കണ്ണീരില്‍ കുതിര്‍ന്ന വിജയാഘോഷം! ബെംഗളൂരുവില്‍ ആര്‍സിബിയുടെ വിജയാഘോഷത്തിനിടെ ഒന്‍പത് മരണം; ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം സംഘര്‍ഷം; തിക്കിലും തിരക്കിലുംപെട്ട് മരിച്ചതില്‍ ഒരു സ്ത്രീയും; നിരവധി പേര്‍ക്ക് പരിക്ക്; ഗുരുതര സുരക്ഷാ വീഴ്ച

Update: 2025-06-04 12:14 GMT
കണ്ണീരില്‍ കുതിര്‍ന്ന വിജയാഘോഷം!  ബെംഗളൂരുവില്‍  ആര്‍സിബിയുടെ വിജയാഘോഷത്തിനിടെ ഒന്‍പത് മരണം; ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം സംഘര്‍ഷം; തിക്കിലും തിരക്കിലുംപെട്ട് മരിച്ചതില്‍ ഒരു സ്ത്രീയും; നിരവധി പേര്‍ക്ക് പരിക്ക്; ഗുരുതര സുരക്ഷാ വീഴ്ച
  • whatsapp icon

ബെംഗളൂരു: ഐപിഎല്‍ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ (ആര്‍സിബി) വിജയാഘോഷ പരിപാടിക്കിടെ തിക്കിലും തിരക്കിലുംപെട്ട് ഒന്‍പത് മരണം. ആര്‍സിബി ടീമിന് വന്‍വരവേല്‍പ്പ് നല്‍കാന്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വിജയാഘോഷ പരിപാടി ഒരുക്കിയിരുന്നു. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആള്‍ക്കൂട്ടത്തിനെ നിയന്ത്രിക്കാനുളള ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു. തിക്കിലും തിരക്കിലുംപെട്ടാണ് ഒരു സ്ത്രീയുമടക്കം ഒന്‍പത് പേര്‍ മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ദുരന്തമുണ്ടായ സ്ഥലത്തേയ്ക്ക് തിരക്ക് കാരണം ആംബുലന്‍സുകള്‍ക്ക് കടന്നുചെല്ലാന്‍ കഴിയാത്തത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

ഐപിഎല്‍ ജേതാക്കളായ ആര്‍സിബിയുടെ വിക്ടറി പരേഡിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് അപകടം. പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച കിരീട നേട്ടത്തില്‍ ആവേശം ദുരന്തത്തിലേക്ക് വഴിമാറുകയായിരുന്നു. 15ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. പരിക്കേറ്റവരെ ബൗറിംഗ് ആശുപത്രിയിലും ലേഡി കഴ്‌സണ്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

ആരാധകരുടെയും ക്ലബ്ബിന്റെയും വലിയ സമ്മര്‍ദ്ദത്തിന് പിന്നാലെയാണ് വിധാന്‍സൗധയില്‍ നിന്ന് ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് പരേഡ് അനുവദിച്ചത്. വിരാട് കോലി അടക്കമുള്ള താരങ്ങള്‍ തുറന്ന വാഹനത്തില്‍ ടീമിന്റെ വിക്ടറി പരേഡില്‍ പങ്കെടുത്തത്. ഇത്ര പെട്ടെന്ന് ബെംഗളൂരു പോലെയൊരു നഗരത്തില്‍ വിജയാഘോഷം സംഘടിപ്പിച്ചത് ഗുരുതര സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. അപകടമുണ്ടായതിന് പിന്നാലെ ബെംഗളൂരുവില്‍ നിന്ന് മടങ്ങാനായി ജനങ്ങള്‍ ശ്രമിക്കുന്നത് വീണ്ടും വലിയ തിക്കും തിരക്കുമുണ്ടാക്കുന്നുണ്ട്. മെട്രോ സ്റ്റേഷനില്‍ ഉള്‍പ്പെടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

തിരക്ക് പരിഗണിച്ച് ഐ.പി.എല്ലിലെ വിജയാഘോഷത്തിന്റെ ഭാഗമായുള്ള ആര്‍.സി.ബിയുടെ വിക്ടറി പരേഡ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മാത്രമാക്കി ചുരുക്കിയിരുന്നു. ഇതിന് പിന്നാലെ വലിയ സമ്മര്‍ദ്ദമാണ് സര്‍ക്കാറിനും പൊലീസിനുമുകളിലും ഉണ്ടായത്. ആര്‍സിബി ആരാധകര്‍ കാത്തിരുന്ന നിമിഷമായതിനാല്‍ ക്ലബ് അടക്കം വിക്ടറി പരേധിന് വാദിക്കുകയായിരുന്നു.

ബെംഗളൂരു നഗരം പൂര്‍ണമായും നിശ്ചലമായിട്ടുണ്ട്. വിധാന്‍സൗധയുടെ മുന്‍ഭാഗത്തെ റോഡ് മുഴുവന്‍ ആരാധകരെ കൊണ്ട് നിറഞ്ഞു. വിധാന്‍സൗധയില്‍ നിന്നും ചിന്നസ്വാമി സ്റ്റേഡിയത്തിലേക്കുള്ള ഒന്നര കിലോമീറ്റര്‍ ദൂരം മുഴുവന്‍ ആരാധകരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. നേരത്തെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഐപിഎല്‍ വിജയാഘോഷ റാലിക്കിടെ രണ്ടു പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. കര്‍ണാടക ശിവമൊഗ്ഗയില്‍ റാലിക്കിടെ ബൈക്ക് മറിഞ്ഞ് യുവാവും ബെളഗാവിയില്‍ ആഘോഷത്തിനിടെ ഹൃദയഘാതമുണ്ടായി ഒരാള്‍ മരിച്ചിരുന്നു

വിജയാഘോഷ റാലിക്കിടെ ശിവമോഗയിലും ബെലഗാവിയിലുമാണ് രണ്ടു യുവാക്കള്‍ ജീവന്‍ നഷ്ടമായത്. ബെലഗാവിയില്‍ വിജയാഘോഷ റാലിയില്‍ പങ്കെടുക്കുന്നതിനിടെ മഞ്ജുനാഥ കുംഭാകര്‍ (25) എന്ന യുവാവ് ഹൃദയാഘാതം മൂലമാണ് മരിക്കുന്നത്. റാലിയില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ശിവമോഗയില്‍ ആരാധകര്‍ നടത്തിയ ഒരു ബൈക്ക് റാലിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് അഭിനന്ദന്‍ (21) എന്ന യുവാവ് മരിക്കുന്നത്. രവീന്ദ്രനഗറിലെ ഗണപതി ക്ഷേത്രത്തിനു മുന്നിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അഭിനന്ദന്‍ സംഭവ സ്ഥലത്തുവെച്ചു തന്നെ മരണത്തിന് കീഴടങ്ങി. മറ്റൊരു ആരാധകന് സാരമായി പരിക്കേറ്റു.

18 വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ആര്‍സിബി ഐപിഎല്‍ കിരീടം നേടിയത് ആരാധകര്‍ മതിമറന്ന് ആഘോഷിക്കുകയായിരുന്നു. രാത്രി ഏറെ വൈകിയും ആഘോഷം തുടര്‍ന്നതോടെ പല സ്ഥലത്തും പോലീസ് ലാത്തി വീശി.

Similar News