2024ല്‍ നടന്നത് ദ്വാരപാലകശില്‍പങ്ങള്‍ രഹസ്യമായി കൈമാറി 2019-ലെ സ്വര്‍ണമോഷണം മറയ്ക്കാനുള്ള കരുതിക്കൂട്ടിയുള്ള നടപടി; ഹൈക്കോടതിയുടെ സംശയങ്ങള്‍ നീളുന്നത് ദേവസ്വം ബോര്‍ഡിലേക്ക്; പിണറായി സര്‍ക്കാര്‍ കാലാവധി നീട്ടാന്‍ ശ്രമിക്കുന്നതും ആരോപണ മുനയിലുള്ള ബോര്‍ഡിനും; ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ കളി കാര്യമാകും

Update: 2025-10-22 01:44 GMT

കൊച്ചി: ഇനി ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ഇനി ചാടി കളിക്കാന്‍ കഴിയില്ല. ഇപ്പോഴത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കാലാവധി നീട്ടിക്കൊടുക്കും മുമ്പ് ഇതെല്ലാം പിണറായി സര്‍ക്കാരും അറിയണം. സ്വര്‍ണ്ണ കൊള്ളയുടെ മൂന്നാം വെര്‍ഷനാണ് ഹൈക്കോടതിയുടെ കരുതല്‍ തടഞ്ഞത്. ശബരിമല ശ്രീകോവിലിലെ സ്വര്‍ണമോഷണവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിലേക്ക് ഹൈക്കോടതി വിരല്‍ചൂണ്ടുന്നത് ഒട്ടേറെ കാരണങ്ങളാലാണ്. കീഴുദ്യോഗസ്ഥരുടെ വീഴ്ചയാണെല്ലാമെന്നു പറഞ്ഞ് ദേവസ്വം ബോര്‍ഡ് ഉന്നതര്‍ക്ക് കൈകഴുകാനാകില്ലെന്നും കോടതി വ്യക്തമാക്കുന്നു. ദേവസ്വം ബോര്‍ഡ് ആര്‍ക്കോ വേണ്ടി പ്രവര്‍ത്തിച്ചുവെന്നും കുറ്റപ്പെടുത്തലുണ്ട്. രേഖകളില്‍ നിന്നും തട്ടിപ്പ് വ്യക്തമാണ്. 2019ലെ ദേവസ്വം മിനിറ്റ്‌സ് പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.

2024 ഒക്ടോബര്‍ രണ്ടിന് മറ്റു രണ്ട് സെറ്റ് ദ്വാരപാലകശില്‍പങ്ങള്‍ സ്‌ട്രോങ് റൂമില്‍ ഉണ്ടെന്നും ഇത് കൈമാറിയാല്‍ ചെലവ് കുറയ്ക്കാമെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി ബോര്‍ഡിനെ അറിയിക്കുന്നുണ്ട്. ഇതിന് തുടര്‍ച്ചയായുള്ള സംഭവങ്ങള്‍ ദ്വാരപാലകശില്‍പങ്ങള്‍ രഹസ്യമായി കൈമാറി 2019-ലെ സ്വര്‍ണമോഷണം മറയ്ക്കാനുള്ള കരുതിക്കൂട്ടിയുള്ള നടപടിയായിവേണം കരുതാന്‍ എന്ന് കോടതി നിരീക്ഷിക്കുന്നു. ശബരിമല സ്‌പെഷ്യല്‍ കമ്മിഷണറുടെ മുന്‍കൂര്‍ അനുമതി വാങ്ങാത്തതും ഇതിനാലാകുമെന്നും പറയുന്നു. സ്മാര്‍ട്ട് ക്രിയേഷന്‍സിന് സ്വര്‍ണം പൂശാനുള്ള സാങ്കേതിക അറിവില്ലെന്നും പരമ്പരാഗത രീതിയില്‍ ചെയ്യണമെന്നും ജൂലായ് 30-ന് അഭിപ്രായപ്പെട്ട ദേവസ്വം കമ്മിഷണര്‍ ഓഗസ്റ്റ് എട്ടിന് മലക്കംമറിഞ്ഞു. ദേവസ്വം കമ്മിഷണറുടെ ഓഗസ്റ്റ് 21-ലെ കത്തില്‍ ഉണ്ണികൃഷ്ണന്‍പോറ്റി പറഞ്ഞതുപ്രകാരം സ്വര്‍ണം പൂശുന്ന പ്രവൃത്തി വേഗത്തിലാക്കണമെന്ന് ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞതായുണ്ട്. ഇതിനുപിന്നാലെയാണ് സെപ്റ്റംബര്‍ മൂന്നിന് ദ്വാരപാലകശില്‍പങ്ങളും താങ്ങുപീഠങ്ങളും ഉണ്ണികൃഷ്ണന്‍ പോറ്റിക്കു കൈമാറാനുള്ള ബോര്‍ഡ് തീരുമാനം. പിഎസ് പ്രശാന്തിന്റെ ഇപ്പോഴത്തെ ബോര്‍ഡും സംശയനിഴലിലാണ്.

