അതൃപ്തിയുണ്ടെന്ന് തുറന്ന് പറയാതെ പൂര്‍ണ്ണ തൃപ്തിയോടെയാണോ ഇക്കാര്യങ്ങള്‍ പറയുന്നതെന്ന് ചോദിച്ച് ഗോവിന്ദന്‍; തൃശൂരില്‍ ചോര്‍ന്നത് കോണ്‍ഗ്രസ് വോട്ടെന്നും സിപിഎം സെക്രട്ടറി; പ്രതിരോധ ക്യാപ്‌സ്യൂളിലും കരുതല്‍

അജിത് കുമാര്‍- ആര്‍.എസ്.എസ്. നേതാക്കളെ കണ്ട വിവാദം മാധ്യമസൃഷ്ടിയെന്ന്

By :  Remesh
Update: 2024-09-08 07:41 GMT

കാസര്‍കോട്: എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍, ആര്‍.എസ്.എസ്. നേതാക്കളെ കണ്ട വിവാദം മാധ്യമസൃഷ്ടിയെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഞങ്ങളുടെ നൂറുകണക്കിന് സഖാക്കളെ കൊന്നൊടുക്കിയിട്ടുള്ള പ്രസ്ഥാനമാണ് ആര്‍.എസ്.എസ്. ബി.ജെ.പിയുമായി ലിങ്ക് ഉണ്ടാക്കിയത് യു.ഡി.എഫാണ്. തൃശ്ശൂരില്‍ യുഡിഎഫിന്റെ വോട്ടാണ് ബി.ജെ.പിയിലേക്ക് പോയത്. ആടിനെ പട്ടിയാക്കുന്ന തിയറിയാണ് അവതരിപ്പിക്കുന്നത്. ജനങ്ങള്‍ക്ക് ഇതൊക്കെ തിരിച്ചറിയാനാകും- എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി നിരന്തരം കൂടിക്കാഴ്ച നടത്തിയതില്‍ അതൃപ്തി വ്യക്തമാക്കുകയും ചെയ്തു സിപിഎം സംസ്ഥാന സെക്രട്ടറി. അതൃപ്തിയുണ്ടെന്ന് തുറന്ന് പറയാതെ പൂര്‍ണ്ണ തൃപ്തിയോടെയാണോ ഇക്കാര്യങ്ങള്‍ പറയുന്നതെന്നായിരുന്നു ഗോവിന്ദന്‍ പ്രതികരിച്ചത്. സിപിഐ അടക്കം അതൃപ്തി തുറന്ന് പറഞ്ഞിട്ടുണ്ടല്ലോ എന്ന ചോദ്യത്തിനാണ് ഈ മറുപടി നല്‍കിയത്. പാര്‍ട്ടിയിലെ അസ്വസ്ഥതകള്‍ പൂര്‍ണ്ണമായും വ്യക്തമാക്കുന്നതായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം എന്നാണ് വിലയിരുത്തല്‍. അപ്പോഴും വിവാദം ആളക്കത്തിക്കാന്‍ ഗോവിന്ദന്‍ ഇല്ലെന്നതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് പാര്‍ട്ടി സെക്രട്ടറിയുടേത്.

എ.ഡി.ജി.പി. ഒരാളെ കാണുന്നത് സി.പി.എമ്മിനെ അലട്ടുന്ന പ്രശ്‌നമല്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് വേണ്ടി എ.ഡി.ജി.പി., ആര്‍.എസ്.എസ്. നേതാക്കളെ കണ്ടു എന്നത് അസംബന്ധമാണ്. ഉദ്യോഗസ്ഥര്‍ കണ്ടെങ്കില്‍ അത് സര്‍ക്കാര്‍ നോക്കേണ്ട കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരെ കാണാന്‍ പോകുന്നു എന്നത് ഞങ്ങളുടെ പ്രശ്‌നമല്ല. സി.പി.എമ്മുമായി അതിനെ കൂട്ടിക്കെട്ടണ്ട. സി.പി.എമ്മിന് എന്ത് നിലപാട് എന്ന് എല്ലാവര്‍ക്കും അറിയാം, എം.വി. ഗോവിന്ദന്‍ പറഞ്ഞു.

