കത്തോലിക്കാസഭയുടെ ഭൂമി അതതു രൂപതകളുടെ സ്വകാര്യ സ്വത്ത്; ലേഖനം പിന്‍വലിച്ചത് സത്യം തിരിച്ചറിഞ്ഞാകാമെന്ന് സിബിസിഐ; ഓര്‍ഗനൈസറിന്റെ രണ്ടാം വിമര്‍ശനം ക്രൈസ്തവ മിഷനറിമാര്‍ക്കെതിരെ; തെറ്റിദ്ധരിപ്പിച്ച് മതംമാറ്റം നടത്തി എന്നു ലേഖനം; 'നൊബിലി'യില്‍ ആര്‍ എസ് എസിന് പറയാനുള്ളത്

Update: 2025-04-06 05:13 GMT

ന്യൂഡല്‍ഹി: സര്‍ക്കാരിതര മേഖലയിലെ ഏറ്റവും വലിയ ഭൂവുടമയെന്നു കത്തോലിക്കാ സഭയെ വിശേഷിപ്പിച്ച ഓര്‍ഗനൈസര്‍ ലേഖനം ചര്‍ച്ചയാകുന്നതിനിടെ ക്രൈസ്തവ സഭയ്‌ക്കെതിരെ ഓര്‍ഗനൈസറില്‍ മറ്റൊരു ലേഖനവും. കയാണ്. ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ലേഖനം വിവാദമായതിനെ തുടര്‍ന്നു കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. കത്തോലിക്കാ സഭയ്ക്ക് 7 കോടി ഹെക്ടര്‍ (7 ലക്ഷം ചതുരശ്ര കിലോമീറ്റര്‍) ഭൂസ്വത്തുണ്ടെന്നും സ്വത്തു ലഭിച്ച മാര്‍ഗങ്ങളില്‍ പലതും ദുരൂഹമാണെന്നുമായിരുന്നു ലേഖനത്തിലെ ആരോപണങ്ങള്‍. ഇതാണ് പിന്‍വലിച്ചത്. മുനമ്പത്തുള്ളവര്‍ക്കു ഭൂമി ലഭിക്കാന്‍ സഹായകരമാകുമെന്നതടക്കമുള്ള വാദങ്ങളുമായി വഖഫ് ബില്ലില്‍ രാഷ്ട്രീയനേട്ടം കൊയ്യാനിറങ്ങിയ ബിജെപി, കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ തിരിച്ചടി ഭയന്നാണു ലേഖനം പിന്‍വലിച്ചതെന്നാണ് വിലയിരുത്തല്‍.

ഇതിന് പിന്നാലെയാണ് ക്രൈസ്തവ മിഷനറി പ്രവര്‍ത്തകര്‍ക്കെതിരെ ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസറിന്റെ ഓണ്‍ലൈന്‍ പതിപ്പില്‍ ലേഖനം എത്തിയത്. സ്വത്തു സംബന്ധിച്ച ലേഖനമെഴുതിയ ശശാങ്ക് കുമാര്‍ ദ്വിവേദിയാണ് ഈ ലേഖനവുമെഴുതിയത്. ക്രിസ്തുമതം ഇന്ത്യയിലെ മതമാണെന്നു ജസ്വിറ്റ് മിഷനറിയായ റോബര്‍ട്ട് ഡി നൊബിലി തെറ്റിദ്ധരിപ്പിച്ചുവെന്നും മിഷനറി പ്രവര്‍ത്തനം ഇന്ത്യയുടെ മതപരമായ ഘടനയില്‍ മാറ്റം വരുത്താന്‍ ഏതറ്റം വരെ പോയെന്നതിനു തെളിവാണിതെന്നും ലേഖനത്തില്‍ ആരോപിക്കുന്നു. വ്യാഴം രാത്രി 11.45ന് ആണു കത്തോലിക്കാ സഭയുടെ സ്വത്തു സംബന്ധിച്ച ലേഖനം ഓര്‍ഗനൈസര്‍ പ്രസിദ്ധീകരിച്ചത്. നൊബിലിക്കെതിരായ ലേഖനം വെള്ളിയാഴ്ച രാത്രി 11.45നും.

പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ ഇന്ത്യയിലെത്തിയ നൊബിലി 'യൂറോപ്യന്‍ വേഷം ഉപേക്ഷിച്ച്, കാവി വസ്ത്രമുടുത്തു. നെറ്റിയില്‍ കുറി തൊട്ടു. പൂണൂല്‍ ധരിച്ചു. പൂര്‍ണമായും സസ്യഭുക്കായി. ബ്രാഹ്‌മണ ജീവിത രീതികള്‍ അവലംബിച്ചു. സംസ്‌കൃതവും തമിഴും തെലുങ്കും പഠിച്ചു. ഈ അറിവ്, മിഷനറി പ്രവര്‍ത്തനത്തിന് സമര്‍ഥമായി നൊബിലി ഉപയോഗപ്പെടുത്തി' എന്നു ലേഖനം പറയുന്നു. 'ബൈബിളിനെ, യേശുര്‍വേദ (യേശുവിന്റെ വേദം) എന്ന നിലയില്‍ അഞ്ചാം വേദമായി അവതരിപ്പിച്ചു. ബ്രഹ്‌മം മോക്ഷം, പ്രസാദം എന്നീ വാക്കുകളും ഉപയോഗിച്ചു. വൈദികരെ ഗുരുവെന്നും പള്ളിയെ കോവിലെന്നുമാണു വിളിച്ചത്. ഹിന്ദുക്കളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ലക്ഷ്യം'ലേഖനത്തില്‍ പറയുന്നു.

