ശങ്കരദാസിനും വിജയകുമാറിനും വിനയായി പോറ്റിയുടെ മൊഴി; പത്മകുമാറിനെ പോലെ എല്ലാം അംഗങ്ങള്‍ക്കും അറിയാം; ഇരുവരേയും കേസില്‍ പ്രതികളാക്കേണ്ടിയും വരും; 'ഹൈക്കോടതി ഭയത്തില്‍' നിര്‍ണ്ണായക നീക്കങ്ങള്‍ക്ക് പ്രത്യേക അന്വേഷണ സംഘം; ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത് അറസ്റ്റായേക്കാം; ഉന്നതരെ അന്വേഷണ പുരോഗതി അറിയിച്ച് എസ് ഐ ടി; ശബരിമലയില്‍ വമ്പന്‍മാര്‍ ഇനിയും വീഴും
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗങ്ങളായ കെ.പി. ശങ്കരദാസിനും എന്‍. വിജയകുമാറിനും കരുക്ക് മുറുകുന്നു. ഇരുവരേയും അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. മുതിര്‍ന്ന ഐപിഎസുകാരന്റെ അച്ഛനാണ് ശങ്കരദാസ്. ഈ സാഹചര്യത്തിലാണ് വിവരം കൈമാറിയത്. സ്വര്‍ണ്ണക്കൈമാറ്റത്തെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നുവെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി മൊഴി നല്‍കിയിരുന്നു. കൂട്ടുത്തരവാദിത്വത്തില്‍ നിന്നും ഇവര്‍ക്ക് രക്ഷയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ശബരിമല സ്വര്‍ണ്ണക്കൊള്ളകേസില്‍ വ്യവസായിയെ ചോദ്യം ചെയ്യും. ചെന്നൈയിലുള്ള വ്യവസായിയെയാണ് ചോദ്യം ചെയ്യുന്നത്. വ്യവസായിയെ കേന്ദീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.
സ്വര്‍ണ്ണപ്പാളികള്‍ നല്‍കാനുള്ള നീക്കം പത്മകുമാര്‍ തനിച്ച് എടുത്ത തീരുമാനമല്ലെന്നും മറിച്ച് ഇവര്‍ കൂടി ഉള്‍പ്പെട്ട ദേവസ്വം ബോര്‍ഡിന്റേതായിരുന്നുവെന്നും പോറ്റി വെളിപ്പെടുത്തി. സ്വര്‍ണ്ണപ്പാളികള്‍ കൈമാറാനുള്ള മുന്‍ പ്രസിഡന്റ് പത്മകുമാറിന്റെ നിര്‍ദ്ദേശത്തിന് ബോര്‍ഡ് അംഗങ്ങളുടെ പൂര്‍ണ്ണ അംഗീകാരമുണ്ടായിരുന്നു എന്നതിനും തെളിവുകള്‍ ലഭ്യമായിട്ടുണ്ട്. മൂന്ന് പേരും ചേര്‍ന്നെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തനിക്ക് സ്വര്‍ണ്ണപ്പാളികള്‍ ലഭിച്ചതെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി അന്വേഷണ സംഘത്തോട് പറഞ്ഞത്. ഈ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കെ.പി. ശങ്കരദാസിനെയും എന്‍. വിജയകുമാറിനെയും കേസില്‍ പ്രതികളാക്കാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. ഇതോടെ അറസ്റ്റും അനിവാര്യതയാണ്. ഈ സാഹചര്യത്തിലാണ് മുകളിലേക്ക് വിവരം കൈമാറിയത്.
ഇരുവരെയും വൈകാതെ തന്നെ ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിപ്പിക്കും. നേരത്തെ എ. പത്മകുമാര്‍ നല്‍കിയ മൊഴിയിലും താന്‍ ഒറ്റയ്ക്കല്ല ഈ തീരുമാനമെടുത്തതെന്നും ഇത് ബോര്‍ഡിന്റെ കൂട്ടുത്തരവാദിത്തമാണെന്നും വ്യക്തമാക്കിയിരുന്നു. കേസില്‍ ഏറ്റവും പ്രധാനപ്പെട്ട വഴിത്തിരിവായത് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ അറസ്റ്റായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണ്ണപ്പാളികള്‍ നല്‍കാന്‍ തീരുമാനിച്ച ബോര്‍ഡ് യോഗത്തിന്റെ മിനുട്‌സില്‍ പത്മകുമാറിനൊപ്പം വിജയകുമാറും ശങ്കരദാസും ഒപ്പിട്ടിരുന്നുവെന്ന കണ്ടെത്തല്‍ നിര്‍ണ്ണായകമാണ്.
