'അനധികൃത പണം വരവ് തടയാന്‍ ശ്രമിച്ചതാകാം ആരോപണത്തിന് കാരണം; ഞാന്‍ സ്വാധീനത്തിന് വഴങ്ങാറില്ല; കള്ളക്കേസ് എടുത്തിട്ടില്ല'; നിലപാട് ശക്തമായി പറഞ്ഞ് മലപ്പുറം മുന്‍ എസ്പി എസ് ശശിധരന്‍
നിലപാട് ശക്തമായി പറഞ്ഞ് മലപ്പുറം മുന്‍ എസ്പി എസ് ശശിധരന്‍
മലപ്പുറം: അന്‍വറിന്റെ സ്വാര്‍ഥ താല്‍പ്പര്യം കൊണ്ട് പടിയിറങ്ങി പോകേണ്ടി വന്ന മലപ്പുറം മുന്‍ എസ് പി എസ് ശശിധരന്‍ നിലപാട് വ്യക്തമാക്കി രംഗത്ത്. അഴിമതിക്കും മാഫിയ പ്രവര്‍ത്തനത്തിനുമെതിരെ പോരാട്ടം ശക്തമായി തുടരുമെന്ന് ശശിധരന്‍ വ്യക്തമാക്കി. താന്‍ സ്വാധീനത്തിന് വഴങ്ങുകയോ തെറ്റിന് കൂട്ടുനില്‍ക്കുകയോ ചെയ്യാറില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പിവി അന്‍വര്‍ എംഎല്‍എയുടെ മോഷണ പരാതിയിലും അന്വേഷണം നടക്കുന്നുണ്ടെന്നും ശശിധരന്‍ പറഞ്ഞു. കഴിഞ്ഞ 10 മാസക്കാലം മലപ്പുറത്തെ ജനങ്ങള്‍ക്ക് നീതി നടപ്പിലാക്കുകയായിരുന്നു തന്റെ ഉദ്ദേശം. ഇതില്‍ വിജയിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. സാധാരണക്കാര്‍ക്ക് പൊലീസ് സ്റ്റേഷനുകളിലേക്ക് നിര്‍ഭയമായി കടന്നു ചെല്ലാന്‍ പറ്റുക, പരാതികള്‍ക്ക് പരിഹാരമുണ്ടാവുക, അവരോട് പൊലീസുകാര്‍ നന്നായി പെരുമാറുക എന്നീ കാര്യങ്ങളിലാണ് കൂടുതല്‍ ശ്രദ്ധ നല്‍കിയത്. ഇവിടെയുള്ള ജനങ്ങളോട് നന്ദിയുണ്ട്. അവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിച്ചത്. അതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും എസ്പി പറഞ്ഞു.
അനധികൃത പണം വരവ് തടയാന്‍ ശ്രമിച്ചതാകാം തനിക്കെതിരായ ആരോപണത്തിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരിക്കല്‍പോലും താന്‍ കള്ളക്കേസ് എടുത്തിട്ടില്ല, കണക്കുകള്‍ ഇതുവരെ പെരിപ്പിച്ചിട്ടില്ലെന്നും എസ് ശശിധരന്‍പറഞ്ഞു. ചാരിതാര്‍ത്ഥ്യത്തോടെയാണ് ഇറങ്ങുന്നത്. മലപ്പുറം പോലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ പത്തുമണിക്ക് തന്നെ യോഗത്തിന് പോകാന്‍ ഒരുങ്ങിയതാണ്. സംഘാടകരാണ് 10.30 ന് എത്തിയാല്‍ മതി എന്ന് പറഞ്ഞത്. പിന്നീട് നടന്ന കാര്യങ്ങളില്‍ സമയമാകുമ്പോള്‍ പ്രതികരിക്കും. എല്ലാം കാലം തെളിയിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ഒരിക്കല്‍പോലും കള്ളക്കേസ് ഞാന്‍ എടുത്തിട്ടില്ലെന്നും കണക്കുകള്‍ ഇതുവരെ പെരിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്കതമാക്കി.