2024-ല്‍ത്തന്നെ ദ്വാരപാലകശില്‍പങ്ങളുടെ സ്വര്‍ണപ്പാളികള്‍ മങ്ങിയത് ദേവസ്വം കമ്മിഷണറുടെയും ദേവസ്വം സ്മിത്തിന്റെയും ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിനുപിന്നാലെ അറ്റകുറ്റപ്പണി ഉണ്ണികൃഷ്ണന്‍പോറ്റിയെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത് 2019-ലെ തട്ടിപ്പ് മറയ്ക്കാനാണെന്ന സംശയം ശക്തമാണ്. അതായത് കള്ളക്കളിക്ക് ഈ ബോര്‍ഡും കൂട്ടു നിന്നു. ശ്രീകോവിലിന്റെ മേല്‍ക്കൂരയും ദ്വാരപാലകശില്പങ്ങളും വാതില്‍പ്പാളികളും വാതിലുകളും താങ്ങുപീഠവും 1998-99 കാലയളവില്‍ 30.291 കിലോ സ്വര്‍ണം ഉപയോഗിച്ച് സ്വര്‍ണംപൂശിയതാണ്. എന്നിട്ടും ദ്വാരപാലകശില്പങ്ങള്‍ ചെമ്പുപാളിയെന്നപേരില്‍ കൈമാറി. തിരികെയെത്തിച്ചത് ശബരിമലയില്‍നിന്ന് കൊണ്ടുപോയ സ്വര്‍ണപ്പാളി തന്നെയാണോ എന്നത് സംശയകരമാണ്. തിരികെയെത്തിച്ചപ്പോള്‍ തൂക്കിനോക്കാത്തതിലും മഹസറില്‍ രേഖപ്പെടുത്താത്തതിലും ദേവസ്വം ബോര്‍ഡിന് ഉത്തരവാദിത്വമുണ്ട്. അതായത് രണ്ടു ബോര്‍ഡുകളെ സംശയ നിഴലില്‍ നിര്‍ത്തുകയാണ് ഹൈക്കോടതി.

പ്രത്യേക അന്വേഷണസംഘത്തിന്റെ ഇതുവരെയുള്ള അന്വേഷണത്തില്‍ തൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി അന്വേഷണം പുതിയ തലത്തിലേക്ക് കൊണ്ടു പോവുകായണ്. മുദ്രവെച്ച കവറില്‍ ഹാജരാക്കിയ രേഖകളും നേരില്‍ ഹാജരായി അന്വേഷണോദ്യോഗസ്ഥര്‍ നല്‍കിയ വിശദീകരണത്തിന്റെയും അടിസ്ഥാനത്തിലാണ് കോടതി തൃപ്തി രേഖപ്പെടുത്തിയത്.

Tags:    

Similar News