അതേസമയം, കേസിലെ മറ്റു പ്രതികളായ പങ്കജ് ഭണ്ഡാരിയെയും ഗോവര്‍ദ്ധനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം അപേക്ഷ സമര്‍പ്പിക്കും. ഗോവര്‍ദ്ധന്‍ ദേവസ്വം ബോര്‍ഡിന് പത്തുലക്ഷം രൂപ നല്‍കിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണ്ണം വാങ്ങിയതിലുള്ള കുറ്റബോധം കാരണം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നിര്‍ദ്ദേശാനുസരണം ശബരിമലയില്‍ അന്നദാനം നടത്തുന്നതിനാണ് ഈ തുക നല്‍കിയതെന്നാണ് ഗോവര്‍ദ്ധന്റെ വിശദീകരണം.
താന്‍ തനിച്ചല്ല ഈ തീരുമാനമെടുത്തതെന്നും ഇത് ബോര്‍ഡിന്റെ മൊത്തത്തിലുള്ള തീരുമാനമായിരുന്നുവെന്നും പത്മകുമാര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. ഇപ്പോള്‍ കേസിലെ മറ്റൊരു പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയും ഇതേ കാര്യം ആവര്‍ത്തിച്ചതോടെ ഇരുവരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പോലീസ് തീരുമാനിച്ചു. സ്വര്‍ണ്ണക്കൈമാറ്റത്തെക്കുറിച്ച് ബോര്‍ഡ് അംഗങ്ങള്‍ക്ക് നേരത്തെ ധാരണയുണ്ടായിരുന്നുവെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരെ ഉടന്‍ ചോദ്യം ചെയ്യലിനായി വിളിപ്പിക്കും. ഇതോടെ പത്മകുമാറിന് പിന്നാലെ ബോര്‍ഡിലെ മറ്റ് ഉന്നതരും നിയമനടപടി നേരിടേണ്ടി വരുമെന്ന് ഉറപ്പാകുകയാണ്.
ശബരിമലയിലെ സ്വര്‍ണ്ണപ്പാളികള്‍ കടത്തിയ കേസിലെ ഗൂഢാലോചനയില്‍ ചെന്നൈയിലുള്ള ഒരു പ്രമുഖ വ്യവസായിക്ക് പങ്കുണ്ടെന്ന സൂചനയെത്തുടര്‍ന്നാണ് അന്വേഷണം അദ്ദേഹത്തിലേക്ക് നീളുന്നത്. നിലവില്‍ അറസ്റ്റിലായ പ്രതികളില്‍ നിന്നും ലഭിച്ച മൊഴികളുടെയും സാമ്പത്തിക ഇടപാടുകളുടെയും അടിസ്ഥാനത്തിലാണ് വ്യവസായിയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ എസ്.ഐ.ടി തീരുമാനിച്ചത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക സഹായമോ അല്ലെങ്കില്‍ കടത്തിയ സ്വര്‍ണ്ണത്തിന്റെ വിനിയോഗമോ ഈ വ്യവസായിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പോലീസ് സംശയിക്കുന്നത്.
കേസിലെ പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റി, ഗോവര്‍ദ്ധന്‍ എന്നിവരുമായി ഈ വ്യവസായിക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണ്ണപ്പാളികള്‍ കൈമാറുന്നതിന് മുന്നോടിയായി ഇവര്‍ തമ്മില്‍ ചര്‍ച്ചകള്‍ നടന്നതായും സൂചനയുണ്ട്. ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നതോടെ സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നിലെ കൂടുതല്‍ ഉന്നതതല ബന്ധങ്ങള്‍ പുറത്തുവരുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഇതിനായി പ്രത്യേക സംഘം ഉടന്‍ ചെന്നൈയിലേക്ക് തിരിക്കും. ദേവസ്വം ബോര്‍ഡ് മുന്‍ ഭാരവാഹികള്‍ക്ക് പുറമെ പുറത്തുനിന്നുള്ള വമ്പന്‍ സ്രാവുകള്‍ക്കും ഈ കൊള്ളയില്‍ പങ്കുണ്ടെന്ന സംശയം ഇതോടെ ബലപ്പെടുകയാണ്.
