താലിബാൻ ഭരണകൂടത്തിനോട് കൂടുതൽ അടുത്ത് റഷ്യ; താലിബാൻ ഭരണം ഔദ്യോഗികമായി അംഗീകരിച്ച ആദ്യ രാജ്യം; റഷ്യയുടെ പുതിയ നീക്കം ഭീകര സംഘടനകളുടെ പട്ടികയിൽ നിന്ന് താലിബാനെ നീക്കിയതിന് പിന്നാലെ; റഷ്യയുടെ മാറ്റം മറ്റ് രാജ്യങ്ങൾക്ക് മാതൃക; ധീരമായ തീരുമാനമെന്നും അഫ്ഗാൻ വിദേശകാര്യ മന്ത്രി

Update: 2025-07-04 10:36 GMT

കാബൂൾ: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിനോട് കൂടുതൽ അടുത്ത് റഷ്യ. 2021ൽ താലിബാൻ ഭരണം പിടിച്ചത് മുതൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വികസിപ്പിക്കുന്നതിനായി റഷ്യ ശ്രമങ്ങൾ നടത്തിയിരുന്നു. ഇതിനിടെയാണ് താലിബാൻ ഭരണകൂടത്തിന് ഔദ്യോഗികമായി അംഗീകരിച്ച ആദ്യ രാജ്യമായി റഷ്യ മാറിയിക്കുന്നത്. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും തൊഴിലിനും നിയന്ത്രണം ഏർപ്പെടുത്തുന്നതിനാൽ മറ്റൊരു രാജ്യവും താലിബാന്റെ ഇടക്കാല സർക്കാരിനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. ഏപ്രിലിൽ താലിബാനെ ഭീകര സംഘടനകളുടെ പട്ടികയിൽ നിന്ന് റഷ്യ നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് താലിബാനെ ഔദ്യോഗികമായി റഷ്യ അംഗീകരിച്ചിരിക്കുന്നത്.

റഷ്യയുടേത് ധീരമായ തീരുമാനമെന്ന് അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി അമിർ ഖാൻ വിശേഷിപ്പിച്ചു. വ്യാഴാഴ്ച കാബൂളിൽ വെച്ച് ആമിർ ഖാൻ റഷ്യൻ അംബാസഡർ ദിമിത്രി ഷിർനോവിനെ കണ്ടതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൂടിക്കാഴ്ചയിൽ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാനെ അംഗീകരിക്കാനുള്ള റഷ്യൻ സർക്കാരിന്റെ തീരുമാനം ദിമിത്രി ഷിർനോവ് ഔദ്യോഗികമായി അറിയിച്ചുവെന്നും അമിർ ഖാൻ വ്യക്തമാക്കി. 2021-ൽ യുഎസ് സൈന്യത്തെ പിൻവലിച്ചതിനെത്തുടർന്ന് താലിബാൻ അഫ്ഗാനിസ്ഥാനിലുടനീളം അക്രമം അഴിച്ചുവിട്ടപ്പോൾ, അഫ്ഗാനിസ്ഥാനിലെ എംബസി അടച്ചുപൂട്ടാതിരുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് റഷ്യ.

2022-ൽ താലിബാനുമായി അന്താരാഷ്ട്ര സാമ്പത്തിക കരാറിൽ ഒപ്പുവെച്ച ആദ്യ രാജ്യവും റഷ്യയായിരുന്നു. ഈ കരാറിലൂടെ അഫ്ഗാനിസ്ഥാന് എണ്ണ, വാതകം, ഗോതമ്പ് എന്നിവ വിതരണം ചെയ്യാൻ തീരുമാനമായിരുന്നു.

താലിബാന്‍ സര്‍ക്കാരിനെ റഷ്യ അംഗീകരിച്ചതായി റഷ്യന്‍ വിദേശകാര്യ മന്ത്രാലയവും പിന്നീട് സ്ഥിരീകരിച്ചു. നല്ല ബന്ധത്തിന്റെ തുടക്കമാണിത്. ബഹുമാനത്തിൻ്റെയും ക്രിയാത്മക ഇടപെടലുകളുടെയും ഒരു പുതിയ ഘട്ടമാണ് റഷ്യയുടെ തീരുമാനം. ഈ മാറ്റം മറ്റ് രാജ്യങ്ങൾക്ക് ഒരു മാതൃകയാക്കുമെന്നും അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി അമിർ ഖാൻ പറ‍ഞ്ഞു.

ഊർജ്ജം, ഗതാഗതം, കൃഷി, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവയിൽ വാണിജ്യവും സാമ്പത്തികവുമായ സഹകരണ സാധ്യത താലിബാൻ ഭരണകൂടവുമായുള്ള ബന്ധത്തിൽ കാണുന്നുവെന്നാണ് റഷ്യയുടെ നിലപാട്. തീവ്രവാദത്തിനും മയക്കുമരുന്നിനും എതിരെ പോരാടുന്നതിന് കാബൂളിനെ തുടർന്നും സഹായിക്കുമെന്നും റഷ്യ വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ. പ്രാദേശിക സുരക്ഷയും സാമ്പത്തിക വികസനം ഉണ്ടാകുന്നതിനും കാബൂളുമായുള്ള ബന്ധം നിർണായകമാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Tags:    

Similar News