പിണറായി സര്‍ക്കാരിനെ വിറപ്പിച്ച് കേന്ദ്രാനുമതി; ഉണ്ണികൃഷ്ണന്‍ പോറ്റി മുതല്‍ മുന്‍ മന്ത്രിയും വിഐപികളും കുടുങ്ങും; സ്വര്‍ണ്ണക്കവര്‍ച്ചയ്ക്ക് പിന്നിലെ കള്ളപ്പണ ഇടപാടുകള്‍ പുറത്തേക്ക്; കേസെടുക്കാന്‍ ഇഡിക്ക് മോദിയുടെ അനുമതി; പ്രത്യേക സംഘം വരും; കേന്ദ്ര ഏജന്‍സിയും ശബരിമലയിലേക്ക്
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ഒടുവില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എത്തുന്നു. കേസെടുത്ത് അന്വേഷണം തുടങ്ങാന്‍ കൊച്ചി വിഭാഗത്തിന് കേന്ദ്ര ഗവണ്‍മെന്റിന്റെ അനുമതി ലഭിച്ചു. വരും ദിവസങ്ങളില്‍ ഇഡി പ്രാഥമിക വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതോടെ ശബരിമല കൊള്ള പുതിയ തലത്തിലെത്തും. പ്രത്യേക അന്വേഷണ സംഘം മൂടിവെക്കാന്‍ ശ്രമിച്ച തെളിവുകള്‍ ഇഡി പുറത്തെടുക്കുമെന്ന ഭീതിയിലാണ് പല പ്രമുഖരും. പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം തൊടാന്‍ മടിക്കുന്നവരെല്ലാം ആശങ്കയിലാകും.
ഇഡി കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതോടെയാകും അന്വേഷണത്തിന്റെ ആദ്യ ഘട്ടം തുടങ്ങുക. എന്നാല്‍ പോറ്റിയില്‍ മാത്രം ഇത് അവസാനിക്കില്ല. സ്വര്‍ണ്ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ പ്രാഥമിക കണ്ടെത്തല്‍. ചെന്നൈയിലെ സ്ഥാപന ഉടമ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ സ്വര്‍ണ്ണക്കടയുടമ ഗോവര്‍ധന്‍ എന്നിവരുടെ സാമ്പത്തിക രേഖകള്‍ ഇഡി അരിച്ചുപെറുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമ്മതത്തോടെയാണ് ഇഡിയുടെ വരവ്.
ഒരു മോഷണക്കേസായി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ച കേസില്‍ രാഷ്ട്രീയ ഉന്നതര്‍ക്കും പങ്കുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മുന്‍ ബോര്‍ഡ് പ്രസിഡന്റുമാരായ എ. പത്മകുമാര്‍, എന്‍. വാസു, പി.എസ്. പ്രശാന്ത് എന്നിവരിലേക്ക് അന്വേഷണം നീളും. കോടതിയില്‍ നിന്ന് രേഖകള്‍ കൈക്കലാക്കാന്‍ ഇഡി നടത്തിയ നീക്കത്തെ പ്രത്യേക അന്വേഷണ സംഘം ശക്തമായി എതിര്‍ത്തിരുന്നു. എതിര്‍പ്പ് തള്ളി ഡിസംബര്‍ 19-ന് കോടതി രേഖകള്‍ ഇഡിക്ക് കൈമാറാന്‍ ഉത്തരവിടുകയായിരുന്നു.
പ്രവാസി വ്യവസായിയും മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളും ഇഡി ഗൗരവത്തോടെയാണ് കാണുന്നത്. ചെന്നിത്തലയുടെ മൊഴി വിശദമായി രേഖപ്പെടുത്തുന്നതിനൊപ്പം അദ്ദേഹം സൂചിപ്പിച്ച പ്രവാസി വ്യവസായിയുടെ സാമ്പത്തിക ഇടപാടുകളും ഇഡി പരിശോധിക്കും. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം കേസെടുക്കുന്നതോടെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടല്‍ ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് ഇഡി നീങ്ങും.
കൊച്ചി ഇഡി അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ ഉടന്‍ നിശ്ചയിക്കും. ദേവസ്വം ബോര്‍ഡ് മുന്‍ ഉദ്യോഗസ്ഥരായ മുരാരി ബാബു, കെ.എസ്. ബൈജു, ഡി. സുധീഷ്‌കുമാര്‍ എന്നിവരെയും ചോദ്യം ചെയ്യുന്നതോടെ ബോര്‍ഡിനുള്ളില്‍ നടന്ന അവിശുദ്ധ കൂട്ടുകെട്ടുകള്‍ വെളിച്ചത്തുവരും.
കേവലം ഉണ്ണികൃഷ്ണന്‍ പോറ്റി എന്ന ജീവനക്കാരനില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ കൊള്ളയെന്ന് തുടക്കം മുതലേ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മുന്‍ ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡിന്റെ മുന്‍ ഭാരവാഹികളും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ ഉന്നതരുടെ പേരുകള്‍ ഈ കൊള്ളയുമായി ബന്ധപ്പെട്ട് അന്തരീക്ഷത്തിലുണ്ട്. സ്വര്‍ണ്ണക്കടത്തിനും അതിലൂടെയുണ്ടായ കള്ളപ്പണ ഇടപാടുകള്‍ക്കും വലിയൊരു ഉന്നതതല ശൃംഖല തന്നെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് ഇഡിയുടെ സംശയം. പ്രത്യേക അന്വേഷണ സംഘം ഇതുവരെ തൊടാന്‍ ഭയന്ന ഈ 'ഉന്നതരെ' ലക്ഷ്യമിട്ടാണ് ഇഡിയുടെ വരവ്.
മുന്‍ മന്തി കടകംപള്ളി സുരേന്ദ്രന്‍, മുന്‍ പ്രസിഡന്റുമാരായ എ. പത്മകുമാര്‍, എന്‍. വാസു തുടങ്ങിയവരിലേക്ക് ഇഡി അന്വേഷണം നീളുമെന്നാണ് സൂചന. കേവലം മോഷണമല്ല, മറിച്ച് ആസൂത്രിതമായ ഒരു വലിയ സാമ്പത്തിക കുറ്റകൃത്യമാണ് ശബരിമലയില്‍ നടന്നതെന്ന് ഇഡി കണ്ടെത്തിയാല്‍, അത് പിണറായി സര്‍ക്കാരിന് വലിയ പ്രഹരമാകും. ഭക്തിയെയും വിശ്വാസത്തെയും വിറ്റ് കാശാക്കിയ ഈ 'സ്വര്‍ണ്ണക്കടത്ത് മാഫിയ' ഇനി ഇഡിയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറുമെന്നാണ് വിലയിരുത്തല്‍.
