ബംഗാളി നടിയുടെ പരാതിയില്‍ രഞ്ജിത്തിനെ ചോദ്യം ചെയ്ത് പോലീസ്; അതിവേഗ കുറ്റപത്രം നല്‍കാനും തീരുമാനം; കോടതിയില്‍ കുറ്റം തെളിയുമെന്ന ആത്മവിശ്വാസത്തില്‍ അന്വേഷകര്‍

ബെംഗളുരുവില്‍ വച്ച് തന്നെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന യുവാവിന്റെ പരാതിയിലും രഞ്ജിത്തിനു ജാമ്യം അനുവദിച്ചിരുന്നു.

Update: 2024-09-12 08:27 GMT

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെ ഉയര്‍ന്ന ലൈംഗികാരോപണ കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേകാന്വേഷണ സംഘം ചോദ്യം ചെയ്തു. കേസില്‍ ഉടന്‍ കുറ്റപത്രം നല്‍കും. കൊച്ചി കോസ്റ്റല്‍ ഐജി ഓഫിസിലായിരുന്നു ചോദ്യംചെയ്യല്‍. പ്രത്യേകാന്വേഷണ സംഘത്തിന്റെ ഭാഗമായ കോസ്റ്റല്‍ എഐജി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണു ചോദ്യം ചെയ്യുന്നത് എന്നാണു വിവരം. ബംഗാളി നടിയാണ് പരാതിക്കാരി.

കേസില്‍ രണ്ട് സാക്ഷികളുണ്ട്. അതുകൊണ്ട് തന്നെ ഈ സാക്ഷി മൊഴികള്‍ കൂടി എടുത്ത് കുറ്റപത്രം നല്‍കും. ഒരു സിനിമയുടെ ചര്‍ച്ചയ്ക്കിടെ രഞ്ജിത് ലൈംഗിക ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്നും ഇതു തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും കാട്ടി ഒരി ബംഗാളി നടി നല്‍കിയ പരാതിയിലാണ് രഞ്ജിത്തിനെതിരെയുള്ള ആദ്യ കേസ്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന കേസില്‍ ഐപിസി 354ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഇതു ജാമ്യം ലഭിക്കുന്ന വകുപ്പാണെന്നു ചൂണ്ടിക്കാട്ടി നേരത്തെ ഹൈക്കോടതി രഞ്ജിത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കിയിരുന്നു.

പരാതിക്കാരുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ കുറ്റാരോപിതരെ ചോദ്യം ചെയ്യുന്നത് ആരംഭിക്കുമെന്ന് അന്വേഷണ സംഘം നേരത്തേ വ്യക്തമാക്കിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം ഏറ്റവുമാദ്യം ആരോപണവിധേയനായ ആളുകളില്‍ രഞ്ജിത്തും ഉള്‍പ്പെടും. തുടര്‍ന്ന് അദ്ദേഹത്തിനു ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പദം രാജിവയ്‌ക്കേണ്ടി വന്നിരുന്നു. വേഗത്തില്‍ കുറ്റപത്രം നല്‍കാന്‍ വേണ്ടിയുള്ള നടപടി ക്രമങ്ങള്‍ അന്വേഷണ സംഘം എടുക്കും. എല്ലാം കോടതിയില്‍ തെളിയിക്കാമെന്ന ആത്മവിശ്വാസം അന്വേഷണ സംഘത്തിനുണ്ട്.

ബെംഗളുരുവില്‍ വച്ച് തന്നെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന യുവാവിന്റെ പരാതിയിലും രഞ്ജിത്തിനു കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ കോടതി ജാമ്യം അനുവദിച്ചിരുന്നു.

Tags:    

Similar News