ഗള്‍ഫില്‍ നിന്നെത്തിയത് ഒരാഴ്ച മുമ്പ്; ഇക്കുറി എത്തിയത് കിഡ്‌നി ഓപ്പറേഷന് ശേഷമുള്ള മെഡിക്കല്‍ ചെക്കപ്പിന് വേണ്ടി; കാര്‍ ചെയ്‌സ് റീല്‍സ് വീഡിയോ ചിത്രീകരണത്തിനായി ആല്‍വിന്‍ നിന്നത് റോഡിന്റെ ഡിവൈഡറില്‍; ദുരന്തത്തിന് പിന്നില്‍ സ്വകാര്യ കമ്പനി ജീവനക്കാരുടെ പിഴവ്
ആല്‍വിന്‍ നാട്ടിലെത്തിയത് മെഡിക്കല്‍ ചെക്കപ്പിനായി
കോഴിക്കോട്: റീല്‍സ് ചിത്രീകരണത്തിനിടെ യുവാവ് കാറിടിച്ച് മരിച്ചത് സ്വകാര്യ കമ്പനിയുടെ വീഡിയോ പ്രമോഷന്‍ ചിത്രീകരണത്തിനിടെ. ബീച്ച് റോഡില്‍ വെള്ളയില്‍ പോലീസ് സ്റ്റേഷന് സമീപമായിരുന്നു വീഡിയോ ചിത്രീകരണം. കമ്പനി പ്രതിനിധികളാണ് വാഹനം ഓടിച്ചിരുന്നെതന്നും യുവാവിന്റെ അയല്‍വാസി പറഞ്ഞു.
വടകര കടമേരി തച്ചിലേരി താഴെ കുനിയില്‍ സുരേഷ് ബാബുവിന്റെ മകന്‍ ആല്‍വിന്‍(21) ആണ് മരിച്ചത്. സുരേഷ് ബാബുവിന്റെ ഏകമകനാണ് ആല്‍വിന്‍. ഒരാഴ്ച മുന്‍പാണ് ആല്‍വിന്‍ ഗള്‍ഫില്‍ നിന്ന് എത്തിയത്. രണ്ടു വര്‍ഷം മുമ്പ് ആല്‍വിന് കിഡ്‌നി ഓപ്പറേഷന്‍ കഴിഞ്ഞിരുന്നു. കുറച്ചു നാളുകളായി വിദേശത്താണ് ജോലി ചെയ്തുവന്നിരുന്നത്. ആറു മാസം കൂടുമ്പോള്‍ മെഡിക്കല്‍ ചെക്കപ്പ് നടത്തുന്നതിന്റെ ഭാഗമായി നാട്ടിലെത്തിയതായിരുന്നു. ഈ സമയത്താണ് കോഴിക്കോട് വീഡിയോ പ്രമോഷന്‍ ചിത്രീകരണത്തിനെത്തിയതെന്നും അയല്‍വാസി പറഞ്ഞു.
രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. ഡിഫന്‍ഡര്‍ കാറിന്റെയും ബെന്‍സ് കാറിന്റെയും വീഡിയോയിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. റോഡിന്റെ ഇരുവശത്തുനിന്നും വരുന്ന രണ്ട് ആഡംബരവാഹനങ്ങള്‍ ആല്‍വിന്‍ റോഡിന്റെ ഡിവൈഡറില്‍ നിന്ന് ചിത്രീകരിക്കുകയായിരുന്നു. അതിനിടെ സുഹൃത്തിന്റെ ഡിഫന്‍ഡര്‍ കാര്‍ ആല്‍വിന്റെ മേലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു. ഉയര്‍ന്നുപൊങ്ങിയ യുവാവ് നട്ടെല്ല് ഇടിച്ചു വീണു. ഉടനെ ഒപ്പം ഉണ്ടായിരുന്ന യുവാക്കള്‍ ആല്‍വിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 11.30ഓടെ മരണം സംഭവിക്കുകയായിരുന്നു.
തുടര്‍ച്ചയായി റീല്‍സ് ചിത്രീകരണം നടക്കുന്ന റോഡാണ് ബീച്ച് റോഡ്. വാഹനം കുറവുള്ള രാവിലെ സമയങ്ങളില്‍ ചേസിങ് വീഡിയോ ചിത്രീകരിക്കുന്നത് പതിവാണെന്നാണ് പരിസരവാസികളും ഡ്രൈവര്‍മാരും പറയുന്നത്. സംഭവത്തെ തുടര്‍ന്ന് വെള്ളയില്‍ പൊലീസ് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു. അശ്രദ്ധമായ ഡ്രൈവിങ് ആണ് അപകടകാരണമെന്നാണ് പ്രാഥമികമായി വിലയിരുത്തുന്നത്. അപകടത്തില്‍ കേസ് എടുത്തതായി പൊലീസ് അറിയിച്ചു. അമ്മ: ബിന്ദു. ആല്‍വിന്‍ ഏക മകനാണ്.