യു എസ് എ ഐ ഡിക്ക് ഫണ്ട് നല്‍കാന്‍ അവകാശമുണ്ട്; അവര്‍ നേരത്തേയും അങ്ങനെ ചെയ്യതിട്ടുണ്ട്; എന്നാല്‍ ദുരുദ്ദേശ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന നിര്‍ദ്ദേശങ്ങള്‍ പുറത്തുവരുന്നുണ്ട്; ആരോപണത്തില്‍ എന്തെങ്കിലും കഴമ്പുണ്ടെങ്കില്‍ തീര്‍ച്ചയായും പരിശോധിക്കണം; യുഎസ് ഫണ്ട് വിവാദത്തില്‍ എസ് ജയശങ്കര്‍
ന്യൂഡല്‍ഹി: ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കാന്‍ അമേരിക്ക പണം നല്‍കിയെന്ന വിവാദങ്ങളില്‍ പ്രതികരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവന ഇന്ത്യയില്‍ വലിയ വിവാദമായിരിക്കുന്ന പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. 'ട്രംപ് ഭരണകൂടത്തിലെ ആളുകള്‍ ചില വിവരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു, അത് ആശങ്കാജനകമാണ്' വിദേശകാര്യ മന്ത്രി പറഞ്ഞു.
'ഇന്നയാള്‍ യു എസ് എ ഐ ഡി യുമായി ഇടപെട്ടു എന്ന് ഞാന്‍ വായിച്ചു. നോക്കൂ, നിങ്ങള്‍ യു എസ് എ ഐ ഡി യുമായിയുമായി ഇടപെടുന്നുണ്ടോ ഇല്ലയോ എന്നതല്ല പ്രശ്‌നം. യു എസ് എ ഐ ഡിക്ക് ഫണ്ട് നല്‍കാന്‍ അവകാശമുണ്ട്. അവര്‍ നേരത്തേയും അങ്ങനെ ചെയ്യുന്നു. യു എസ് എ ഐ ഡി-ക്ക് ഇവിടെ നല്ല വിശ്വാസത്തോടെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവാദമുണ്ടായിരുന്നു. എന്നാല്‍ ദുരുദ്ദേശ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന നിര്‍ദ്ദേശങ്ങള്‍ യു എസ് എ ഐ ഡി ഉയര്‍ന്നുവരുന്നുണ്ട്. അതിനാല്‍, തീര്‍ച്ചയായും അത് പരിശോധിക്കേണ്ടതാണ്,' അദ്ദേഹം പറഞ്ഞു.
ആരോപണങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ ദുരുദ്ദേശ്യപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ ആരാണെന്ന് രാജ്യം അറിയണമെന്നാണ് ഞാന്‍ കരുതുന്നതെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. 'ഇന്ത്യയില്‍ വോട്ടെടുപ്പ് പ്രോത്സാഹിപ്പിക്കാന്‍ എന്തിനാണ് അമേരിക്ക 2.1 കോടി ഡോളര്‍ ചെലവാക്കുന്നത്. വേണ്ടതിലധികം പണമുള്ള രാജ്യമാണ് ഇന്ത്യ. അമേരിക്കയെ സംബന്ധിച്ച് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നികുതി ചുമത്തുന്ന രാജ്യവുമാണ് ഇന്ത്യ. ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ ചിലര്‍ വിജയിക്കാന്‍ ബൈഡന്‍ സര്‍ക്കാര്‍ ശ്രമിച്ചെന്ന് കരുതുന്നു' എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍.
അതേസമയം, ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം തെറ്റെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. യു എസ് എ ഐ ഡി 2022 ല്‍ 2.1 കോടി രൂപ അനുവദിച്ചത് ബംഗ്ലാദേശിനായിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യു എസ് എ ഐ ഡിയുമായി അടുത്ത ബന്ധമുള്ള മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. മറ്റ് പദ്ധതികളുടെ തുകയാണ് ഇന്ത്യക്കായി ചെലവഴിച്ചുവെന്ന് ഡോജ് പറയുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 'ഡോജിന്റെ തെറ്റായ അവകാശവാദം ഇന്ത്യയില്‍ എങ്ങനെ ഒരു രാഷ്ട്രീയ കൊടുങ്കാറ്റിന് ശക്തി പകര്‍ന്നു' എന്ന തലക്കെട്ടിലാണ് വാഷിംഗ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട്.