തൃശ്ശൂര്‍ പൂരം കലക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ട് എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെയാണ് താന്‍ അസംബന്ധം എന്ന് പറഞ്ഞത്. ഇപ്പോള്‍ ആടിനെ പട്ടിയാക്കുന്ന രീതിയാണ് നടക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. പൊലീസിനെതിരായ പരാതി അറിയിക്കാന്‍ വാട്‌സ്ആപ്പ് നമ്പര്‍ വെച്ച പിവി അന്‍വറിന്റെ പ്രവര്‍ത്തിയില്‍ തെറ്റില്ലെന്നും ചോദ്യത്തിന് മറുപടിയായി എംവി ഗോവിന്ദന്‍ പറഞ്ഞു.

മുഖ്യമന്ത്രിയേയും ആഭ്യന്തര വകുപ്പിനേയും പൂര്‍ണ്ണമായും തള്ളാതെ എതിര്‍പ്പ് അറിയിക്കുന്നതാണ് ഗോവിന്ദന്റെ വാക്കുകള്‍. എഡിജിപി നിരന്തരം ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തി എന്നതില്‍ സിപിഎമ്മില്‍ തന്നെ എതിര്‍പ്പുണ്ട്. ഇത് സംസ്ഥാന സെക്രട്ടറിയെ തന്നെ പല ഘടകങ്ങളും അറിയിച്ചതായാണ് വിവരം. അജിത്കുമാറിനെ ഇപ്പോഴും എന്തിനാണ് സംരക്ഷിക്കുന്നത് എന്നതാണ് ഇവര്‍ ഉയര്‍ത്തുന്ന ചോദ്യം. ഇതിന് കൃത്യമായ മറുപടി നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ് എംവി ഗോവിന്ദന്‍.

അതേസമയം തൃശൂര്‍ പൂരം കലക്കാനാണ് എഡിജിപി എം ആര്‍ അജിത് കുമാറും ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെയും കൂടിക്കാഴ്ച നടത്തിയതെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. കേരളത്തില്‍ അക്കൗണ്ട് തുറക്കുക എന്നതായിരുന്നു ബിജെപിയുടെ ആഗ്രഹം. അതിന് എഡിജിപി വഴി മുഖ്യമന്ത്രി നല്‍കിയ ദൂതിന് തങ്ങള്‍ സഹായിക്കാം എന്നായിരുന്നു ബിജെപിയുടെ ഉറപ്പ്. അതിന്റെ തുടര്‍ച്ചയായാണ് തൃശൂര്‍ പൂരം കലക്കിയതെന്നും വി ഡി സതീശന്‍ പറഞ്ഞു.

'തൃശൂര്‍ പൂരം കലക്കുക എന്നത് ബിജെപിയുടേയും സിപിഐമ്മിന്റേയും പ്ലാനായിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ വഴി അത് നടപ്പിലാക്കുകയായിരുന്നു. വിശ്വാസം, ഹിന്ദു, ആചാരം എന്നൊക്കെ പറയുന്നവര്‍ ഇന്ന് ഉത്സവം കലക്കാന്‍ കൂട്ടുനില്‍ക്കുകയാണെന്ന് ബിജെപിയെ ഉന്നംവെച്ച് സതീശന്‍ പറഞ്ഞു. തൃശൂര്‍ പൂരം കലക്കാന്‍ കൂട്ടുനിന്ന ബിജെപി ഹിന്ദുക്കളെ കബളിപ്പിക്കുകയാണ്. അവരാണ് ഇപ്പോള്‍ വിശ്വാസത്തെക്കുറിച്ചും ആചാരത്തെക്കുറിച്ചും തങ്ങള്‍ക്ക് ക്ലാസ് എടുക്കുന്നത്,' വി ഡി സതീശന്‍ പറഞ്ഞു.

Tags:    

Similar News