിത്രത്തിന്റെ പേര് കൂടി സ്വന്തം പേരിനൊപ്പം ചേര്‍ത്ത് 22 വര്‍ഷം; കരിയറും വ്യക്തി ജീവിതവും പ്രതിസന്ധിയിലായതോടെ പേരുള്‍പ്പടെ മാറ്റി പുതിയ തുടക്കത്തിന് താരം; 'ജയം രവി' രവി മോഹനാകുമ്പോള്‍
കരിയറും വ്യക്തി ജീവിതവും പ്രതിസന്ധിയിലായതോടെ പേരുള്‍പ്പടെ മാറ്റി പുതിയ തുടക്കത്തിന് താരം; 'ജയം രവി' രവി മോഹനാകുമ്പോള്‍
ചെന്നൈ: വിശ്വാസങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും മേഖല കൂടിയാണ് സിനിമ.താരങ്ങളുടെ പേരുകളില്‍,ചില താരങ്ങളുടെ സാന്നിദ്ധ്യങ്ങളില്‍ ഒക്കെയായി ഈ വിശ്വാസക്കഥങ്ങള്‍ ഇങ്ങനെ സജീവമാണ് സിനിമയില്‍.അതില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന രീതിയാണ് പേര്.പല കാരങ്ങള്‍ കൊണ്ട് തന്നെ സ്വന്തം പേര് സിനിമയില്‍ ഉപയോഗിക്കാത്തവരും ന്യൂമറോളജി പ്രകാരം പേരിന്റെ സ്പെല്ലിങ്ങ് മാറ്റുന്നവരും തങ്ങളുടെ വിജയ ചിത്രത്തിന്റെ പേര് ഒപ്പം ചേര്‍ക്കുന്നവരും ഒക്കെയായി പേരിലെ കളികള്‍ പലതാണ് സിനിമയില്‍.ഭാഷാഭേദമന്യേ എല്ലായിടത്തും ഈ പേര് മാറ്റല്‍ നമുക്ക് കാണാവുന്നതുമാണ്.
ലെന, ദിലീപ് അടക്കം തെന്നിന്ത്യയിലേയും മലയാളത്തിലേയും നിരവധി താരങ്ങള്‍ ഭാഗ്യം വരാന്‍ വേണ്ടി പേരില്‍ പുതിയ ലെറ്ററുകള്‍ ചേര്‍ക്കുകയും മാറ്റം വരുത്തുകയുമെല്ലാം ചെയ്തിട്ടുണ്ട്.നടിമാര്‍ പൊതുവെ നായിക വേഷങ്ങള്‍ ചെയ്ത് തുടങ്ങുമ്പോള്‍ സ്വന്തം ഇഷ്ടപ്രകാരമോ സിനിമ മേഖലയിലെ ആള്‍ക്കാരുടെ നിര്‍ദ്ദേശത്തിനനുസരിച്ചോ ആകര്‍ഷകവും വ്യത്യസ്തവുമായ പുതിയ പേരുകള്‍ സ്വീകരിക്കുകയും ചെയ്യാറുണ്ട്.ഭാവന,ഗോപിക, നയന്‍താര തുടങ്ങിയവരെല്ലാം സിനിമയിലെത്തിയശേഷം പുതിയ പേര് സ്വീകരിച്ചവരാണ്.അതുപോലെ തന്നെ സ്‌ക്രീനില്‍ ചെയ്ത ചില കഥാപാത്രങ്ങളുടെ പേര് കൂടി ചേര്‍ത്ത് അറിയപ്പെടുന്ന താരങ്ങളും ഇന്ത്യന്‍ സിനിമയിലുണ്ട്.
എന്നാല്‍ തന്റെ ഭാഗ്യമായി കൊണ്ടുനടന്ന പേര് ഒരു താരം മാറ്റുന്നത് അപൂര്‍വ്വതയാണ്.അത്തരമൊരു സംഭവമാണ് ഇപ്പോള്‍ തമിഴ് സിനിമാ ലോകത്ത് ഉണ്ടായിരിക്കുന്നത്.തമിഴ് നടന്‍ ജയംരവിയാണ് തന്റെ പേര് മാറ്റിയതായി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.ആദ്യമായി നായക വേഷം ചെയ്ത സിനിമയുടെ പേരാണ്് നടന്‍ സ്വന്തം പേരിനൊപ്പം ചേര്‍ത്തത്.ജയം ആയിരുന്നു നടന്റെ ആദ്യ സിനിമ.ആ സിനിമയുടെ റിലീസിനുശേഷമാണ് താരം ജയം രവി എന്ന് അറിയപ്പെട്ട് തുടങ്ങിയത്.രവി എന്ന് തന്നെയായിരുന്നു ചിത്രത്തിലെ നടന്റെ കഥാപാത്രത്തിന്റെ പേരും.ബാലതാരമായി സിനിമയിലെത്തിയ രവി മോഹന്‍ 2003ല്‍ പുറത്തിറങ്ങിയ ജയം എന്ന ചിത്രത്തിലൂടെയാണ് നായകനാകുന്നത്.സഹോദരന്‍ മോഹന്‍രാജ സംവിധാനം ചെയ്ത ചിത്രം വലിയ വിജയമായതോടെ തന്റെ പേരില്‍ ആ സിനിമയുടെ പേരുകൂടി ചേര്‍ത്ത് ജയം രവി എന്നാക്കുകയായിരുന്നു.ലോക സിനിമയില്‍ തന്നെ ഒരു ജയം രവി മാത്രമെയുള്ളു.