തനിക്കെതിരെ ആരോപണം വരാനുള്ള കാരണം എന്തെന്ന് മനസ്സിലാകുന്നില്ല. വര്‍ഗീയവാദിയാണെന്ന് കെടി ജലീലിന്റെ വിമര്‍ശനം മനസ്സിലാകുന്നില്ലെന്ന് എസ് ശശിധരന്‍ പറഞ്ഞു. മതസൗഹാര്‍ദ്ദത്തോടെ കഴിയുന്ന നാട്ടില്‍ നിന്നാണ് താന്‍ വരുന്നതെന്നും അങ്ങനെ ചിന്തിക്കാന്‍ പോലും കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതൊന്നും ഒരു പോലീസ് ഉദ്യോഗസ്ഥനെ ഏശാന്‍ പാടില്ല. അതുകൊണ്ട് മാനസിക വിഷമവുമില്ല. പ്രയാണം തുടരുമെന്നും തന്റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ മാത്രമേ ആരോപണങ്ങള്‍ വിഷമിപ്പിക്കൂവെന്നും മലപ്പുറം മുന്‍ എസ്പി എസ് ശശിധരന്‍ പറഞ്ഞു.
പൊലീസിലാവുമ്പോള്‍ ഇത്തരത്തിലുള്ള വിവാദങ്ങളെല്ലാം പ്രതീക്ഷിക്കണം. അതെല്ലാം മറികടന്നുപോവുകയാണല്ലോ ലക്ഷ്യം. പിവി അന്‍വര്‍ എംഎല്‍എയുടെ പരാതി ലഭിച്ചപ്പോള്‍ തന്നെ നടപടിയെടുത്തു. അന്വേഷണം നടന്നുവരികയാണ്. ഒരു തരത്തിലുള്ള സ്വാധീനത്തിന് വഴങ്ങുകയോ തെറ്റിന് കൂട്ടുനില്‍ക്കുകയോ ചെയ്യാറില്ല. അഴിമതിക്കും മാഫിയ പ്രവര്‍ത്തനത്തിനുമെതിരെ പോരാട്ടം ഏത് മേഖലയിലാണെങ്കിലും ശക്തമായി തുടരുമെന്നും മലപ്പുറം മുന്‍ എസ്പി എസ് ശശിധരന്‍ വ്യക്തമാക്കി. പിവി അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ ശശിധരനെ വിജിലന്‍സിലേക്ക് മാറ്റിയിരുന്നു. കൊച്ചിയിലാണ് നിയമനം.
പോലീസിന് പുതിയൊരു പൊന്‍തൂവല്‍ നല്‍കിയ എസ്പി യാണ് ശശിധരന്‍. ഒരു കൊല്ലത്തില്‍ത്താഴെയാണ് മലപ്പുറത്ത് ഉണ്ടായിരുന്നത്. ഇക്കാലത്ത് മുന്‍പെന്നത്തെയുംപോലെ സത്യസന്ധമായും ആത്മാര്‍ത്ഥമായും പ്രവര്‍ത്തിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മികച്ച ഉദ്യോഗസ്ഥനാണ് ശശിധരന്‍. എന്നാല്‍ രാഷ്ട്രീയക്കാരുടെ പ്രിയപ്പെട്ടവനാകാന്‍ കഴിഞ്ഞില്ല. ഇതു തന്നെയാണ് മ്ാറ്റത്തിന് കാരണമായത്.
ഈവര്‍ഷത്തെ പോലീസ് അസോസിയേഷന്‍ ഉദ്ഘാടനച്ചടങ്ങില്‍ പി.വി. അന്‍വര്‍ എം.എല്‍.എ.യും ശശിധരനെ വേദിയിലിരുത്തി അവഹേളിച്ചു. അദ്ദേഹവും കേസുകളുടെ എണ്ണത്തില്‍ത്തന്നെയാണ് ഊന്നിയത്. സുജിത്ദാസിന്റെ കാലത്തുനടന്ന ഒരു കയര്‍മോഷണത്തിന്റെ പ്രതികളെ പിടികൂടിയില്ലെന്ന ആരോപണവും അന്‍വര്‍ ഉന്നയിച്ചു. ഇത് വിവാദമായി. സുജിത് ദാസിന്റെ പരിഹാസ ഫോണ്‍ സംഭാഷണമെത്തി. അങ്ങനെ ശശിധരന്‍ പുറത്തേക്കും.
പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ ശരിവെച്ച ഹൈക്കോടതി വിധി സത്യത്തിന്റെയും നീതിയുടെയും വിജയമെന്ന് ഏവരും വിലയിരുത്തി. ഈ അന്വേഷണം നടത്തിയതും ശശിധരനാണ്. നിയമ വിദ്യാര്‍ഥിയുടെ കൊലപാതകത്തില്‍ ശക്തമായ തെളിവുകളാണ് ശാസ്ത്രീയമായ റിപ്പോര്‍ട്ടിലൂടെ സമര്‍പ്പിച്ചത്. ഇരയുടെ ശരീരത്തില്‍ നിന്ന് ലഭിച്ച പ്രതിയിലേക്ക് നയിക്കുന്ന തെളിവുകള്‍ ശക്തമായിരുന്നു. നഖത്തില്‍ നിന്ന് ലഭിച്ച ഡിഎന്‍എ തെളിവ്, പുറകുവശത്തെ കടിച്ച പാടില്‍ നിന്ന് കണ്ടെത്തിയ ഉമിനീര്‍, വസ്ത്രത്തില്‍ നിന്ന് ലഭിച്ച രക്തത്തിന്റെ ഡിഎന്‍എ, വീടിന്റെ കട്ടിലപ്പടിയിലെ രക്തത്തില്‍ നിന്ന് കിട്ടിയ ഡിഎന്‍എ ഉള്‍പ്പെടെ എല്ലാം ഒരാളുടേതായിരുന്നു. അങ്ങനെ അമീറുല്‍ ഇസ്ലാമിലേക്ക് കാര്യങ്ങളെത്തി. പ്രതിയെ പിടിക്കുകയും വധ ശിക്ഷ വാങ്ങി നല്‍കുകയും ചെയ്തു.
പ്രതിയെ കുറിച്ച് യാതൊരുവിധ സൂചനയും ഇല്ലായിരുന്നു. കൃത്യം നടത്തുന്നതിന് രണ്ട് ദിവസം മുമ്പ് പ്രതി അവന്റെ മൊബൈല്‍ ഫോണ്‍ എറിഞ്ഞ് പൊട്ടിച്ചിരുന്നു. ഇത് പ്രതിയിലേക്ക് എത്തുക എന്നത് ദുസ്സഹമാക്കി. സൈബര്‍ പരിശോധനകളിലൂടെ പ്രതിയിലേക്ക് എത്താന്‍ കഴിയാതെ വന്നു. എന്നാല്‍ മനുഷ്യനിലൂടെ ലഭിച്ച തെളിവിലൂടെ കേസ് അന്വേഷണം പുര്‍ത്തിയാക്കാനായി. ഹൈക്കോടതിയില്‍ നിന്ന് പോലും വധശിക്ഷ ശരിവച്ച വിധിയുമെത്തി. അങ്ങനെ കേരളം ഏറെ ചര്‍ച്ച ചെയ്ത കേസിലെ അന്വേഷണ മികവുള്ള ശശിധരനെയാണ് മലപ്പുറത്ത് നിന്നും മാറ്റുന്നത്. അപ്പോഴും ആരോടും ശശിധരരന് പരിഭവമില്ല. മലപ്പുറത്തുനിന്ന് കാണാതായ പ്രതിശ്രുത വരന്‍ വിഷ്ണുജിത്തിനെ ഊട്ടിയില്‍ നിന്നും കണ്ടെത്തി നാട്ടിലെത്തിച്ചത് ശശിധരന്റെ മറ്റൊരു അന്വേഷണ മികവാണ്.