ശബരിമലയിലെ ആ സ്വര്‍ണപീഠം എവിടെ? ദ്വാരപാലക ശില്‍പങ്ങള്‍ക്കൊപ്പം പീഠം കൂടി നിര്‍മിച്ചിരുന്നതായി സ്‌പോണ്‍സര്‍; മൂന്നുപവന്‍ സ്വര്‍ണവും മറ്റു ലോഹങ്ങളും ഉപയോഗിച്ചുള്ള പീഠം നിര്‍മ്മിച്ചത് ചെന്നൈയിലെ സ്ഥാപനം; സ്വര്‍ണ പീഠത്തെ കുറിച്ച് വസ്തുത തേടാന്‍ ഒരുങ്ങി ഹൈക്കോടതിയും
ശബരിമലയിലെ ആ സ്വര്‍ണപീഠം എവിടെ?
പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദമാകുമ്പോള്‍ ദേവസ്വം ബോര്‍ഡിനെ വെട്ടിലാക്കി മറ്റു ആരോപണങ്ങളും ഉയരുന്നു. ദ്വാരപാലക ശില്‍പങ്ങള്‍ക്ക് സ്വര്‍ണ പീഠം കൂടി നിര്‍മിച്ച് നല്‍കിയിരുന്നതായി സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി വെളിപ്പെടുത്തിയതോടെയാണ് സംഭവം കൂടുതല്‍ വിവാദമാകുന്നത്. ഇവ ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്നും മൂന്നുപവന്‍ സ്വര്‍ണമാണ് ഇതിനായി ഉപയോഗിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തി.
2019ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലായിരുന്നു ചെമ്പുപാളികള്‍ക്ക് സ്വര്‍ണംപൂശിയിരുന്നത്. ആ ഘട്ടത്തില്‍ തന്നെ ദ്വാരപാലക ശില്‍പങ്ങള്‍ക്ക് പീഠം കൂടി നിര്‍മിച്ചു നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ചെന്നൈയിലെ സ്ഥാപനം തന്നെയാണ് പീഠം നിര്‍മിച്ചത്. മൂന്നുപവന്‍ സ്വര്‍ണമാണ് ഉപയോഗിച്ചത്. മറ്റുലോഹങ്ങളും കൂടി ചേരുന്നതായിരുന്നു ഈ പീഠം. കോവിഡ് നിയന്ത്രണങ്ങളുള്ള സമയമായതിനാല്‍ ഒരു കൂട്ടം ഭക്തരെയേല്‍പിച്ച് സന്നിധാനത്ത് എത്തിക്കുകയായിരുന്നു.
എന്നാല്‍ പീഠം ഘടിപ്പിക്കുന്ന വേളയില്‍ അളവില്‍ വ്യത്യാസമുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഇദ്ദേഹത്തെ അറിയിച്ചു. പിന്നീട് എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നാണ് സ്പോണ്‍സര്‍ പറയുന്നത്. ശബരിമലയിസലെ സ്ട്രോങ് റൂമില്‍ പീഠമുണ്ടോ അതല്ല നല്‍കിയ ഭക്തര്‍ക്ക് തന്നെ തിരികെ നല്‍കിയോ എന്നതിലും വ്യക്തവരേണ്ടതുണ്ട്. വിജിലന്‍സിന്റെ പരിശോധനയില്‍ ഇതുകൂടി ഉള്‍പ്പെട്ടേക്കും.
പീഠം നല്‍കിയതായും അളവിലെ വ്യത്യാസം കാരണം ദ്വാരപാലക ശില്‍പ്പത്തില്‍ ഘടിപ്പിക്കാന്‍ സാധിച്ചില്ലെന്നും മാത്രമാണ് അറിയാനായതെന്ന് സ്പോണ്‍സര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു വിവരവും കഴിഞ്ഞ ആറുവര്‍ഷമായി തനിക്ക് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പാളികളുടെ അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുവന്ന ഘട്ടത്തില്‍ ഈ പീഠം കൂടി ഉണ്ടാകുമെന്ന് കരുതിയതായും എന്നാല്‍ അത് ഇല്ലായിരുന്നുവെന്നും പറയുന്നു.
ശബരിമല ശ്രീകോവിലിന്റെ ഇരുവശത്തുമുള്ള ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍ അറ്റകുറ്റ പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയ സംഭവത്തില്‍ ഒട്ടേറെ സംശയങ്ങളാണ് ഹൈക്കോടതി കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ത്തിയത്. 1999ല്‍ തന്നെ ദ്വാരപാലക ശില്‍പങ്ങളില്‍ സ്വര്‍ണം പൂശിയിരുന്നു എന്നതിനു തെളിവുണ്ടെന്ന് രേഖകള്‍ പരിശോധിച്ച് കോടതി വ്യക്തമാക്കി.
2019ല്‍ ദ്വാരപാലക ശില്‍പ്പങ്ങള്‍ ഗോള്‍ഡ്‌പ്ലേറ്റിങ് നടത്തിത്തരാമെന്ന ബെംഗളൂരു സ്വദേശി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അഭ്യര്‍ഥന പ്രകാരം 'ചെമ്പ് പ്ലേറ്റുകള്‍' അഴിച്ചെടുത്ത് ചെന്നൈയിലേക്ക് കൊണ്ടുപോയി എന്നും രേഖകളില്‍ കാണുന്നു. ഇത് വൈരുധ്യം ആണെന്ന് കോടതി പറഞ്ഞു. 1999ല്‍ തന്നെ ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്വര്‍ണം പൂശിയിരുന്നു എങ്കില്‍ എന്തുകൊണ്ടാണ് അവ വീണ്ടും 2019 ല്‍ അഴിച്ചെടുത്തു എന്നതില്‍ അന്വേഷണം വേണമെന്ന് കോടതി കഴഞ്ഞ ദിവസം പറഞ്ഞിരുന്നു. ദ്വാരപാലക ശില്പങ്ങളുടെ താങ്ങുപീഠം സംബന്ധിച്ചും ഒട്ടേറെ സംശയങ്ങള്‍ ഉയരുന്നുണ്ട്. വിവാദത്തില്‍ നിര്‍ണായക വെളിപ്പെടുത്തലാണ് ദ്വാരപാലക ശില്‍പത്തിന്റെ സ്‌പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പ്രതികരണവും.
അതോസമയം സ്വര്‍ണപീഠം എവിടെയും പോകില്ലെന്ന് അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന എ പദ്മകുമാര്‍ പറഞ്ഞു. പീഠം തിരികെ കൊടുത്തുവിട്ടില്ലെന്നും അദ്ദേഹം സ്ഥിരീകരിക്കുന്നു. എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ വിജിലന്‍സ് അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.