വ്യക്തിപരമായും കരിയറിലും പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സമയത്താണ് ഇദ്ദേഹം തന്റെ പേര് മാറ്റുന്നത്.ഇനി മുതല്‍ താന്‍ ജയം രവിയല്ലെന്നും എല്ലാവരും തന്നെ രവി മോഹന്‍ എന്ന് അഭിസംബോധന ചെയ്യണമെന്നും അദ്ദേഹം കുറിച്ചു.പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ താന്‍ എല്ലാം പുതുതായി ആരംഭിക്കുകയാണെന്നും അതിന്റെ ആദ്യ പടിയാണ് പേരുമാറ്റമെന്നും നടന്‍ വ്യക്തമാക്കുന്നു.തന്റെ പുതിയ നിര്‍മ്മാണക്കമ്പനിയുടെ പ്രഖ്യാപനത്തോടൊപ്പമാണ് തന്റെ പേരുമാറ്റക്കാര്യവും നടന്‍ ആരാധകരുമായി പങ്കുവെച്ചത്.തന്റെ ഫാന്‍സ് അസോസിയേഷനുകളെയെല്ലാം ചേര്‍ത്ത് രവി മോഹന്‍ ഫൗണ്ടേഷന്‍ എന്ന സംഘടനയാക്കി മാറ്റുമെന്നും നടന്‍ പറഞ്ഞു.
രവി മോഹന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ
''പ്രിയപ്പെട്ട ആരാധകര്‍ക്കും മാദ്ധ്യമങ്ങള്‍ക്കും കൂട്ടുകാര്‍ക്കും, പുതിയ പ്രതീക്ഷകളുമായാണ് നാം പുതുവര്‍ഷത്തെ വരവേറ്റത്. ഈ സമയം ഞാന്‍ എന്റെ പുതിയ അദ്ധ്യായത്തെക്കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്നു. സിനിമ എല്ലായ്‌പ്പോഴും എന്റെ ഏറ്റവും വലിയ അഭിനിവേശവും എന്റെ കരിയറിന്റെ അടിത്തറയുമാണ്. ഇന്ന് ഞാന്‍ ആരാണെന്നത് രൂപപ്പെടുത്തിയ ലോകമാണ് സിനിമ. എന്റെ യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോള്‍, സിനിമയും നിങ്ങളും എനിക്ക് നല്‍കിയ അവസരങ്ങള്‍ക്കും സ്‌നേഹത്തിനും പിന്തുണയ്ക്കും ഞാന്‍ വളരെയധികം നന്ദിയുള്ളവനുമാണ്. എനിക്ക് ജീവിതവും സ്‌നേഹവും ലക്ഷ്യവും നല്‍കിയ വ്യവസായത്തിന് എന്റെ പിന്തുണ നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഇന്ന് മുതല്‍ ഞാന്‍ രവി മോഹന്‍ എന്ന് അറിയപ്പെടും. ഈ പേരില്‍ എന്നെ ഇനി മുതല്‍ അഭിസംബോധന ചെയ്യണമെന്ന് എല്ലാവരോടും ഞാന്‍ അഭ്യര്‍ഥിക്കുന്നു. ഈ പുതിയ അധ്യായത്തിലേക്ക് ഞാന്‍ നീങ്ങുമ്പോള്‍, എന്റെ വ്യക്തിത്വത്തെ, എന്റെ കാഴ്ചപ്പാടുകളുമായും മൂല്യങ്ങളുമായും സംയോജിപ്പിച്ച്, എന്നെ ഈ പേരില്‍ അഭിസംബോധന ചെയ്യാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. ഇന്ന് മുതല്‍ ജയം രവി എന്ന് ഞാന്‍ അറിയപ്പെടില്ല. ഇത് എന്റെ വ്യക്തിപരമായ കുറിപ്പും വിനീതമായ അഭ്യര്‍ഥനയുമാണ്. സിനിമയോടുള്ള എന്റെ അചഞ്ചലമായ അഭിനിവേശം പിന്തുടരുന്നതിനായി, ലോകമെമ്പാടുമുള്ള പ്രേക്ഷകരെ പ്രചോദിപ്പിക്കുകയും ആകര്‍ഷിക്കുകയും പ്രതിധ്വനിപ്പിക്കുകയും ചെയ്യുന്ന ആകര്‍ഷകമായ ആഖ്യാനങ്ങള്‍ കണ്ടെത്തുന്നതിനും വിജയിക്കുന്നതിനുമായി സമര്‍പ്പിച്ചിരിക്കുന്ന 'രവി മോഹന്‍ സ്റ്റുഡിയോസ്' എന്ന നിര്‍മാണ സ്ഥാപനത്തിന്റെ സമാരംഭം പ്രഖ്യാപിക്കുന്നതിലും ഞാന്‍ സന്തുഷ്ടനാണ്.വളര്‍ന്നുവരുന്ന പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനും ആഴമേറിയതും അര്‍ത്ഥവത്തായതുമായ കഥകള്‍ സിനിമയിലേക്ക് കൊണ്ടുവരുന്നതിനുമുള്ള എന്റെ പ്രതിബദ്ധതയെ ഈ സംരംഭം പ്രതിനിധീകരിക്കുന്നു.