'ക്രിസ്ത്യന്‍ തിയോളജി സംസ്‌കൃതത്തില്‍ ബ്രാഹ്‌മണര്‍ക്കു പരിചയപ്പെടുത്തി. നൊബിലിയുടെ യഥാര്‍ഥ വ്യക്തിത്വത്തെ ചിലര്‍ ചോദ്യം ചെയ്തപ്പോള്‍, റോമില്‍ ജനിച്ച സന്യാസിയാണെന്നായിരുന്നു വിശദീകരണം. ഇതിനു തെളിവായി, റോമന്‍ ബ്രാഹ്‌മണനാണെന്ന, റോമില്‍ നിന്നുള്ള സാക്ഷ്യപത്രവും നൊബിലി ഹാജരാക്കി. ബ്രഹ്‌മാവിന്റെ പിന്തുടര്‍ച്ചക്കാരനാണെന്നു വരെ അവകാശപ്പെട്ടു. മറ്റു മിഷനറിമാരില്‍ നിന്നു വ്യത്യസ്തമായി, ഉയര്‍ന്ന ജാതിക്കാരെ മതം മാറ്റാനായിരുന്നു ശ്രമം. നൊബിലിയുടെ ശ്രമങ്ങള്‍ക്ക് ഹിന്ദുക്കളില്‍ നിന്നു മാത്രമല്ല, ക്രിസ്ത്യന്‍ സഭകളില്‍ നിന്നും എതിര്‍പ്പുണ്ടായിരുന്നു. എങ്കിലും നൊബിലിക്ക് അനുകൂലമായാണ് അന്നത്തെ മാര്‍പാപ്പ തീരുമാനമെടുത്തത്. 'ലേഖനം വിശദീകരിക്കുന്നു.

'ആരാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഭൂവുടമ' എന്ന തലക്കെട്ടിലാണ് ശശാങ്ക് കുമാര്‍ ദ്വിവേദിയുടെ ആദ്യ ലേഖനം എത്തിയത്. 'കത്തോലിക്കാ സഭയ്ക്ക് ആകെ 20,000 കോടി രൂപ വിലമതിക്കുന്ന സ്വത്തുണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍. 2012ലെ കണക്കനുസരിച്ച് 2,457 ആശുപത്രികള്‍, 240 മെഡിക്കല്‍, നഴ്‌സിങ് കോളജുകള്‍, 28 കോളജുകള്‍, 5 എന്‍ജിനീയറിങ് കോളജുകള്‍, 3765 സെക്കന്‍ഡറി സ്‌കൂളുകള്‍, 7319 പ്രൈമറി സ്‌കൂളുകള്‍, 3187 നഴ്‌സറി സ്‌കൂളുകള്‍ എന്നിവ സഭയുടെ ഉടമസ്ഥതയിലുണ്ട്. 2021 ഫെബ്രുവരിയിലെ സര്‍ക്കാര്‍ കണക്കു പ്രകാരം 15,531 ചതുരശ്ര കിലോമീറ്റര്‍ ഭൂമിയാണു കേന്ദ്ര സര്‍ക്കാരിന്റെ കയ്യിലുള്ളത്. സര്‍ക്കാര്‍ കഴിഞ്ഞാല്‍, വഖഫ് ബോര്‍ഡിന്റെ കയ്യിലാണ് ഏറ്റവും കൂടുതല്‍ ഭൂസ്വത്തുള്ളതെന്നായിരുന്നു എല്ലാവരുടെയും ധാരണ. എന്നാല്‍, കത്തോലിക്കാ സഭയാണു രണ്ടാം സ്ഥാനത്തെന്നു കണക്കുകള്‍ തെളിയിക്കുന്നു.'-ഇതായിരുന്നു ആരോപണം.

വിവാദത്തില്‍ ബിജെപിയോ ആര്‍എസ്എസോ പ്രതികരിച്ചിട്ടില്ല. ഓര്‍ഗനൈസര്‍ ലേഖനം പിന്‍വലിച്ചതിനാല്‍ അതിനോടു നേരിട്ട് പ്രതികരിക്കാനില്ലെന്നാണ് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) പറഞ്ഞത്. വസ്തുതകള്‍ ബോധ്യപ്പെട്ടതുകൊണ്ടാകും ഓര്‍ഗനൈസര്‍ ലേഖനം നീക്കിയതെന്നും കൂടുതല്‍ പ്രതികരണത്തിനില്ലെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) വിശദീകരിച്ചു. കത്തോലിക്കാസഭയുടെ ഭൂമി അതതു രൂപതകളുടെ സ്വകാര്യ സ്വത്താണെന്ന് പിആര്‍ഒ ഫാ.റോബിന്‍സണ്‍ റോഡ്രിഗസ് പറഞ്ഞു. രാജ്യത്തെ നിയമം കൃത്യമായി പാലിച്ചാണ് ഈ ഭൂമി കൈവശം വച്ചിരിക്കുന്നത്. കൃത്യമായ രേഖകളുള്ള ഭൂമിയുടെ നികുതിയും കൃത്യമായി അടയ്ക്കുന്നുണ്ട്. ഈ ഭൂമി ആരില്‍നിന്നും തട്ടിയെടുത്തതോ ബെനാമി ഇടപാടുകളിലൂടെ വന്നുചേര്‍ന്നതോ അല്ലെന്നും അദ്ദേഹം പറഞ്ഞു. ഓര്‍ഗനൈസറിലെ ലേഖനങ്ങളില്‍ ബിജെപി തീര്‍ത്തും അതൃപ്തരാണ്. ഇക്കാര്യം ആര്‍ എസ് എസിനെ ബിജെപി അറിയിക്കും.

Similar News