ആരെല്ലാം സ്വര്‍ണ്ണക്കൊള്ളയുടെ ഭാഗമായോ അവരിലേക്ക് എല്ലാം അന്വേഷണം എത്തണം; ദേവന്റെ സ്വത്ത് സംരക്ഷിക്കുകയാണ് ദേവസ്വം ബോര്‍ഡിന്റെ ലക്ഷ്യം; ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമോ എന്ന് പരിശോധിക്കണം; ശ്രീകോവില്‍ വാതില്‍ സ്വര്‍ണ്ണ പൂശിയതിലും അന്വേഷണം; ഹൈക്കോടതി കടുത്ത നിലപാടില്‍

Update: 2025-11-05 06:45 GMT

കൊച്ചി: ശബരിമലയില്‍ ശ്രീകോവിലിന്റെ വാതിലില്‍ സ്വര്‍ണം പൂശിയതിലും അന്വേഷണം വേണമെന്ന് ഹൈക്കോടതി. ശബരിമല സ്വര്‍ണപ്പാളി കേസില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്ഐടി) രണ്ടാംഘട്ട അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചശേഷമാണ് ഹൈക്കോടതി ഈ നിര്‍ദേശം നല്‍കിയത്. ശബരിമലയിലെ സ്വര്‍ണ്ണത്തില്‍ അടക്കം ശാസ്ത്രീയ പരിശോധന നടത്താനും അനുമതി നല്‍കി.

നേരത്തേ വിജയ് മല്യ തനിത്തങ്കം പൂശിയ വാതില്‍പ്പാളികള്‍ അഴിച്ചെടുത്ത് സ്വര്‍ണം പൂശാന്‍ കൊടുത്തുവിട്ടതില്‍ അന്വേഷണം വേണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശബരിമലയില്‍ പരമസ്വാതന്ത്ര്യം നല്‍കിയെന്നും ഇതിന് പിന്നിലാരാണെന്നും അവരെ കണ്ടെത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് വരും. അതില്‍ മാത്രമേ തീരുമാനങ്ങളില്‍ വ്യക്തത വരൂ. ബുധനാഴ്ച രാവിലെ അടച്ചിട്ട കോടതിമുറിയിലാണ് എസ്ഐടിയുടെ രണ്ടാംഘട്ട അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചത്. എസ്ഐടി സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി എസ്. ശശിധരന്‍ കോടതിയില്‍ നേരിട്ട് ഹാജരായി. അദ്ദേഹത്തോട് കോടതി നേരിട്ട് സംശയങ്ങള്‍ ചോദിച്ചു. ഉത്തരങ്ങളും നല്‍കി.

ശ്രീകോവിലില്‍ പുതിയ വാതില്‍ വച്ചതിലും പോറ്റിയെ മുന്‍ നിര്‍ത്തി വന്‍ തട്ടിപ്പ് നടന്നതായി സംശയിക്കുന്നു. ചെന്നൈയില്‍ എന്താണ് നടന്നത് എന്ന് കൃത്യമായി അറിയണം. പോറ്റിക്ക് ഉദ്യോഗസ്ഥര്‍ അമിത സ്വാതന്ത്ര്യം നല്‍കി. പോറ്റി നടത്തിയ പല ഇടപാടുകളിലും ദേവസ്വം ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തുവെന്നും പറഞ്ഞ കോടതി ദേവസം ബോര്‍ഡിനെതിരെ ആഞ്ഞടിച്ചു. ആരെല്ലാം സ്വര്‍ണ്ണക്കൊള്ളയുടെ ഭാഗമായോ അവരിലേക്ക് എല്ലാം അന്വേഷണം എത്തണം. ദേവന്റെ സ്വത്ത് സംരക്ഷിക്കുകയാണ് ദേവസ്വം ബോര്‍ഡിന്റെ ലക്ഷ്യം. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമോ എന്ന് പരിശോധിക്കണമെന്നും എസ്‌ഐടിയോട് ഹൈക്കോടതി പറഞ്ഞു.

ആദ്യഘട്ടത്തിലെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ ഇനി പുറത്തുവരേണ്ടത് ഗൂഢാലോചനയാണെന്ന് കോടതി പറഞ്ഞിരുന്നു. പത്തുദിവസത്തിനിടെ അന്വേഷണത്തില്‍ എന്ത് പുരോഗതിയുണ്ടായെന്നും കോടതി വിലയിരുത്തി. എസ്ഐടി പിടിച്ചെടുത്ത മിനിറ്റ്സ് ബുക്കും കോടതി പരിശോധിച്ചു. മിനിറ്റ്സ് രേഖപ്പെടുത്തിയതിലും ക്രമക്കേടുണ്ടെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. ശബരിമല സ്വര്‍ണപ്പാളി കേസുമായി ബന്ധപ്പെട്ട് ബുധനാഴ്ച ദേവസ്വം വിജിലന്‍സും മറ്റൊരു റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കത്തിടപാടുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ദേവസ്വം വിജിലന്‍സ് പുതുതായി സമര്‍പ്പിച്ചത്. ഇതിലും നിര്‍ണ്ണായക തെളിവുകളുണ്ടെന്നാണ് സൂചന.

എസ്ഐടി അന്വേഷണത്തിനൊപ്പം ദേവസ്വം വിജിലന്‍സും അന്വേഷണം നടത്തുന്നുണ്ട്. ദേവസ്വം വിജിലന്‍സ് സമര്‍പ്പിക്കുന്ന നാലാമത്തെ റിപ്പോര്‍ട്ടാണിത്.

Tags:    

Similar News