എന്റെ പ്രിയപ്പെട്ട ആരാധകര്‍ കാരണം എന്റെ പുതുവര്‍ഷ സന്ദേശങ്ങളെല്ലാം മികച്ചതായിരുന്നു. അവരാണ് എന്റെ ശക്തി,അവരാണ് ഒരു മെച്ചപ്പെട്ട സമൂഹം സൃഷ്ടിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത്.എന്നെ പിന്തുണച്ച ആളുകള്‍ക്കും കമ്മ്യൂണിറ്റികള്‍ക്കും തിരികെ നല്‍കുന്നതിനായി,എന്റെ എല്ലാ ഫാന്‍ ക്ലബ്ബുകളെയും 'രവി മോഹന്‍ ഫാന്‍സ് ഫൗണ്ടേഷന്‍'എന്ന പേരില്‍ ഒരു ഘടനാപരമായ സംഘടനയാക്കി മാറ്റുകയാണ്.സഹായം ആവശ്യമുള്ള എല്ലാവരെയും സഹായിക്കുന്നതിനും നമ്മുടെ സമൂഹത്തില്‍ നല്ല സ്വാധീനം ചെലുത്തുന്നതിനും ഈ ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കും.എനിക്ക് ലഭിച്ച സ്‌നേഹവും പിന്തുണയും ഏറ്റവും ആവശ്യമുള്ളവരിലേക്ക് എത്തിക്കുന്ന സംഭാവനകളിലേക്ക് നയിക്കാനുള്ള എന്റെ ഹൃദയംഗമമായ ശ്രമമാണിത്.
തമിഴ് ജനതയുടെ അനുഗ്രഹത്തോടെ, മുകളില്‍ സൂചിപ്പിച്ചതുപോലെ എന്നെ അഭിസംബോധന ചെയ്യാനും ഈ പുതിയ സംരംഭത്തില്‍ എന്നെ പിന്തുണയ്ക്കാനും എന്റെ എല്ലാ ആരാധകരോടും മാധ്യമങ്ങളോടും എല്ലാവരോടും ഞാന്‍ അഭ്യര്‍ഥിക്കുന്നു.നിങ്ങളുടെ പ്രോത്സാഹനം എല്ലായ്‌പ്പോഴും എന്റെ ഏറ്റവും വലിയ പ്രചോദനമാണ്,എന്റെ യാത്രയുടെ ഈ ആവേശകരമായ പുതിയ ഘട്ടത്തില്‍ നിങ്ങളുടെ തുടര്‍ച്ചയായ പിന്തുണ ഞാന്‍ പ്രതീക്ഷിക്കുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും വളരെ സന്തോഷകരമായ പുതുവത്സരവും വരാനിരിക്കുന്ന ശുഭകരമായ പൊങ്കലും നേരുന്നു.നമുക്ക് ഈ വര്‍ഷത്തെ പോസിറ്റിവിറ്റി, ഉദ്ദേശ്യം, പുരോഗതി എന്നിവയുടെ ഒരു വര്‍ഷമായി മാറ്റാം.''
അതേസമയം താരം പേര് മാറ്റിയതിനോട് ആരാധകര്‍ക്ക് വിയോജിപ്പാണ്. ജയം രവിക്കുള്ള ഭംഗി രവി മോഹനില്ലെന്നാണ് ആരാധകരുടെ ചൂണ്ടിക്കാട്ടുന്നത്.ചില രസകരമായ കമന്റുകളും നടന്റെ പുതിയ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.വളരെ മോശം തീരുമാനം, ജയം രവിയാണ് എന്നും മികച്ചത് എന്നിങ്ങനെയാണ് ആരാധകരില്‍ ഒരു വിഭാഗത്തിന്റെ കമന്റുകള്‍. എന്നാല്‍ മറ്റൊരു വിഭാഗം പ്രേക്ഷകര്‍ക്ക് നടന്റെ തീരുമാനം ഇഷ്ടപ്പെടുകയും ചെയ്തു.